അതികാമിയായ ദശരഥന്‍
ദശരഥന്‍ അതികാമിയായ രാജാവായിരുന്നു. രഘുവംശരാജാക്കന്മാരില്‍ പലരും അങ്ങനെയായിരുന്നു. ബ്രഹ്മാവിന്റെ പുത്രന്‍ മരീചിയില്‍ തുടങ്ങുന്ന രഘുവംശ പരമ്പരയിലെ മുപ്പത്തി ആറാമത്തെ ചക്രവര്‍ത്തിയായിരുന്നു ദശരഥന്‍. ആ പരമ്പരയിലെ ഒരു ചക്രവര്‍ത്തിയായിരുന്നു അസിതന്‍. അസിതന് ഭാര്യമാര്‍ രണ്ട് പേരുണ്ടായിരുന്നു. രണ്ടുപേരും ഗര്‍ഭിണികളായിരിക്കെ അസിതന്‍ അകാലചരമം അടഞ്ഞു. അപ്പോള്‍ അസിത പത്‌നിമാരില്‍ ഒരുവള്‍ മറ്റവള്‍ക്ക് വിഷം നല്കി. വിഷബാധയേല്ക്കാതിരിക്കാന്‍ അവള്‍ ച്യവനമഹര്‍ഷിയെ അഭയം പ്രാപിച്ചു. ച്യവന സഹായത്തോടെ അവള്‍ ‘ഗര’ ത്തോടുകൂടി ഒരു പുത്രനെ പ്രസവിച്ചു. ആ പുത്രനാണ് സഗര രാജാവ്. സഗരന്റെ മകന്‍ അസമഞ്ജന്‍ മനോരോഗിയായിരുന്നു. പിഞ്ചുകുഞ്ഞുങ്ങളെ പുഴയില്‍ എറിയുകയും ആ കുഞ്ഞുങ്ങള്‍ ശ്വാസംമുട്ടി മരിക്കുന്നതു കണ്ട് രസിക്കലുമായിരുന്നു കക്ഷിയുടെ വിനോദം. പ്രജകളുടെ പരാതിയെത്തുടര്‍ന്നു സഗരന്‍ അസമഞ്ജനെ നാടുകടുത്തി.
നരഭോജിയായിരുന്ന കല്മഷപാദനും ഈ പരമ്പരയിലെ ചക്രവര്‍ത്തിയായിരുന്നു. ദിലീപനും അഗ്നിവര്‍ണ്ണനും മാത്രമല്ല അജനും ഈ പരമ്പരയില്‍ ഉണ്ടായിരുന്നു. അജന്‍ ഏകപത്‌നി വ്രതക്കാരനായിരുന്നു എന്നു മാത്രമല്ല, തന്റെ ഭാര്യാവിയോഗദുഃഖം സഹിക്കവയ്യാതെ മരണം വരിച്ചവനുമാണ അജന്‍. ആ അജന്റെ പുത്രനാണ് ദശരഥന്‍. ദശരഥനാകട്ടെ അറിയപ്പെടുന്ന മൂന്നു പേരെ- കൗസല്യ, കൈകേയി, സുമിത്ര-കൂടാതെ 35 പത്മിമാര്‍ വേറെ ഉണ്ടായിരുന്നു. അവരുടെ പേരുകള്‍ രാമായണത്തില്‍ പറയുന്നില്ല. കൈകേയിയുടെ കരള്‍ പിളര്‍ക്കുന്ന നിലപാടുകളില്‍ മനംനൊന്ത് ദശരഥന്‍ ബോധം കെട്ടുവീണപ്പോള്‍ കൈകേയി ഒഴികെയുള്ള മുഴുവന്‍ ഭാര്യമാരും അലമുറയിട്ടു കരഞ്ഞതായും വാല്മീകി എഴുതിയിട്ടുണ്ട്.
കൈകേയി കരയേണ്ടതില്ലായിരുന്നു. കാമകലയില്‍ ചതുരയായിരുന്ന രൂപവതിയും മനോഹരിയുമായ കൈകേയിയില്‍ ദശരഥന്‍ ഒരു ദാസനെപ്പോലെ അനുരക്തനായിരുന്നു. ഇഷ്ടപത്‌നി എന്ന സ്ഥാനം കൈകേയിക്കായിരുന്നു. അമ്മയെ പിരിയാതെ അച്ഛനെ ഒരിക്കലും താന്‍ കണ്ടിട്ടില്ല എന്ന് ദശരഥന്റെ മരണശേഷം തിരിച്ചെത്തിയ ഭരതരാജകമാരന്‍ അനുസ്മരിക്കുന്നുമുണ്ട്. ഇഷ്ടപത്‌നി എന്ന സ്ഥാനം ഉപയോഗിച്ച് സപത്‌നിമാരായ കൗസല്യയേയും സുമിത്രയേയും അപമാനിച്ചു രസിക്കലും കൈകേയിയുടെ വിനോദമായിരുന്നു. അഭിഷേകം മുടങ്ങി രാമന്‍ വനവാസത്തിനായി നീങ്ങുന്ന സന്ദര്‍ഭത്തില്‍ രാമന്റെ അഭാവത്തില്‍ താന്‍ കൂടുതല്‍ അപമാനിക്കപ്പെടുമെന്നും കൗസല്യ പരിദേവനം നടത്തുന്നുമുണ്ട്.
അഭിഷേകത്തിനുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കിയതിനുശേഷം കൈകേയിയുടെ അന്തപുരത്തില്‍ ഉന്മേഷത്തോടെ എത്തിയ ദശരഥന് കാണാന്‍ കഴിഞ്ഞത് കോപാവിഷ്ടയായ കൈകേയിയെയാണ്. അതോടെ ദശരഥന്റ ഉന്മേഷം തണുത്തു. പിന്നെ ജീവിതത്തില്‍ അവശേഷിച്ച ഒരു നിമിഷംപോലും ദശരഥന്‍ സന്തോഷിച്ചിട്ടില്ല. ഈ സന്ദര്‍ഭത്തിലാണ് രാമനെ കാട്ടിലയക്കണമെന്നും ഭരതന് രാജ്യം നല്കണമെന്നുമുള്ള രണ്ട് വരങ്ങളും നല്കണമെന്ന് കൈകേയി ആവശ്യപ്പെട്ടത്. വളരെ പണ്ട്, യുദ്ധക്കളത്തില്‍ വെച്ച്, തന്റെ ജീവന്‍ രക്ഷിച്ചതിന് പകരമായി രണ്ട് വരങ്ങള്‍ വരിക്കാന്‍ ദശരഥന്‍ കൈകേയിക്ക് അവകാശം നല്‍കിയിരുന്നു. അപ്പോള്‍ വരമൊന്നും വേണ്ടന്നും ആവശ്യം വരുമ്പോള്‍ ചോദിച്ചോളാം അപ്പോള്‍ തന്നാല്‍ മതിയെന്നും കൈകേയിയും അങ്ങനെയാകാമെന്നു ദശരഥനും സമ്മതിക്കുകയും ചെയ്തു. ആ വരങ്ങളാണ് കൈകേയി ആവശ്യപ്പെട്ടത്. ഇതുകേട്ട ദശരഥന്‍ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ന്നുപോയി.
ഈ സന്ദര്‍ഭത്തിലും വരങ്ങള്‍ നല്കാമെന്നു ദശരഥന്‍ പറഞ്ഞില്ല. പകരം കൈകേയിയെ സാന്ത്വനിപ്പിക്കുന്നതിനായി പലതരം വാഗ്ദാനങ്ങള്‍ നല്കുകയാണുണ്ടായത്. അതില്‍ പ്രധാനപ്പെട്ടവ ഇവയാണ്.
1. കൈകേയിക്ക് ഇഷ്ടമില്ലാത്ത ഒരുവന്‍ വധിക്കപ്പെടേണ്ടവാനാണെങ്കില്‍ അവനെ വധിക്കാതിരിക്കാം. വധിക്കപ്പെടേണ്ടവന്‍ അല്ലെങ്കില്‍ അവനെ വധിക്കുകയും ചെയ്യാം.
2. കൈകേയിക്ക് ഇഷ്ടമില്ലാത്തവന്‍ ധനികനാണെങ്കില്‍ അവനെ ദരിദ്രനാക്കാം, ദരിദ്രനാണെങ്കില്‍ ധനികനുമാക്കാം. ഈ ചെറിയ വാഗ്ദാനത്തെ സ്വീകരിക്കാതെ കൈകേയി തന്റെ ആവശ്യത്തില്‍ ഉറച്ചുനിന്നു. സത്യസന്ധതയോടെ വാക്ക് പാലിച്ചിട്ടുള്ള രഘുവംശരാജാക്കന്മാരുടെ കഥകള്‍ ഓര്‍മ്മിപ്പിച്ച് വാക്ക് പാലിക്കാന്‍ മടിക്കുന്നവനും സത്യസന്ധതയില്ലാത്തവനാണെന്നും പറഞ്ഞ് ദശരഥനെ കുത്തിനോവിപ്പിക്കാനും കൈകേയി മറന്നില്ല.
എന്നിട്ടും വരദാനം നടപ്പിലാക്കാന്‍ ദശരഥന്‍ കൂട്ടാക്കിയില്ല. രാമന്‍ കാടുകയറണമെന്നും ഭരതന്‍ നാടുവാഴണമെന്നും ദശരഥന്‍ ഒരിക്കലും പറഞ്ഞിട്ടുമില്ല. രാജാവായ ദശരഥനു പകരം ഭാര്യയായ കൈകേയിയാണ് ദശരഥന്‍ ഇങ്ങനെ വരം നല്കിയെന്നും അക്കാര്യം രാമനെ അറിയിക്കാന്‍ ദശരഥന് മടിയാണെന്നും പറയുന്നത്. കൈകേയിക്ക് നല്കിയ വരങ്ങളാല്‍ താന്‍ ഭ്രാന്തനായിരിക്കുന്നു എന്നും, തന്നെ തടവിലാക്കി രാമന്‍ രാജാവാകണമെന്നും ഭ്രാന്തമായ അവസ്ഥയില്‍ ദശരഥന്‍ പുലമ്പി. ദശരഥന്റെ വാക്കുകള്‍ രാമന്‍ ചെവിക്കൊണ്ടുമില്ല. ചെറിയമ്മ തന്നോട് കാട്ടിലേക്ക് പോകാന്‍ കല്പിച്ചു. താനതു സമ്മതിച്ചു എന്നാണ് രാമന്‍ പറഞ്ഞത് എന്നും ഓര്‍ക്കുക. അപ്പോള്‍ ധനധാന്യസമൃദ്ധിയും സൈന്യവും രാമനെ കാട്ടിലേക്ക് അനുഗമിക്കട്ടെ എന്നായി ദശരഥന്‍. സത്തെടുത്ത സുരയെപ്പോലെ സുഖശൂന്യവും ധനധാന്യ ശൂന്യവുമായ നാട് തന്റെ മകന്‍ ഭരതന്‍ സ്വീകരിക്കില്ല എന്ന് തിരിച്ചടിക്കാനും കൈകേയി തയ്യാറായി. നാട്, നഗരം, സുഖം എന്തിനേറെ സീതയെ പോലും സത്യസംരക്ഷണത്തിനായി താന്‍ ത്യജിക്കും എന്ന് ഉറപ്പുനല്കിയാണ് കൈകേയിയെ രാമന്‍ സമാധാനിപ്പിച്ചത്.
ഒരു പെണ്ണിന്റെ ഇഷ്ടത്തിനു വേണ്ടി ഏതെങ്കിലും ഒരു അച്ഛന്‍ അനുസരണയുള്ള മകനെ, അവന്‍ പൊണ്ണനായാലും ഉപേക്ഷിക്കുമോ എന്ന് രാമന്‍ തന്നെ സംശയിക്കുന്ന സന്ദര്‍ഭവും രാമായണത്തിലുണ്ട്. നാടുപേക്ഷിച്ചു കാടുകയറിയതിനു ശേഷമുള്ള ആദ്യരാത്രി ഒരുവന്‍ മരത്തിന്റെ വേരിലിരുന്ന് അഭിഷേകവിഘ്‌നത്തെ തുടര്‍ന്നുള്ള സംഭവങ്ങളെ അനുസ്മരിച്ചുകൊണ്ട് ലക്ഷ്മണനോട് സംസാരിക്കവെയാണ് രാമന്‍ ഇക്കാര്യം പറയുന്നത് (അയോദ്ധ്യാകാണ്ഡം സര്‍ഗ്ഗം 53). മാത്രമല്ല, ധര്‍മ്മത്തെ ഉപേക്ഷിച്ച് കാമത്തെ അനുസരിക്കുന്നവന്‍ ദശരഥമഹാരാജാവിനെപോലെ വേഗം ആപത്തിന് അടിപ്പെടുമെന്ന് രാമന്‍ നിരീക്ഷിക്കുന്നുണ്ട്. തന്റെ അമ്മയ്ക്കും ലക്ഷ്മണന്റെ അമ്മയ്ക്കും വിഷം കൊടുക്കാനും കൈകേയി മടിക്കില്ല എന്നു കരുതിയ രാമന്‍ തന്റെ അമ്മയ്ക്ക് താങ്ങും തണലുമായി മാറാന്‍ കഴിയാത്തതിലുള്ള ദുഃഖവും രേഖപ്പെടുത്തുന്നുണ്ട്. സുമന്ത്രരെ നിര്‍ബന്ധിച്ചു നാട്ടിലേക്ക് പറഞ്ഞുവിടുമ്പോള്‍ സുമന്ത്രര്‍ അവിടെ ചെന്നു കാര്യങ്ങള്‍ എല്ലാം അറിയിച്ചാല്‍ മാത്രമേ ചെറിയമ്മയ്ക്ക് വിശ്വാസം ഉണ്ടാകുകയുള്ളൂ എന്നും രാമന്‍ പറയുന്നുണ്ട്.
ഒരു പെണ്ണിന്റെ ഇഷ്ടത്തിനു വേണ്ടി ഒരു അച്ഛന്‍ ഇവ്വിധം ചെയ്യുമോ എന്നു രാമന്‍ ചോദിക്കുന്നതുപോലെ ഒരു പെണ്ണിനുവേണ്ടി ഒരു രാജാവ് ഇങ്ങനെ ചെയ്യാമോ എന്ന ചോദ്യവും പ്രസക്തമാണ്. രണ്ടു വരങ്ങള്‍ നല്കാമെന്നും രാജാവ് പറഞ്ഞു എന്നത് നേരാണ്. പക്ഷേ അത് ഒരു രാജ്യത്തെ നിയമവും ചട്ടവും ലംഘിച്ചു പ്രവര്‍ത്തിക്കാനുള്ള അവകാശമായി മാറാന്‍ പാടില്ല. രഘുവംശരാജ നിയമവും ചട്ടവും അനുസരിച്ച് ഒരു രാജാവിന്റെ ആണ്‍മക്കളില്‍ മൂത്തവനാണ് രാജാവാകേണ്ടത്. ആ നിയമത്തെയും ചട്ടത്തെയും ലംഘിച്ചുകൊണ്ട് രാജാവാകേണ്ട മൂത്തമകനെ കാട്ടിലേക്കയക്കാനും രണ്ടാമനെ രാജാവാക്കാനുമാണ് കൈകേയി ആവശ്യപ്പെട്ടത്. രാജനീതിക്കും രാജ്യനിയമത്തിനും അത് എതിരായതുകൊണ്ടും നീതിക്കും നിയമത്തിനും എതിരെ പ്രവര്‍ത്തിക്കാന്‍ ഒരു രാജാവിനും അധികാരമില്ലാത്തതുകൊണ്ടും അവ്വിധമൊരു വരം നല്കാന്‍ തനിക്ക് അധികാരമില്ലെന്നും അതുകൊണ്ട് അങ്ങനെയൊരു വരം ചോദിക്കുന്നത് അപ്രസക്തമാണെന്നും പറയാനുള്ള ബാദ്ധ്യത രാജാവിന് ഉണ്ടായിരുന്നു. ദശരഥ മഹാരാജന്‍ പക്ഷേ അത് ഓര്‍ത്തില്ല.
രാജ്യത്തെ നിയമം രാജാവിനും ബാധകമാണ്. എന്തും കൊടുക്കാനും കൊടുക്കാതിരിക്കാനും രാജാവിന് അധികാരമുണ്ട് എന്നു പറഞ്ഞാല്‍ രാജ്യത്ത് നിലനില്ക്കുന്ന നിയമത്തിനും നീതിക്കും അനുസരിച്ച് മാത്രമേ എന്തും കൊടുക്കാനും കൊടുക്കാതിരിക്കാനും കഴിയൂ എന്നു സാരം. പക്ഷേ, ദശരഥ മഹാരാജാവ് സ്വയം കരുതിയിരുന്നത് തനിക്ക് നിയമം ബാധകമല്ല എന്നും താന്‍ ചെയ്യുന്നതെന്തും നീതിയാണെന്നുമാണ്. അതുകൊണ്ടാണ് പ്രിയകാമിനിയും കാമചതുരയുമായ കൈകേയി തീര്‍ത്തും നീതിരഹിതവും നിയവിരുദ്ധവുമായ ഒരു വരം നിയമപ്രകാരം രാജ്യത്തിന് അവകാശിയായ ഒരുവനെ ഒരു കാരണവുമില്ലാതെ കാട്ടിലേയ്ക്കയക്കാനും അനര്‍ഹമായ ഒരു ആനുകൂല്യം മറ്റൊരാള്‍ക്ക് നല്കാനും ആവശ്യപ്പെട്ടപ്പോള്‍ അതിനെ എതിര്‍ക്കാതിരുന്നത്. ഇക്കാര്യങ്ങള്‍ പറഞ്ഞ് കൈകേയിയെ ബോധ്യപ്പെടുത്താനുള്ള ഒരു ശ്രമവും നടത്തുന്നില്ല എന്നത് ശ്രദ്ധേയം. അതിനു പകരം കൈകേയിയെ പാദനമസ്‌കാരം ചെയ്തു വശപ്പെടുത്താനും അവളോട് ചില ആനുകൂല്യങ്ങള്‍ യാചിക്കാനുമാണ് രാജാവ് ശ്രമിച്ചത്. ഇത് രാജോചിതമായ പ്രവര്‍ത്തിയല്ല എന്ന കാര്യം കാമാതുരനായ ദശരഥന്‍ ഓര്‍ത്തില്ല.
Comments are closed.