സീതാപരിത്യാഗം
ത്രൈയ്യംബകം വില്ലൊടിഞ്ഞപ്പോള്‍ മൈഥിലി മയില്‍പേടയെപ്പോലെ സന്തോഷിച്ചു. ഇക്ഷ്വാകുവംശ പരമ്പരയിലെ മഹാനായ രാജകുമാരന്റെ ഭാര്യാപദവി ജനകജ അന്ന് ഏറ്റെടുത്തു. നിഴല്‍പോലെ രാമനെ ജനകജ പിന്തുടരുമെന്ന ഒരു ഉറപ്പ് സീതയുടെ കൈപിടിച്ച് രാമനെ ഏല്പിക്കുമ്പോള്‍ പിതാവായ ജനകന്‍ നല്കിയിരുന്നു. സീത അത് അക്ഷരം പ്രതി പാലിച്ചു. ബാലകാണ്ഡത്തില്‍ കണ്ട അതി സുന്ദരിയും ലജ്ജാവതിയുമായ പെണ്‍കുട്ടിയേ അല്ല അയോദ്ധ്യാ കാണ്ഡത്തില്‍ കാണാന്‍ കഴിയുന്നത്. പിതൃഹിതം നിറവേറ്റുന്നതിനു വേണ്ടി ചെങ്കോലും കിരീടവും ഉപേക്ഷിച്ച് കാനനവാസം വരിച്ച ഭര്‍ത്താവിനെ പിന്‍തുടരാന്‍ രാമന്റെ നിഴലായിമാറിയ സീതയുടെ സ്ഥൈര്യം ആദ്യം കാണുന്നതും അയോദ്ധ്യാകാണ്ഡത്തിലാണ്. കൊട്ടാരത്തില്‍ നിന്നും കൊടുങ്കാട്ടിലേക്കുള്ള മാറ്റത്തില്‍ സീത അനിഷ്ടം പറഞ്ഞില്ല. ഭര്‍ത്തൃകര്‍മ്മാനുസരണം നിര്‍വ്വഹിക്കുന്ന പതിവ്രതയായ ഭാര്യയായ സീത നമ്മെ വിസ്മയിപ്പിക്കുക തന്നെ ചെയ്തു.
ആരണ്യകാണ്ഡത്തിലെ കഠിന ജീവിതവുമായി ജനകപുത്രി ആയാസരഹിതമായി ഇണങ്ങിച്ചേര്‍ന്നു. കിട്ടുന്നത് എന്തോ അതുതിന്നു ജീവിക്കാന്‍ കൊട്ടാരസുഖഭോഗങ്ങളില്‍ ജീവിച്ചുശീലിച്ച ജനകപുത്രിക്ക് മടിയുണ്ടായിരുന്നില്ല. ഭര്‍ത്താവൊത്തു കാനനവാസം ഭര്‍ത്താവില്ലാത്ത കൊട്ടാരജീവിതത്തെക്കാള്‍ ശ്രേഷ്ഠമാണെന്നു കണ്ടെത്താന്‍ ജീവിതധര്‍മ്മബോധം ജാനകിയെ സഹായിച്ചു. ദണ്ഡകവനമാസം അതികഠിനമായിരുന്നു. മൃഗങ്ങളെക്കാള്‍ ക്രൂരരും നരഭോജികളുമായ രാക്ഷസവംശജരുടെ അപ്രതീക്ഷിതമായ ആക്രമണത്തെ ഭയന്നായിരുന്നു ജീവിതം. രാക്ഷസചക്രവര്‍ത്തിയായ രാവണന്റെ അധീനതയിലുള്ള സ്ഥലമായിരുന്നു ദണ്ഡകവനം. പതിനാലായിരം രാക്ഷസസൈന്യത്തിന്റെ ഖരദൂഷണന്മാര്‍ ശൂര്‍പ്പണഖ എന്ന രാവണസഹോദരിയുടെ സൈ്വര്യസഞ്ചാരം ഉറപ്പു വരുത്തി ഭരിച്ചിരുന്ന പ്രദേശമായിരുന്നു ദണ്ഡകവനം. ഖരഭൂഷന്മാരും സൈന്യവും രാമസായകമേറ്റു മുടിഞ്ഞു. മനസ്സിനും ശരീരത്തിനും മുറിവേറ്റ ശൂര്‍പ്പണഖ രാവണ രാജാവിനെ കണ്ട് അലമുറയിട്ട് കരഞ്ഞുപറഞ്ഞു.
രാവണനാല്‍ സീത മോഷ്ടിക്കപ്പെട്ടു. ഒരു രാക്ഷസ ചക്രവര്‍ത്തി ചന്ദ്രഹാസവും മായാവിദ്യയും കാപട്യവും പ്രയോഗിച്ചാണ് ഒരു മനുഷ്യസ്ത്രീയെ മോഷ്ടിച്ചതെന്നും ഓര്‍ക്കണം. സീത ലങ്കയിലെ അശോകവനിയിലെ ശിംശിപാവൃക്ഷച്ചുവട്ടില്‍ ഭര്‍ത്തൃവിരഹത്താല്‍ ശോകഗ്രസ്തയായും രാവണന്റെയും രാക്ഷസികളുടെയും അതിക്രമങ്ങളാല്‍ പീഡിതയായും സീത ഇരുന്നു ദുഃഖിച്ചപ്പോള്‍ വനാന്തരങ്ങളിലൂടെയും കിഷ്‌കിന്ധാ രാജ്യത്തിലൂടെയും സീതാവിരഹ ദുഃഖം സഹിക്കാന്‍ കഴിയാതെ വാവിട്ടുകരഞ്ഞ് രാമന്‍ സീതാന്വേഷണം നടത്തി. രാവണമാര്‍ഗ്ഗം കേട്ടറിഞ്ഞ് സീതയിരിക്കുന്നിടം കണ്ടെത്തി. സുന്ദര കാണ്ഡത്തില്‍ മാരുതി പറന്ന് ലങ്കയിലെത്തി. ലങ്കയെ സൂക്ഷ്മ നിരീക്ഷണം നടത്തി പഠിച്ചു. സീതയെ കണ്ട് മുദ്രാംഗുലീയം നല്കി. ലങ്ക ദഹിപ്പിച്ചു. രാവണനെ വിറപ്പിച്ചു തിരിച്ചത്തി. പിന്നെ സേതുബന്ധനവും രാവണവധവും സീതയെ വീണ്ടെടുക്കലും. സീതയെ വീണ്ടെടുത്തു തന്റെ മുന്നിലെത്തിക്കുന്നതുവരെ രാമന്‍ സീതാവിരഹ വിവശനായിരുന്നു.
സീത മുന്നിലെത്തിയപ്പോള്‍ രാമന്റെ മട്ടുമാറി. രാവണന്റെ അധീനതയില്‍ കഴിഞ്ഞവളും ചാരിത്ര്യശുദ്ധിയില്‍ സംശയമുണ്ടെന്നും അതുകൊണ്ട് സീത അസ്വീകാര്യയാണെന്നും ബഹുജന മദ്ധ്യത്തില്‍ വെച്ച് വിളിച്ചുപറഞ്ഞ് രാമന്‍ സീതയെ അധിക്ഷേപിച്ചു. ഇക്ഷാകുവംശത്തിനേറ്റ കളങ്കം തീര്‍ക്കുന്നതിനായിട്ടാണ് രാവണനെ വധിച്ചതും സീതയെ വീണ്ടെടുത്തതെന്നും സീതയ്ക്ക് വേണ്ടിയായിരുന്നില്ല എന്നും രാമന് വിശദീകരിച്ചു. ആത്മാവില്‍ മുറിവേറ്റ സീതയ്ക്ക് ജനകമഹാരാജാവിന്റെ ധാര്‍മ്മിക വംശമഹിമയും സംരക്ഷിക്കേണ്ടതുണ്ടായിരുന്നു. അഗ്നിപരീക്ഷയിലൂടെ ജനകജ രാമനേയും ലോകത്തെയും വിസ്മയിപ്പിച്ചു. പരീക്ഷിക്കപ്പെടുകയും തെളിയിക്കപ്പെടുകയും ചെയ്ത ചാരിത്ര്യശുദ്ധിയോടോടെ അല്ലാതെ സീതയെ സ്വീകരിച്ചിരുന്നു എങ്കില്‍തന്നെ അതികാമിയായി ലോകം കരുതുമായിരുന്നു എന്ന് പറഞ്ഞ് രാമന്‍ ന്യായം കണ്ടെത്തി. തനിക്ക് ഒരിക്കലും ജാനകിയില്‍ സംശയമേ ഉണ്ടായിരുന്നില്ല എന്നും രാമന് വിശദീകരിച്ചു. സീതയുടെ അപാരമായ ആത്മവിശ്വാസം, ആത്മശക്തി, ആത്മശുദ്ധി എന്നിവ ലോകസമക്ഷം തെളിയുന്ന സന്ദര്‍ഭവും അഗ്നിപരീക്ഷ തന്നെയായിരുന്നു. അഗ്നിപരീക്ഷയ്ക്ക് ശേഷം സീതയെ അത്ഭുതത്തോടെയാണ് മാനസമൂഹവും അയോദ്ധ്യാവാസികളും മാത്രമല്ല വാനയക്കാരും കാണുന്നത്.
ചക്രവര്‍ത്തിയായ രാമന്റെ രാജ്യഭാരയശസ്സ് നാടാകെ പരന്നിരുന്നു. രാമന്റെ അയോദ്ധ്യ ധര്‍മ്മരാജ്യമാണെന്ന് പരക്കെ അറിയപ്പെട്ടിരുന്നു. രാമന്‍ സര്‍വ്വഭൂതഹിതനായ രാജാവായിരുന്നു. മനുഷ്യന്റെ മാത്രമല്ല, മണല്‍ത്തരിയുടെപോലും ധാര്‍മ്മികാവകാശം രാമരാജ്യത്തില്‍ സംരക്ഷിക്കപ്പെട്ടിരുന്നു. സീത ഗര്‍ഭവതിയായി. സ്ത്രീസഹജമായ ഗര്‍ഭകാലാവശ്യമായി സീത പറഞ്ഞത് തനിക്ക് മഹര്‍ഷിമാരുടെ ആശ്രമങ്ങള്‍ സന്ദര്‍ശിച്ച് ഫലമൂലാദികള്‍ ഭക്ഷിച്ചു ജീവിക്കാന്‍ ആഗ്രഹമുണ്ടെന്നാണ്. അത് ചെയ്തുതരാമെന്നു രാമന്‍ സസന്തോഷം സമ്മതിക്കുകകയും ചെയ്തു. അതിനിടയിലാണ് രാജഭരണത്തിന്റെ കണക്കെടുപ്പില്‍ സീതയുടെ ചാരിത്യശുദ്ധിയില്‍ ജനത്തിന് സംശയമുണ്ടെന്ന അപവാദം രാമന്‍ കേട്ടത്. ഫലിതം പറയുന്നതില്‍ മിടുക്കരായഎട്ടുപേര്‍ ഒത്തുകൂടി നര്‍മ്മം പറഞ്ഞുകൊണ്ടിരിക്കെയാണ് ഭദ്രന്‍ എന്ന വിദ്വാന്‍ സീതാപവാദ കഥ പറഞ്ഞത്. രാവണന്റെ അധീനതയില്‍ കഴിഞ്ഞവളെ രാജാവായ രാമന്‍ സ്വീകരിച്ചതുകൊണ്ട് പൗരജനങ്ങളുടെ ഭാര്യമാര്‍ മറ്റൊരുവന്റെ അധീനതയിലിരുന്നാല്‍ അവരും രാജപാത പിന്‍തുടര്‍ന്നു അത്തരക്കാരെ സ്വീകരക്കേണ്ടിവരും. കാരണം, രാജാവ് ചെയ്യുന്നത് എന്തോ അത് പ്രജകളും ചെയ്യേണ്ടിവരും. അന്യന്റെ അധീനതയില്‍ കഴിഞ്ഞ സ്വഭാര്യയെ ഓരോരുത്തരും സ്വീകരിക്കേണ്ടി വന്നാല്‍ അത് രാജ്യത്ത് ധാര്‍മ്മികമായ അസ്ഥിരത ഉണ്ടാക്കും.
രാജാവായ രാമന്‍ ഉടന്‍ ഭരണപങ്കാളികളായ അനുജന്മാരെ വിളിച്ചുവരുത്തി. സീത പതിവ്രതാരത്‌നവും യശസ്വിനിയുമാണെന്ന് തന്റെ അന്തരാത്മാവിന് അറിയാമെന്നും അതുകൊണ്ടാണ് സര്‍വ്വസാക്ഷിയായ അഗ്നിദേവനും സര്‍വ്വഗാമിയായ വായുദേവനും സീതപരിശുദ്ധയാണെന്നു പറയുകയും ദേവേന്ദ്രന്‍ സീതയെ തന്നെ ഏല്പിക്കുകയും ചെയ്തപ്പോള്‍ താന്‍ സീതയെ സ്വീകരിച്ചത് എന്നും രാമന്‍ പറഞ്ഞു. എന്നാല്‍ അയോദ്ധ്യാവാസികള്‍ ‘എന്റെ സീതയെ സംശയിക്കുന്നു’ എന്നു നെഞ്ചുപൊട്ടി രാമന്‍ പഞ്ഞു. എന്നാല്‍ ഈ അകീര്‍ത്തി തനിക്ക് അസഹ്യമാണെന്നും അകീര്‍ത്തി മാറ്റാന്‍ രാജാവ് ബാദ്ധ്യസ്ഥനാണെന്നും അതുകൊണ്ട് ഗംഗാനദിയുട അക്കരെ തമസാ നദിയുടെ തീരത്ത് വാല്മീകി മുനീന്ദ്രന്റെ ആശ്രമപരിസരത്ത് സീതയെ ഉപേക്ഷിക്കണമെന്ന് ഉഗ്രമായ ആജ്ഞ രാമന്‍ ലക്ഷ്മണന് നല്കി. സീതയ്ക്ക് വേണ്ടി ആരും ഒന്നും പറയേണ്ടതില്ല; അവള്‍ക്ക് വേണ്ടി അനുനയവാക്കുകളും വേണ്ട. പുനഃപരിശോധനയില്ലാത്ത ആജ്ഞയാണ്. അനുസരിക്കുക രാമന്‍ പറഞ്ഞു.
ഇത്രയും പറഞ്ഞ് കണ്ണീരൊഴുകുന്ന മുഖവുമായി നെടുവീര്‍പ്പിട്ടു കരഞ്ഞുകൊണ്ട് രാമന്‍ അന്തപ്പുരത്തിലേക്ക് പോയി. സീതയെ ലക്ഷ്മണന്‍ ആശ്രമ പരിസരത്ത് ഉപേക്ഷിച്ചു. വിധിവാക്യം കേട്ട സീത ബോധമറ്റുവീണു. പിന്നെ എഴുന്നേറ്റു. കരഞ്ഞുകൊണ്ട് സീത പറഞ്ഞു. അകീര്‍ത്തി ഭയത്തിലാണ് രാമന്‍ തന്നെ വെടിഞ്ഞത്. രാമന്റെ കീര്‍ത്തി സംരക്ഷിക്കേണ്ടത് തന്റെയും കടമയാണ്. ധാര്‍മ്മികമായ ജീവിതംകൊണ്ട് പ്രജകള്‍ നേടുന്നതാണ് രാജധനം. പൗരാപവാദത്തെക്കുറിച്ചു കേട്ടപ്പോള്‍ ഉള്ളത്ര വ്യസനം തന്റെ ശരീരത്തിന്റെ നിലനില്പിനെപ്പറ്റി തനിക്കില്ല എന്നും സീത പറഞ്ഞു. സീതയുടെ പാദങ്ങളില്‍ ഒഴുകി വീഴുന്ന കണ്ണീരോടെ നമസ്‌കരിച്ച് ഹൃദയം പൊട്ടി ലക്ഷ്മണന്‍ മടങ്ങി.
രാജാവായ രാമന്‍ അശ്വമേധം നടത്തുവാന്‍ തീരുമാനിച്ചു. മൂന്നു അനുജന്മാരോടും പത്‌നിസമേതരായി യാഗത്തില്‍ എത്താന്‍ ആജ്ഞ കൊടുത്തു. തന്റെ അടുത്ത് കാഞ്ചനസീത മതി എന്നും തീരുമാനിച്ചു. നൈമിശാരണ്യത്തിലെ യാഗശാലയുടെ പരിസരത്ത് ഋഷിമണ്ഡലം മുഴുവന്‍ എത്തി പര്‍ണ്ണശാലയിട്ടു താമസിച്ചു. ആക്കൂട്ടത്തില്‍ വാല്മീകിയും അദ്ദേഹത്തിന്റെ ശിഷ്യന്മാരും ഉണ്ടായിരുന്നു. തന്ത്രീലയസമായുക്തമായും സമതാളസമന്വിതമായും സത്യയുക്തമായും വാല്മീകി രചിച്ച രാമായണ കാവ്യം അവിടെ മുഴുവന്‍ നിര്‍ത്താതെ പാടിനടക്കാന്‍ തന്റെ ശിഷ്യന്മാര്‍ കൂടിയായ ലവകുശന്മാരെ വാല്മീകി ചുമതലപ്പെടുത്തി. രാമായണ കാവ്യാലാപനം രാമന്റെ ചെവിയിലുമെത്തി. രാജസദസ്സില്‍ കുട്ടികള്‍ പാടി. വാല്മീകിയും രാമന്റെ രാജധാനിയില്‍ എത്തി.
രാമന്‍ രാമായണകാവ്യം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടാല്‍ ഋഷിമാര്‍ ഇരുന്നതിനു ശേഷമേ പാടാന്‍ പാടുള്ളു എന്നു വാല്മീകി പറഞ്ഞിരുന്നു. സീത സംശുദ്ധയാണെങ്കില്‍ അവള്‍ തെളിയിക്കട്ടെ എന്നു രാമന്‍ പറഞ്ഞു. രാമന്റെ രാജസഭാമദ്ധ്യത്തില്‍ ശപഥം ചെയ്യാനായി സീത എത്തി. വസിഷ്ഠന്‍, വിശ്വാമിത്രന്‍, കാശ്യപന്‍, മാര്‍ക്കണ്ഡേയന്‍ എന്നിവരടങ്ങുന്ന ഋഷിമണ്ഡലം സദസ്സിലുണ്ടായിരുന്നു. സീത തലകുനിച്ച് സദസ്സിലെത്തി. അനൃതം ഓര്‍ക്കാന്‍ പോലും കഴിയാത്തവനും പ്രചേതസ്സിന്റെ പത്താം പുത്രനുമായ വാല്മീകി പറഞ്ഞു, സുവ്രതയും ധര്‍മ്മചാരിണിയും പതിവ്രതയുമാണ് സീത. സീത അവ്വിധമല്ലെങ്കില്‍ ആയിരത്താണ്ടുകള്‍ തപം ചെയ്തു താന്‍ നേടിയ തപഃസിദ്ധികളുടെ ഫലം നിഷ്ഫലമായിത്തീരട്ടെ എന്നു വാല്മീകി സീതയ്ക്കു വേണ്ടി സാക്ഷ്യം പറഞ്ഞു. അപവാദഭയം മൂലം സീതയെ ഉപേക്ഷിച്ച രാജാധിരാജനായ ചക്രവര്‍ത്തിയോട് അരുത് എന്ന് ആജ്ഞാപിക്കുകയായിരുന്നു വാല്മീകി. ജനമദ്ധ്യത്തില്‍ വിശുദ്ധി തെളിയിച്ച സീതക്ക് തന്നില്‍ പ്രീതി തോന്നട്ടെ എന്നായി രാജാവായ രാമന്‍. രാഘവനൊഴികെ ആരെയും താന്‍ മനസ്സുകൊണ്ട് ചിന്തിക്കാറില്ലെങ്കില്‍, മനോവാക്കര്‍മ്മം കൊണ്ട് രാമനെ ആരാധിക്കുന്നു എങ്കില്‍ രാമനെയല്ലാതെ മറ്റാരെയും താന്‍ അറിഞ്ഞില്ല എങ്കില്‍ ഭൂമീദേവി തനിക്ക് ഇടം തരണമെന്ന് സീത പ്രാര്‍ത്ഥിച്ചു. ഭൂമിദേവി രണ്ടുകയ്യും നീട്ടി അവരുടെ മകളെ സ്വീകരിച്ചുകൊണ്ട് രസാതലത്തില്‍ മറഞ്ഞു. ദേവന്മാര്‍ സീതയുടെ മേല്‍ പുഷ്പവൃഷ്ടി നടത്തി.
ലക്ഷ്മണോപദേശം
സീതയെ വാല്മീകിയുടെ ആശ്രമപരിസരത്ത് ഉപേക്ഷിച്ചതിനുശേഷം കൊട്ടാരത്തിലെത്തിയ ലക്ഷ്മണന്‍ ദുഃഖവിവശനായി കണ്ണീര്‍ പൊഴിച്ചിരിക്കുന്ന ശ്രീരാമനെയാണ് കണ്ടത്. സീതാ പരിത്യാഗം രാമന് ഹൃദയഭേദകമാണെന്ന് മറ്റാരേക്കാളും നന്നായി ലക്ഷ്മണനറിയാം. പഞ്ചവടിയില്‍ നിന്ന് രാവണന്‍ മായാവിദ്യയാല്‍ സീതയെ മോഷ്ടിച്ചതിനുശേഷം രാമലക്ഷ്മണന്‍മാര്‍ പഞ്ചവടിയില്‍ തിരിച്ചെത്തിയ സന്ദര്‍ഭം ലക്ഷ്മണന്റെ സ്മരണയിലുണ്ട്. ‘എന്റെ സീതേ’ എന്നു വിളിച്ചുകൊണ്ട് വൃക്ഷലതാദികളോടും പക്ഷിമൃഗാദികളോടും സീതയെ അന്വേഷിച്ച് അലമുറയിട്ടു കരഞ്ഞ രാമന്റെ രൂപം ലക്ഷ്മണന് മറക്കാനാകില്ല. അയോദ്ധ്യയെ ത്യജിച്ചുകൊണ്ട് അടവിയിലെത്തിയപ്പോഴൊന്നും രാമന്‍ കരഞ്ഞിരുന്നില്ല എന്നും ഓര്‍ക്കണം. സീതയെ ഓര്‍ത്തുകൊണ്ട് ആരണ്യകാണ്ഡത്തില്‍ തുടങ്ങിയ കരച്ചില്‍ യുദ്ധകാണ്ഡത്തിലും തുടര്‍ന്നതും ലക്ഷ്മണന് ഓര്‍മ്മയുണ്ട്. അപ്പോഴെല്ലാം രാമന് സമാശ്വാസം നല്കിയത് ലക്ഷ്മണനായിരുന്നു.
രാമലക്ഷ്മണന്മാര്‍ ഒരമ്മപെറ്റ മക്കളല്ല. എന്നിട്ടും ഒരമ്മപെറ്റ സഹോദരങ്ങള്‍ക്കും അവര്‍ മാതൃകകളായി. രാമനെ അനുസരിക്കാന്‍ മാത്രം അറിയാവുന്ന അനുജന്‍. കാനനവാസക്കാലത്ത് എന്നും രാവിലെ കുളിയും സന്ധ്യാവന്ദനവും കഴിഞ്ഞ് സീതയടെ പാദങ്ങളില്‍ നമസ്‌കരിച്ചിരുന്ന ലക്ഷ്മണന്‍, രാമനെ ദശരഥനായും അടവിയെ അയോദ്ധ്യയായും സീതയെ മാതാവായും കരുതണമെന്ന ഉപദേശം മനസ്സിലും ശിരസ്സിലും വഹിച്ച ലക്ഷ്മണന്‍, രാവണന്‍ മോഷ്ടിച്ചുകൊണ്ടുപോയ സീതയുടെ ആഭരണങ്ങള്‍ കണ്ടു തിരിച്ചറിയുന്ന സന്ദര്‍ഭം രാമായണത്തിലൂടെ തനിക്ക് സീതയുടെ പാദസരം മാത്രമെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുള്ളത് താന്‍ എല്ലാദിവസവും പാദനമസ്‌കാരം ചെയ്യുമ്പോള്‍ കണ്ടിട്ടുണ്ട്. മറ്റൊന്നും തനിക്ക് അറിയില്ല എന്നു പറഞ്ഞു ലക്ഷ്മണന്‍. രാമനുവേണ്ടി പ്രയാസമേറിയ കാര്യങ്ങള്‍ മറുത്തൊരു അക്ഷരം പറയാതെ അനുസരിക്കുക മാത്രം ചെയ്ത ലക്ഷ്മണന്‍.
യുദ്ധകാണ്ഡത്തില്‍ അഗ്നിശുദ്ധി തെളിയിക്കുന്നതിനായി ചിതയൊരുക്കാന്‍ സീത ആജ്ഞാപിക്കുന്നതും ലക്ഷ്മണനോടാണ്. തന്റെ ഏത് ആജ്ഞയും അനുസരിക്കുമെന്നു സീതയ്ക്ക് ഉറപ്പും വിശ്വാസവുമുള്ള ബന്ധു ലക്ഷ്മണനായിരുന്നു. വാല്മീകിയുടെ ആശ്രമത്തില്‍ സീതയെ ത്യജിക്കാനുള്ള രാമന്റെ ആജ്ഞ നടപ്പിലാക്കാനുള്ള ഉത്തരവാദിത്വവും ലക്ഷ്മണനാണ് നിറവേറ്റാന്‍ വിധിയുണ്ടായത്. താന്‍ ഉപേക്ഷിക്കപ്പെട്ട വൃത്താന്തം അവസാനം അറിഞ്ഞതിനുശേഷം താന്‍ ഗര്‍ഭിണിയാണെന്നും അത് തന്റെ വയറ് നോക്കി ഉറപ്പുവരുത്തണമെന്നും സീത ലക്ഷ്മണനോട് പറയുന്നുണ്ട്. അപ്പോഴും താന്‍ ദേവിയുടെ പാദങ്ങളല്ലാതെ മറ്റൊരു അവയവവും കണ്ടിട്ടില്ല എന്നും കാണാന്‍ തനിക്കു കഴിയുന്നില്ല എന്നും ആത്മനൊമ്പരത്തോടെ പറയുന്ന ലക്ഷ്മണനെ മറക്കാനാകില്ല. രാമനോട് ലക്ഷ്മണന്‍ ഒന്നും ചോദിച്ചിട്ടില്ല. രാമനുവേണ്ടി രാമന്‍ ആജ്ഞാപിക്കുന്നതല്ലാതെ യാതൊന്നും ലക്ഷ്മണന്‍ ചെയ്തിട്ടുമില്ല. രാമന്‍ ആഗ്രഹിക്കാതെയും ആജ്ഞ നല്കാതെയും ലക്ഷ്മണന്‍ ചെയ്ത ഏക കാര്യം ആരണ്യവാസത്തിനിറങ്ങിയ രാമനെ അനുഗമിക്കുക എന്നത് മാത്രാമാണ്.
പക്ഷേ, സിംഹാസനത്തിലിരുന്ന് സീതാത്യാഗത്തിന്റെ ദുഃഖം താങ്ങാനാവാതെ കരയുന്ന രാമനെ ലക്ഷ്മണന്‍ സാന്ത്വനപ്പെടുത്തി. മാത്രമല്ല, ഉപദേശിക്കുകയും ചെയ്തു. കാലത്തിന്റെ വിപരീത ഫലങ്ങളെ ഓര്‍ത്ത് പുരുഷവ്യാഘ്രനായ രാമനെ പോലുള്ള ഒരാള്‍ ദുഃഖിക്കരുത് എന്നും ലക്ഷ്മണന്‍ പറഞ്ഞു. മനസ്സ് ചഞ്ചലമാകരുതെന്നും സുഖദുഃഖങ്ങളില്‍ ബുദ്ധിമാന്മാര്‍ കുലുങ്ങാറില്ല എന്നു പറഞ്ഞ ലക്ഷ്മണന്‍ ഏത് നേട്ടവും നാശത്തിലേയ്ക്കും ഏത് ഉയര്‍ച്ചയും പതനത്തിലേക്കും സംയോഗങ്ങളെല്ലാം വിയോഗത്തിലേക്കും ജീവിതം മരണത്തിലേക്കും നീങ്ങുന്നു എന്ന് രാമനെ ഓര്‍മ്മിപ്പിച്ചു. മനസ്സിനെ അടക്കി മൂന്നു ലോകങ്ങളെയും കീഴടക്കാന്‍ കഴിയുന്ന ഇത്തരം കാര്യങ്ങളില്‍ ദുഃഖിക്കരുതെന്നും ലക്ഷ്മണന്‍ സമാശ്വസിപ്പിച്ചു. അകീര്‍ത്തിയെ ഭയന്നാണ് രാമന്‍ സീതയെ ഉപേക്ഷിച്ചതെന്നും ഉപേക്ഷിച്ച സീതയെ ഓര്‍ത്തു കരയുന്ന രാജാവാണ് രാമന്‍ എന്ന് പ്രജകള്‍ അറിയുന്നത് അകീര്‍ത്തികരമാകുമെന്നും ലക്ഷ്മണന്‍ രാമനെ ഓര്‍മ്മിപ്പിച്ചു. രാമന്‍ ധൈര്യം സംഭരിക്കണമെന്നും സ്ഥിരചിത്തനാകണമെന്നും മനോദൗര്‍ബ്ബല്യം വെടിയണമെന്നും ലക്ഷ്മണന്‍ രാമനെ ഓര്‍മ്മപ്പെടുത്തി. ലക്ഷ്മണന്റെ സാരവത്തായ വാക്കുകള്‍ തന്റെ പരിതാപം അകറ്റിയെന്നും ശരിയായി നിര്‍വ്വഹിച്ച കാര്യത്തില്‍ താന്‍ സന്തുഷ്ടനായി തീര്‍ന്നു എന്നും രാമന്‍ പറയുകയും ചെയ്തു.
ഒരു തത്ത്വം വിശദീകരിച്ചുകൊണ്ട് രാമനെ ലക്ഷ്മണന്‍ ഉപദേശിക്കുന്ന ഏക സന്ദര്‍ഭം ഇതുതന്നെയാണ്. സാധാരണ ഗതിയില്‍ രാമനാണ് ലക്ഷ്മണനെ ഉപദേശിക്കാറുള്ളത്. അയോദ്ധ്യാകാണ്ഡത്തില്‍ അഭിഷേകം മുടങ്ങിയ കാര്യം അറിഞ്ഞ് രാമനെ കാണാന്‍ എത്തുന്ന ലക്ഷ്മണന്‍ രോഷാകുലനായിരുന്നു. രാജാവും പിതാവുമായ ദശരഥന്‍ അനീതിയും അധര്‍മ്മവുമാണ് ചെയ്തതെന്നും അതികാമിയും പെണ്‍കോന്തനുമായ ദശരഥനെ ബന്ധനസ്ഥനാക്കിയും എതിര്‍ക്കാന്‍ വരുന്നവരെ അരിഞ്ഞു വീഴ്ത്തിയും രാമന് വേണ്ടി താന്‍ അയോദ്ധ്യ നേടാമെന്നും പറയുന്ന ലക്ഷ്മണനെ രാമന്‍ സമാധാനിപ്പിക്കുന്ന രംഗം വളരെ പ്രസിദ്ധമാണ്. പിതാവായ ദശരഥന്‍ കാമലോലുപനല്ല എന്നും അസത്യം പറയാന്‍ ഭയമുള്ള ധര്‍മ്മനിഷ്ഠനാണെന്നും അതുകൊണ്ട് പിതാവിനെക്കുറിച്ച് അശുഭചിന്തകളൊന്നും മനസ്സില്‍ സൂക്ഷിക്കരുത് എന്നും പറഞ്ഞ് ലക്ഷ്മണനെ കോപതാപങ്ങളില്‍ നിന്നും മോചിപ്പിക്കുന്നത് രാമനാണ്. ആരണ്യകാണ്ഡത്തില്‍ പല സന്ദര്‍ഭങ്ങളിലും ധര്‍മ്മവിചാരത്തിന്റെ തത്ത്വവും യുക്തിവിചാരവും സരസമായും ലളിതമായും രാമന്‍ ലക്ഷ്മണനെ ഉപദേശിക്കുന്നുമുണ്ട്. തീര്‍ച്ചയായും, ധര്‍മ്മവിഗ്രഹമെന്ന് വാല്മീകി വിശേഷിപ്പിച്ച രാമന്‍ തന്നെയാണ് ധര്‍മ്മതത്ത്വത്തിന് സര്‍വ്വഥായോഗ്യന്‍.
പക്ഷേ, രാമനെ നിഴല്‍ പോലെ പിന്‍തുടര്‍ന്നപ്പോള്‍ മാനവ ജീവിതത്തിന്റെ പരിമിതി ലക്ഷ്മണന് ബോധ്യമായിരുന്നു. അതുകൊണ്ടാണ് നേട്ടകോട്ടങ്ങളിലൂടെയും സംയോഗവിയോഗങ്ങളിലൂടെയും മരണത്തിലേക്ക് നീങ്ങുന്ന ജീവിതത്തില്‍ പുത്രമിത്രാര്‍ത്ഥകളത്രാദികളെ ഓര്‍ത്തു സന്തോഷിക്കാനോ ദുഃഖിക്കാനോ ഒന്നും തന്നെയില്ല എന്ന് ലക്ഷ്മണന്‍ ഗ്രഹിച്ചിരുന്നു. കാലം കരുതിവെക്കുന്ന അനുഭവങ്ങളെ നിര്‍മ്മമനായി നേരിടുന്നതാണ് ശരിയെന്നും ലക്ഷ്മണന് അറിയാമായിരുന്നു. ലോകത്തെ സൃഷ്ടിച്ച് നിലനിര്‍ത്തി സംഹരിക്കുകയും വീണ്ടും സൃഷ്ടിക്കുകയും ചെയ്യുന്ന കാലത്തിന് അതിന്റേതായ യുക്തിയുണ്ടെന്നും അതൊന്നും മനുഷ്യന് മാറ്റി മറിക്കാനാകില്ലെന്നും സ്വാനുഭവത്തിലൂടെ ലക്ഷ്മണന്‍ ഗ്രഹിച്ചിരുന്നു. അതുകൊണ്ട് കാലം നല്കുന്ന ഏത് അനുഭവത്തേയും നിര്‍മ്മമതയോടെ സ്വീകരിക്കാന്‍ ലക്ഷ്മണന്‍ മാനസികമായി പാകപ്പെട്ടിരുന്നു. ജീവിതാനുഭവം നല്കിയ തീക്ഷ്ണവും സുദൃഢവുമായ പാഠങ്ങളില്‍ നിന്നു സ്വാംശീകരിച്ച തത്ത്വങ്ങളുടെ പിന്‍ബലത്തിലാണ് ദാര്‍ശനികമായ ഗരിമയോടെ ലക്ഷ്മണന്‍ രാമനെ വാക്കുകള്‍ കൊണ്ട് സാമാശ്വസിപ്പിച്ചത്.
അതുകൊണ്ട് രാമന്‍ തന്നെ ത്യജിക്കുമ്പോഴും ലക്ഷ്മണന്‍ പതറിയില്ല. ‘സൗമിേ്രത, കുമാരാ, ലക്ഷ്മണാ ഞാന്‍ നിന്നെ പരിത്യജിക്കുന്നു; ലോകത്തെ ധര്‍മ്മത്തില്‍ നിലനിര്‍ത്തുന്നതിനു വേണ്ടി, ത്യാഗം വധത്തിന് തുല്യം തന്നെ’ എന്നു പറഞ്ഞുകൊണ്ട് രാമന്‍ ലക്ഷ്മണനെ ത്യജിച്ചു. ധര്‍മ്മസംസ്ഥാപനത്തിനുവേണ്ടി സത്യനിഷ്ഠനായ കര്‍മ്മം ചെയ്യുന്ന താന്‍ രാജ്യത്തെയും സീതയേയും മാത്രമല്ല, ലക്ഷ്മണനെ തന്നെയും ത്യജിക്കാന്‍ മടിക്കില്ല എന്ന് രാമന്‍ പറയാറുള്ളതും ലക്ഷ്മണന്‍ ഓര്‍ത്തിരിക്കണം. ഉഗ്രമായ വിധിവാക്യം കേട്ടപ്പോള്‍ ലക്ഷ്മണന്റെ നേത്രങ്ങളില്‍ കണ്ണീര്‍ നിറഞ്ഞു. സ്വന്തം വീട്ടില്‍ ചെന്ന് ഭാര്യയോട് യാത്ര പറയാതെ ഒന്ന് പിന്നാക്കം തിരിഞ്ഞു നോക്കാതെ നിശ്ശബ്ദനായി സരയൂനദിക്കരയിലെത്തി. യോഗീശ്വരനെപ്പോലെ ശരീര സ്രോതസ്സുകളെ അടക്കി പ്രാണവായുവിനെ നിരോധിച്ച് ശ്വാസമടക്കിനിന്ന് ഇഹലോകവാസം വെടിഞ്ഞു എന്നാണ് വാല്മീകി ഉത്തരരാമായണത്തില്‍ എഴുതിയിരിക്കുന്നത്.
ലക്ഷ്മണ ത്യാഗത്തോടെ രാമന്‍ രാജ്യഭാരം ഒഴിയാന്‍ തീരുമാനിച്ചു. ധര്‍മ്മസംരക്ഷണത്തിനുവേണ്ടി താന്‍ ധരിച്ച കോദണ്ഡത്തെ താഴെവെക്കാനും തീരുമാനിച്ചു. രാമന്‍ രാജ്യഭാരത്തെ ത്യജിക്കുന്നു എന്ന് കേട്ടറിഞ്ഞ പ്രജകള്‍ ഭൂമിയില്‍ വീണുകിടന്നു.രാമന്‍ എവിടെ പോയാലും അവിടേക്ക് രാമനെ പിന്‍തുടരാന്‍ അവരെ അനുവദിക്കണമെന്ന ഒരു ആവശ്യമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. രാമന്‍ അതിനു സമ്മതിച്ചു. ഒരു രാജാവിനോടൊപ്പം രാജ്യത്തെ പ്രജകളും മഹാപ്രസ്ഥാനത്തിനിറങ്ങിയ സംഭവം കേട്ടു കേള്‍വി പോലുമില്ല. ആ മഹാപ്രസ്ഥാന യാത്രയ്ക്ക് മുന്‍പേ സീതയേയും ലക്ഷ്മണനേയും രാമന്‍ ത്യജിച്ചു കഴിഞ്ഞിരുന്നു.
സത്യഗ്രഹിയായ ധര്‍മ്മം ആചരിച്ചു മനുഷ്യലോകത്ത് കര്‍മ്മം ചെയ്യുക എന്നത് വാള്‍ത്തല മേല്‍ കൂടി സഞ്ചരിക്കുന്നതു പോലെ ശ്രമകരമാണെന്ന് രാമന് മാത്രമല്ല ലക്ഷ്മണനും അറിയാമായിരുന്നു. അതുകൊണ്ടാണ് രാമനാല്‍ ത്യജിക്കപ്പെട്ടപ്പോള്‍ പുത്രകളത്രമിത്രാദികളെ ഒന്നും കാണാതെ യോഗസമാധിയില്‍ ലയിക്കാനായി ലക്ഷ്മണന്‍ പോയത്. ലക്ഷ്മണന് സമാനമായി ലക്ഷ്മണന്‍ മാത്രമേയുള്ളൂ.
ശ്രീരാമന്റെ മഹാപ്രസ്ഥാനം
സീത ഭൂമിയില്‍ മറഞ്ഞപ്പോള്‍ അതിതീവ്രശോകത്താല്‍ ഗ്രസിതനായി രാമന്‍ വാവിട്ടുകരഞ്ഞു. യജ്ഞദണ്ഡ് നിലത്ത് ഊന്നി നിന്നുകൊണ്ട് കരയുന്ന രാമന്‍ പറഞ്ഞു: തനിക്ക് തന്റെ സീതയെ വേണം. തനിക്ക് തന്റെ സീതയെ തന്നില്ലെങ്കില്‍ സീത പോയിടത്തേക്ക് തനിക്കും ഇടം തരിക. സീത മറഞ്ഞപ്പോള്‍ ലോകം ശൂന്യമായതായി രാമന് തോന്നി. സ്വര്‍ഗ്ഗത്തിലോ പാതാളത്തിലോ എവിടെ വേണമെങ്കിലും താന്‍ തന്റെ സീതയുമൊത്തു വസിച്ചുകൊള്ളാം. സീതാതിരോധാനം മൂലമുള്ള ശോകം രാമനെ ഉന്മത്തനാക്കി. ഭൂഗര്‍ഭത്തില്‍ മറഞ്ഞ ജനകജയെ അതേ രൂപത്തില്‍ തിരികെ തന്നില്ലെങ്കില്‍ താന്‍ ഭൂമിയെ മുടിച്ച് കരയെല്ലാം വെള്ളത്തിലാഴ്ത്തുമെന്നും കോദണ്ഡപാണിയായ രാമന്‍ അമര്‍ഷത്തോടെ പറഞ്ഞു. അപ്പോള്‍ ബ്രഹ്മാവ് രാമനെ സമാശ്വസിപ്പിച്ചു.
അനന്യഹൃദയയാണ് സീത എന്ന് രാമന് അറിയാമായിരുന്നു. തന്റെ ഹൃദയത്തില്‍ പ്രതിഷ്ഠിതയായ സീതയാണ് തന്റെ ചിത്തത്തെ സംരക്ഷിച്ചു നിര്‍ത്തുന്നത് എന്ന് രാമനറിയാമായിരുന്നു. ഏകപത്‌നീവ്രതനിഷ്ഠനായ രാമന്‍ സീതയെയല്ലാതെ മറ്റൊരുവളെ സ്മരിക്കുകയില്ലെന്ന് സീതയ്ക്കും അറിയാമായിരുന്നു. യജ്ഞത്തില്‍ പത്‌നീസമേതനായി ക്രിയ ചെയ്യേണ്ടിവന്നപ്പോഴെല്ലാം ജനകജയുടെ സ്വര്‍ണ്ണപ്രതിമയെയാണ് രാമന്‍ പത്‌നീ സ്ഥാനത്ത് ഇരുത്തിയത്. സൂര്യന്റെ പ്രഭ പോലെ തന്നില്‍ അന്തര്‍ലീനയായിരിക്കുന്ന സീത ഹൃദയത്തില്‍ പ്രതിഷ്ഠിതയായതുകൊണ്ട് രാമന്‍ എന്നും സീതാസമേതനായിരുന്നു. അതുകൊണ്ട് എല്ലാ യജ്ഞങ്ങളും അവര്‍ രണ്ടുപേരും അഭിന്നരായാണ് അനുഷ്ഠിച്ചത്. അനേകായിരം യജ്ഞങ്ങള്‍ ഹൃദയസ്ഥിതയായ സീതാസമേതനായും കാഞ്ചനസീതാ സമേതനായും അനുഷ്ഠിച്ച് രാമന്‍ അയോദ്ധ്യയെ സമ്പന്നവും ഐശ്വര്യപൂര്‍ണ്ണവുമാക്കി. ജനകനായ ദശരഥന്റെ വിയോഗം വന്നപ്പോള്‍ യുദ്ധകാണ്ഡത്തില്‍ അസ്ത്രമേറ്റ് അസ്തപ്രാണനായി കിടക്കുന്ന ലക്ഷ്മണകുമാരനെ കണ്ടപ്പോള്‍ രാമന്‍ കരഞ്ഞു. പക്ഷേ, ആരണ്യകാണ്ഡത്തിലും, കിഷ്‌കിന്ധാകാണ്ഡത്തിലും, സുന്ദരകാണ്ഡത്തിലും യുദ്ധകാണ്ഡത്തിലും രാമന്‍ അലമുറയിട്ടു കരഞ്ഞത് സീതാവിയോഗത്താലായിരുന്നു.
പിന്നീട്, രാമന്‍ താന്‍ ചെയ്തു തീര്‍ക്കേണ്ട ഉത്തരവാദിത്വങ്ങളൊന്നൊന്നായി ചെയ്തു തീര്‍ത്തു. ഭരതന്റെ അമ്മാവനായ യുധാജിത്തിന്റെ സന്ദേശവുമായി ഒരുദിനം ബ്രഹ്മര്‍ഷി ഗാര്‍ഗ്യന്‍ അയോധ്യയിലെത്തി. സദായുദ്ധസന്നദ്ധരായി നിന്ന ഗന്ധര്‍വ്വന്മാരെ തോല്പിച്ച് ഗന്ധര്‍വ്വ രാജ്യത്ത് രണ്ട് നഗരികള്‍ സ്ഥാപിക്കണമെന്നതായിരുന്നു യുധാജിത്തിന്റെ ആവശ്യം. ഭരതന്‍ രാമനിര്‍ദ്ദേശമനുസരിച്ച് ഗന്ധര്‍വ്വരാജ്യം കീഴടക്കി രണ്ട് നഗരങ്ങള്‍-തക്ഷശിലയും പുഷ്‌കലാവനവും സ്ഥാപിച്ചു. തക്ഷശില ഭരതപുത്രനായ തക്ഷനും പുഷ്‌കലാവനം പുഷ്‌കലനും ഭരിച്ചു. ലക്ഷ്മണ പുത്രന്മാരായ അംഗദന് കാരുപഥമെന്ന സ്ഥലത്ത് അംഗദീയം എന്ന നഗരം നല്കി രാജാക്കന്മാരാക്കി. രണ്ടാമത്തെ മകനായ ചന്ദ്രകേതുവിനെ ചന്ദ്രകാന്തമെന്ന പുരത്തും രാജാവാക്കി വാഴിച്ചു. ശത്രുഘ്‌നന്റെ മധുര രാജ്യം രണ്ടായി വിഭജിച്ച് തന്റെയും പുത്രന്മാരായ സുബാഹുവിനെ മധുരയിലും ശത്രുഘാദിയെ വിദശയിലും വാഴിച്ചു. ഭരതന്‍ രാജ്യഭാരം ഏറ്റെടുക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് കോസലം രണ്ടായി വിഭജിച്ച് ദക്ഷിണ ദേശം കുശനും ഉത്തരദേശം ലവനും നല്കി. ദശരഥപുത്രന്മാര്‍ നാലുപേരും രാജ്യഭാരം ഒഴിഞ്ഞു.
താപസ വേഷത്തിലെത്തിയ യമധര്‍മ്മ രാജാവ് രാമനുമായി കൂടിക്കാഴ്ച നടത്താനെത്തി. താന്‍ നടത്താനാഗ്രഹിക്കുന്നത് രഹസ്യ സംഭാഷണമാണെന്നും അത് മറ്റാരും കേള്‍ക്കരുതെന്നും യമധര്‍മ്മന്‍ പറഞ്ഞു. കാര്യത്തിന്റെ ഗൗരവം ഗ്രഹിച്ച രാമന്‍ ലക്ഷ്മണനെ കാവല്‍ നിര്‍ത്തി ആരെയും അകത്തു കയറ്റി വിടരുതെന്നും ആജ്ഞ ലംഘിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കുമെന്നും പറഞ്ഞു. ലക്ഷ്മണന്‍ കാവല്‍നിന്നു കൊണ്ടിരിക്കെയാണ് ദുര്‍വ്വാസാവ് അവിടെ എത്തിയത്. തനിക്ക് ഉടനെ രാമനെ കാണണമെന്നും കൂടിക്കാഴ്ചയ്ക്ക് കാലതാമസം വരുത്തിയാല്‍ താന്‍ ശപിച്ച് രാജ്യത്തെ മുടിക്കുമെന്നു കോപിഷ്ഠന്‍ പറഞ്ഞു. ലക്ഷ്ണന്‍ കഴിവതും ശ്രമിച്ചുനോക്കി. പക്ഷേ, ക്ഷിപ്രകോപിയായ ദുര്‍വ്വാസാവ് അടങ്ങിയില്ല. രാമന്റെ ആജ്ഞ ലംഘിച്ചാല്‍ രാജ്യം മുടിയും. ദുര്‍വ്വാസാവ് ഋഷിയായിരുന്നു. എങ്കിലും ഔചിത്യം തീരെ ഇല്ലായിരുന്നു. രാജ്യം നശിക്കുന്നതിനെക്കാള്‍ നല്ലത് താന്‍ വധിക്കപ്പെടുന്നതാണെന്നു കരുതിയ ലക്ഷ്മണന്‍ അകത്തു ചെന്നു കാര്യം പറഞ്ഞു. പുറത്തു വന്ന രാമന്‍ ദുര്‍വ്വാസാവിനെ സംതൃപ്തനാക്കി.
ബ്രഹ്മാവ് അനുവദിച്ച ഭൗമവാസകാലം അവസാനിച്ചു എന്നറിയിക്കാനാണ് യമദേവന്‍ എത്തിയത്. അത് രാമനും അറിയാമായിരുന്നു. അതോടൊപ്പം ആജ്ഞ ലംഘിച്ച ലക്ഷ്മണനെ ശിക്ഷിക്കണം എന്നോര്‍ത്തപ്പോള്‍ രാമഹൃദയം ദുഃഖത്തില്‍ ആണ്ടു. എന്തു ചെയ്യണമെന്നറിയാന്‍ അമാത്യന്മാരേയും ഉപാദ്ധ്യായനേയും വിളിച്ചു വരുത്തി ആലോചിച്ചു. തന്നെ ശിക്ഷിക്കുന്ന കാര്യത്തില്‍ ജ്യേഷ്ഠന്‍ പരിതപിക്കേണ്ടന്നും ധര്‍മ്മാനുസരണം താന്‍ ശിക്ഷിക്കപ്പെടണമെന്നും ലക്ഷ്മണനും പറഞ്ഞു. വധശിക്ഷയ്ക്ക് തുല്യമാണ് പരിത്യാഗമെന്നും അതുകൊണ്ട് ലക്ഷ്മണനെ ത്യജിച്ച് ശിക്ഷ നടപ്പിലാക്കണമെന്നും ബുധജനം സമ്മതം നല്കി. ലോകധര്‍മ്മത്തെ രക്ഷിക്കാനായി രാമന്‍ ലക്ഷ്മണനേയും പരിത്യജിച്ചു. സത്യം ആചരിച്ച് ധര്‍മ്മം സംരക്ഷിക്കുന്നതിനായി രാജ്യത്തേയും സീതയേയും ലക്ഷ്മണനേയും താന്‍ ത്യജിക്കുമെന്ന് അഭിഷേക വിഘ്‌നം സംഭവിച്ച്, കാനനവാസത്തിനായി ഇറങ്ങിത്തിരിക്കാനിരിക്കെ കൈകേയിയോട് രാമന്‍ പറഞ്ഞത് അങ്ങനെ സത്യമായി ഭവിച്ചു. സ്വാര്‍ത്ഥം നോക്കിയിരുന്നെങ്കില്‍ രാജ്യം ത്യജിക്കാതിരിക്കാനായി കാരണങ്ങള്‍ ഒന്നിലേറെ കണ്ടെത്താമായിരുന്നു. സീതയെ ത്യജിക്കാതിരിക്കാനും കാരണമുണ്ടായിരുന്നു. അനന്യ ഹൃദയയായ സീത പരിശുദ്ധയാണെന്ന് തനിക്ക് ഉത്തമ ബോദ്ധ്യമുണ്ടെന്നു പറയാമായിരുന്നു. ലക്ഷ്മണ പരിത്യാഗം വേണമെങ്കില്‍ ഒഴിവാക്കാമായിരുന്നു. കാരണം, ദുര്‍വ്വാസാവ് എന്ന അവിവേകിയും ക്ഷിപ്രകോപിയുമായ ഋഷിയുടെ ശാപത്തില്‍ നിന്നും അയോദ്ധ്യയെ രക്ഷിക്കുന്നതിനു വേണ്ടിയാണ് ലക്ഷ്മണന്‍ ആജ്ഞ ലംഘിച്ചത് എന്നു പറഞ്ഞ് ന്യായീകരിക്കാമായിരുന്നു. മാത്രമല്ല, ലക്ഷ്മണനും രാമനും മാത്രം അറിയാമായിരുന്ന ഉത്തരവായിരുന്നുഅത്. കേവല ധര്‍മ്മത്തെ ആസ്പദമാക്കി ഋഷിയെ പോലെ കര്‍മ്മം ചെയ്യുന്നവനും അസത്യവാക്ക് പറയാത്തവനുമായ രാമന് പക്ഷേ, അത്തരം കുമാര്‍ഗ്ഗങ്ങളൊന്നും അസ്വീകാര്യമായിരുന്നു. അവനവന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ച് നിയമത്തെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതാണ് അധര്‍മ്മത്തിന്റെ ഏറ്റവും നല്ല ഉദാഹരണം.
അര്‍ത്ഥഭോഗങ്ങള്‍ ഒന്നൊന്നായി പരിത്യജിച്ച രാമന്‍ ഒടുവില്‍ മഹാ പ്രസ്ഥാനത്തിന് തയ്യാറായി. രാമനെ അനുഗമിക്കാന്‍ ഭരതനും ശത്രുഘ്‌നനും തയ്യാറായി. രാമന്‍ അവര്‍ക്ക് അനുഗമിക്കാന്‍ അനുജ്ഞയും നല്‍കി. അംഗദനെ രാജ്യഭാരം ഏല്പിച്ചു രാമന്റെ അടുത്തെത്തിയ സുഗ്രീവനെ പിന്‍തുടരാന്‍ അനുവദിച്ചു. ലങ്കേശനായ വിഭീഷണനെ ഒന്നും പറയാന്‍ അനുവദിക്കാതെ ലങ്കയിലേക്ക് മടക്കി അയച്ചു. ഹനുമാനോടാകട്ടെ സത്യം ചെയ്തത് തെറ്റിക്കരുതെന്നു പറഞ്ഞു. ലോകത്ത് രാമകഥ പ്രചരിപ്പിക്കുന്നത്രയും കാലം ജീവിച്ചിരിക്കാന്‍ വരംവാങ്ങിയ കാര്യം ഓര്‍മ്മിപ്പിച്ചു. മാരുതി ഹര്‍ഷോന്മാദത്തോടെ അതു സമ്മതിച്ചു. ജാംബവാന്‍, മൈന്ദന്‍, ദ്വിവിന്ദന്‍ എന്നിവരോട് ത്രേതായുഗാവസാനം വരെ ജീവിച്ചിരിക്കാന്‍ പറഞ്ഞു. മറ്റുള്ള വാനരന്മാരോടും ഋഷീവരന്മാരോടും തന്നോടൊപ്പം ചെല്ലാനും രാമന്‍ അനുവാദം നല്‍കി.
അടുത്ത ദിവസം പ്രഭാതത്തില്‍ മഹാപ്രസ്ഥാനം തുടങ്ങി. വാജപേയാതപത്രവും ദീപ്താഗ്നിഹോത്രവും ഏന്തി ബ്രാഹ്മണര്‍ മുന്‍പേ നടന്നു. വെള്ളവസ്ത്രം ധരിച്ച്, പരബ്രഹ്മ മന്ത്രം ജപിച്ച് വിരലുകളില്‍ ദര്‍ഭയിഴ ചേര്‍ത്ത് നിശബ്ദനും നിര്‍ദ്വന്ദ്വനുമായി ശ്രീരാമന്‍ കൊട്ടാരം വിട്ട് ഇറങ്ങി. പരിസേവിതരായ മന്ത്രദേവതകളും വലതുവശം ചേര്‍ന്നു മഹാലക്ഷ്മി, ഇടതുവശത്ത് ഐശ്വര്യലക്ഷ്മിയും അനുഗമിച്ചു. കോദണ്ഡമടക്കമുള്ള എല്ലാ ആയുധങ്ങളും ആള്‍രൂപം സ്വീകരിച്ച് അകമ്പടി സേവിച്ചു. വേദങ്ങളും ഓങ്കാര മന്ത്രങ്ങളും രാമനോടൊപ്പം ഉണ്ടായിരുന്നു. അന്തപ്പുര വധുക്കള്‍, ദാസിമാര്‍, ബാലന്മാര്‍, വൃദ്ധന്മാര്‍, ഷണ്ഡന്മാര്‍, പത്‌നിസമേതരായി ഭരതശത്രുഘ്‌നന്മാരും രാമനെ പിന്തുടര്‍ന്നു. എല്ലാ ഭൃത്യന്മാരും ബന്ധുക്കളും പിന്നാലെ കൂടി. സല്‍ഗുണ സമ്പന്നരായ സകല പ്രജകളുംകുടുബസമേതം പിന്‍തുടര്‍ന്നു. പക്ഷിമൃഗാദികളും മഹാപ്രസ്ഥാനത്തില്‍ പങ്കാളികളായി. ഭൂതജാലങ്ങളും പരമാണുക്കളും വരെ ആ യാത്രയില്‍ രാമനെ അനുഗമിച്ചു. സര്‍വ്വഭൂതഹിതാനുവര്‍ത്തിയായ ഒരു രാജാവിന്റെ ആനന്ദകരമായ വിയോഗാനുഭവത്തിന്റെ ഭാഗമായി അവരെല്ലാം ചേര്‍ന്നു.
മഹാപ്രസ്ഥാനയാത്ര സരയുവില്‍ എത്തിച്ചേര്‍ന്നു. അയോദ്ധ്യയില്‍ നിന്നു തുടങ്ങിയ ധര്‍മ്മവിഗ്രഹമായ രാമന്റെ യാത്ര സരയൂനദിയിലെ ജലസമാധിയില്‍ പര്യവസാനിച്ചു. മുനികുലത്തിന്റെ യാഗരക്ഷ നടത്തുന്നതിനുവേണ്ടി കൗമാരപ്രായത്തില്‍ തേളേറ്റിയ കോദണ്ഡവും രാമനോടൊപ്പം ജലസമാധിയില്‍ ലയിച്ചു. സ്വാര്‍ത്ഥലേശമില്ലാതെ ലോകഭോഗങ്ങളുടെ പരിത്യാഗമാണ് ധര്‍മ്മാചരണം എന്നു ഉദ്‌ഘോഷിച്ച രാമവിഗ്രഹം അധര്‍മ്മത്തോട് അരുതെന്ന് ആജ്ഞാപിച്ചു. അധര്‍മ്മത്തോട് അരുത് എന്ന് ആജ്ഞാപിക്കണമെന്നാണ് ആദികവി എന്നും പറയുന്നത്. അതുകൊണ്ടാണ് രാമായണം ആദികാവ്യമായതും.
( ഉത്തരരാമായണത്തിലെ ഭാഗങ്ങള്‍ സാധാരണയായി കര്‍ക്കടകമാസത്തില്‍ പാരായണം ചെയ്യാറില്ല.)
Comments are closed.