‘അരുത് ആയുധമെടുക്കരുത്’
ആയുധമെടുത്താല്‍ മനുഷ്യബുദ്ധിക്ക് നാശം ഭവിക്കുമെന്ന് ശ്രീരാമനെ ജനകമഹാരാജാവിന്റെ പുത്രി സീത ഓര്‍മ്മിപ്പിക്കുന്ന ഒരു സന്ദര്‍ഭം രാമായണത്തിലുണ്ട്. വെറുതെ കിട്ടിയ ഒരായുധം ഒരു സന്യാസിയെ എങ്ങനെ ക്രൂരനാക്കി തീര്‍ത്തു എന്ന് ഒരു കഥയിലൂടെ പറഞ്ഞുകൊണ്ടാണ് ജാനകി ഇക്കാര്യം വ്യക്തമാക്കിയത്. ധാര്‍മ്മികമായി താന്‍ ജനകപുത്രിയാണെന്ന് സീത അവകാശപ്പെടുന്നുമുണ്ട്. രാമനോടാകട്ടെ ധാര്‍മ്മികമായ ദൃഢാനുരാഗമാണുള്ളതെന്നും സീത വെളിവാക്കുന്നുണ്ട്. ജനകപുത്രിക്ക് എന്നും കറതീര്‍ന്ന ധര്‍മ്മത്തോടായിരുന്നു പ്രതിബദ്ധത. രാജാധികാരത്തെ ധാര്‍മ്മികമായി വിനിയോഗിച്ച ചക്രവര്‍ത്തി മാത്രമല്ല, ജീവിച്ചിരിക്കെ ബ്രഹ്മസാക്ഷാത്കാരം കിട്ടിയ ഋഷിവര്യനുമാണ് ജനകന്‍. ഇക്കാര്യം നിശ്ചയമുണ്ടായിരുന്നതുകൊണ്ടാണ് വേദവ്യാസന്‍ തന്റെ ആത്മജനായ ശുകനെ വേദാന്തവിദ്യ പഠിക്കുന്നതിനുവേണ്ടി ജനകന്റെ അടുത്തേക്ക് അയക്കുന്നു. ഇങ്ങനെ ഒരു സന്ദര്‍ഭത്തെക്കുറിച്ച് മഹാഭാരതത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
സീത ജനകന്റെ ഓമനപ്പുത്രിയാണെന്നാണ് വാല്മീകി വിശേഷിപ്പിക്കുന്നത്. തന്റെ മകളെ പരമയോഗ്യനായ ഒരുവന്‍ വിവാഹം കഴിക്കണമെന്ന ആഗ്രഹത്തില്‍ നിന്നാണ് ത്രയംബക വില്ലൊടിക്കുന്നവന് മകളെ വരിക്കാമെന്ന് ജനകന്‍ നിശ്ചയിച്ചത്. സീതയെ രാമന്റെ കയ്യിലേക്ക് ഏല്പിക്കുമ്പോള്‍ ജീവിതകാലം മുഴുവന്‍ അവള്‍ നിഴല്‍ പോലെ നിന്നെ പിന്‍തുടരുമെന്നാണ് ജനകന്‍ പറഞ്ഞത്. ജനകവാക്യം ഒരിക്കലും സീത തെറ്റിച്ചില്ല. അതുകൊണ്ടാണ് അകാരണമായി തന്റെ ഭര്‍ത്താവ് വനവാസത്തിന് ശിക്ഷിക്കപ്പെട്ടപ്പോള്‍ സര്‍വ്വംസഹയായ ഭൂമിദേവിയുടെ മകള്‍ എല്ലാം സഹിച്ചുകൊണ്ട് രാമനെ അനുഗമിച്ചതും. ജീവിതത്തിലെ ധാര്‍മ്മികപ്രശ്‌നങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ച് ആര് പറയുമ്പോഴും അതെല്ലാം തന്റെ അച്ഛന്‍ തന്നോടു പറഞ്ഞിട്ടുണ്ട് എന്ന് സീത പറയുന്നതും സ്വാഭാവികം തന്നെ.
നരഭോജികളായ രാക്ഷസരില്‍ നിന്ന് സത്യന്വേഷികളായ മുനിവൃന്ദത്തെ രക്ഷിക്കണമെന്ന് രാമനോട് പറയുന്ന ഒരു സന്ദര്‍ഭം ചിത്രകൂടാശ്രമപ്രദേശത്തുവച്ചുണ്ടായി. നരഭോജിയായ ഖരന്റെ വിഹാരരംഗം കൂടിയായിരുന്നു ചിത്രകൂടം. പേരുകേട്ട രാവണചക്രവര്‍ത്തിയുടെ ക്രൂരനായ അനുജനാണ് ഖരന്‍. ഋഷിമാരുടെ യാഗം മുടക്കുക, അവരെ അകാരണമായി ആക്രമിച്ചു കൊന്നുതിന്നുക എന്നിവയായിരുന്നു ഖരന്റെ വിനോദങ്ങളില്‍ ചിലത്. അതുകൊണ്ട് മുനിവൃന്ദം ചിത്രകൂടാചലപ്രദേശം ഉപേക്ഷിച്ച് കൂടുതല്‍ സുരക്ഷിതമായ സ്ഥലം തേടി, രാമനോട് പറഞ്ഞുകൊണ്ട് പോകുകയും ചെയ്തു. മുനിമാരുടെ പിന്നാലെ രാമനും ചിത്രകൂടം ഉപേക്ഷിച്ചു അങ്ങനെയാണ് അത്രിയുടെ ആശ്രമത്തില്‍ അതിഥികളായെത്തിയത്. അത്രിയുടെ വിദുഷിയും ധര്‍മ്മനിഷ്ഠയും മനീഷിയുമായ പത്‌നി അനസൂയാദേവി അവരുടെ ആഭരണങ്ങളും വസ്ത്രങ്ങളും കുറികൂട്ടും അംഗരാഗവുമെല്ലാം വാത്സല്യപൂര്‍വ്വം ജനകജയ്ക്ക് സമ്മാനിക്കുകയും ചെയ്തു. ജാനകിയുടെ ധര്‍മ്മനിഷ്ഠയില്‍ അനസൂയാദേവി ആഹ്ലാദവതിയായിരുന്നു.
അത്രിയുടെ ആശ്രമത്തില്‍ നിന്നാണ് ദണ്ഡകാരണ്യത്തില്‍ എത്തുന്നത്. ദണ്ഡകാരണ്യത്തില്‍ വെച്ചാണ് വിരാധന്‍ എന്ന അസുരന്‍ സീതയെ അപഹരിച്ചത്. ഭീമാകാരനും നരഭോജിയുമായ വികൃതരൂപിയാണ് വിരാധന്‍. രാമലക്ഷ്ണന്മാരെ ഭീഷണിപ്പെടുത്തിക്കൊണ്ട് സീതയെ ഒക്കത്ത് എടുത്തുകൊണ്ടാണ് വിരാധന്‍ പോകാനൊരുങ്ങിയത്. പക്ഷേ, സീതയെ ആക്രമിച്ച വിരാധനെ രാമന്‍ വധിച്ചു കുഴിച്ചിട്ടു. വിരാധ വധത്തിനുശേഷമാണ് രാമാദികള്‍ ശരഭംഗാശ്രമത്തിലെത്തിയത്. അപാരമായ തപശ്ശക്തി കൊണ്ട് ദേവേന്ദ്രന്റെ പോലും പ്രശംസ പിടിച്ചുപറ്റിയ ശരംഭംഗന്‍ സ്വര്‍ഗ്ഗാരോഹണത്തിന് ഒരുങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് രാമന്‍ അദ്ദേഹത്തെ കാണുന്നത്. കഠിനതപസ്സിലൂടെ താന്‍ നേടിയ മുഴുവന്‍ ശക്തിയും സിദ്ധിയും രാമനില്‍ സമര്‍പ്പിച്ചതിനുശേഷം ശരംഭംഗന്‍ അഗ്നിപ്രവേശം ചെയ്തു. ശരഭംഗനാണ് രാമാദികള്‍ക്ക് താമസിക്കാന്‍ ഉചിതമായ സ്ഥലം സുതീഷ്ണാശ്രമമാണെന്ന് ഉപദേശിച്ചത്.
മാമുനിമാരുടെ ഒരു നിവേദകസംഘം സുതീഷ്ണാശ്രമത്തില്‍ വെച്ച് രാമനെ കണ്ടു. രാമന്റെ വാഴ്‌വ് കാട്ടിലാണെങ്കിലും ക്ഷത്രിയനായ രാമന്‍ രാജാവാണെന്നും ജീവിതത്തെ യജ്ഞമാക്കിമാറ്റുന്ന മുനിമാരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം രാജാവിനുണ്ടെന്നും ആമുഖമായി പറഞ്ഞു. മുനിമാരുടെ ജീവിതം വനത്തില്‍ സുരക്ഷിതമല്ല. ലോകത്തിന്റെ യോഗക്ഷേമത്തിനായി ഋഷിമണ്ഡലം നടത്തിക്കൊണ്ടിരിക്കുന്ന യാഗങ്ങളെ നരഭോജികളായ അസുരവൃന്ദം നിരന്തരം മുടക്കുന്നു. മാത്രമല്ല, പലപ്പോഴും അവര്‍ മുനിമാരെ കൊന്നുതിന്നുകയും ചെയ്യുന്നു. ബ്രഹ്മനിഷ്ഠരായ ഋഷിമാരുടെ ജീവന് സംരക്ഷണം നല്‍കി യാഗരക്ഷ നടത്താനായി രാമന്‍ ആയുധമേന്തി സദാ ജാഗരൂകനായി നില്ക്കണമെന്നും നിവേദക സംഘത്തിലെ മുനിമാര്‍ ആവശ്യപ്പെട്ടു. ധര്‍മ്മസംരക്ഷണത്തിനായി ആയുധമേന്താന്‍ ക്ഷത്രിയനായ രാജാവിന് ബാദ്ധ്യതയുണ്ട്.
ആയുധധാരികളായിട്ടാണ് രാമലക്ഷ്ണന്മാര്‍ സുതീഷ്ണാശ്രമത്തില്‍ നിന്നും ഇറങ്ങിയത്. രാക്ഷസന്മാരെ കൊന്ന് മുനിരക്ഷ വരുത്താമെന്ന പ്രതിജ്ഞയോടെ ഇറങ്ങിത്തിരിച്ച രാമനോട് ജാനകീദേവിയാണ് ആയുധമേന്തി നടന്നാല്‍ ബുദ്ധിനാശം ഭവിക്കാമെന്നു പറഞ്ഞത്. ആയുധമേന്തി പരഹിംസ നടത്താനിറങ്ങുന്നവര്‍ സമഗ്രമായ ധര്‍മ്മബോധത്തെ അതിസൂക്ഷ്മമായ ബുദ്ധിവ്യാപാരത്തിലൂടെ നിശ്ചയിച്ചുറപ്പിക്കണം. അങ്ങനെ നിശ്ചയിക്കണമെങ്കില്‍ അവനെ കാമവ്യസനം തീണ്ടരുത്. കാമവ്യസനങ്ങള്‍ മൂന്നു തരത്തിലുണ്ടെന്നും ജനകപുത്രി വിശദീകരിച്ചു. ഒന്നാമത്തേത് അസത്യകഥനമാണ്. സത്യവാക്കാണ് രാമനെന്നും അസത്യകഥനം രാമനില്‍ നിന്നുണ്ടാകില്ല എന്ന കാര്യം തനിക്ക് ഉറപ്പാണെന്നും ജാനകി പറഞ്ഞു. കളിയായി പോലും പൊളി പറയാത്ത ധര്‍മ്മാത്മാവാണ് രാമന്‍ എന്ന കാര്യത്തില്‍ ജനകപുത്രിക്ക് സംശയമേ ഉണ്ടായിരുന്നില്ല.
പരനാരീഗമനമാണ് രണ്ടാമത്തെ കാമവ്യസനം. പരനാരീഗമനവാഞ്ഛ രാമന് ഉണ്ടായിട്ടേയില്ല. സ്വപത്‌നീരതനായ രാമനില്‍ അത്തരമൊരു ചിന്ത ഹൃദയത്തെ സ്പര്‍ശിക്കില്ല എന്നും സീതാദേവിക്ക് ഉറപ്പുണ്ടായിരുന്നു. രാജന്‍ ജിതേന്ദ്രിയനാണ്. ഇന്ദ്രിയമനസ്സുകളെ ജയിച്ച രാമന് പരനാരീഗമനചിന്ത സ്പര്‍ശിക്കില്ല എന്ന കാര്യത്തിലും ജാനകിക്ക് സംശയമേ ഇല്ലായിരുന്നു. ഈ രണ്ട് കാര്യങ്ങളും രാമന്റെ സ്വഭാവശുദ്ധിക്ക് ലഭിക്കാവുന്ന ഏറ്റവും നല്ല സാക്ഷ്യപത്രങ്ങളാണ്. സ്വന്തം ഭാര്യയില്‍ നിന്ന് ഇത്തരമൊരു സാക്ഷ്യപത്രം ലഭിക്കുക എന്നത് ഏതൊരു ഭര്‍ത്താവിനും അഭിമാനാര്‍ഹവുമാണ്. ശൂര്‍പ്പണഖയുടെ ലൈംഗികാവശ്യത്തെ നിരസിക്കുന്ന രാമനെ ഈ പശ്ചാത്തലത്തില്‍ കൂടി നോക്കിക്കാണേണ്ടതുണ്ട്.
വൈര്യമില്ലാതെയുള്ള നിഗ്രഹമാണ് മൂന്നാമത്തെ കാമവ്യവസനം. നേരിട്ട് തെറ്റുചെയ്യാത്തവരെ അവര്‍ ശിക്ഷാര്‍ഹരാണോ എന്ന് ആലോചിക്കുക പോലും ചെയ്യാതെ വധിക്കുക എന്നത് തെറ്റുപറ്റാവുന്ന കാര്യമാണ്. ദണ്ഡകാരണ്യത്തില്‍ വസിക്കുന്ന മുനിമാരെ രക്ഷിക്കാമെന്നും രാക്ഷസവംശത്തെയാക്കെ നശിപ്പിക്കാമെന്നും വാക്ക് നല്കിയിട്ടാണ് കോദണ്ഡപാണിയായി ശരം കയ്യിലെടുത്തുകൊണ്ട് രാമന്‍ ലക്ഷ്മണസമേതനായി ദണ്ഡകാരണ്യത്തിലേക്ക് പോകുന്നത്. അതില്‍ തനിക്ക് വ്യസനമുണ്ടെന്നും ജാനകി പറഞ്ഞു. ഈ സന്ദര്‍ഭത്തിലാണ് തപസ്സു ചെയ്തുകൊണ്ടിരുന്ന സത്യസന്ധനും നിര്‍മ്മലനുമായ മുനിവര്യന്റെ കഥ രാമനെ സീത ഓര്‍മ്മിപ്പിച്ചത്. അതിശ്രേഷ്ഠനായ മുനിയുടെ തപസ്സില്‍ അസൂയാലുവായ ദേവേന്ദ്രന്‍ മുനിയുടെ തപസ്സു മുടക്കുന്നതിന് വേണ്ടി കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു അതിവിശിഷ്ടമായത് എന്ന വിശേഷണത്തോടെ മൂര്‍ച്ചയേറിയ ഒരുവാള്‍ അദ്ദേഹത്തെ ഏല്പിച്ചത്. വിശിഷ്ടമായ ആയുധം എന്നു തെറ്റിദ്ധരിച്ച മുനിശ്രേഷ്ഠന്‍ ആയുധധാരിയായി യാത്ര ചെയ്തുകൊണ്ടിരുന്നു. ഒടുവില്‍ ആയുധപ്രയോഗത്തിലൂടെ അതിപാപിയായി മുനി മാറുകയും ചെയ്തു.
അതുകൊണ്ടാണ് ശസ്ത്രമെടുത്ത് നിരപരാധികളെ കൊല്ലാനുള്ള ഉദ്യമത്തില്‍ നിന്നു പിന്‍മാറണമെന്ന് സീത ധര്‍മ്മബോധത്തോടെ രാമനോടു പറഞ്ഞത്. അഗ്നിയെപ്പോലെ ശസ്ത്രസംസര്‍ഗവും ആപത്തു വരുത്തിവെക്കും എന്ന് ജാനകി ഓര്‍മ്മിപ്പിച്ചു. കോദണ്ഡപാണിയായി ദണ്ഡകാരണ്യത്തില്‍ സഞ്ചരിക്കുന്ന രാമന്‍ വൈര്യമില്ലാതെ തന്നെ ആളുകളെ കൊന്നു എന്നു വരാം. വൈരമില്ലാതെ ആരെയും വധിക്കാന്‍ രാമന് തോന്നരുതേ എന്ന് ജാനകീദേവി പ്രാര്‍ത്ഥിച്ചു. പിന്നീട് ഒരു വൈരവുമില്ലാതെ തന്നെ എന്തിനാണ് തന്നെ കൊല്ലുന്നതെന്ന് ബാലി രാമനോട് ചോദിക്കുന്ന സന്ദര്‍ഭവും രാമായണത്തിലുണ്ട്. തെറ്റുചെയ്യാത്ത ഒരാളെയും താന്‍ നിഗ്രഹിക്കില്ല എന്ന രാമന്‍ സീതയ്ക്ക് വാക്ക് നല്‍കിയിരുന്നു എങ്കിലും ബാലിവധം ഇന്നും രാമയശസ്സിന് കളങ്കം ചാര്‍ത്തി നില്‍ക്കുന്നു എന്നത് ജാനകിയുടെ സംശയത്തെയാണ് ന്യായീകരിക്കുന്നത്.
നാടുവിട്ട് കാടുപൂകിയ രാമന് ക്ഷത്രിയധര്‍മ്മത്തെക്കാള്‍ മുനിചര്യയാണ് ചേരുന്നത് എന്നും ആയുധം ഉപേക്ഷിക്കണമെന്നും ജാനകി ആവശ്യപ്പെട്ടു. ലോകത്തിന്റെ ആധാരം ധര്‍മ്മാണെന്നും ധര്‍മ്മത്തെ ആശ്രയിച്ചാണ് അര്‍ത്ഥം നിലനില്‍ക്കുന്നതെന്നും സുഖത്തിന്റെ ആധാരവും ധര്‍മ്മം തന്നെയാണെന്നും ജനകപുത്രി ഓര്‍മ്മിപ്പിക്കുന്ന സന്ദര്‍ഭവും ഇതുതന്നെയാണ് രാമനേക്കാള്‍ ഒട്ടും താഴെയല്ലാത്ത ഉറച്ച ധര്‍മ്മബോധം ജനകപുത്രിക്ക് ഉണ്ടായിരുന്നു. അതെല്ലാം തന്റെ അച്ഛന്‍ തന്നെ പഠിപ്പിച്ചിട്ടുണ്ട് എന്ന് സീത ഇടയ്ക്ക് പറയുന്നത് ഒട്ടും അതിശയോക്തി അല്ല. സീത രാമനെ അനുസരിക്കുകയായിരുന്നില്ല, അനുഗമിക്കുകയായിരുന്നു; ധര്‍മ്മപാതയില്‍.
Comments are closed.