DCBOOKS
Malayalam News Literature Website

നിങ്ങളെ കാത്തിരിക്കുന്നത് എന്താണെന്ന് നിങ്ങള്‍ക്ക് അറിയില്ല; ഇറ്റലിയില്‍ നിന്നും കൊറോണക്കാലത്തെ അനുഭവങ്ങള്‍ പങ്കുവെച്ച് ഒരു കത്ത്

എല്ലാവര്‍ക്കും അറിയാവുന്നതു പോലെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഞങ്ങള്‍ ഇറ്റലിയിലുള്ളവര്‍ ക്വാറന്റീനിലാണ്. എല്ലാവരും ഇവിടെ വീടിനുള്ളില്‍ തന്നെ കഴിയണം, വ്യക്തമായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമെ ഞങ്ങള്‍ക്ക് പുറത്തുപോകാന്‍ അനുവാദമുള്ളൂ. ഇവിടെ നിലവിലെ സാഹചര്യം വളരെ മോശമാണ്. ഇതൊന്നും തങ്ങളെ ബാധിക്കില്ല എന്ന തരത്തിലാണ് മറ്റു രാജ്യത്തെ ആളുകള്‍ പെരുമാറുന്നത്. നിങ്ങള്‍ എന്താണ് ചിന്തിക്കുന്നത് എന്ന് ഞങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ…കാരണം ഞങ്ങളും ഈ രീതിയില്‍ ഒരിക്കല്‍ ചിന്തിച്ചവരാണ്.

ഇറ്റലിയില്‍ കൊറോണ പടര്‍ന്നത് എങ്ങനെയെന്ന് നമുക്ക് കാണാം( ഓര്‍ക്കുക ഇതെല്ലാം നടന്നത് കേവലം 14 ദിവസങ്ങള്‍ക്കുള്ളിലാണ്)

സ്‌റ്റേജ് 1

രാജ്യത്ത് കൊറോണ വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിക്കുന്നു. ആദ്യ കേസ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എന്ത് പേടിക്കാന്‍, ഇത് സാധാരണ ഒരു പനി മാത്രമല്ലേ? 75 വയസ്സില്‍ താഴെ മാത്രം പ്രായമുള്ള എന്നെ രോഗം എന്ത് ചെയ്യാന്‍, ഞാന്‍ എന്തിന് മാസ്‌കും ടൗവ്വലുകളും ഉപയോഗിക്കണം? ആളുകളൊക്കെ വെറുതെ കാര്യങ്ങള്‍ ഊതിപ്പെരുപ്പിക്കുകയാണ്. ഞാന്‍ എന്റെ ജീവിതം സാധാരണ പോലെ തുടരും. ആവശ്യമില്ലാതെ പേടിക്കേണ്ട കാര്യമില്ല.

സ്റ്റേജ് 2

കൊറോണ ബാധിതരുടെ എണ്ണം കാര്യമായി വര്‍ദ്ധിച്ചു തുടങ്ങി. ആദ്യം രോഗം സ്ഥിരീകരിച്ച രാജ്യത്തെ ഒന്നോ രണ്ടോ നഗരങ്ങളില്‍ മാത്രം റെഡ് സോണ്‍ പ്രഖ്യാപിക്കുകയും ക്വാറന്റീനിലാക്കുകയും ചെയ്തു(ഫെബ്രുവരി 22). ഇത് വളരെ നിര്‍ഭാഗ്യകരമായ സംഗതിയാണല്ലോ, എന്നിരുന്നാലും അവര്‍ക്ക് മികച്ച പരിചരണം ലഭിക്കുന്നതിനാല്‍ പേടിക്കാന്‍ ഒന്നുമില്ല. പലയിടത്തും പലരും മരിക്കുന്നുണ്ടെങ്കിലും അവരൊക്കെ പ്രായമുള്ളവരും മറ്റു രോഗങ്ങള്‍ ഉള്ളവരുമാണ്. മാധ്യമങ്ങളാണ് വെറുതെ അനാവശ്യ ഭീതി സൃഷ്ടിക്കുന്നത്, എത്ര മ്ലേഛം! ഞാന്‍ ഇങ്ങനെയൊക്കെ തന്നെ ജീവിക്കും…വെളിയില്‍ പോയി സുഹൃത്തുക്കളെ കാണും…ഇതൊന്നും നിര്‍ത്തേണ്ട കാര്യമില്ല…എന്നെ ഇതൊന്നും ബാധിക്കില്ല…ഇവിടെ എല്ലാവരും സുഖമായിട്ടാണ് ഇരിക്കുന്നത്.

സ്‌റ്റേജ് 3

കൊറോണ ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നു. രോഗബാധിതരുടെ എണ്ണം ഒറ്റദിവസത്തിനുള്ളില്‍ ഇരട്ടിയായി. മരണങ്ങള്‍ കൂടി. രോഗികളുടെ എണ്ണം കൂടുതലായ നാല് മേഖലകളില്‍ കൂടി റെഡ് സോണ്‍ പ്രഖ്യാപിക്കുകയും ക്വാറന്റിനിലാകുകയും ചെയ്തു(മാര്‍ച്ച് 07). നിലവിലെ സാഹചര്യത്തില്‍ രാജ്യത്തിന്റെ നാലില്‍ ഒരു ഭാഗവും ക്വാറന്റീനിലായി. സ്‌കൂളുകളും കോളജുകളും അടച്ചെങ്കിലും ബാറുകളും, ജോലിസ്ഥലങ്ങളും, റസ്‌റ്റൊറന്റുകളും തുറന്നു പ്രവര്‍ത്തിച്ചു. ക്വാറന്റീന്‍ സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദ്ദേശം എത്തുന്നതിന് മുന്‍പേ തന്നെ ചില പത്രങ്ങള്‍ വാര്‍ത്ത ചോര്‍ത്തിയതിനു പിന്നാലെ ആ രാത്രിയില്‍ തന്നെ റെഡ്‌സോണ്‍ മേഖലയിലുള്ള പതിനായിരത്തോളം ആളുകള്‍ ഇറ്റലിയിലെ മറ്റു സ്ഥലങ്ങളിലുള്ള സ്വന്തം വീടുകളിലേക്ക് മടങ്ങി (ഇതിന്റെ പ്രധാന്യം പിന്നീട് മനസ്സിലാകും). രാജ്യത്തിന്റെ മുക്കാല്‍ ഭാഗത്തോളം ജനങ്ങളും അവരുടെ സാധാരണ ജീവിതം തുടര്‍ന്നു, ഇവരോടൊപ്പം ക്വാറന്റീന്‍ ചെയ്യപ്പെട്ട ആളുകളില്‍ പലരും ഇവരോടൊപ്പം ചേര്‍ന്നു. ഇപ്പോഴും സാഹചര്യത്തിന്റെ ഗൗരവം പലര്‍ക്കും മനസ്സിലായില്ല.

എവിടെത്തിരിഞ്ഞാലും ആളുകള്‍ കൊറോണയെക്കുറിച്ച് സംസാരിക്കുന്നത് കാണാം. കൈകള്‍ നന്നായി കഴുകുന്നതിന്റെ ആവശ്യകതയെക്കുറിച്ചും, ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുന്നതിനെക്കുറിച്ചുമൊക്കെ അവര്‍ ഘോരഘോരമായി സംസാരിക്കുന്നുണ്ട്. ഓരോ അഞ്ച് മിനിട്ട് ഇടവേളയിലും ഇത് സംബന്ധിച്ച ബോധവല്‍ക്കരണങ്ങള്‍ ടിവിയിലും കാണാം. പക്ഷേ ഇപ്പോഴും കൊറോണയുടെ തീവ്രത ജനങ്ങളുടെ മനസ്സില്‍ പതിഞ്ഞിട്ടില്ല.

സ്റ്റേജ് 4

രോഗബാധിതരുടെ എണ്ണം വലിയതോതില്‍ ഉയര്‍ന്നുകൊണ്ടേയിരുന്നു. രാജ്യത്തുടനീളം ഒരു മാസത്തേയ്ക്ക് സ്‌കൂളുകളും കോളജുകളും യൂണിവേഴ്‌സിറ്റികളും അടയ്ക്കുന്നു. ദേശീയ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നു. ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞു, എങ്ങും കൊറോണ രോഗികള്‍ മാത്രമായി. ആവശ്യത്തിനു ഡോക്ടര്‍മാരും നേഴ്‌സുമാരും ഇല്ലാത്ത അവസ്ഥ. വിരമിച്ചവരെയും, അവസാനവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെയും പരിപാലനത്തിനായി നിയോഗിക്കുന്നു. ഇപ്പോള്‍ ഷിഫ്റ്റുകളും സമയക്രമങ്ങളും ഇല്ലാതെയായി. ജോലി ചെയ്യാവുന്നത്ര സമയം ആശുപത്രികളില്‍ തന്നെ ചെലവഴിക്കാം. ഇതിനു പിന്നാലെ ഡോക്ടര്‍മാരിലേക്കും നേഴ്‌സ്മാരിലേക്കും രോഗം പടരുന്നു…അതുവഴി അവരുടെ കുടുംബാംഗങ്ങളിലേക്കും മറ്റുള്ളവരിലേക്കും…ന്യുമോണിയ കേസുകള്‍ വര്‍ധിച്ചു. ഐ.സി.യുവില്‍ സ്ഥലം മതിയാവാത്ത സ്ഥിതി. ഓക്‌സ്ജിന്‍ സിലിണ്ടറുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് ക്ഷാമം നേരിടുന്നു. യുദ്ധത്തിന് സമാനമായ അന്തരീക്ഷം. ജീവന്‍ നിലനില്‍ക്കാന്‍ കൂടുതല്‍ സാധ്യതയുള്ള രോഗികളെ ഡോക്ടര്‍മാര്‍ തന്നെ തിരഞ്ഞെടുക്കുന്ന അവസ്ഥ. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളുള്ളവരും, ഹൃദ്രോഗികളും അവഗണിക്കപ്പെട്ടു. നിങ്ങള്‍ക്ക് ഞാന്‍ പറയുന്നത് ഒരു തമാശയായി തോന്നാം, പക്ഷേ അക്ഷരാര്‍ത്ഥത്തില്‍ ഇതാണ് ഇവിടെ സംഭവിക്കുന്നത്. എന്റെ ഒരു ഡോക്ടര്‍ സുഹൃത്ത് എന്നെ ഫോണില്‍ വിളിച്ചു ഒരുപാട് കരഞ്ഞു. നിവൃത്തിയില്ലാതെ അയാള്‍ക്ക് മരണത്തിന് വിട്ടുകൊടുക്കേണ്ടി വന്നത് മൂന്നു പേരെയാണ്. ഓക്‌സിജന്‍ ഒഴിച്ച് മറ്റൊന്നും നല്‍കാനില്ലാത്ത നിസ്സാഹായരായി നിലവിളിക്കുന്ന നേഴ്‌സുമാര്‍. സ്ഥിതിഗതികള്‍ തകിടം മറിയുന്നു. എങ്ങും കൊറോണ വൈറസിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാത്രം.

സ്‌റ്റേജ് 5

റെഡ് സോണില്‍ നിന്നും ഓടി രക്ഷപെട്ട ആ പതിനായിരം വിഡ്ഢികളെ ഓര്‍മയില്ലേ? ഇപ്പോള്‍ രാജ്യമാകെ ക്വാറന്റീനിലാണ് (മാര്‍ച്ച് 09). വൈറസ് വ്യാപനത്തിന്റെ വേഗത പരമാവധി കുറയ്ക്കുക എന്നത് മാത്രമാണ് നിലിവലെ ലക്ഷ്യം. ഫാര്‍മസികളും, കടകളും, മറ്റ് വ്യവസായ ശാലകളും ഇന്നും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. ഇല്ലെങ്കില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകരുമത്ര! എന്നാല്‍ മതിയായ കാരണം കൂടാതെ വീടിനു പുറത്തിറങ്ങാന്‍ ഞങ്ങള്‍ക്ക് അനുവാദം ഇല്ല. ഇപ്പോള്‍ എല്ലാവരും ഭയന്നു തുടങ്ങി, പക്ഷേ ചില ‘മഹാന്മാര്‍’ ഇന്നും ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്ന് കരുതി കൂട്ടം ചേര്‍ന്ന് ബാറുകളിലും റസ്റ്റൊറന്റുകളിലും പോകുന്നു.

സ്‌റ്റേജ് 6

രണ്ട് ദിവസത്തിനു ശേഷം പുതിയ നിര്‍ദ്ദേശം എത്തി. ബാറുകള്‍, റസ്റ്റൊറന്റുകള്‍, ഷോപ്പിംഗ് സെന്ററുകള്‍ എന്നിവയുള്‍പ്പെടെയുള്ളവ അടച്ചുപൂട്ടുന്നു. പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്
സൂപ്പര്‍മാര്‍ക്കറ്റുകളും ഫാര്‍മസികളും മാത്രം. എവിടെ പോകുന്നു, എന്തിനു പോകുന്നു, എവിടെ നിന്നു വരുന്നു എന്നീകാര്യങ്ങള്‍ ഉള്‍പ്പെടുന്ന സ്വയം സാക്ഷ്യപ്പെടുത്തുന്ന രേഖകളുമായി മാത്രം പുറത്തിറങ്ങാന്‍ അനുമതി. വഴിയോരങ്ങളില്‍ അനവധി പൊലീസ് ചെക്ക് പോയിന്റുകള്‍. വ്യക്തമായ കാരണങ്ങള്‍ ഇല്ലാതെ പുറത്തിറങ്ങുന്ന ആളുകളില്‍ നിന്നും 206 യൂറോ വരെ ഫൈനും, കൊറോണ രോഗിയാണെങ്കില്‍ കൊലപാതക കുറ്റം ചുമത്തി ഒന്നു മുതല്‍ 12 വര്‍ഷം വരെ ജയില്‍ശിക്ഷയും ലഭിക്കും. ഇതാണ് നിലവിലെ സ്ഥിതി(മാര്‍ച്ച് 12). വെറും രണ്ടാഴ്ചയ്ക്കുള്ളിലാണ് ഇത്രയും കാര്യങ്ങള്‍ ഇവിടെ സംഭവിച്ചത്. കൃത്യമായി പറഞ്ഞാല്‍ സ്റ്റേജ് മൂന്ന് കഴിഞ്ഞ് വെറും അഞ്ച് ദിവസം മാത്രം.

ഇറ്റലി, ചൈന, കൊറിയ എന്നീ രാജ്യങ്ങള്‍ ഒഴികെയുള്ള മറ്റു രാജ്യങ്ങള്‍ ഇപ്പോഴും ആദ്യഘട്ടത്തിലാണ് അവര്‍ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതേയുള്ളൂ. ഈ അവസരത്തില്‍ എനിക്ക് ഒരു കാര്യം പറയാനുണ്ട്. നിങ്ങളെ കാത്തിരിക്കുന്ന വിപത്ത് എത്ര വലുതാണെന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ കൂടി കഴിയില്ല. കാരണം കഴിഞ്ഞ ഒരു രണ്ടാഴ്ച മുന്‍പ് വരെ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് എനിക്കും അറിയില്ലായിരുന്നു. ഒന്നും സംഭവിക്കില്ല എന്നു തന്നെയാണ് ഞാനും കരുതിയിരുന്നത്. പക്ഷേ ഇതിനെ ഭയന്നേ മതിയാകൂ. വൈറസ് അത്ര അപകടകാരിയല്ലെങ്കില്‍ പോലും ഇതുണ്ടാക്കുന്ന പ്രത്യഖാതങ്ങളെ നിസ്സാരമായി കാണരുത്.

മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ഇനിയും സമയം ധാരാളം ഉണ്ടായിട്ടും അതിനു ശ്രമിക്കാത്ത മറ്റ് രാജ്യങ്ങളുടെ നിലപാടാണ് ഏറെ ഭയം ഉളവാക്കുന്നത്. ഇത് വായിക്കുന്ന ഓരോരുത്തരം രോഗത്തെ പ്രതിരോധിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കണം. അവഗണിക്കുന്നതുകൊണ്ട് മാത്രം രോഗം ഇല്ലാതാകുന്നില്ല. അമേരിക്കയില്‍ മാത്രം ഇനിയും കണ്ടുപിടിക്കപ്പെടാതെ കിടക്കുന്ന രോഗബാധിതരുടെ എണ്ണത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ പേടി തോന്നുന്നു. ആ രാജ്യം നേരിടാന്‍ പോകുന്നത് പേടിപ്പെടുത്തുന്ന ദിവസങ്ങളാകും.

രോഗം പ്രതിരോധിക്കുന്ന കാര്യത്തില്‍ ഇറ്റലി സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചുവെന്ന് പറയാതിരിക്കാനാകില്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ചിലത് നാടകീയമായി തോന്നിയേക്കാം. പക്ഷേ രോഗവ്യാപനം തടയാന്‍ അതുപോലെ ചിലത് കൂടിയേ തീരു. ചൈനയില്‍ ഈ രീതികള്‍ വിജയിച്ചുകഴിഞ്ഞു. ഇവിടെയും അങ്ങനെ തന്നെയാകുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വരുന്ന ഏതാനും മാസങ്ങളില്‍ വായ്പാ തിരിച്ചടവുകളില്‍ സര്‍ക്കാര്‍ ഇളവു നല്‍കിയിട്ടുണ്ട്. കടകളൊക്കെ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഈ തീരുമാനം.
ഇക്കാര്യങ്ങളൊക്കെ ശരിക്കും പ്രയാസമാണെന്ന് എനിക്കറിയാം, ചിലര്‍ക്ക് അത് അസാധ്യമാണ്. പക്ഷേ ചിലരെങ്കിലും ഇവയൊക്കെ ആഗോളതലത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഖാതങ്ങളെ ഭയന്നാണ് ഇക്കാര്യങ്ങളില്‍ നിന്നും പിന്തിരിയുന്നത്. സഹായിക്കാന്‍ കഴിയുന്ന ചില രാജ്യങ്ങള്‍ അതിനു മുതിരുന്നില്ല എന്നു കാണുമ്പോള്‍ അത് എന്നെ വല്ലാതെ ദേഷ്യംപിടിപ്പിക്കുന്നു. ഈ മഹാമാരി നമ്മുടെ രാജ്യത്ത് വലിയൊരു വഴിത്തിരിവാകുമെന്നാണ് എനിക്ക് തോന്നുന്നത്. നിങ്ങള്‍ക്കോ?

നിങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ കൊറോണ കേസുകള്‍ ഉണ്ടായേക്കാം, വൈറസ് പടര്‍ന്നു പിടിച്ചേക്കാം. അവിടത്തെ സ്ഥിതി ഇവിടത്തേക്കാള്‍ ഒന്നോ രണ്ടോ ആഴ്ചകള്‍ പിന്നിലായേക്കാം. പക്ഷേ എനിക്കുറപ്പാണ് ഞങ്ങള്‍ എന്താണ് പറയാന്‍ ശ്രമിക്കുന്നതെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും. സാധ്യമായ എല്ലാ മുന്‍കരുതലുകളും നിങ്ങള്‍ സ്വീകരിക്കണം, ഇത് എന്റെ ഒരു അപേക്ഷയാണ്. ഇത് നിങ്ങളെ ബാധിക്കുന്ന കാര്യമല്ല എന്ന് കരുതിയുള്ള അഭിനയം അവസാനിപ്പിക്കണം…കഴിയുമെങ്കില്‍ വീട്ടില്‍ തന്നെ ഇരിക്കാന്‍ ശ്രമിക്കൂ…

ഇറ്റലിയിലുള്ള ആരോടും നിങ്ങള്‍ക്ക് ഈ അവസ്ഥയെക്കുറിച്ച് തിരക്കാം. അവര്‍ പറയുന്ന കാര്യങ്ങള്‍ ഒരിക്കലും ഇതില്‍ നിന്നും വിഭിന്നമാകില്ലെന്ന് എനിക്കുറപ്പാണ്. നിങ്ങളെ ആരെയും പേടിപ്പിക്കാനല്ല ഞാന്‍ ഇക്കാര്യങ്ങള്‍ പറയുന്നത്, മറിച്ച് സംഭവിക്കാന്‍ പോകുന്ന സത്യങ്ങള്‍ ഓര്‍മിപ്പിക്കുകയാണ്. ഇനി നിങ്ങള്‍ക്ക് പുറത്തു പോയേ മതിയാകൂ എന്നാണെങ്കില്‍ ആകാം…നിങ്ങളുടെ അരുമയായ നായക്കൊപ്പം ഒരു പതിവ് നടത്തമോ, അല്ലെങ്കില്‍ ഷോപ്പിങോ എന്തുമാകാം. പക്ഷേ മറ്റുള്ളവരില്‍ നിന്നും കൃത്യമായ അകലം പാലിക്കാനും, നേരത്തെ ഞാന്‍ പറഞ്ഞ സ്വയം സാക്ഷ്യപ്പെടുത്തിയ കത്ത് ഒപ്പം കരുതാനും മറക്കണ്ട.

മതിയായ ആവശ്യങ്ങളില്ലാതെ ആരും പുറത്തിറങ്ങേണ്ട. അങ്ങനെയല്ലാതെ പുറത്തുപോകുന്നവരെ വിഡ്ഢീ എന്നല്ലാതെ മറ്റെന്തു വിളിക്കാനാണ്. വീട്ടില്‍ ഇരിക്കുന്നതിന്റെ പ്രസക്തി ജനങ്ങളെ ബോധിപ്പിക്കാന്‍ പല കാമ്പയിനുകളും നടക്കുന്നുണ്ട്. ചില ഫാക്ടറികളും തൊഴിലിടങ്ങളും മറ്റും ഇന്നും പ്രവര്‍ത്തനം തുടരുന്നുണ്ട്. പക്ഷേ ഞാന്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ എല്ലാം അടഞ്ഞു കിടക്കുകയാണ്. കടകളും, ബാറുകളും, റസ്റ്റൊറന്റുകളും…അങ്ങനെ എല്ലാം. പക്ഷേ ഭക്ഷണത്തിന് ആര്‍ക്കും ക്ഷാമമമില്ല, അത് ഞങ്ങളുടെ സര്‍ക്കാര്‍ എല്ലാവര്‍ക്കും ഉറപ്പുവരുത്തിയിട്ടുണ്ട്. രോഗം പടരാതിരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം മനുഷ്യന്‍ മനുഷ്യനുമായി സമ്പര്‍ക്കം പുലര്‍ത്താതിരിക്കുക എന്നതാണ്. പരമാവധി വീട്ടില്‍ തന്നെ ഇരിക്കുക!

 

Comments are closed.