DCBOOKS
Malayalam News Literature Website

കണ്ടൂ സീതയെ…

അഞ്ജനാതനയനായ മാരുതിയാണ് സുന്ദരകാണ്ഡത്തിലെ നായകന്‍. കാറ്റിന്റെ വേഗവും മെയ്‌വഴക്കവും കരുത്തും പര്‍വ്വതത്തിന്റെ സ്ഥൈര്യവും ഉള്ള വിഖ്യാതനായ രാമഭക്തനായി അപ്പോള്‍ മാരുതി അറിയപ്പെട്ടിരുന്നില്ല. സീതാന്വേഷണത്തിനായി സുഗ്രീവന്‍ നിയോഗിച്ച അനേകം കുരങ്ങന്മാരില്‍ ഒരാള്‍; ദക്ഷിണദിക്കിലേക്ക് നിയോഗിക്കപ്പെട്ട അന്വേഷണസംഘത്തിന്റെ മേധാവി; അംഗദന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന സുഗ്രീവന്റെ വിശ്വസ്തനായ മന്ത്രി, ഇത്രയൊക്കെ വിശേഷണങ്ങളാണ് മാരുതി സുന്ദരകാണ്ഡത്തിന്റെ തുടക്കത്തില്‍ അറിയപ്പെട്ടിരുന്നത്. ഹനുമാന്റെ ഭാഷാശുദ്ധിയില്‍ മതിപ്പുണ്ടായിരുന്ന രാമന്‍ തന്റെ ഉള്‍ക്കാഴ്ചയിലൂടെ മാരുതിയുടെ ശക്തി തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണല്ലോ അടയാളമോതിരം മാരുതിയുടെ കയ്യില്‍ രാഘവന്‍ ഏല്പിച്ചത്.

ഒടുവില്‍ കടല്‍ ചാടിക്കടക്കാന്‍ നിയുക്തനാക്കപ്പെട്ടവന്‍ മാരുതിയായിരുന്നു. അസാമാന്യമായ കൃത്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ മാരുതിക്കാവുമെന്ന് കണ്ടറിഞ്ഞ് സമുദ്രലംഘനത്തിനുള്ള ആത്മവിശ്വാസം ഹനുമാനില്‍ ഉദ്ദീപ്തമാക്കിയത് ജാംബവാനാണ്. ആത്മവിശ്വാസത്താല്‍ പ്രചോദിതനായിട്ടാണ് മഹേന്ദ്രശൈല ശൃംഗത്തില്‍ മാരുതി നിന്നത്. ദക്ഷിണദിക്കിലെ ലങ്കാനഗരം അതിനുമുന്‍പ് മാരുതി കണ്ടിരുന്നില്ല. നാലുവശവും ഉപ്പുവെള്ളം നിറഞ്ഞിരിക്കുന്നതും നരഭോജികളായ മത്സ്യങ്ങള്‍ നീന്തി നടക്കുന്നതും എളുപ്പത്തില്‍ ആര്‍ക്കും എത്തിച്ചേരാന്‍ കഴിയാത്തതുമായ മഹാനഗരമാണ് ലങ്ക. രാവണരാജധാനിയുടെയും രാവണരാജ്യത്തിന്റെയും യഥാര്‍ത്ഥ സംരക്ഷണം ഈ സമുദ്രമായിരുന്നു. ആ സമുദ്രം നൂറുയോജന ചാടിക്കടക്കുന്നതിനുവേണ്ടി മനസ്സിനെ ആദ്യം അവിടെ ഉറപ്പിക്കുകയായിരുന്നു മാരുതി ചെയ്തത്. മനസ്സുപോയ വഴിയെ ശരീരത്തെ എത്തിക്കുക എന്ന ദൗത്യമാണ് മാരുതി സമുദ്രലംഘനത്തിലൂടെ നിര്‍വ്വഹിച്ചത്.

വായുവേഗത്തില്‍ അനായാസമായി മാരുതി കടല്‍ കടന്നു ലങ്കയിലെത്തി. മാരുതി കണ്ട ലങ്കാനഗരമാണ് വായനക്കാര്‍ കാണുന്നത്. ലങ്കാനഗരത്തിന്റെ പ്രൗഢിയും ആഡംബരവും അല്പം പോലും മങ്ങല്‍ ഏല്‍ക്കാതെ വിവരിക്കുവാന്‍ മാരുതി ശ്രമിച്ചു. രാവണനോട് അനിഷ്ടമുണ്ടായിരുന്നു എങ്കിലും രാവണരാജ്യത്തെ വിവരിക്കുമ്പോള്‍ അതിന്റെ ആര്‍ഭാടം അനിഷ്ടത്തിന്റെ പേരില്‍ കുറച്ചുകണ്ടില്ല. താന്‍ ഒരിക്കലും അസത്യം പറയില്ല എന്നു മാത്രമല്ല, മനസ്സില്‍ അസത്യം തോന്നുകയും ഇല്ലെന്നു ജാനകിയോട് മാരുതി പറയുന്നത് തീര്‍ത്തും ശരിയാണെന്നു വായനക്കാരന് തോന്നുന്നതും അതുകൊണ്ടാണ്. ലങ്കയിലേക്ക് ഹനുമാന്‍ പറന്നുപോകുമ്പോള്‍ മൈനാകപര്‍വ്വതം സമുദ്രത്തില്‍ നിന്നും ഉയര്‍ന്നുവന്ന് വിശ്രമത്താവളമൊരുക്കി. മാരുതിയുടെ ബലവേഗങ്ങള്‍ പരീക്ഷിക്കാനായി സുരസ എത്തി. നിഴലിനെപോലും പിടിച്ചുതിന്നാന്‍ കെല്പുള്ള സിംഹിക തടയാന്‍ പരിശ്രമിച്ചു. ഇന്ദ്രിയങ്ങളും മനസ്സും ശരീരവും ലങ്കയില്‍ ഉറപ്പിച്ച മാരുതി അതിനെയെല്ലാം ആയാസരഹിതമായി അതിജീവിച്ചു. കടല്‍ കടക്കാനായി പറക്കുമ്പോള്‍ മാരുതിക്ക് ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. സീതയെ കണ്ടെത്തി തിരിച്ചുവന്നു വിവരം രാമലക്ഷ്മണന്മാരെയും സുഗ്രീവനെയും അറിയിക്കുക.

ലങ്കാനഗരദര്‍ശനത്തിന്റെ അവസാനമാണ് അശോകവനിയിലെ ശിംശിപാ വൃക്ഷച്ചുവട്ടിലിരിക്കുന്ന സീതയെ കണ്ടത്. രാക്ഷസനാരിമാരുടെ കടുവാക്കുകളും രാവണരാജന്റെ ഭീഷണിയും കൊണ്ട് തളര്‍ന്നിരുന്നെങ്കിലും പ്രാണന്‍ ത്യജിച്ചും പാതിവ്രത്യം സംരക്ഷിക്കുമെന്ന ദൃഢപ്രതിജ്ഞ ചെയ്യുന്ന സീതയെയാണ് മാരുതി ലങ്കയില്‍ കണ്ടത്. നീണ്ട ജടപിടിച്ച തലമുടി കഴുത്തില്‍ ചുറ്റി തൂങ്ങിമരിക്കാമെന്നാണ് സീത കരുതിയത്. സീതയോട്, ഏത് ഭാഷയില്‍ സംസാരിക്കുമെന്നത് ഹനുമാന് ഒരു പ്രശ്‌നമായിരുന്നു. കാരണം സംസ്‌കൃതത്തിലാണ് രാവണന്‍ സംസാരിച്ചത്. സംസ്‌കൃതഭാഷയില്‍ സംസാരിച്ചാല്‍ രാവണന്റെ മായാവേഷങ്ങളില്‍ ഒന്നാകാമെന്നു സീത തെറ്റിദ്ധരിക്കാനിടയുണ്ട്. അതുകൊണ്ട് മാനുഷഭാഷയിലാണ് സീതയുടെ വിശ്വാസം ആര്‍ജ്ജിക്കുന്നതിനുവേണ്ടി മാരുതി സംസാരിച്ചത്. രാമഭൂതനായി ചെന്ന മാരുതിയുടെ സൂക്ഷ്മമായ പരഹൃദയജ്ഞാനത്തെയാണ് ഇക്കാര്യം ഉദാഹരിക്കുന്നത്. സീത ലങ്കയില്‍ എത്തിയിട്ട് പത്തുമാസം കഴിഞ്ഞിരുന്നു. രണ്ടുമാസം കൂടി കഴിഞ്ഞാല്‍ രാവണന് വശഗതയാകണം. അത് സീത ചെയ്യില്ല. പിന്നെ രണ്ട് സാദ്ധ്യതകളാണ് ഉണ്ടായിരുന്നത്. ഒന്നുകില്‍ സ്വയം മരിക്കാം അല്ലെങ്കില്‍ രാക്ഷസികളാല്‍ കൊല്ലപ്പെടാം.

വിഭീഷണനും കുടുംബവും രാക്ഷസസ്വഭാവികളല്ല എന്നും അവിന്ധ്യനാകട്ടെ ഋഷിതുല്യനാണെന്നും ഹനുമാനെ അറിയിക്കുന്നത് സീതയാണ്. ലങ്കയെ ആകെ ദഹിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ വിഭീഷണഗൃഹത്തെ ഇതുമൂലം ഒഴിവാക്കാന്‍ മാരുതി ശ്രമിക്കുകയും ചെയ്തു. രാക്ഷസവംശജര്‍ മാത്രം വസിക്കുന്നതും ധര്‍മ്മബോധമോ നീതിനിഷ്ഠയോ ഇല്ലാത്ത രാജാവായ രാവണന്‍ രാജ്യഭാരം നടത്തുന്ന ലങ്കയില്‍ ഋഷിതുല്യരും ധാര്‍മ്മികരും ഉണ്ടായിരുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. ദൂതന്‍ മാത്രമായ മാരുതി ലങ്കയില്‍ ചെയ്ത കാര്യങ്ങളും ദുസാദ്ധ്യങ്ങളായവയാണ്. അശോകവനവും പ്രമദവനവും തല്ലിത്തകര്‍ത്തു. പ്രഹസ്തപുത്രന്‍ ജംബുമാലിയെ കൊന്നു. എട്ടു മന്ത്രിപുത്രന്മാരെയും അവരുടെ സൈന്യത്തേയും മുടിച്ചു. വിരൂപാക്ഷന്‍, യൂപാക്ഷന്‍, ദുര്‍ദ്ധര്‍ഷന്‍, പ്രഘസന്‍, ഭാസകര്‍ണ്ണന്‍ എന്നീ സേനാപതികളെ വധിച്ചു. എണ്‍പതിനായിരം വരുന്ന കിങ്കരസൈന്യത്തെ മുച്ചൂടും മുടിച്ചു. രാവണപുത്രനായ അക്ഷകുമാരനെയും കൊന്നു. നിവൃത്തിയില്ലാതെയാണ് ഇന്ദ്രജിത്ത് പോരിനിറങ്ങിയതും ബ്രഹ്മാസ്ത്രം കൊണ്ട് ബന്ധിച്ച് രാവണന്റെ രാജ്യസഭയില്‍ മാരുതിയെ എത്തിച്ചതും. ദേവേന്ദ്രന്‍ പ്രതിക്രിയയ്ക്ക് വേണ്ടി അയച്ച മഹാജന്തുവാണ് ഹനുമാന്‍ എന്നാണ് രാവണന്‍ കരുതിയത്. അക്ഷകുമാരനെ കാലില്‍ പിടിച്ചു ചുഴറ്റി നിലത്തടിച്ചാണ് മാരുതി കൊന്നത് എന്ന ദുഃഖവും കോപവും രാവണനില്‍ ഒരുപോലെ വര്‍ദ്ധിച്ചിരുന്നു. നാല് സിംഹങ്ങളെ പൂട്ടിയ രഥത്തിലാണ് ഇന്ദ്രജിത്ത് ഹനുമാനെ വധിക്കാനായി യുദ്ധത്തിന് എത്തിയത്. ചണക്കയര്‍ കൊണ്ട് കൈകാലുകള്‍ ബന്ധിച്ചാണ് ഇന്ദ്രസഭയ്ക്ക് തുല്യമെന്ന് രാവണന്‍ വിശ്വസിക്കുന്ന രാജസഭയില്‍ ഹനുമാനെ എത്തിച്ചത്. പ്രഹസ്തന്‍, മഹാപാര്‍ശ്വന്‍, മഹാമന്ത്രിയായ നികുംഭന്‍, മന്ത്രിമാരും, പ്രമാണിമാരുമടങ്ങുന്ന സദസ്സ് നിശ്ശബ്ദമായിരുന്നു. വിചാരണ ചെയ്യാനായി രാജാവായ രാവണന്‍ അനുവാദം നല്കി. ആ സദസ്സ് നീതിനിര്‍വ്വഹണ സഭയാണെന്നും സത്യമേ പറയാവൂ എന്നും സത്യം പറഞ്ഞാല്‍ നിരുപാധികം മോചിപ്പിക്കാമെന്നും കളവു പറഞ്ഞാല്‍ വധിക്കപ്പെടുമെന്നും ആമുഖമായി പ്രഹസ്തന്‍ പറഞ്ഞു. കള്ളം പറയാനും കക്കാനും യാതൊരു മടിയുമില്ലാത്ത രാവണനാണ് അദ്ദേഹത്തോട് എല്ലാവരും സത്യം പറയണമെന്ന് ശഠിക്കുന്നത്. അതാണ് സത്യത്തിന്റെ ശക്തി. ഏതു പെരുങ്കള്ളനും തന്നോട് സത്യം പറയണമെന്ന് ആഗ്രഹിക്കാനുള്ള കാരണം എല്ലാവരും കളവ് പറയുന്ന ഒരു സമൂഹത്തില്‍ ഒരു പെരുങ്കള്ളനും ജീവിക്കാനാവില്ല എന്നതാണ്. പെരുങ്കള്ളന് ജീവന്‍ നിലനിര്‍ത്തണമെങ്കിലും താനൊഴികെയുളളവര്‍ സത്യം പറയുന്ന സമൂഹം നിലനിന്നേ പറ്റൂ. ലോകം സത്യത്തിന്റെ ബലമുള്ള ശിലയിലാണ് നിലനില്ക്കുന്നത് എന്നു പറയുന്നതും അതുകൊണ്ടുകൂടിയാണ്.

രാവണരാക്ഷസന്‍ സ്മരിക്കുന്ന കാര്യം അഹിംസയും അവ്വിധമാണ് എന്നതാണ്. ഒരു സമൂഹത്തിലെ മുഴുവന്‍ പേരും രാവണനെപോലെ പരന്റെ ഭാര്യയെ കക്കുകയും പരദാരങ്ങളെ ബലാല്‍സംഗം ചെയ്യുകയും ഇഷ്ടമില്ലാത്തവരെ കൊല്ലുകയും ചെയ്യുന്ന അവസ്ഥയില്‍ ഒരു രാവണരാക്ഷസ രാജാവിനും ജീവിക്കാനാകില്ല. അത്തരമൊരു സമൂഹത്തില്‍ പരശക്തനായവന്‍ മാത്രമെ അവശേഷിക്കുകയുള്ളൂ. ഇന്നത്തെ ശക്തന്‍ നാളെ അശക്തനായേക്കാം. അതുകൊണ്ടാണ് ദേവന്മാരാലും അസുരന്മാരാലും താന്‍ വധിക്കപ്പെടരുത് എന്ന വരദാനത്തോടെ ജീവിച്ച രാവണന്‍ മനുഷ്യനായ രാമനാല്‍ വധിക്കപ്പെട്ടത്. കുരങ്ങനായ ഹനുമാനാല്‍ രാവണസൈന്യം മുടിഞ്ഞത്; പ്രമാണിമാരായ രാക്ഷസ വീരന്മാര്‍ കൊല്ലപ്പെട്ടത്. സ്വാഭാവികമായും ശക്തന്റെ അഹങ്കാരവും അടക്കി വാഴ്ചയുമല്ല ശക്തന്റേയും അശക്തന്റേയും സഹകരണവും സഹവര്‍ത്തിത്വവുമാണ് ധാര്‍മ്മികമായ ജീവിതരീതി എന്ന് വാല്മീകി നിരീക്ഷിക്കുകയും ചെയ്തു. വെട്ടാന്‍ മാത്രം നടക്കുന്ന ഒരു പോത്തിനും വേദം മനസ്സിലായിട്ടില്ല. രാവണനും ധാര്‍മ്മികശക്തി എന്തെന്ന് അറിയില്ലായിരുന്നു. അതായിരുന്നു രാവണന്റെ പരാജയ കാരണവും.

കട്ടുകൊണ്ടുവന്ന ജനകപുത്രിയെ സമസ്ത അപരാധങ്ങളും ഏറ്റുപറഞ്ഞ് രാമന്റെ കാല്‍ക്കല്‍ സമര്‍പ്പിക്കുന്നതാണ് രാവണന് കരണീയം എന്നും അല്ലെങ്കില്‍ വംശനാശം സംഭവിക്കുമെന്നും ഭീഷണി സ്വരത്തില്‍ രാമദൂതന്‍ അറിയിച്ചു. ഈ സന്ദര്‍ഭത്തിലാണ് കര്‍മ്മഫല തത്ത്വം ഹനുമാന്‍ വിശദീകരിക്കുന്നത്. ഇന്നലെ ചെയ്ത അധര്‍മ്മഫലത്തെ ഇന്നത്തെ ധര്‍മ്മഫലം കൊണ്ട് മറികടക്കാനാകില്ല. ഫലരഹിതമായ കര്‍മ്മം ലോകത്തില്ല. അധര്‍മ്മം ചെയ്തയാള്‍ അനുഭവിക്കുകയും വേണം. ധര്‍മ്മം ചെയ്താല്‍ അതിന്റെ ഫലം കിട്ടും. ഇന്നു ചെയ്യുന്ന ധര്‍മ്മഫലത്തെക്കൊണ്ട് ഇന്നലെ ചെയ്ത അധര്‍മ്മഫലത്തെ തടയാനും കഴിയില്ല. ധര്‍മ്മത്തിന്റെയും അധര്‍മ്മത്തിന്റെയും ഫലങ്ങള്‍ അനുഭവിച്ചു തീരുക തന്നെ വേണം. എന്നാല്‍ അധര്‍മ്മത്തെ ഉപേക്ഷിച്ചുകൊണ്ട് ധര്‍മ്മം അനുഷ്ഠിച്ചാല്‍ ധര്‍മ്മത്തിന്റെ ഫലം അനുഭവിക്കാന്‍ കഴിയുമെന്നു രാവണനെ ഉപദേശിക്കുകയും ചെയ്തു.

അതിന്റെ ദേഷ്യം സഹിക്കാതെയാണ് വാലില്‍ തുണിചുറ്റി എണ്ണ മുക്കി തീ കൊളുത്തിയത്. അതോടെ ലങ്ക ദഹിച്ചു. രാക്ഷസര്‍ ചത്തൊടുങ്ങി. ലങ്കാനഗരം വിലാപത്തിന്റെ നഗരമായി മാറി. അതിന്റെ അവസാനം സീതയെ കണ്ട് കുശലം പറഞ്ഞതിനുശേഷം അരിഷ്ടപര്‍വ്വതത്തില്‍ കയറി വടക്കോട്ടു പറന്നു. പറന്നിറങ്ങുമ്പോള്‍ മാരുതി ഉറക്കെ പറഞ്ഞു ‘കണ്ടൂ ദേവിയെ’. വാനരവൃന്ദം അതുകേട്ട് ആഹ്ലാദിച്ചു.

Comments are closed.