കൊറോണ , ഈ നാലു കാര്യങ്ങൾ ശ്രദ്ധിക്കുക ; മുരളി തുമ്മാരുകുടി എഴുതുന്നു
കൊറോണ ഇപ്പോൾ കണക്കുകൾ മാത്രമാണ്. ആദ്യകാലത്തുണ്ടായ ആശങ്കയും പിന്നെ ഉണ്ടായ ജാഗ്രതയും ഒക്കെ പോയി. ഓരോ ദിവസവും വൈകീട്ട് അന്നത്തെ കണക്ക് നോക്കും, പിന്നെ മറ്റു കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിയും.
കൊറോണ വൈറസ് പക്ഷെ ഇതൊന്നും ശ്രദ്ധിക്കുന്നില്ല. പതുക്കെ പതുക്കെ ഇത് പടരുന്നു. ലോകവ്യാപകമായി മൊത്തം കേസുകളുടെ എണ്ണം രണ്ടുകോടിയോട് അടുക്കുന്നു, മരണം ഏഴു ലക്ഷം കവിഞ്ഞു.
ഇന്നലെ പക്ഷെ ശ്രദ്ധിക്കേണ്ട ഒരു കണക്കുള്ള ദിവസമായിരുന്നു. Worldometer എന്ന സൈറ്റിലെ കണക്കനുസരിച്ച് ലോകത്തിൽ ഇതുവരെ ഏറ്റവും കൂടുതൽ റിസൾട്ട് റിപ്പോർട്ട് ചെയ്ത അമേരിക്കയിൽ ഇന്നലെ പുതിയതായി 55148 കേസുകൾ ഉണ്ടായി. മൊത്തം കേസിൽ രണ്ടാമത് നിൽക്കുന്ന ബ്രസീലിൽ 54685 പുതിയ കേസുകൾ ഉണ്ടായി.
ലോകത്ത് മൊത്തം കേസുകളുടെ എണ്ണത്തിൽ മൂന്നാമത് നിൽക്കുന്ന ഇന്ത്യയിൽ ഇന്നലെ 56,626 കേസുകൾ ഉണ്ടായി.
അമേരിക്കയിൽ ജൂലൈ ഇരുപത്തി നാലാം തിയതി കേസുകളുടെ എണ്ണം 78446 ആയിരുന്നു, അവിടെ നിന്നാണ് ഇത് താഴേക്ക് വന്നു അൻപത്തി അയ്യായിരത്തിൽ എത്തിയിരിക്കുന്നത് നിൽക്കുന്നത്. ബ്രസീലിൽ ജൂലൈ ഇരുപത്തി ഒമ്പതിന് കേസുകൾ 70869 ആയിരുന്നു, അവിടെ നിന്നാണ് അമ്പതിനാലായിരത്തിൽ എത്തിയിരിക്കുന്നത്. ഇന്ത്യയിൽ ജൂലൈ മുപ്പതിന് കേസുകളുടെ എണ്ണം 57704 ആയിരുന്നു, അതിന് ശേഷം മൊത്തം അമ്പതിനായിരത്തിന്റെ മുകളിൽ കിടന്നു കറങ്ങുകയാണ്. കണ്ടിടത്തോളം കേസുകളുടെ എണ്ണം മുകളിലേക്കാണ് പോകാൻ പോകുന്നത്
കേരളത്തിലെ കേസുകളുടെ എണ്ണവും മുന്നോട്ട് തന്നെയാണ്. ഇന്ന് കേസുകളുടെ എണ്ണം ആയിരത്തി ഇരുന്നൂറ്റി തൊണ്ണൂറ്റി എട്ടാണ്, കഴിഞ്ഞ മൂന്നു ദിവസമായി കേസുകളുടെ എണ്ണം മുകളിലേക്ക് തന്നെയാണ്. ഞാൻ മുൻപൊരിക്കൽ പറഞ്ഞത് പോലെ ഓരോ ദിവസത്തേയും കേസുകൾ നോക്കുന്നതിനേക്കാൾ നല്ലത് കഴിഞ്ഞ ഏഴു ദിവസത്തെ ശരാശരി നോക്കുന്നതാണ്. ഒന്നാമത്തെ കുന്നു നമ്മൾ കയറിക്കഴിഞ്ഞിട്ടില്ല, ഇറക്കം അതിന് ശേഷമാണല്ലോ.
പക്ഷെ ഞാൻ മുൻപ് പറഞ്ഞത് പോലെ ആശങ്കയുടെ ഗ്രാഫിപ്പോൾ താഴേക്കാണ്. എഴുതുന്ന എനിക്കും വായിക്കുന്ന നിങ്ങൾക്കും ആയിരം ഒന്നും ഇപ്പോൾ ഒരു പ്രശ്നമല്ല. ഒരു കാര്യം കൂടി ഒരിക്കൽ കൂടി പറയാം. വൈറസിന്റെ സ്വഭാവത്തിൽ ഒരു മാറ്റവും വന്നിട്ടില്ല, നമുക്ക് രോഗം ഉണ്ടാകാനുള്ള സാധ്യത ഓരോ ദിവസവും ഉയരുക തന്നെയാണ്. കൊറോണക്കണക്കുകൾ നമ്മളെ പേടിപ്പിക്കുന്നില്ല എന്നത് കൊറോണയെ ബാധിക്കുന്ന പ്രശ്നമല്ല.
നാലു കാര്യങ്ങൾ ശ്രദ്ധിക്കുക
1. എത്ര കുറച്ച് ആളുകളുമായി സമ്പർക്കം ഉണ്ടോ രോഗം പകരാനുള്ള സാധ്യത അത്രയും കുറഞ്ഞിരിക്കും
2. സാമൂഹിക അകലം, കൈ കഴുകൽ, മാസ്ക് ഇവ ഒരു ശീലമാക്കുക
3. ആരോഗ്യകരമായ ശീലങ്ങൾ പാലിക്കുക
4. മാനസിക ആരോഗ്യം ശ്രദ്ധിക്കുക
സുരക്ഷിതരായിരിക്കുക
മുരളി തുമ്മാരുകുടി
Comments are closed.