കാര്‍ട്ടൂണിന്റെ കൈ കെട്ടരുത്: കേരള കാര്‍ട്ടൂണ്‍ അക്കാദമി
കേരള ലളിതകലാ അക്കാദമിയുടെ ഈ വര്‍ഷത്തെ കാര്‍ട്ടൂണ്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ പ്രതികരണവുമായി കേരള കാര്‍ട്ടൂണ്‍ അക്കാദമി. അവാര്‍ഡിനെത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ അത്യന്തം ഖേദകരമാണെന്ന് അക്കാദമി സെക്രട്ടറി തോമസ് ആന്റണി അഭിപ്രായപ്പെട്ടു.
കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ പ്രസ്താവനയില്‍നിന്നും
കേരള ലളിതകലാ അക്കാദമിയുടെ ഈ വര്‍ഷത്തെ കാര്‍ട്ടൂണ്‍ അവാര്‍ഡിനെ കുറിച്ച് ഉണ്ടായ വിവാദം അത്യന്തം ഖേദകരമാണ്. അവാര്‍ഡ് നിര്‍ണയിച്ചത് കേരളത്തിലെ പ്രമുഖരായ കാര്‍ട്ടൂണിസ്റ്റുകള്‍ ഉള്‍പ്പെട്ട സമിതിയാണ്. അത് അംഗീകരിക്കേണ്ടത് കേരളീയ പൊതുസമൂഹത്തിന്റെ മാന്യതയാണ്. വിമര്‍ശനകലയായ കാര്‍ട്ടൂണിന്റെ കൈ കെട്ടിയാല്‍ അതിന്റെ അര്‍ത്ഥം തന്നെ നഷ്ടമാകും. ഇന്ത്യയിലെത്തന്നെ പ്രമുഖ കാര്‍ട്ടൂണിസ്റ്റുകളുടെ നാടാണ് കേരളം. തന്റെ കലയിലൂടെ ആരെയും തുറന്ന് വിമര്‍ശിച്ച കുഞ്ചന്‍ നമ്പ്യാരുടെ മഹനീയപൈതൃകം കേരളത്തിനുണ്ട്. പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിനെ നിരന്തരം വരകളിലൂടെ വിമര്‍ശിക്കാന്‍ സുഹൃത്തു കൂടിയായ കാര്‍ട്ടൂണിസ്റ്റ് ശങ്കര്‍ മടികാണിച്ചിട്ടില്ല. അതിന്റെ പിന്തുടര്‍ച്ച മലയാളത്തിലെ കാര്‍ട്ടൂണിനുമുണ്ട് എന്നതില്‍ ഞങ്ങള്‍ അഭിമാനം കൊള്ളുന്നു. വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ താല്‍പര്യങ്ങളുടെ കണ്ണടകളിലൂടെ നര്‍മത്തെ കാണുന്നതും അധിക്ഷേപിക്കുന്നതും ദുഃഖകരമാണ്.
തുറന്ന വിമര്‍ശനത്തിലൂടെ ഭരണകര്‍ത്താക്കളെ ഉള്‍പ്പടെ നിശിതമായി വിമര്‍ശിച്ച തിരഞ്ഞെടുപ്പ് കാലമാണ് ഈയടുത്ത് കഴിഞ്ഞത്. ചിരി വരയുടെ കൈ കെട്ടരുത് എന്ന് ഒരിക്കല്‍ക്കൂടി അഭ്യര്‍ത്ഥിക്കുന്നു. തുറന്ന മനസോടെ വിമര്‍ശനവരകള്‍ ആസ്വദിക്കാനുള്ള അന്തരീക്ഷം പുലരട്ടെ. ചിരിയും ചിന്തയും മായാതിരിക്കട്ടെ.
Comments are closed.