രാമന്റെ രാജ്യത്യാഗം
രാജ്യം ത്യജിച്ചുകൊണ്ട് കാനനവാസത്തിന് പോകണമെന്ന് രാജാദശരഥനടക്കം അധികാരമുള്ള ആരും രാമനോട് ആവശ്യപ്പെട്ടിട്ടില്ല. കൈകേയി ഒഴികെ അയോദ്ധ്യാനിവാസികളെല്ലാം ഒരു കാരണവശാലും രാമന് രാജ്യത്തെ ത്യജിക്കരുത് എന്ന ആവശ്യക്കാരുമായിരുന്നു. തന്നെ തടവിലാക്കി രാമനോട്, രാജ്യഭാരം ഏല്ക്കാനാണ് ദശരഥന് കേണുപറഞ്ഞത്. അയോദ്ധ്യയിലെ സസ്യ-ജന്തു ജാലങ്ങള്‍ മുഴുവനും രാമന്റെ രാജ്യത്യാഗത്തില് ദുഃഖിതരായിരുന്നു എന്നാണ് വാല്മീകി പറയുന്നത്.
രാമന് രാജ്യം ത്യജിച്ച് കാടുകയറണമെന്നും ഭരതന് ചെങ്കോലേന്തണമെന്നതും കൈകേയിയുടെ ആവശ്യമായിരുന്നുവെങ്കിലും രാമനോട്, രാജ്യം ത്യജിച്ച് കാടുകയറണമെന്ന് കൈകേയി ആവശ്യപ്പെടുന്നില്ല. അതിനുപകരം ദശരഥന് തനിക്ക് രണ്ടു വരങ്ങള്‍ നല്‍കിയെന്നും അതിലൊന്ന് രാമന് കാടു കയറണമെന്നും രണ്ടാമത്തേത് ഭരതന് രാജാവാകണമെന്നുമാണെന്ന് പറയുന്നു. എന്നാല്‍, ഇക്കാര്യം രാമനോട് പറയാനുള്ള ലജ്ജ കൊണ്ടാണ് ദശരഥമഹാരാജാവ് ദുഃഖിക്കുന്നതെന്നാണ് കൈകേയി പറയുന്നത്. മാത്രമല്ല, രാമന് വിചാരിച്ചാല്‍ മാത്രമേ ദശരഥനെ ആ ദുഃഖത്തില്‍ നിന്നും മോചിപ്പിക്കാന്‍ കഴിയൂ എന്നു കൈകേയി പറയുകയും ചെയ്തു. അതായത് താതന്റെ പ്രതിജ്ഞ നിറവേറ്റാനായി രാജ്യത്തെ ത്യജിച്ചുകൊണ്ട് രാമന് സ്വയം കാടുകയറുന്നതാണ് ആ പ്രതിസന്ധിക്ക് പരിഹാരമെന്ന് ഭംഗ്യന്തരേണ കൈകേയി പറയുകയും ചെയ്തു.
സൂത്രശാലിയായ കുടിലബുദ്ധിയും തന്നിഷ്ടക്കാരിയും കൗശലക്കാരിയുമാണ് കൈകേയി. തന്റെ മകന് രാജാവാകുന്നതോടെ രാജമാതൃപദവിയില് സപ്തനിമാരേയും അന്തപ്പുരവാസികളേയും ഭരിച്ചു രസിക്കാന്‍ കഴിയുമെന്ന് അവര്‍ കരുതി. ഇക്കാര്യം അറിയുമ്പോള്‍ ഭരതകുമാരന് അതീവ സന്തുഷ്ടനാകുമെന്നും അതോടെ തന്റെ ഭരണാധികാരം തുടങ്ങുമെന്നും അവര്‍ വിശ്വസിച്ചു. രാമന്റെ വനയാത്ര അയോദ്ധ്യാവാസികളെ മുഴുവന്‍ ദുഃഖത്തിലാഴ്ത്തിയപ്പോള്‍ അതില്‍ സന്തോഷിച്ച ഒരേ ഒരാള്‍ കൈകേയി മാത്രമായിരുന്നു. മന്ഥര സന്തോഷിച്ചിട്ടുണ്ടാകാം. പക്ഷേ, അക്കാര്യം വിശേഷിച്ച് പറയേണ്ടതുമില്ല. കൗസല്യയോടും സീതയോടും ലക്ഷ്മണനോടുമെല്ലാം യാത്രപറയാന്‍ രാമന് കൂടുതല്‍ സമയമെടുക്കുന്നു എന്നു സ്വയം കരുതിയപ്പോള്‍ യാത്ര തിടുക്കത്തിലാക്കണമെന്നു പറയാനും കൈകേയി മറന്നില്ല. രാജ്യം ത്യജിച്ച സ്ഥിതിക്ക് ഇനിയും രാജ്യത്ത് തുടരുന്നത് ശരിയല്ലെന്നും എത്രയും വേഗം ജടയും മാന്തോലും ധരിച്ച് കാടുകയറണമെന്നും കൈകേയി പറഞ്ഞു. മാത്രമല്ല, ലജ്ജകൊണ്ടാണ് ദശരഥമഹാരാജാവ് അക്കാര്യം രാമനോട് കല്‍പിക്കാത്തതെന്നും രാമന് കാടുകയറാതെ രാജാവ് കുളിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്യില്ല എന്നും അവര്‍ പറഞ്ഞു.
അപ്പോഴാണ് താന്‍ അര്ത്ഥപരനായി ലോകജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നവനല്ല. തന്നെ ഋഷിതുല്യനായി കരുതണമെന്നും കേവലധര്മ്മത്തെ ആസ്പദമാക്കി കര്‍മ്മം അനുഷ്ഠിക്കുന്നവനാണെന്നും രാമന് കൈകേയിയെ ഓര്‍മ്മപ്പെടുത്തിയത്. അര്ത്ഥപരന് എന്നാല്‍ അധികാരം, പണം, പദവി, യശസ്സ് എന്നീ ലോകങ്ങള്‍ എന്തു ചെയ്തും നേടിക്കൊണ്ട് സുഖദുഃഖ സമ്മിശ്രമായ ജീവിതത്തില്‍ അഭിരമിക്കുന്നവന് എന്നാണര്‍ത്ഥം. എന്നാല്‍, ലോകഭോഗത്തെ ത്യജിച്ചുകൊണ്ട്, സുഖദുഃഖങ്ങളെ സമഭാവനയോടെ കണ്ട് കേവല ധര്‍മ്മത്തെ ആസ്പദമാക്കി ജീവിക്കുന്ന ഋഷിയാണ് താനെന്നു മനസ്സിലാക്കണമെന്നാണ് ശ്രീരാമന് പറഞ്ഞത്. പക്ഷേ, അര്ത്ഥപരയായ കൈകേയിക്ക് അത് മനസ്സിലായില്ല.
രാജ്യം ത്യജിച്ചു കാടുകയറാതിരിക്കാനായി പറയാന്‍ രാമന് പല ന്യായങ്ങളും ഉണ്ടായിരുന്നു. ഒന്നാമതായി രാമന് രാജ്യം ത്യജിച്ചുകൊണ്ട് കാടുകയറണമെന്ന് ആജ്ഞ നല്കാന് രാജാവിന് മാത്രമാണ് അധികാരം. രാജാവിന്റെ സപത്നിമാരില്‍ ഒരുവള്‍ മാത്രമായ കൈകേയിക്ക് രാജാധികാരം ഉപയോഗിക്കാന്‍ അവകാശമില്ല. മാത്രമല്ല, അക്കാര്യം രാമനടക്കമുള്ള കക്ഷികളെ അറിയിക്കാന്‍ രാജാവ് കൈകേയിയെ ചുമതലപ്പെടുത്തിയിട്ടുമില്ല. അപ്പോള്‍ അനധികൃതമായി രാജാധികാരം കൈയാളി രാജാവിന്റെ പേരില്‍ വ്യാജ ഉത്തരവ് ഇറക്കി എന്ന കുറ്റത്തിന് കൈകേയിയെ ജയിലില്‍ അടക്കാവുന്നതുമാണ്. രണ്ടാമതായി രാമനെ കാട്ടിലയക്കാനും ഭരതനെ രാജാവാക്കാനും കൈകേയി ആവശ്യപ്പെട്ടാല്‍ തന്നെ അത് സ്വീകരിക്കാനുള്ള ഒരു ബാദ്ധ്യതയും രാജാവിനോ രാജ്യത്തിനോ ഇല്ല. കാരണം, അത് അക്കാലത്ത് രഘുവംശ രാജാക്കന്മാര് അംഗീകരിച്ച് കാലാകാലങ്ങളായി നടപ്പാക്കിക്കൊണ്ടിരുന്ന നിയമത്തിനും ചട്ടങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും വിരുദ്ധമായ കാര്യമാണ്. അക്കാര്യം ഭരതന് തന്നെ ചൂണ്ടിക്കാണിക്കുന്നുമുണ്ട്. രഘുവംശരാജധര്മ്മത്തിന് നിരക്കാത്തതിനാല്‍ ദശരഥമഹാരാജാവ് അവ്വിധം തീരുമാനിക്കാനിടയില്ലെന്നും അഥവാ അങ്ങനെ തീരുമാനിച്ചാല്‍ തന്നെ അത് തെറ്റാണെന്നും ഭരതന് വിശദീകരിക്കുന്നുണ്ട്. നീതിരഹിതവും നിയമരഹിതവുമായ ഒരു തീരുമാനം അംഗീകരിക്കാന്‍ രാമന് ബാദ്ധ്യതയും ഇല്ല. കാരണം അവ്വിധം ഒരു തീരുമാനമെടുക്കാന്‍ രാജധര്മ്മശാസനം ഒരു രാജാവിനും അധികാരം നല്‍കുന്നില്ല.
കൊടുംകാട്ടിലേക്ക് ഒരുവനെ നാടുകടത്തുന്നത് കഠിനശിക്ഷയാണ്. അവ്വിധം ഒരു കഠിന ശിക്ഷ വിധിക്കുമ്പോള്‍ ശിക്ഷിക്കപ്പെടുന്ന വ്യക്തിയുടെ കുറ്റം എന്ത് എന്ന് വിശദീകരിക്കാനും കുറ്റാരോപിതന് തന്റെ ഭാഗം വിശദമാക്കാനും അവസരം നല്‍കണം. രാമന് ഏതെങ്കിലും തരത്തിലുള്ള കുറ്റം ചെയ്തതായി കൈകേയി പോലും പറയുന്നില്ല. അങ്ങനെ നിരപരാധിയായ ഒരാളെ ഏകപക്ഷീയമായി കഠിനശിക്ഷക്ക് ഇരയാക്കാന്‍ അക്കാലത്തെ രാജശാസന നിയമത്തിലും വ്യവസ്ഥ ഉണ്ടായിരുന്നില്ല. രാജാവാണ് എന്ന് കരുതി തോന്നിയതുപോലെ എന്തും ചെയ്യാന്‍ രാജധര്‍മ്മ ശാസന പോലെ ഒരു രാജാവിനും അധികാരം നല്‍കുന്നില്ല. അതുകൊണ്ട് താന്‍ ചെയ്ത കുറ്റമെന്ത് എന്നു ചോദിക്കാന്‍ രാമന് അവകാശമുണ്ടായിരുന്നു; കുറ്റം സ്ഥാപിക്കാന്‍ രാജാവിന് ബാദ്ധ്യതയും ഉണ്ട്. പക്ഷേ, തന്നെ രാജ്യത്തില്‍ നിന്നും ഭ്രഷ്ടനാക്കുമ്പോള് അത് എന്തുകൊണ്ട് എന്ന് ചോദിക്കാതെ തന്റെ അച്ഛന് വേണ്ടി രാജ്യമടക്കം എന്ത് ത്യജിക്കാനും തനിക്ക് മടിയില്ല എന്നു പറയുക മാത്രമാണ് രാമന് ചെയ്തത് എന്നതാണ് മൂന്നാമത്തെ കാരണം.
പതിന്നാലു വര്‍ഷം കാട്ടില്‍ കഴിയണം എന്നാണ് കൈകേയി ആവശ്യപ്പെട്ടത്. അന്നത്തെ രാജശാസന ചട്ടപ്രകാരം പതിന്നാലു വര്‍ഷം കഴിഞ്ഞാല്‍ ഒരാള്‍ക്കും രാജ്യത്തില്‍ അവകാശമുണ്ടാകില്ല. പതിന്നാലു വര്‍ഷം എന്നത് എന്നെന്നേക്കുമായി രാമനെ രാജ്യഭ്രഷ്ട്നാക്കുന്നതിനു വേണ്ടി നിര്‍ദ്ദേശിച്ച വ്യവസ്ഥയാണ്. ഒരാള്‍ സിംഹാസനത്തിലേറി രാജ്യം ഭരിച്ചുകൊണ്ടിരിക്കുകയാണെങ്കില് ആ സ്ഥാനം അയാള്‍ ഒഴിഞ്ഞു കൊടുത്താലും ആത്മാഭിമാനമുള്ള മറ്റൊരാള്‍ ആ സ്ഥാനത്ത് ഇരിക്കുകയില്ല. ഇക്കാര്യം വളരെ വ്യക്തമായിത്തന്നെ കൗസല്യ പറയുന്നുമുണ്ട്. അതുകൊണ്ട് ഒരിക്കല്‍ ഭരതന് രാജാവായി സിംഹാസനത്തിലേറിയാല് രഘുവംശത്തിന്റെ തുടര്‍ച്ച ഭരതനിലും അദ്ദേഹത്തിന്റെ സന്തതികളിലുമായിരിക്കുമെന്ന് കൈകേയിക്ക് മാത്രമല്ല, രാമനും അറിയാമായിരുന്നു. കാരണം, അത് അക്കാലത്തെ നടപ്പ് രീതിയാണ്.
അങ്ങനെ രാജ്യം ത്യജിക്കാന്‍ നിയമപരമായി ഒരു കാരണവും ഇല്ലാതിരിക്കെയാണ് രാമന് രാജ്യത്തെ ത്യജിച്ചത്. രാമനോട് രാജ്യം ത്യജിക്കണമെന്ന് ആജ്ഞാപിക്കുന്നത് അനീതിയുമാണ്. ഈ സാഹചര്യത്തില്‍ എന്തുകൊണ്ട് രാമന് രാജ്യം ത്യജിച്ചു എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് താന്‍ അര്ത്ഥപരനല്ല എന്നത്. കേവല ധര്‍മ്മത്തെ ആശ്രയിച്ചുകൊണ്ട് സുഖദുഃഖങ്ങളെ സമഭാവനയോടെ സ്വീകരിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അയോദ്ധ്യയും അടവിയും തമ്മില്‍ ഒരു വ്യത്യാസവുമില്ല. അയോദ്ധ്യ സുഖവാസ കേന്ദ്രവും അടവി ദുഃഖസാഗരവും ആകുന്നത് ലോകഭോഗരതരായി ജീവിക്കുന്നവര്‍ക്ക് മാത്രമാണ്. സുഖദുഃഖ സമഭാവനയുള്ളവരെ സംബന്ധിച്ചിടത്തോളം സിംഹാസനത്തിലിരിക്കുന്നതും വൃക്ഷത്തിന്റെ വേരില്‍ ഇരിക്കുന്നതും തമ്മില്‍ ഒരു വ്യത്യാസവും തോന്നില്ല.
അര്ത്ഥപരനല്ലാത്തതുകൊണ്ടും കേവലധര്മ്മത്തെ ആസ്പദമാക്കി കര്‍മ്മം ചെയ്യുന്നതുകൊണ്ടുമാണ് രാമന് രാജ്യത്തെ ത്യജിച്ചത്. താന്‍ സിംഹാസനത്തിലിരുന്നു രാജ്യഭാരം നടത്തുന്നത് തെറ്റാണെന്ന് ഭരതന് കരുതി. കാരണം, അത് നിയമവിരുദ്ധവും നീതിരഹിതവുമാണെന്ന് മറ്റാരേക്കാളും ഭരതനറിയാമായിരുന്നു. ധര്‍മ്മനിഷ്ഠനായ രാമാനുജന് അറിഞ്ഞുകൊണ്ട് ഒരു അധര്‍മ്മവും ചെയ്യില്ല. കൂടാതെ, താന്‍ സിംഹാസനത്തിലിരുന്നു രാജ്യം ഭരിച്ചാല്‍ ആ സിംഹാസനം ഒരു കാരണവശാലും രാമന് ഏറ്റെടുക്കില്ല എന്നും ഭരതകുമാരന് നിശ്ചയമുണ്ടായിരുന്നു. അതുകൊണ്ടാണ് ശ്രീരാമപാദുകങ്ങളെ സിംഹാസനത്തില്‍ പ്രതിഷ്ഠിച്ചുകൊണ്ട് ആ പാദുകങ്ങളുടെ ആജ്ഞ സ്വീകരിച്ചുകൊണ്ട് എന്ന സങ്കല്പത്തോടെ ശ്രീരാമകിങ്കരനായി രാജ്യഭാരം നിര്‍വ്വഹിച്ചത്. അടവിയില്‍ അലഞ്ഞുതിരിഞ്ഞ രാമനായിരുന്നു ഭരതനെ സംബന്ധിച്ചിടത്തോളം അയോദ്ധ്യയിലെ ചക്രവര്‍ത്തി. താന്‍ ആ ചക്രവര്‍ത്തിയുടെ ആജ്ഞാനുവര്‍ത്തി മാത്രമാണെന്ന് എപ്പോഴും ഭരതന് ഓര്‍ക്കുകയും ചെയ്തു. കേവലധര്മ്മത്തെ ആസ്പദിച്ചു ജീവിക്കുന്നവരുടെ കര്‍മ്മം ഇവ്വിധമായിരിക്കും.
Comments are closed.