ഭാഗ്യം തുണച്ച യുദ്ധം
രാവണവധത്തിനു ശേഷം ശോകഗ്രസ്തനായ വിഭീഷണനെ സമാശ്വസിപ്പിച്ചുകൊണ്ട് ഹിതകരമായ വാക്കുകള്‍ പറഞ്ഞുകൊണ്ടിരിക്കെയാണ് യുദ്ധത്തില്‍ ഒരുകാലത്തും ഒരുവനും ജയം മാത്രം ലഭിച്ചിട്ടില്ല എന്ന തത്ത്വം ശ്രീരാമന്‍ പറയുന്നത്. ഒരു യുദ്ധത്തിലും ഒരാള്‍ക്കും ജയിക്കാന്‍ മാത്രമായി ഒരു സൂത്രവാക്യവും ഇല്ല. യുദ്ധം ജയിക്കാന്‍ ഭാഗ്യം കൂടി വേണമെന്നു പറയാറുണ്ട്. ഭാഗ്യമാകട്ടെ എപ്പോഴും ഒരാള്‍ക്കൊപ്പംതന്നെ ഉണ്ടാകുകയുമില്ല. കാരണം വ്യക്തമല്ലാത്ത കാര്യത്തെയാണ് ഭാഗ്യം എന്നു വിശേഷിപ്പിക്കുന്നത്. എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്നു കൃത്യമായി ഒരാള്‍ക്കും പറയാന്‍ കഴിയില്ല. നമുക്ക് കാരണം അറിയില്ല എന്നു കരുതി ഭാഗ്യം അകാരണമായി സംഭവിക്കുന്നതാണെന്നും പറയാന്‍ കഴിയില്ല. രാമ-രാവണ യുദ്ധത്തില്‍ ഭാഗ്യം രാമന്റെ ഭാഗത്തായിരുന്നു. അതുകൊണ്ട് രാവണനെ ബ്രഹ്മാസ്ത്രമെയ്ത് രാമന്‍ വധിച്ചു. രാവണവധത്തോടെ ലങ്കയുടെ പതനവും പൂര്‍ണ്ണമായി.
ദേവാസുരന്മാര്‍ക്ക് ഒരുപോലെ തന്നെ വധിക്കാനാകില്ല എന്ന വരദാനം ലഭിച്ച രാവണന്‍ ആ കാര്യം കൊണ്ട് തന്നെ മനുഷ്യരെ പരിഗണിച്ചിരുന്നില്ല. ദേവനും അസുരനും ചെയ്യാന്‍ കഴിയാത്ത കാര്യം മനുഷ്യന് ചെയ്യാന്‍ കഴിയുമെന്ന് രാവണന്‍ ഒരിക്കലും ഓര്‍ത്തിട്ടുമില്ല. പത്തുതലകള്‍ പ്രദാനം ചെയ്യുന്ന അപാരമായ ബുദ്ധിശക്തിയും ഇരുപതുകരങ്ങള്‍ നല്കുന്ന അനന്തമായ കര്‍മ്മശേഷിയും ആകര്‍ഷകമായ ആകാരവടിവും അസാമാന്യമായ യുദ്ധമികവും വേദജ്ഞാനവുമെല്ലാം രാവണനെ അഹങ്കാരിയാക്കി മാറ്റിയിരുന്നു. രാമനുമായുള്ള യുദ്ധം താന്‍ അനായാസേന ജയിക്കുമെന്നു കരുതാനായിരുന്നു രാവണന് താല്പര്യം. ഹനുമാന്‍ ലങ്കയിലെത്തി വരുത്തിവെച്ച നാശവും രാമസേന കടല്‍കടന്ന് ലങ്കയെ വളഞ്ഞതും രാവണില്‍ അല്പം ഭയം ജനിപ്പിച്ചിരുന്നു. എന്നാല്‍ ഭയം മറച്ചുവെച്ച് താര്‍ നിര്‍ഭയനാണെന്നു വരുത്തിത്തീര്‍ക്കാനായിരുന്നു രാവണന്‍ പരിശ്രമിച്ചത്.
ത്രികൂടശൈലത്തില്‍ നൂറുയോജന വീതിയിലും മുപ്പതു യോജന നീളത്തിലും വിസ്തൃതമാണ് ലങ്കയില്‍ സുവേലമല കയറിയിറങ്ങിയാണ് രാമസേന ലങ്കയെ വളഞ്ഞത്. ലങ്കയുടെ കിഴക്കെ ഗോപുരം കാത്തിരുന്ന സൈന്യത്തെ പ്രഹസ്തന്‍ നയിച്ചു. പ്രഹസ്തനെ നീലന്റെ നേതൃത്വത്തിലുള്ള രാമസൈന്യം നേരിട്ടു. മഹാപാര്‍ശ്വനായിരുന്നു തെക്കേഗോപുരം കാത്തിരുന്നത്. യുവരാജാവായ അംഗദന്‍ മഹാപാര്‍ശ്വനെ നേരിട്ടു. പടിഞ്ഞാറെ ഗോപുരം ഇന്ദ്രജിത്താണ് കാത്തുസൂക്ഷിച്ചത്. ഇന്ദ്രജിത്തിനെ ഹനുമാന്‍ നേരിട്ടു. രാവണന്‍ സംരക്ഷിച്ചിരുന്ന തെക്കേഗോപുരത്തെ രാമന്‍ നേരിട്ടു. ഇതിനിടയില്‍ അവിചാരിതമായി യുദ്ധമുഖത്ത രാവണനെ കണ്ടപ്പോള്‍ സുഗ്രീവന്‍ രാവണനോട് ഏറ്റുമുട്ടി. സുഗ്രീവനോട് പിടിച്ചുനില്ക്കാന്‍ കഴിയാതെ രാവണന്‍ മായായുദ്ധത്തിലൂടെ തടിതപ്പി. ഈ സന്ദര്‍ഭത്തിലും യുദ്ധത്തില്‍ രാമന് മേല്‍കയ്യുണ്ട് എന്നു നിരീക്ഷിച്ച സ്വപക്ഷത്തെ മഹാരഥികളോടെല്ലാം രാവണന്‍ കലഹിച്ചു; അവര്‍ ഭീരുക്കളും ശത്രുപക്ഷത്തോട് കൂറുള്ളവരാണെന്നും പറഞ്ഞ് അവരെ ആക്ഷേപിച്ചു. സീതയെ രാമന് നല്കി ക്ഷമായാചനം ചെയ്യാതിരുന്നാല്‍ യുദ്ധം തന്നെ എന്ന സന്ദേശം നല്കുന്നത് അംഗദനാണ്. ദേവാസുരഗന്ധര്‍വ്വന്മാര്‍ ഒരുമിച്ച് ചേര്‍ന്ന് എതിര്‍ത്താലും സീതയെ നല്കില്ല എന്ന തന്റെ നിശ്ചയത്തില്‍ നിന്നും പിന്മാറാന്‍ രാവണന്‍ അപ്പോഴും തയ്യാറായില്ല.
അടിയന്തര യുദ്ധസാഹചര്യം നേരിടാന്‍ ചേര്‍ന്ന രാജസഭാ യോഗത്തിനുശേഷവും സീതയെ നല്കി സന്ധി ചെയ്യുന്നതാണ് രാവണനും രാക്ഷസവംശത്തിനും ശ്രേയസ്‌കരം എന്നു കാരണവരായ മാല്യവാന്‍ രാവണനെ ഉപദേശിച്ചു. രാമനിലുള്ള ഭയം മൂലമാണ് രാമന്റെ മുമ്പില്‍ കീഴടങ്ങാന്‍ പ്രേരിപ്പിക്കുന്നത് എന്ന എതിര്‍വാദം നടത്തി മാല്യവാനെ രാവണന്‍ മടക്കി. ഈ സാഹചര്യത്തിലും മായാവിദ്യയാല്‍ ശ്രീരാമന്റെ തല വെട്ടി സീതയുടെ മുമ്പില്‍ പ്രദര്‍ശിപ്പിച്ച് സീതയെ നിസ്സഹായനാക്കി കീഴടക്കുവാന്‍ ഒരു ശ്രമം കൂടി രാവണന്‍ നടത്തിയിരുന്നു. രാമന്‍ കൊല്ലപ്പെട്ടു. ലക്ഷ്മണന്‍ ഓടി രക്ഷപ്പെട്ടു. സൈന്യം ചിതറിയോടി. ഇതായിരുന്നു രാവണന്റെ പ്രചാരണം. എന്നാല്‍ അത് വെറും കണ്‍കെട്ടു വിദ്യമാത്രമാണെന്നു പറഞ്ഞ് സരമ സീതയെ സമാശ്വസിപ്പിച്ചു. യുദ്ധം തുടങ്ങി. ധൂമ്രാക്ഷനെ മാരുതിയും, വജ്രദ്രംഷ്ടനെ അംഗദനും അകമ്പനനെ ഹനുമാനും പ്രഹസ്തനെ നീലനും വധിച്ചു. ഇന്ദ്രജിത്തുമായി രാമലക്ഷ്മണന്മാര്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ അവര്‍ നാഗാസ്ത്രത്താല്‍ ബന്ധിതരായി. നാഗാസ്ത്രബന്ധനത്തില്‍ നിന്നും ഗരുഡന്‍ അവരെ വിമുക്തരാക്കി. രാമരാവണന്മാര്‍ വീണ്ടും ഏറ്റുമുട്ടിയപ്പോള്‍ ക്ഷീണിച്ച രാവണനെ കൊല്ലാതെ രാമന്‍ വിട്ടു. രാമന്റെ ഔദാര്യത്തില്‍ ജീവന്‍ തിരിച്ചുകിട്ടിയ രാവണന്‍ അപമാനിതനായിരുന്നു.
അപ്പോഴാണ് ഉറക്കത്തിലായിരുന്ന കുംഭകര്‍ണ്ണനെ ഒരു കണക്കിന് ഉണര്‍ത്തിയത്. മഹാപ്രതാപിയായ കുംഭകര്‍ണ്ണന്‍ ജന്തുജാലത്തെ മുഴുവന്‍ ഉണര്‍ന്നിരുന്നു ഭക്ഷിച്ചു തീര്‍ത്തിരുന്നപ്പോള്‍ ജന്തുജാലരക്ഷയ്ക്ക് വേണ്ടിയാണ് ദീര്‍ഘനിദ്ര വിധാതാവ് കുംഭകര്‍ണ്ണന് നല്കിയത്. യുദ്ധത്തില്‍ ലങ്കയിലെ യുവത്വം മുടിഞ്ഞുകൊണ്ടിരുന്നു. ലങ്കയെ രക്ഷിക്കാനായിട്ടാണ് കുംഭകര്‍ണ്ണന്‍ ആയുധമെടുത്ത് യുദ്ധത്തിന് തയ്യാറായത്. വിഭീഷണ വാക്യം സ്വീകരിച്ച് യുദ്ധം ഒഴിവാക്കുകയായിരുന്നു ഉത്തമം എന്ന ബോദ്ധ്യം ഉണ്ടായിരുന്നുവെങ്കിലും രാവണന് വേണ്ടി രാമനെ താന്‍ വധിക്കുമെന്ന് കുംഭകര്‍ണ്ണന്‍ പ്രതിജ്ഞ ചെയ്തു. രണ്ട് മനസ്സോടെ യുദ്ധം ചെയ്ത കുംഭകര്‍ണ്ണന് യുദ്ധത്തിനിടയില്‍ ഉന്മാദം ഇളകി. സ്വപക്ഷത്തുള്ള രാക്ഷസസൈന്യത്തേയും കുംഭകര്‍ണ്ണന്‍ കൊന്നുതിന്നു. രാമസായകമേറ്റ് കൈകാലുകളും തലയും അറ്റ് കുംഭകര്‍ണ്ണനും മരിച്ചു. ത്രിശിരസ്സ്, ദേവാന്തകന്‍, നരാന്തകന്‍, അതികായന്‍ എന്നിവര്‍ മത്തന്‍-ഉന്മത്തന്മാരുടെ സഹായത്തോടെ യുദ്ധത്തിനിറങ്ങി. അംഗദന്റെ ആയുധത്തിന് ഇരയായി നരാന്തകന്‍ വീരസ്വര്‍ഗ്ഗത്തിലെത്തി. ത്രിശിരസ്സിന്റെ വാള്‍ പിടിച്ചെടുത്തു. മാരുതി അവന്റെ മൂന്നുതലകളും വെട്ടിമാറ്റി. ലക്ഷ്മണന്‍ ബ്രഹ്മാസ്ത്രം ചെയ്തു. അതികായകനെ കൊന്നു. ഇന്ദ്രജിത്തുമായി ഏറ്റുമുട്ടിയ ലക്ഷ്മണന്‍ മരണത്തോട് അടുത്തു. ഋഷഭാചല ശൃംഗത്തിനും മഹാകൈലാസ ശൃംഗത്തിനും നടുക്ക് ഔഷധിഗിരി. അവിടെനിന്നും മൃതസഞ്ജീവനി കൊണ്ടുവരാന്‍ മാരുതി പറന്നു. ഔഷധങ്ങള്‍ കാണാന്‍ കഴിയായ്കയാല്‍ മാരുതി മലയെത്തന്നെ എടുത്തുകൊണ്ടുവന്നു. ലക്ഷ്മണനും ജീവന്‍ അവശേഷിച്ചിരുന്ന വാനരസൈനികരും ജീവിതത്തിലേക്ക് തിരിച്ചുവന്നു.
ആവേശോന്മത്തരായ വാനരസൈന്യം ലങ്കാനഗരത്തിന് തീവെച്ചു. ഹനുമാന്റെ ലങ്കാദഹനത്തിന് ശേഷമുള്ള രണ്ടാമത്തെ ലങ്കാദഹനമായിരുന്നു അത്. ലങ്കയിലെ വന്‍ സൗധങ്ങള്‍ എല്ലാം അഗ്നിക്കിരയായി. ലങ്ക വെന്തു ചാമ്പലായി. എന്നിട്ടും രാവണന്‍ യുദ്ധം നിര്‍ത്താന്‍ തയ്യാറായില്ല. കമ്പന്‍, നികുംഭന്‍, കുംഭന്‍, പ്രജംഘശിരസ്സ്, യൂപാക്ഷന്‍ എന്നിവരെ യുദ്ധത്തിനിറക്കി പിടിച്ചുനില്ക്കാന്‍ രാവണന്‍ ശ്രമിച്ചു. ഈ വീരന്മാരെല്ലാം സുഗ്രീവന്‍, അംഗദന്‍, ഹനുമാന്‍, വൈന്ദന്‍ എന്നീ വാനരസേനാനായകരാല്‍ കൊല്ലപ്പെട്ടു. ഈ തോല്‍വിക്ക് പരിഹാരം വീട്ടി യുദ്ധം ജയിക്കാനായി മകനായ മകരാക്ഷനെ രാവണന്‍ യുദ്ധത്തിനയച്ചു. മകരാക്ഷനും കൊല്ലപ്പെട്ടപ്പോള്‍ അന്തിമയുദ്ധത്തിനായി ഇന്ദ്രജിത്ത് തയ്യാറായി. രാമസൈന്യത്തിന്റെ വീര്യം കെടുത്താനായി മായാ വിദ്യയാല്‍ സീതാവധം നടത്തി ഇന്ദ്രജിത്ത് രാമനെ വിഭ്രമിപ്പിച്ചു. സീത വധിക്കപ്പെട്ടാല്‍ രാമന്‍ യുദ്ധം തോറ്റു എന്ന കാര്യത്തില്‍ ഇന്ദ്രജിത്തിന് സംശയമുണ്ടായില്ല. മായാസീത വധത്തില്‍ രാമസൈന്യം ദുഃഖിതരായിരിക്കുന്നസമയം തങ്ങള്‍ക്ക് ഹോമത്തിലൂടെ ഭൂതബലി ചെയ്തു ശക്തി സംഭരിക്കാമെന്നും രാവണപക്ഷം കരുതി. പക്ഷെ, ചതി വേഗം മനസ്സിലാക്കിയ രാമസൈന്യം ലങ്കയെ തവിടുപൊടിയാക്കി ഹോമം മുടക്കി.
ഇന്ദ്രജിത്ത് പരദുര്‍ജ്ജയന്‍ എന്നാണ് പ്രശംസിക്കപ്പെട്ടിരുന്നത്. അന്യര്‍ക്ക് തോല്പിക്കാന്‍ കഴിയാത്തവനായ ഇന്ദ്രജിത്തിനെ രഥം തകര്‍ത്ത്, കുതിരകള്‍ കൊല്ലപ്പെട്ട്, സാരഥി വധിക്കപ്പെട്ട് ഭൂമിയില്‍ നിന്നു യുദ്ധം ചെയ്തുകൊണ്ടിരിക്കെ ഐന്ദ്രാസ്ത്രമെയ്ത് ലക്ഷ്മണന്‍ വധിച്ചു. മുതലകളും വന്‍ തിരമാലകളുമുള്ള മഹാസാഗരം ഗര്‍ജ്ജിക്കുന്നതുപോലെ രാവണന്‍ അലറി. താന്‍ ആരെ കാംക്ഷിച്ചാണോ ഈ യുദ്ധമെല്ലാം ചെയ്തത് ആ സീതയെ വധിച്ചു പ്രതികാരം ചെയ്യാന്‍ രാവണന്‍ തീരുമാനിച്ചു. എന്നാല്‍ കോപംമൂലം സ്ത്രീഹത്യ എന്ന അപമാനകരമായ കാര്യം പുലസ്ത്യന്റെ മകന്‍ ചെയ്യരുത് എന്ന് സുപാര്‍ശ്വന്‍ രാവണനെ ഉപദേശിച്ചു. രാവണന്റെ രോഷാഗ്നിയില്‍ രാമലക്ഷ്മണന്മാര്‍ വെന്തുചാമ്പലാകുമെന്നും അങ്ങനെ യുദ്ധം ജയിച്ചു സീതയെ നേടാമെന്നും സുപാര്‍ശ്വന്‍ പറഞ്ഞു. അതോടെ മൈഥിലീവധശ്രമം ഉപേക്ഷിച്ച് രാവണന്‍ സര്‍വ്വസൈന്യസന്നാഹങ്ങളോടെ രാമനോട് എതിര്‍ക്കാന്‍ യുദ്ധക്കളത്തിലെത്തി.
രാമരാവണയുദ്ധത്തിനു സമാനമായി മറ്റൊന്നും ലോകത്തുണ്ടായിട്ടില്ല എന്നാണ് കവിവാക്യം. അത് ശരിയായിരുന്നു. അത്രയ്ക്ക് ഘോരമായിരുന്നു യുദ്ധവും യുദ്ധത്തിന്റെ കെടുതികളും. അതിമാരകങ്ങളായ ആയുധങ്ങള്‍ രണ്ടുപേരും ഉപയോഗിച്ചു. രണ്ടു സൈന്യങ്ങളിലും വന്‍നാശമുണ്ടായി. ആ യുദ്ധത്തില്‍ ഭാഗ്യം രാമന്റെ കൂടെയായിരുന്നു. അഗസ്ത്യന്‍ ആദിത്യമന്ത്രം ഓതി രാമന്റെ ആത്മവീര്യം ഉദീപ്തമാക്കി. ദേവേന്ദ്രന്‍ തന്റെ സാരഥിയായ മാതലിയേയും ദേവരഥത്തേയും നല്കി യുദ്ധത്തിന്റെ ഗതി നിയന്ത്രിച്ചു. ഋഷീശ്വരന്മാരുടെയും ദേവഗണങ്ങളുടെയും അനുഗ്രഹങ്ങള്‍ ഉണ്ടായിരുന്നു. പതിവ്രതയും നിസ്സഹായയും ആയ ഒരു സ്ത്രീയുടെ കണ്ണുനീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥനയുണ്ടായിരുന്നു. ആ പ്രാര്‍ത്ഥനയാണ് രാമനെ തളരാതെ യുദ്ധക്കളത്തില്‍ ഊര്‍ജ്ജസ്വനാക്കിനിര്‍ത്തിയത്. അതിനെല്ലാം ഉപരിയായി ധര്‍മ്മനിഷ്ഠ പ്രദാനം ചെയ്യുന്ന മങ്ങാത്ത ആത്മവിശ്വാസം ഉണ്ടായിരുന്നു. ഇവയെല്ലാം ഒന്നുചേര്‍ന്നപ്പോള്‍ രാമരാവണ യുദ്ധത്തില്‍ രാമന്‍ ജയിച്ചു. സീതവിമോചിതയുമായി. രാവണനെ എതിരേറ്റത് ഒന്നൊന്നായ ശാപങ്ങളായിരുന്നു. ആ ശാപങ്ങള്‍ എല്ലാം ദൗര്‍ഭാഗ്യമായി മാറി. പരാജയം മുന്നില്‍ കണ്ടിട്ടും പതറാതെ നിന്നുപൊരുതി എന്നതാണ് രാവണന്റെ മരണാനന്തരം രാമന്‍ പറഞ്ഞതുപോലെ, രാവണന്റെ യോഗ്യത.
Comments are closed.