DCBOOKS
Malayalam News Literature Website

വിഭീഷണന്റെ നീതിവാക്യം

യുദ്ധക്കളത്തില്‍ നിന്നുകൊണ്ടാണ് രാവണന് എതിരെയുള്ള കുറ്റപത്രം സമര്‍പ്പിച്ച് രാവണന്‍ വര്‍ജ്ജിക്കപ്പെടേണ്ടവനാണെന്ന് വിഭീഷണന്‍ സമര്‍ത്ഥിക്കുന്നത്. താന്‍ എന്തുകൊണ്ട് സഹോദരനെ ഉപേക്ഷിച്ചു എന്നതിന്റെ നീതികരണം കൂടി ഈ കുറ്റപത്രത്തില്‍ ഉണ്ട്. രാവണന്‍ പരസ്വത്ത് അപഹരിക്കുന്നവനും പരഭാരങ്ങളെ മോഷ്ടിക്കുന്നവനുമാണ്. ബലാല്‍സംഗം ഉള്‍പ്പെടെയുള്ള അകൃത്യങ്ങള്‍ ചെയ്യാന്‍ മടിയില്ലാത്ത ദുര്‍വൃത്തന്‍. ലോകത്തിന്റെ യോഗക്ഷേമത്തിനു വേണ്ടി യജ്ഞം ചെയ്യുന്ന മുനിമാരെ കൊല്ലാന്‍ മടി ഇല്ലാത്തവന്‍. അമരന്മാരോട് മത്സരിക്കാനും നന്മ ചെയ്യുന്നവരോട് വിരോധം പുലര്‍ത്താനും താല്പര്യമുള്ളവന്‍. അതികോപിയും അഹങ്കാരിയുമാണ്. ഈ ആരോപണങ്ങളില്‍ അത്യുക്തിയോ ന്യൂനോക്തിയോ ഇല്ല എന്ന് രാവണചരിതം നോക്കുന്ന ആര്‍ക്കും മനസ്സിലാകും.

അസാമാന്യമായ സിദ്ധികള്‍കൊണ്ട് അനുഗ്രഹീതനായിരുന്നു രാവണന്‍. ബുദ്ധിശക്തി, കായികബലം, കര്‍മ്മകുശലത, കാര്യശേഷി, നേതൃത്വമികവ് എന്നിവയെല്ലാം പുലസ്ത്യബ്രാഹ്മണന്റെ മകനായ രാവണനില്‍ വേണ്ടതിലധികം ഉണ്ടായിരുന്നു. അധികാരം സമ്പത്ത്, പദവി, യശസ്സ് എന്നിവയും വേണ്ടതില്‍ അധികം ഉണ്ടായിരുന്നു ഈ രാജാവിന്. എന്നാല്‍ രാവണന്റെ ഒരേയൊരു കുഴപ്പം എല്ലാം അധികമായിപ്പോയി എന്നതാണ്. രാവണന്റെ വ്യക്തിത്വത്തെക്കുറിച്ചു പറയുമ്പോള്‍ രാവണനെ മഹാസാഗരത്തോടാണ് വാല്മീകി ഉപമിക്കുന്നത്. അതില്‍ അതിശയോക്തിയും ഇല്ല. താന്‍ ആഗ്രഹിക്കുന്നതെന്തും നേടാനുള്ള കര്‍മ്മശേഷിയും രാവണനുണ്ടായിരുന്നു. രാവണന്‍ സംഗീതജ്ഞനും കവിയും നര്‍ത്തകനും പ്രഭാഷകനും ഒക്കെ ആയിരുന്നു. ഇത്രയേറെ കഴിവുകള്‍ ഉണ്ടായിരുന്ന രാവണനെ സാംസ്‌കാരസമ്പന്നനായി കരുതാനാകില്ല; ആരും കരുതുന്നുമില്ല. എന്തുകൊണ്ട്?

ഒരാള്‍ക്ക് എത്ര കഴിവുണ്ട് എന്നതല്ല പ്രശ്‌നം. അയാള്‍ ആ കഴിവുകള്‍ എങ്ങനെ വിനിയോഗിച്ചു എന്നതാണ് പരിഗണിക്കേണ്ട കാര്യം. രാവണന്റെ കഴിവുകളെ മുഴുവന്‍ രാവണന്‍, രാവണന് വേണ്ടിയാണ് ഉപയോഗിച്ചത്. വൈശ്രവണനെ വെന്നതും പുഷ്പകവിമാനം സ്വന്തമാക്കിയതും മാത്രമല്ല, തപസ്സസിദ്ധികളെയാകെത്തന്നെ മറ്റാരും തന്നെ കൊല്ലാതിരിക്കുന്നതിനായി വിനിയോഗിച്ചു എന്നതാണ് സവിശേഷത. ദേവാസുരഗണങ്ങള്‍ ആരും തന്നെ വധിക്കരുത് എന്ന വരമാണ് അദ്ദേഹം വിധാതാവിനോട് ചോദിച്ചുവാങ്ങിയത്. കായികശക്തികൊണ്ടും യുദ്ധമികവുകൊണ്ടും സാമ്രാജ്യവിസ്തൃതി വര്‍ദ്ധിപ്പിച്ചു എന്നുമാത്രമല്ല അരിശവും അസൂയയും ജനിപ്പിക്കുന്നവിധമുള്ള ധാരാളിത്തംകൊണ്ട് ലങ്കയെ അലങ്കരിക്കുകയാണ് ചെയ്തത്. ലങ്കയില്‍ രാവണന്റെ ഭരണകാലത്ത് അതിസമ്പത്ത് കുമിഞ്ഞുകൂടി. അതുകൊണ്ടാണല്ലോ സ്വര്‍ണ്ണനിര്‍മ്മിതമായ നാടകശാല രാജാവ് നിര്‍മ്മിച്ചത്. തന്റെ ആജ്ഞയ്ക്ക് എതിര്‍വാക്ക് പറയാത്ത സാമന്തന്മാര്‍ക്ക് അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് ഒത്ത് ഭരണം നടത്താന്‍ രാവണന്‍ അനുവാദം നല്കുകയും ചെയ്തു. അവരും രാവണന്റെ ചെറുപതിവുകളായിരുന്നു. അവരും അവര്‍ക്ക് കഴിയാവുന്നവിധം സാധുക്കളെ ദ്രോഹിച്ചു രസിച്ചുകൊണ്ടിരുന്നു.

രാവണന് നുണപറയാനും അധര്‍മ്മം ചെയ്യാനും മടിയുണ്ടായിരുന്നില്ല. സീതയെ അപഹരിക്കാനും അപഹരിക്കപ്പെട്ട സീതയെ പാട്ടിലാക്കാനും അനായാസമായിതന്നെ രാവണന്‍ നുണ പറഞ്ഞു. മായാവിദ്യ- കള്ളം പറയുന്നതിനും പ്രവര്‍ത്തിക്കുന്നതിനും മടിയില്ലാത്ത വിദ്യ, കാട്ടി തന്റെ ഇഷ്ടം സാധിക്കാന്‍ രാവണന്‍ പലവട്ടം ശ്രമിച്ചു. ഇഷ്ടപ്പെട്ട സ്ത്രീകളെ മോഷ്ടിക്കാനും തന്റെ ഇംഗിതത്തിന് വഴങ്ങാത്ത സ്ത്രീകളെ ബലാല്‍സംഗം ചെയ്യാനും തനിക്ക് അവകാശമുണ്ടെന്ന് വിശ്വസിക്കുകയും അക്കാര്യം പറയുകയും ചെയ്തിരുന്നു രാവണന്‍. സീതയോട് തന്നെ ഈ കാര്യം പറഞ്ഞ് അവരെ ഭയപ്പെടുത്തിവശത്താക്കാനും രാവണന്‍ ശ്രമിച്ചു. തന്റെ ഇഷ്ടത്തിനൊത്ത് നില്ക്കാത്തവരെയെല്ലാം രാവണന്‍ ശത്രുക്കളായി കരുതി, സീതയെ അപഹരിക്കാനായി മാരീചനെ സമീപിക്കുന്ന രാവണനെ അതില്‍നിന്നും പിന്‍മാറ്റാന്‍ ശ്രമിച്ച തന്റെ അമ്മാവന്‍ കൂടിയായ മാരീചനെ തന്നോടൊപ്പം നിന്നില്ലെങ്കില്‍ വധിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയത്. സീതയെ രാമന് തിരിച്ചുനല്കി യുദ്ധം ഒഴിവാക്കുകയാണ് യുക്തിസഹമായ കാര്യമെന്നു അനുനയത്തോടെ പറഞ്ഞ മാല്യവാനേയും പരിഹസിച്ച് ആക്ഷേപിച്ചു. യുദ്ധം തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ചേര്‍ന്ന സഭയിലും സീതയെ രാമന് നല്കണമെന്ന് സൂചിപ്പിച്ചവരെപ്പോലും ശത്രുക്കളും ഭീരുക്കളുമായിട്ടാണ് രാവണന്‍ കരുതിയത്. കുരങ്ങന് കയറാനായി ഏണിവെച്ചു കൊടുക്കുന്നതുപോലെ സീതയെ ആദ്യമെ ബലാല്‍സംഗം ചെയ്യുന്നതല്ലേ ഉത്തമം എന്ന് ഉപദേശിച്ച മഹാപാര്‍ശ്വനോട് വിശ്വാസവും സ്‌നേഹവും വര്‍ദ്ധിച്ചതും ഓര്‍ക്കുക. എന്നാല്‍, സീതയെ ഉപേക്ഷിച്ചില്ലെങ്കില്‍ സര്‍വ്വനാശമായിരിക്കും ഫലമെന്നും അതുകൊണ്ട് സീതയെ രാമന് നല്കി പ്രശ്‌നം രമ്യമായി പരിഹരിച്ച് രാക്ഷസവംശത്തെ രക്ഷിക്കണമെന്നു പറഞ്ഞ വിഭീഷണനെ അപമാനിക്കുകയും ആട്ടിക്കളയുകയും ചെയ്തു. ഭോഗവതിയില്‍ പോയി യുദ്ധം ജയിച്ചു കൈലാസശൃംഗത്തില്‍ വസിക്കുന്ന ധനദനെ ജയിച്ചു, കുബേരനെ ജയിച്ചു, ഭയഗ്രസിതനായ മായാസുരന്‍ പുത്രിയെ നല്കി ബാന്ധവത്തിലൂടെ സ്വയം രക്ഷപ്പെട്ടു, മധുവിനെ വധിച്ചു, വാസുകിയേയും ജടിയേയും തക്ഷകനെയും വെന്നു ദാനവരെയും പരണപുത്രന്മാരെയും ജയിച്ചു ഈ വിജയഗാഥകള്‍ പാടി നടന്ന പാണന്മാരെ പാരിതോഷികം നല്കി പ്രശംസിച്ചു. അതുകൊണ്ട് രാവണനോട് ആരും സത്യം പറഞ്ഞില്ല, ഇഷ്ടം മാത്രം പറഞ്ഞുകൊണ്ടിരുന്നു. സത്യത്തെ രാവണന്‍ വിഷം കലര്‍ന്ന ഭക്ഷണത്തെപ്പോലെ വര്‍ജിച്ചു.

ജയിച്ചുമാത്രം ശീലിച്ചതുകൊണ്ട് എന്തിനെയും ജയിക്കാമെന്നു കരുതി. ദേവാസുരന്മാര്‍ ഒരുപോലെ ഭയന്നിരുന്നതുകൊണ്ട് അവരാരും രാവണനെ എതിര്‍ത്തില്ല. സ്വാഭാവികമായും താനാണ് രാജ്യമെന്നും തന്റെ ഇഷ്ടാനിഷ്ടങ്ങളാണ് നിയമമെന്നും തന്റെ ഇഷ്ടത്തിന് ഒത്തു ചലിക്കുന്നവനാണ് നല്ലവന്‍ എന്നും അല്ലാത്തവരെല്ലാം തിരസ്‌കരിക്കപ്പെടേണ്ടവരോ വധിക്കപ്പെടേണ്ടവരോ ആണെന്നും രാവണന്‍ കരുതി. പ്രബലന്‍ ദുര്‍ബലന്റെ മേല്‍ ചുമത്തുന്ന അധികാരമാണ് രാജനീതി എന്നു കരുതിയ രാജാവാണ് രാവണന്‍. ഒരാളും എതിര്‍ക്കാനില്ലാതെ രാജ്യം ഭരിക്കുന്ന രാജാവ് എതിര്‍ശബ്ദങ്ങളോട് അസഹിഷ്ണുത കാണിക്കും. വാഴുന്നന് വഴങ്ങുന്നവന്‍ മാത്രം ജീവിച്ചാല്‍ മതിയെന്നാകും ആ രാജാക്കന്മാരുടെ വിശ്വാസം. രാജാധികാരത്തിനും അതിരും എതിരും ഉണ്ടെന്നു പറയുന്നവനെ രാവണരാജാവിന് അസ്വീകാര്യരാണ്. അതുകൊണ്ടാണ് രാവണന്‍ അതികോപിയായി മാറിയത്.

അതികോപികള്‍ക്ക് ക്ഷമിക്കാനറിയില്ല എന്ന ദോഷവും ഉണ്ട്. അത് ആരായിരുന്നാലും സഹോദരനോ മന്ത്രിയോ ഗുരകാരണവരോ ആരായാലും അതികോപത്തോടെ അവരെ ശകാരിക്കാനും ബഹിഷ്‌കൃതരാക്കാനും അത്തരക്കാര്‍ മടിക്കില്ല.തന്നോടൊപ്പം കൂടാത്തവന്‍ തന്റെ ശത്രു എന്നാകും അവര്‍ കരുതുക. രാവണന്‍ അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. അതികോപികള്‍ അഹങ്കാരികളാകും. ഓരോ അഹങ്കാരിയും വിശ്വസിക്കുന്നത് തനിക്ക് അപ്പുറത്തേക്ക് ലോകമില്ല എന്നാകും. ദേവാസുരന്മാര്‍ക്ക് ജയിക്കാന്‍ കഴിയാത്ത തന്നെ മനുഷ്യരും വാനരന്മാരും ഒരു കാരണവശാലും ജയിക്കില്ല എന്ന കാര്യത്തില്‍ രാവണന് സംശയമേ ഉണ്ടായില്ല. അതുകൊണ്ട് തന്നേക്കാള്‍ വലിയവന്‍ ലോകത്തില്ല എന്നു കരുതുകയും ചെയ്യും. ഈ നിലപാടിന്റെ സ്വാഭാവികവളര്‍ച്ചയാണ് ലോകം മുഴുവന്‍ തനിക്ക് വേണ്ടിയാകണം എന്ന വിശ്വാസത്തിന്റെ അടിസ്ഥാനം. അവര്‍ എന്നും അവരെ മാത്രമെ സ്‌നേഹിക്കുകയുള്ളൂ. താന്‍ പറയുന്നത് കേള്‍ക്കുകയും അവയെല്ലാം ശരിയാണെന്നു പറയുകയും താന്‍ എന്തു ചെയ്താലും അതിനോടൊപ്പം നില്ക്കുകയും ചെയ്യുന്നവരെ സ്‌നേഹിക്കുക എന്നു പറഞ്ഞാല്‍ തന്നെത്തന്നെ സ്‌നേഹിക്കുക എന്നാര്‍ത്ഥം.

കൊടിയ സ്വാര്‍ത്ഥന്‍ നിത്യമായ അസംതൃപ്തനുമായിരിക്കും. അതുകൊണ്ടാണ് ആയിരത്തിലെറെ അതിസുന്ദരികളായ ഭാര്യമാരും അവര്‍ക്കെല്ലാം മേലെ വിശ്വസുന്ദരിയായ മണ്ഡോദരിയും ഭാര്യയായി ഉണ്ടായിട്ടും കാമസംതൃപ്തി വരാതെ സീതയെ മോഷ്ടിച്ചെടുത്തത്. സീതയെ സ്വന്തമായാലും രാവണന്റെ കാമതൃഷ്ണ മാറുമെന്നും കരുതാനാകില്ല. ഈ രാവണസ്വഭാവത്തെ നന്നായി അറിയാമായിരുന്നതുകൊണ്ടാണ് താന്‍ രാവണന് പറ്റിയ സ്ത്രീയല്ല എന്നും താന്‍ ഏക ഭര്‍ത്തൃമതിയാണെന്നും സീത പറഞ്ഞത്. എന്നാല്‍ സീത പറഞ്ഞത് എന്ത് എന്ന് രാവണന് മനസ്സിലായിരുന്നില്ല.

എല്ലാം നേടാനും കയ്യടക്കാനും മാത്രം അനുശീലിച്ച രാവണന്‍ ഒന്നും ത്യജിക്കാന്‍ പഠിച്ചില്ല. രാവണസ്വഭാവത്തിലെ പ്രധാന തിന്മ ത്യജിക്കാനും സഹിക്കാനും പൊറുക്കാനും അദ്ദേഹത്തിന് അറിയില്ലായിരുന്നു എന്നതാണ്. തനിക്ക് വേണ്ടി മാത്രമല്ല ലോകം എന്ന് അറിയാന്‍ രാവണന് കഴിവുണ്ടായിരുന്നില്ല. അതുകൊണ്ട് തന്റെ പോലെ തന്നെ അപരനും അവകാശങ്ങള്‍ ഉണ്ട് എന്നു കണ്ടറിയാന്‍ രാവണരാജാവിനായില്ല. അതിന്റെ അനന്തരഫലമാണ് താന്‍ അടക്കി ഭരിച്ച ലങ്കയുടെ പൂഴിമണ്ണില്‍ മുറിവേറ്റുമരിച്ചുകിടക്കാനുള്ള വിധിയും രാവണനെ കാത്തിരുന്നത്.

Comments are closed.