DCBOOKS
Malayalam News Literature Website

ധ്രുവ് നായകനാകുന്ന ‘വര്‍മ്മ’ പുനര്‍നിര്‍മ്മിക്കുന്നു; സംവിധായകന്‍ ബാലയെ ഒഴിവാക്കി

പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ ചിയാന്‍ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രം അരങ്ങേറ്റം കുറിക്കുന്ന ആദ്യ തമിഴ് ചിത്രം വര്‍മ്മ വീണ്ടും ചിത്രീകരിക്കാനൊരുങ്ങി നിര്‍മ്മാതാക്കള്‍. നിലവില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമയില്‍ നിര്‍മ്മാതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് ചിത്രം വീണ്ടും നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. നിര്‍മ്മാതാക്കളായ ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ് ഇക്കാര്യം പത്രക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്.

നായകനായ ധ്രുവിനെ നിലനിര്‍ത്തി സംവിധായകനെയും ചില അണിയറ പ്രവര്‍ത്തകരെയും അഭിനേതാക്കളെയും മാറ്റി പൂര്‍ണ്ണമായും റീമേക്ക് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ ബാലയായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍.

തെലുങ്കില്‍ വിജയ് ദേവരകൊണ്ടയും ശാലിനി പാണ്ഡെയും അഭിനയിച്ച ഹിറ്റ് ചിത്രം അര്‍ജ്ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പാണ് വര്‍മ്മ. ചിത്രത്തിന്റെ പ്രിവ്യു കണ്ട നിര്‍മ്മാതാക്കള്‍ക്ക് സിനിമ ഇഷ്ടമായില്ലെന്നും അതിനാല്‍ പൂര്‍ണ്ണമായും റീഷൂട്ട് ചെയ്യുകയാണെന്നുമാണ് ലഭിക്കുന്ന വിവരം.

വര്‍മ്മയുടെ ട്രെയിലറും പാട്ടുകളും നേരത്തെ ഇറങ്ങിയിരുന്നു.റിലീസിന് ഏതാനും ആഴ്ചകള്‍ മാത്രം ശേഷിക്കെ നിര്‍മ്മാതാക്കളുടെ ഈ പുതിയ തീരുമാനം സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. വിക്രത്തിന്റെ മകന്‍ ധ്രുവ് നായകനാകുന്ന ചിത്രമായതിനാല്‍ ആരാധകരും ഏറെ പ്രതീക്ഷയിലായിരുന്നു.

 

Comments are closed.