DCBOOKS
Malayalam News Literature Website

കൊറോണയും അപകട സാധ്യതയും; ഡോക്ടര്‍മാര്‍ പറയുന്നു

ചൈനയിൽ നിന്നും ഡിസംബറിൽ പുറപ്പെട്ട കൊവിഡ് 19, ഒരു വാട്സാപ്പ് മെസേജ് പടരുന്ന വേഗത്തിൽ ലോകമാകെ വ്യാപിച്ചു കഴിഞ്ഞു. ഇപ്പോൾ വരെ 1,18,546 പേർക്ക് രോഗം സ്ഥിരീകരിച്ചു. 4,292 പേർ മരിച്ചു. ആഗോളതലത്തിൽ മരണനിരക്ക് 3.6 ശതമാനമാണ്.

ഏറ്റവുമധികം രോഗികളുണ്ടായതും ( 80,778) മരണങ്ങൾ ഉണ്ടായതും (3158) ചൈനയിലാണ്. അതുകഴിഞ്ഞാൽ ഇറ്റലി. പക്ഷേ മരിക്കുന്നവരുടെ ശതമാനം കണക്കാക്കിയാൽ ഏറ്റവും കൂടുതൽ മരണങ്ങൾ ഉണ്ടായത് ഇറ്റലിയിൽ ആണെന്ന് കാണാം.

അവിടെ 10,149 രോഗികളിൽ 631 പേർ മരിച്ചു. 6.2 ശതമാനം! ചൈനയിലത് 3.9 ശതമാനമാണ്.

ഇറാനിൽ 8042 രോഗികളിൽ 291 പേർ മരിച്ചു. 3.6 ശതമാനം. അതേസമയം 7755 പേർക്ക് രോഗം ബാധിച്ച കൊറിയയിൽ 60 പേരാണ് മരിച്ചത്. 0.77 ശതമാനം മാത്രം.

എന്തുകൊണ്ടാണ് ഇറ്റലിയിൽ ഇത്രയധികം മരണങ്ങൾ? കൊറിയയിൽ കുറവ്?

ലോകം മൊത്തത്തിൽ ഇന്ന് മനുഷ്യരുടെ ആയുർദൈർഘ്യം കൂടുന്നുണ്ട്. വയസായവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിക്കൊണ്ടേ ഇരിക്കുന്നു. ലഭ്യമായ ജനസംഖ്യാ കണക്കുകൾ പ്രകാരം ഇറ്റലിയിലെ ജനസംഖ്യയുടെ 23 ശതമാനവും 65 വയസിനു മുകളിലുള്ളവരാണ്. മാത്രമല്ല, കൊവിഡ് 19 ബാധിച്ചവരിൽ ഭൂരിഭാഗവും പ്രായമായവരുമാണ്. അവിടെ മരിച്ചവരുടെ ശരാശരി പ്രായം 81 വയസാണെന്നും കണക്കാക്കുന്നു.

അതേ സമയം സൗത്ത് കൊറിയയിൽ Elderly population 14.9 ശതമാനമാണ്. അത് തീരെ കുറവല്ല. പക്ഷെ, അവിടെ രോഗബാധയുണ്ടായ അഞ്ചിൽ 4 പേരും യുവാക്കളായിരുന്നു എന്നാണ് കണക്കുകൾ. അതാണവിടെ മരണനിരക്കിത്രയും കുറയാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

കേരളത്തിൽ, ഇന്ത്യയിൽ, കൊവിഡ് 19 ൻ്റെ ലോക്കൽ ട്രാൻസ്മിഷൻ (രോഗവുമായി വന്ന ആളിൽ നിന്ന് ഇവിടുള്ളവരിലേക്ക്..) തുടങ്ങിയിട്ടേയുള്ളു. എത്ര പേരിലേക്ക് രോഗം വ്യാപിച്ചിട്ടുണ്ടെന്ന് കൃത്യമായി കണ്ടെത്താൻ ഇനിയും രണ്ടാഴ്ചയെങ്കിലും പിടിക്കും. നമ്മുടെ നാട്ടിലെ കൂടിയ ജനസാന്ദ്രത അതിന് ആക്കം കൂട്ടാൻ സാധ്യതയുണ്ട്.

ശ്രദ്ധിക്കണം, ഇറാനിലെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 52 ആണ്. ഇറാനിലെ ഖും പട്ടണത്തിൽ ഫെബ്രുവരി 19-ന് രണ്ട് കൊറോണ കേസുകൾ സ്ഥിരീകരിച്ചു. വെറും മൂന്നാഴ്ചകൾക്കുള്ളിൽ അത് 8042 കേസുകളും 291 മരണങ്ങളും ആയി. ഇറ്റലിയിലെ മിലനിൽ ഫെബ്രുവരി 21-നാണ് ആദ്യ രോഗം സ്ഥിരീകരിച്ചത്. 3 ആഴ്ചകൊണ്ട് 10149 രോഗികളും 631 മരണങ്ങളും. അവിടെ ജനസാന്ദ്രത 206 ആണ്.

ഇനി നമ്മുടെ നാട്ടിലേക്ക് വരാം.
ഇന്ത്യ :
ജനസാന്ദ്രത – 420
വയോജനങ്ങൾ – 8.3 ശതമാനം (2018)
കേരളം:
ജനസാന്ദ്രത – 860
വയോജനശതമാനം – 12.7 ( 2018) – 14 എങ്കിലും ആയിട്ടുണ്ടാവും ഇപ്പോൾ.

രോഗവ്യാപനം തുടങ്ങിയ ചൈനയിലെ ജനസാന്ദ്രത 145 ആണ്. മേൽപ്പറഞ്ഞ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെയും കേരളത്തിലെയും സ്ഥിതിഗതികൾ കൂടുതൽ ഗൗരവമേറിയതാണ്.

മറ്റൊരു കാര്യമുള്ളത്, ഈ പറയുന്ന പ്രായമായവരിലേക്ക് രോഗവ്യാപനം ഉണ്ടാവാനുള്ള സാധ്യത എവിടെയാണ് കൂടുതലെന്നാണ്. നമ്മുടെ നാട്ടിൽ വയോജനശതമാനം 12.7 ശതമാനമേ ഉള്ളെങ്കിലും ഭൂരിഭാഗം വയോജനങ്ങളും ഒരു കുടുംബത്തിൻ്റെ ഭാഗമായി മറ്റുള്ള ഗ്രൂപ്പുകളോട് ഇടപഴകിയാണ് ജീവിക്കുന്നത്. അതുകൊണ്ടുതന്നെ ‘at risk’ ആൾക്കാർക്ക് രോഗം ലഭിക്കാൻ നമ്മുടെ നാട്ടിൽ സാധ്യത വളരെ കൂടുതലാണ്.

രോഗം പേടിപ്പിക്കാൻ പറയുന്നതല്ലാ, അതീവ ജാഗ്രത പുലർത്താൻ നമ്മളിനിയെങ്കിലും ശ്രദ്ധിക്കണം. രോഗവാഹകർ നമ്മുടെ ചുറ്റുപാടുകളിൽ ഉണ്ടെന്ന് കരുതി തന്നെ പെരുമാറണം.

ഒരുകാര്യം കൂടിയുള്ളത്, നമ്മുടെ നാട്ടിൽ, പ്രായമായവർ മാത്രമായിരിക്കില്ല ‘at risk’-ൽ ഉള്ളവർ. ശരീരത്തിൻ്റെ പ്രതിരോധസംവിധാനങ്ങൾ പൂർണമായ കാര്യക്ഷമതയോടെ പ്രവർത്തിക്കാത്ത വലിയൊരു വിഭാഗം കൂടി, കൂടിയ സാന്ദ്രതയിൽ തന്നെ, നമുക്ക് ചുറ്റുമുണ്ട്. പ്രമേഹം, കാൻസർ, വൃക്ക-കരൾ രോഗികൾ, അവയവങ്ങൾ മാറ്റി വച്ചവർ, സ്ഥിരമായി സ്റ്റീറോയ്ഡ് പോലുള്ള മരുന്നുകൾ കഴിക്കുന്നവർ ഒക്കെ നമുക്കിടയിലുണ്ട്. അവരിൽ യുവാക്കളും കുഞ്ഞുങ്ങളും ഉൾപ്പെടും. അവരിലേക്കൊക്കെ രോഗമെത്തിയാൽ അത് വലിയ ദുരന്തമാവാൻ സാധ്യതയുണ്ട്.

കണക്കുകൾ മാത്രം നോക്കിയാൽ വാഹനാപകടങ്ങളിൽ ഇതിലധികം ആൾക്കാർ നമ്മുടെ നാട്ടിൽ മാത്രം മരിക്കുന്നുണ്ടെന്ന് കണ്ടെത്താം. വേണമെങ്കിൽ അതു പറഞ്ഞു തർക്കിക്കാം പലർക്കും. പക്ഷെ മനുഷ്യകുലത്തെ ആകമാനം ഒറ്റയടിക്ക് രോഗാതുരമാക്കാനും ലോക സാമ്പത്തിക വ്യവസ്ഥയെ തന്നെ കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ തകർക്കാനും മനുഷ്യർ പല രീതിയിലുള്ള അസ്ഥിരതകളിലേക്കും അരക്ഷിതാവസ്ഥയിലേക്കും എത്തിപ്പെടാനും ഈ അദൃശ്യനായ കൊറോണ വിചാരിച്ചാൽ മതി.

അതിനാൽ ഇത് പ്രതിരോധിക്കുക എന്നത് കുഞ്ഞു കുട്ടികൾ മുതൽ ഓരോ മനുഷ്യൻ്റെയും കടമയാണ്. ഈ നിമിഷം അതിനായിരിക്കണം ഏറ്റവും പ്രാധാന്യം കൊടുക്കേണ്ടതും.

എന്നാലീ കണക്കുകൾ കണ്ട് അധികം പേടിക്കുകയും വേണ്ടാ. മുമ്പ് രണ്ടുവട്ടമുണ്ടായ കൊറോണ പാൻഡമിക്കുകളേക്കാൾ (SARS, MERS) കുറവാണിതിൻ്റെ അപകടസാധ്യതയെന്നും ഈ കണക്കുകൾ വായിച്ചാൽ മനസിലാവും. 2002-ൽ ഉണ്ടായ SARS – ന് 9.6 ശതമാനമായിരുന്നു മരണനിരക്ക്. MERS ന് അത് 36 ശതമാനവും. Covid 19 ന് 3.6 ശതമാനം മാത്രമാണ്, അതും ശാരീരിക പ്രശ്നങ്ങൾ അധികമുള്ളവരിലാണ് കൂടുതലും.

കുറ്റമറ്റതല്ലെങ്കിലും നമ്മുടേത് മികച്ച ആരോഗ്യസംവിധാനം തന്നെയാണ്. അത് വികസിത രാജ്യങ്ങളോട് കിടപിടിക്കുന്നവിധം കാര്യക്ഷമവും ഊർജ്ജസ്വലവുമാണ്. അതിൻ്റെ ബലം കെടുത്താൻ നമ്മുടെ നിരുത്തരവാദപരമായ ചില നീക്കങ്ങൾ തന്നെ മതി. ഇപ്പോഴും പലർക്കും അതിൻ്റെ ഗൗരവം മനസിലായിട്ടില്ല. പലരും ആരോഗ്യവകുപ്പിനെ കബളിപ്പിക്കാൻ ഇപ്പോഴും ശ്രമിക്കുന്നു. അതൊക്കെ എത്രത്തോളം മോശമാണെന്ന് അവർ തിരിച്ചറിഞ്ഞില്ലെങ്കിൽ സ്ഥിതിഗതികൾ ഇനിയും വഷളാവും.

ആരോഗ്യവകുപ്പ് കണ്ണുചിമ്മാതെ പ്രവർത്തിക്കുന്നുണ്ട്. രോഗബാധിതനായ 95 വയസുകാരനെയും രക്ഷിക്കാൻ തീവ്രമായി ശ്രമിക്കുന്നുണ്ട്. മുഖ്യമന്ത്രി പറഞ്ഞ പോലെ ആ രോഗിയെയും നമ്മൾ രക്ഷിച്ചേക്കും. ഒപ്പം ഇന്നലെ രോഗം സ്ഥിരീകരിച്ച കോട്ടയത്തെയും എറണാകുളത്തെയും രോഗികളുടെ കോൺടാക്റ്റ് ട്രേസിംഗ് നടക്കുവാണ്. അതിനും എല്ലാവരും സഹകരിക്കണം.

നമ്മൾ അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പിനോട് സഹകരിക്കണമെന്നും ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു. പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി ഇന്നലെ പറഞ്ഞ ഭാഗം കൂടി ചേർക്കുന്നു.

അതീവ ജാഗ്രതയെന്നാൽ ഓടിപ്പോയി ഹാൻഡ് സാനിറ്റൈസറും മാസ്കും വാങ്ങുകയല്ലാ, മറിച്ച്

🛑കടകളിൽ നിന്ന് ഹാൻഡ് സാനിട്ടൈസർ ആവശ്യത്തിന് മാത്രം വാങ്ങുക. മറ്റുള്ളവരെ പറ്റിയും കരുതലുണ്ടാവണം. നിങ്ങളെപ്പോലെ മറ്റുള്ളവർക്കും അതുപയോഗിക്കാൻ കഴിഞ്ഞാൽ മാത്രമേ നിങ്ങളും സുരക്ഷിതരാവൂ എന്ന് തിരിച്ചറിയണം.

🛑 ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോൾ മൂക്കും വായും മൂടണം. കർച്ചീഫുകൾ, ടിഷ്യു പേപ്പർ, മടക്കിയ കൈമുട്ട് ഇവ ഉപയോഗിക്കാം. ടിഷ്യു പേപ്പറുകൾ ഉപയോഗശേഷം വലിച്ചെറിയരുത്. സുരക്ഷിതമായി നിർമാർജനം ചെയ്യണം. ചുമയ്ക്കുമ്പോൾ കൈപ്പത്തികൊണ്ട് വാ പൊത്തരുത്.

🛑 മുഖത്ത് വെറുതേ തൊട്ടോണ്ടിരിക്കരുത്.

🛑കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ചു കഴുകുക. യാത്രകളിലൊന്നുമല്ലെങ്കിൽ ഹാൻഡ് സാനിട്ടൈസറിനേക്കാൾ മികച്ച മാർഗമിതാണ്. ഹാൻഡ് സാനിട്ടൈസർ ഉപയോഗിച്ചാലും, ഇടയ്ക്ക് സോപ്പുപയോഗിച്ച് കൈ കഴുകാം.

🛑അനാവശ്യമായ ആശുപത്രി സന്ദർശനങ്ങൾ, രോഗികളെ കാണാൻ പോകൽ ഒക്കെ ഒഴിവാക്കുക.

🛑ചെറുതും വലുതുമായ ആൾക്കൂട്ടങ്ങളുടെ ഭാഗമാകാതിരിക്കുക. കലാസാംസ്കാരിക സാഹിത്യ പരിപാടികൾ, ഒത്തുചേരലുകൾ, കുടുംബ പരിപാടികൾ, സ്കൂൾ റി യൂണിയനുകൾ ഒക്കെ മറ്റൊരവസരത്തിലേക്ക് മാറ്റി വയ്ക്കുക.

🛑ഒഴിവാക്കാവുന്ന യാത്രകൾ, ഷോപ്പിംഗ്, സിനിമകൾ, ഉത്സവങ്ങൾ ഒക്കെ ഒഴിവാക്കുക.

🛑സൗഹൃദവലയത്തിനുള്ളിൽ, രോഗബാധിത രാജ്യങ്ങളിൽ നിന്ന് വന്നവർ ഉണ്ടെങ്കിൽ അവർ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടെന്ന് ഉറപ്പിക്കുക. ഇല്ലെങ്കിൽ അധികൃതർക്ക് വിവരങ്ങൾ കൈ മാറുക.

🛑വീടുകളിലും മറ്റും ഐസൊലേഷനിൽ കഴിയുന്നവർക്ക് ഫോണിലൂടെയും സാമൂഹ്യമാധ്യമങ്ങൾ വഴിയും മാനസികമായ പിന്തുണ നൽകുക. അവർ ചെയ്യുന്നത് വളരെവലിയ കാര്യമാണെന്ന ബോധ്യം അവർക്കും നമുക്കും ഉണ്ടാവണം. ഒരു കാരണവശാലും നേരിട്ട് സന്ദർശിച്ച് പിന്തുണ പ്രഖ്യാപിക്കരുത്.

🛑 വ്യാജ സന്ദേശങ്ങളെയും അതിൻ്റെ പ്രചാരകരെയും അവഗണിക്കുക. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കുക.

എഴുതിയത്- ഡോ. Manoj Vellanad, ഡോ. Purushothaman Kuzhikkathukandiyil

കടപ്പാട്; ഇന്‍ഫോക്ലിനിക്

Comments are closed.