രാമന്‍ ധര്‍മ്മവിഗ്രഹം
ഡോ. കെ.എസ്. രാധാകൃഷ്ണന്‍
ശ്രീരാമനെ ധര്‍മ്മവിഗ്രഹം എന്നാണ് വാല്മീകി രാമായണത്തില്‍ വിശേഷിപ്പിക്കുന്നത്. വിശേഷേണ ഗ്രഹിക്കാനുതകുന്നതാണ് വിഗ്രഹം. സാമാന്യതത്ത്വത്തെ ഒരു വിശേഷണത്തിന്റെ സഹായത്തോടെ വിശദീകരിച്ചു സുഗ്രാഹ്യമാക്കുക എന്നതാണ് വിഗ്രഹത്തിന്റെ ലക്ഷ്യം. കാരണം, പ്രപഞ്ച പ്രതിഭാസങ്ങളില്‍ ലീനമായിരിക്കുന്ന സാമാന്യതത്ത്വങ്ങളെ ആ പ്രതിഭാസങ്ങളെ നിരീക്ഷിച്ചുകൊണ്ടറിയാന്‍ സാമാന്യജനങ്ങള്‍ക്ക് സാധാരണ ഗതിയില്‍ കഴിയാറില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ ഏതെങ്കിലും ഒരു വിശേഷ പ്രതിഭാസത്തെ ആധാരമാക്കി സാമാന്യതത്ത്വത്തെ സുവ്യക്തമാക്കുക എന്നത് എല്ലാ വിജ്ഞാനശാഖകളും പിന്‍തുടരുന്ന രീതിയാണ്. ആപ്പിളിനെ ഉപാധിയാക്കി സര്‍ ഐസക് ന്യൂട്ടന്‍ ഗുരുത്വാകര്‍ഷണനിയമം ആവിഷ്‌കരിച്ചത് വളരെ പ്രസിദ്ധമായ ഉദാഹരണം. ന്യൂട്ടന്‍ ജനിക്കുന്നതിനുമുന്‍പും ആദ്യത്തെ ആപ്പിള്‍ ഉണ്ടാകുന്നതിന് മുന്‍പും പ്രപഞ്ചത്തില്‍ ഗുരുത്വാകര്‍ഷണ നിയമം ഉണ്ടായിരുന്നു. ആപ്പിളില്‍ ഗുരുത്വാകര്‍ഷണ നിയമം അന്തര്‍ലീനമാണ്.
എന്നാല്‍ ആപ്പിളില്‍ മാത്രമാണ് ഗുരുത്വാകര്‍ഷണ നിയമം ഉള്ളത് എന്നും കരുതാനാകില്ല. വീഴുന്ന ആപ്പിളിലും വീഴാത്ത ന്യൂട്ടനിലും ചലിക്കാത്ത ശിലയിലുമടക്കം പ്രപഞ്ചമാകെ ആ നിയമം വ്യാപ്തമാണെന്നു സ്ഥാപിക്കാനാണ് ന്യൂട്ടന്‍ ആപ്പിളിനെ ഉപാധിയാക്കിയത്. അതുപോലെ ധര്‍മ്മവിഗ്രഹമായ ശ്രീരാമനില്‍ മാത്രമല്ല, ഈ പ്രപഞ്ചത്തിലെ എല്ലാ പ്രതിഭാസങ്ങളിലും ലീനമായിരുന്ന് അവയെ എല്ലാം നിയന്ത്രിക്കുന്ന തത്ത്വമാണ് ധര്‍മ്മമെന്ന് വിശദീകരിക്കുന്നതിനു വേണ്ടിയാണ് വാല്മീകി രാമകഥാകാവ്യം രചിച്ചത്. മനുഷ്യരൂപമെടുത്ത ശ്രീരാമനിലും ശിലയായി ഉറങ്ങിക്കിടക്കുന്ന അഹല്യയിലും പക്ഷിയായി പറക്കുന്ന ജടായുവിലും കുരങ്ങനായി പോരാടിയ ഹനുമാനിലുമെല്ലാം തെളിഞ്ഞുനില്ക്കുന്നത് ധര്‍മ്മം തന്നെയാണെന്ന് രാമായണം ഉദ്‌ഘോഷിക്കുന്നു.
പ്രപഞ്ചം അനാദിയും അവ്യക്തവും അനന്തവുമാണ് എന്നാണ് ഋഷിവചനം. പ്രപഞ്ചം അനാദിയായതുകൊണ്ട് അതിന് അന്ത്യവും ഇല്ല. കാരണം തുടക്കമില്ലാത്തതിന് ഒടുക്കവും ഉണ്ടാകില്ല. അനേകമായതുകൊണ്ട് അതിനെ വ്യാഖ്യാനിച്ച് ഒതുക്കാനാകില്ല; എണ്ണി തിട്ടപ്പെടുത്താനും കഴിയില്ല. സ്വാഭാവികമായും പ്രപഞ്ചം അവ്യക്തവുമാണ്. ഇതേ കാരണം കൊണ്ട് പ്രപഞ്ചം അനന്തമാണെന്നും പറയാം.
പ്രപഞ്ചത്തിന്റെ ചാലകശക്തിയായി പ്രപഞ്ചമാകെ വ്യാപിച്ചുകൊണ്ട് പ്രപഞ്ചത്തെ നിലനിര്‍ത്തുന്ന ധര്‍മ്മത്തിനും പ്രപഞ്ചത്തിന്റെ വിശേഷണങ്ങള്‍ എല്ലാം ചേരുകയും ചെയ്യും. ധര്‍മ്മവും അനാദിയും അനന്തവും അവ്യാഖേയവും അവ്യക്തവുമാണ്. പ്രപഞ്ചത്തിലെ പ്രതിഭാസങ്ങള്‍ക്ക് തുടക്കവും ഒടുക്കവും ഉണ്ട്. അവയെല്ലാം സംയോഗ വിയോഗങ്ങളിലൂടെ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഓരോ സംയോഗവും മറ്റൊന്നില്‍ നിന്നുള്ള വിയോഗത്തെയാണ് സാധൂകരിക്കുന്നത്. അതുപോലെ വിയോഗം വേറെ ഒന്നിലേക്കുള്ള സംയോഗവുമാണ്. ഓരോ പ്രതിഭാസവും പ്രളയജലത്തില്‍ യുഗാവസാനം ലീനമാകുമ്പോഴും മറ്റൊരു യുഗത്തിന്റെ ആരംഭവും അതില്‍ ഉണ്ട്. ഇതേയുക്തി തന്നെയാണ് ജനിമൃതികളിലൂടെ ആവര്‍ത്തിക്കപ്പെടുന്ന ജന്മപരമ്പരകള്‍ക്കും ബാധകം. അതുകൊണ്ട് ഓരോ ജനനത്തിലും മരണവും ഓരോ മരണത്തിലും ജനനവും അന്തര്‍ലീനമാണെന്നും പറയാം. പ്രപഞ്ചത്തിന്റെ ചാലകശക്തിയായി പ്രപഞ്ചമാകെ വ്യാപിച്ചുകൊണ്ട് സൃഷ്ടിസ്ഥിതി ലയങ്ങളിലൂടെ പ്രപഞ്ചത്തെ നിലനിര്‍ത്തുന്നത് എന്തോ അതാണ് ധര്‍മ്മമെന്ന് ധര്‍മ്മത്തെ വ്യാഖ്യാനിക്കുന്നതും ഇതേ കാര്യം കൊണ്ടാണ്. പ്രപഞ്ചം സാമാന്യമായി പറഞ്ഞാല്‍ സ്ഥൂലസൂക്ഷ്മ കാരണ രൂപങ്ങളില്‍ സ്ഥിതി ചെയ്യുന്നുണ്ട് എന്നു പറയാം. ധര്‍മ്മവും സ്ഥൂലസൂക്ഷ്മകാരണ ഭാവങ്ങളില്‍ പ്രപഞ്ചത്തില്‍ പ്രതിഭാസിക്കുന്നുണ്ട്. കണ്ണ്, കാത്, മൂക്ക്, നാക്ക്, ത്വക്ക് എന്നീ ജ്ഞാനേന്ദ്രിയവ്യവഹാരത്തിലൂടെ അറിയാന്‍ കഴിയുന്ന പ്രപഞ്ചത്തെയാണ് സ്ഥൂലപ്രപഞ്ചം എന്നു പറയുന്നത്. മണല്‍ത്തരിയും താരയൂഥവും മഹാസാഗരങ്ങളും മഹാശൈലങ്ങളും മനുഷ്യനുമെല്ലാം സ്ഥൂലപ്രപഞ്ചത്തില്‍ ഉള്‍പ്പെടും. മനോവ്യാപാരത്തിലൂടെ നേടുന്ന അനുഭവത്തെയാണ് സൂക്ഷ്മപ്രപഞ്ചം എന്നു പറയുന്നത്. ജ്ഞാനകര്‍മ്മേന്ദ്രിയങ്ങളുടെ സൂക്ഷ്മരൂപത്തെയാണ് ഇന്ത്യയില്‍ മനസ്സ് എന്നതുകൊണ്ട് അന്വര്‍ത്ഥമാക്കുന്നത്. ജ്ഞാനകര്‍മ്മേന്ദ്രിയങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം സൂക്ഷ്മരൂപത്തില്‍ മനസ്സിന് ചെയ്യാന്‍ കഴിയും.
ഇന്ദ്രിയങ്ങളും മനസ്സും നിദ്രാവസ്ഥയില്‍ പ്രവര്‍ത്തനക്ഷമമില്ലാതിരിക്കുന്ന അവസ്ഥയെയാണ് കാരണഭാവം എന്നു പറയുന്നത്. ഈ അവസ്ഥയെ വാസനകള്‍ എന്നും പറയും. വിത്തില്‍ മരമെന്നപോലെയാണ് മനുഷ്യനടക്കമുള്ള പ്രതിഭാസങ്ങളില്‍ വാസനകള്‍ ലീനമായിരിക്കുന്നത്. അനുകൂല സാഹചര്യം ഉണ്ടാകുമ്പോള്‍ വിത്തുമുളച്ച് മരമാകുന്നതുപോലെ എപ്പോള്‍ വേണമെങ്കിലും വാസനകള്‍ കര്‍മ്മക്ഷമമാകാവുന്നതാണ്. വിത്തില്‍ ഒളിഞ്ഞിരിക്കുന്ന മരത്തെ കണ്ണുകൊണ്ട് കാണാന്‍ കഴിയാത്തതുപോലെ നമ്മില്‍ ഒളിഞ്ഞിരിക്കുന്ന വാസനകളെ നാം കാണണമെന്നില്ല. നാം കാണുന്നില്ല എന്നതുകൊണ്ടുമാത്രം ഒന്നും ഇല്ലാതാകുന്നുമില്ല.
പ്രപഞ്ചമാകെ വ്യാപ്തമായിരുന്നുകൊണ്ട് സൃഷ്ടിസ്ഥിതിലയങ്ങളിലൂടെ പ്രപഞ്ചത്തെ നിയന്ത്രിച്ചു നിലനിര്‍ത്തുന്ന ധര്‍മ്മവ്യവഹാരത്തെ സ്ഥൂല സൂക്ഷ്മ കാരണ ഭാവരൂപങ്ങളില്‍ ആവിഷ്‌കരിക്കുന്നതിന് വാല്മീകി ഉപയുക്തമാക്കിയിരിക്കുന്ന വിഗ്രഹമാണ് രാമകഥ. രാമകഥാകഥനത്തിലൂടെ വാല്മീകി ധര്‍മ്മവ്യവഹാരത്തെയാണ് ആവിഷ്‌കരിക്കുന്നത് എന്നു സാരം. പ്രപഞ്ചത്തിന്റെ ചാലകശക്തിയായി അതിനെ നിയന്ത്രിച്ചു നിലനിര്‍ത്തുന്ന ധര്‍മ്മം പ്രപഞ്ചംപോലെ സനാതനമാണ്. അതായത്, പ്രപഞ്ചത്തെ നിലനിര്‍ത്തുന്ന ശക്തിവിശേഷം സനാനതമായതുകൊണ്ടാണ് പ്രപഞ്ചം നിലനില്‍ക്കുന്നത് എന്നു സാരം. ഈ അര്‍ത്ഥത്തിലാണ് നിലനിര്‍ത്തുന്നത് എന്തോ അതാണ് ധര്‍മ്മം എന്നു പറയുന്നത്. സനാതനം എന്നാല്‍ നശിക്കാത്തത് എന്ന അര്‍ത്ഥം കൂടിയുണ്ട് എന്നും ഓര്‍ക്കണം. സ്വയം നശിക്കാത്തതിന് മാത്രമേ മറ്റെന്തിനേയും നാശത്തില്‍ നിന്നും രക്ഷിക്കാന്‍ കഴിയൂ. സ്വയം നശിക്കാതിരിക്കുകയും പ്രപഞ്ചത്തെ നാശത്തില്‍ നിന്നും രക്ഷിക്കുകയും ചെയ്യുന്നതുകൊണ്ടാണ് ധര്‍മ്മം രക്ഷയാണെന്നു പറയുന്നത്. അതായത് സ്വയം രക്ഷിതമായതുകൊണ്ട് ധര്‍മ്മത്തെ രക്ഷിക്കുന്നവയെ എല്ലാം ധര്‍മ്മം രക്ഷിക്കുമെന്നും പറയാവുന്നതാണ്.
അതുകൊണ്ടാണ് ധര്‍മ്മത്തെ രക്ഷിക്കുക എന്നാല്‍ ധര്‍മ്മത്താല്‍ രക്ഷിക്കപ്പെടുക എന്ന് വിവക്ഷിക്കുന്നത്. ഇതേ യുക്തി ഉപയോഗിച്ചാണ് നിയമത്തെ രക്ഷിക്കുന്നവനെ നിയമം രക്ഷിക്കുമെന്നും പറയുന്നത്. നിയമത്തെ അനുസരിക്കുന്നവന് മാത്രമേ നിയമത്തിന്റെ പരിരക്ഷ ലഭിക്കുകയുള്ളൂ. നിയമം ലംഘിക്കുന്നവനെ നിയമം പരിരക്ഷിച്ചാല്‍ നിയമവ്യവസ്ഥ തകരും. നിയമ വ്യവസ്ഥ തകര്‍ന്നാല്‍ ആര്‍ക്കും നിലനില്ക്കാനാകില്ല. അതുകൊണ്ട് ആരുടെ നിലനില്പിനും നിയമവ്യവസ്ഥാസംരക്ഷണം അനിവാര്യമായതുകൊണ്ടാണ് നിയമാനുസൃതമായ ജീവിതമാണ് ഉത്തമമെന്നും അതുപ്രകാരം ജീവിക്കുക എന്നതാണ് പ്രധാന പൗരധര്‍മ്മമെന്നും അനുശാസിക്കുന്നത്.
അതുപോലെ ധര്‍മ്മത്തെ രക്ഷിച്ചുകൊണ്ട് ധര്‍മ്മത്താല്‍ രക്ഷിക്കപ്പെടുക എന്നതാണ് മനുഷ്യന്റെ പ്രഥമവും പ്രധാനവുമായ കടമ എന്ന കാര്യവും മറക്കരുത്. ധര്‍മ്മത്തെ രക്ഷിച്ചുകൊണ്ട് ധര്‍മ്മത്താല്‍ പരിരക്ഷിക്കപ്പെടുന്ന പ്രപഞ്ചജീവിത നടനത്തെയാണ് രാമകഥാഖ്യാനത്തിലൂടെ വാല്മീകി ആവിഷ്‌കരിക്കുന്നത്. രാമകഥ മനുഷ്യകഥാനുഗാനം മാത്രമല്ല, സസ്യലതാദികളും പക്ഷിമൃഗാദികളും മാത്രമല്ല, പഞ്ചഭൂത നിര്‍മ്മിതമായ സര്‍വ്വവും ധര്‍മ്മവ്യവഹാരത്തിന്റെ ഭാഗമായതുകൊണ്ട് രാമകഥയുടെ ഭാഗവുമായി മാറും. മഹാസാഗരങ്ങളും മഹാശൈലങ്ങളും നക്ഷത്രമണ്ഡലവും മണര്‍ത്തരികളുമെല്ലാം ഉള്‍ച്ചേര്‍ന്നു നില്ക്കുന്നതാണ് രാമകഥ. രാമകഥയ്ക്ക് പുറത്ത് ഒന്നുംതന്നെയില്ല. ചെറുതും വലുതും നന്മയും തിന്മയും ധര്‍മ്മവും അധര്‍മ്മവുമെല്ലാം രാമകഥയിലൂടെ ആവിഷ്‌കൃതമാകുന്നു. ഈ അര്‍ത്ഥത്തില്‍ രാമകഥാഖ്യാനം പ്രപഞ്ചകഥാഖ്യാനം തന്നെയാണ്.
Comments are closed.