DCBOOKS
Malayalam News Literature Website

മാരുതിയുടെ സമുദ്രലംഘനം

അധികാരലഹരി സുഗ്രീവനെ മത്തനാക്കി. മന്ത്രിമാരെ ഭരണമേല്പിച്ചുകൊണ്ട് അന്തപ്പുരത്തില്‍ നാരീസക്തനായി സുഗ്രീവന്‍ കാലം കഴിച്ചു. മദ്യവും മദിരാക്ഷിയും സുഗ്രീവനെ സ്ഥലകാലബോധത്തില്‍ നിന്ന് അകറ്റി. രാമന് നല്കിയിരുന്ന വാഗ്ദാനം രാജാവായ സുഗ്രീവന്‍ മറന്നു. ക്രുദ്ധനായി ലക്ഷ്മണന്‍ കൊട്ടാരവാതില്‍ക്കല്‍ എത്തിയപ്പോഴാണ് സുഗ്രീവന്‍ രതിലഹരിയില്‍ നിന്ന് ഉണര്‍ന്നത്. സുസ്ഥിരത, ആത്മശുദ്ധി, ജീവകാരുണ്യം, ആര്‍ജ്ജവം, പരാക്രമം ഇവയൊന്നുമില്ലാത്ത നിഷ്ഠൂരനായ രാജാവാണ് സുഗ്രീവന്‍ എന്ന് യുവരാജാവായ അംഗദന്റെ വിലയിരുത്തല്‍ തെറ്റാണെന്ന് പറയാനും കഴിയില്ല. ബാലിപത്‌നി താരയ്ക്ക് അമ്മയുടെ സ്ഥാനമാണുള്ളത്. എന്നാല്‍ മാതൃസ്ഥാനമുള്ള താരയെ ഭാര്യയാക്കുക എന്ന ഹീനകൃത്യമാണ് രാജാവായ സുഗ്രീവന്‍ ചെയ്തത്. ബാലി തന്റെ ഭാര്യ രുമയെ മോഷ്ടിച്ചെടുത്തു ഭാര്യയാക്കി എന്നായിരുന്നു സുഗ്രീവന്റെ ആക്ഷേപം. ബാലിയുടെ ഭാര്യ താരയെ ഭാര്യയാക്കിക്കൊണ്ട് സുഗ്രീവന്‍ അതിനും പ്രതികാരം ചെയ്തു.

ധര്‍മ്മഭയം സുഗ്രീവന് ഉണ്ടായിരുന്നില്ല. എങ്കിലും ജീവഭയം ഉണ്ടായിരുന്നു. ക്രുദ്ധനായ ലക്ഷ്മണനെ സമാശ്വസിപ്പിക്കുന്നതിനായി സീതാന്വേഷണം നടത്താന്‍ സുഗ്രീവന്‍ തീരുമാനിച്ചു. കോടിക്കണക്കിന് വരുന്ന വാനര സൈന്യത്തെ നാടിന്റെ നാനാദിക്കിലേക്കും സുഗ്രീവന്‍ നിയോഗിച്ചു. വിനിതന്റെ നേതൃത്വത്തിലുള്ള വാനരസേന കിഴക്ക് ദിക്കിലേക്ക് നീങ്ങി. പടിഞ്ഞാറന്‍ മേഖലയുടെ അന്വേഷണമേധാവി സുഷേണനായിരുന്നു. ഉത്തരഭാഗത്തേക്കുള്ള അന്വേഷണസംഘത്തലവന്‍ ശതബലിയും. ദക്ഷിണദിക്കിലെ അന്വേഷണത്തിന്റെ നേതാവ് ഹനുമാനായിരുന്നു. ബലശാലികളും യുദ്ധവിദഗ്ധരും ബുദ്ധിശാലികളുമായ വാനരസേനക്ക് രണ്ട് കാര്യങ്ങളന്വേഷിച്ച് നിജസ്ഥിതി അറിയണമെന്നു നിര്‍ദ്ദേശമുണ്ടായിരുന്നു. ഒന്ന്, സീത ജീവിച്ചിരിപ്പുണ്ടോ? രണ്ട്, രാവണന്‍ എവിടെയാണ് വസിക്കുന്നത്. ഈ രണ്ട് കാര്യങ്ങള്‍ അന്വേഷിച്ചു നിജസ്ഥിതി ഉറപ്പുവരുത്താന്‍ ഒരു മാസത്തെ സമയവും രാജാവായ സുഗ്രീവന്‍ നല്‍കിയിരുന്നു. ഈ രണ്ട്, കാര്യങ്ങളും കണ്ടെത്തിയില്ലെങ്കില്‍ അന്വേഷണത്തെ ഏകോപിക്കുന്ന ചുമതലയുണ്ടായിരുന്ന അംഗദന്‍ അടക്കം എല്ലാവരും വധശിക്ഷക്ക് വിധിക്കപ്പെടുമെന്നും രാജാവ് പറഞ്ഞിരുന്നു.

സുഗ്രീവന്‍ ധര്‍മ്മബോധമില്ലാത്തവനും നിഷ്ഠുരനുമായതുകൊണ്ട് അന്വേഷണം വിജയിച്ചില്ലെങ്കില്‍ മരണം ഉറപ്പാണെന്ന് അംഗദനറിയാമായിരുന്നു. സുഗ്രീവന്‍ സ്വന്തം തീരുമാനപ്രകാരമല്ല രാമന്റെ നിര്‍ദ്ദേശപ്രകാരമാണ് തന്നെ യുവരാജാവാക്കിയതെന്നും അതുകൊണ്ട് ഒരു അവസരം ലഭിച്ചാല്‍ തന്നെ വധിക്കാന്‍ സുഗ്രീവന്‍ മടിക്കില്ലെന്നും അംഗദന്‍ കരുതി. സുഗ്രീവഭയം മൂലം പകല്‍ മുഴുവന്‍ അന്വേഷിക്കുകയും രാത്രിയില്‍ വിശ്രമിക്കുകയും ചെയ്തുകൊണ്ട് വാനരസേന കഠിനമായി പരിശ്രമിച്ചു. മുപ്പതാംദിവസം സേനാനായകര്‍ നിരാശരായി ഒത്തുകൂടി. സീതയെ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നു മാത്രമല്ല, അന്വേഷണത്തില്‍ സീത എവിടെയാണെന്നു കരുതാവുന്ന ഒരു തുമ്പും ലഭിക്കുകയും ചെയ്തില്ല. എല്ലാവരും കൂടി ആത്മഹത്യ ചെയ്താലോ എന്നായി ആലോചന. അതില്‍ നിന്നും ഹനുമാന്‍ വാനരരെ പിന്‍തിരിപ്പിച്ചു. പ്രത്യാശ കൈവിടരുതെന്നും ഓര്‍മ്മിപ്പിച്ചു.

അങ്ങനെ അലഞ്ഞുതിരിഞ്ഞു നടക്കുമ്പോഴാണ് പ്രസ്രവണഗിരിയിലെ ഋഷിബിലം എന്ന ഗുഹയില്‍ വാനരനായകരായ അംഗദന്‍, താരന്‍, ഹനുമാന്‍, ജാംബവാന്‍, ഗജന്‍, ഗവയന്‍, ഗവാക്ഷന്‍ എന്നിവര്‍ എല്ലാം എത്തപ്പെട്ടത്. എല്ലാവരും പരിക്ഷീണിതരായിരുന്നു. കുടിക്കാന്‍ വെള്ളമില്ലാതെ ദാഹിച്ചുവലഞ്ഞ് അവര്‍ നില്ക്കുമ്പോഴാണ് വെള്ളത്തുള്ളികള്‍ ഇറ്റിറ്റുവീഴുന്ന ചിറകുമായി ചില പക്ഷികള്‍ ഗുഹയില്‍ നിന്നു പറന്നുവരുന്നത് കണ്ടത്. രണ്ടും കല്പിച്ച് ഗുഹയില്‍ ഇറങ്ങാമെന്ന് ഹനുമാന്‍ തീരുമാനിച്ചു. ഗുഹയില്‍ കൂരിരുട്ട്. എല്ലാവരും കൈകോര്‍ത്തു പിടിച്ച് ഒന്നിച്ചു നീങ്ങി. വളരെ പെട്ടെന്നാണ് വെള്ളിവെളിച്ചത്തില്‍ കുളിച്ചു നില്ക്കുന്നതും സമ്പല്‍ സമൃദ്ധവുമായ വീടുകള്‍ നിറഞ്ഞതുമായ ഒരു പ്രദേശം കണ്ടത്. ഉജ്ജ്വലകാന്തി നിറഞ്ഞ സ്വയംപ്രഭ എന്ന താപസിയുടെ ആസ്ഥാനമാണത്. മയന്‍ എന്ന അസുരശില്പി മായാവിദ്യ കൊണ്ട് നിര്‍മ്മിച്ചവയാണ് ഗുഹയും വന്‍കാടും മണിമന്ദിരങ്ങളുമെല്ലാം. അപ്‌സര സ്ത്രീകളില്‍ അതിസുന്ദരിയായ ഹേമയില്‍ മയന്‍ അനുരക്തനായി. ആ മനോഹരാംഗിക്ക് വേണ്ടിയാണ് മയന്‍ ഇവ നിര്‍മ്മിച്ചത്. ദേവസുന്ദരി ഹേമയില്‍ അസുരശില്പി മയന്‍ അനുരക്തനായതില്‍ ക്ഷുഭിതനായ ദേവേന്ദ്രന്‍ മയനെ കൊന്നു. ഹേമയ്ക്ക് ലഭിച്ച ഈ ഗുഹയുടെ സൂക്ഷിപ്പുകാരിയാണ് ഹേമയുടെ സഖിയായ സ്വയംപ്രഭ.

ഗുഹയില്‍ കടന്നവരാരും ജീവനോടെ പുറത്ത് പോയിട്ടില്ല. സ്വയംപ്രഭയുടെ തപഃശ്ശക്തി കൊണ്ട് വാനരവൃന്ദത്തെ ഗുഹയ്ക്ക് പുറത്ത് എത്തിച്ചു. സീതയെ കാണാന്‍ കഴിയാത്ത സ്ഥിതിയില്‍ മരണം മാത്രമെ കരണീയമായിട്ടുള്ളു എന്നു കരുതി പ്രായോപവേശം ചെയ്യാന്‍ മര്‍ക്കടവൃന്ദം തീരുമാനിച്ചു. ഇതിനിടയില്‍ സീതാപഹരണവൃത്താന്തം അവര്‍ ഉറക്കെ പറയുന്നുണ്ടായിരുന്നു. ഈ സംഭഷണം അതിനടുത്തുള്ള ഗുഹയില്‍ താമസിച്ചിരുന്ന ഒരു കഴുകന്‍ കേള്‍ക്കുന്നുണ്ടായിരുന്നു. കഥയിലെ ജടായുവൃത്താന്തം കഴുകനെ ഉന്മേഷവാനാക്കി. ജടായുവിന്റെ സഹോദരന്‍ സമ്പാതിയായിരുന്നു ആ കഴുകന്‍. ജടായുവും സമ്പാതിയും സഹോദരങ്ങള്‍; സൂര്യനിലേക്ക് പറക്കുന്നതിനിടയില്‍ ചൂട് അസഹസ്യമായപ്പോള്‍ അനുജനായ ജടായുവിനെ സംരക്ഷിക്കാനായി അവന് മുകളില്‍ പറന്ന് തന്റെ പക്ഷങ്ങള്‍ കൊണ്ട് അവനെ രക്ഷിച്ചു. പക്ഷേ, സൂര്യതാപമേറ്റ് തന്റെ ചിറകുകള്‍ കത്തിക്കരിഞ്ഞു പോയി. ഇക്കഥ പറഞ്ഞുകൊണ്ട് സീതാപഹരണവൃത്താന്തം തനിക്കറിയാമെന്നും സീത എവിടെയുണ്ടെന്ന് താന്‍ പറയാമെന്നും സമ്പാദി പറഞ്ഞു.

ചിറകറ്റ് വീണുകിടക്കുന്ന സമ്പാദിക്ക് വേണ്ടി ഇരതേടിപ്പോകുന്നത് സമ്പാദിയുടെ മകനായ സുവാര്‍ശനാണ്. അങ്ങനെ ഇരതേടി വരുമ്പോഴാണ് രാക്ഷസരാജനായ രാവണന്‍ ഒരു സ്ത്രീയെ അപഹരിച്ചുകൊണ്ട് ആകാശമാര്‍ഗേ പോകുന്നത് കണ്ടത്. ലങ്കാധിപനായ രാവണന്‍ ലങ്കയിലേക്കാണ് സീതയെ കൊണ്ടുപോയത് എന്നും പടിഞ്ഞാറന്‍ സമുദ്രത്തില്‍ നൂറുയോജന അപ്പുറത്താണ് ലങ്ക എന്നും കടല്‍കടന്ന് അപ്പുറം പോയാല്‍ സീതയെ കാണാന്‍ കഴിയുമെന്നും സമ്പാദി പറഞ്ഞു. വാനരവൃന്ദം പടിഞ്ഞാറന്‍ കടല്‍ക്കരയില്‍ ഒത്തുകൂടി. എന്നാല്‍ നൂറുയോജന വരുന്ന കടല്‍ കടക്കാനായി എന്താണ് മാര്‍ഗ്ഗമെന്ന് ഒരാള്‍ക്കും നിശ്ചയമുണ്ടായിരുന്നില്ല. എല്ലാവരും അവരവരവുടെ ശക്തിയും ദൗര്‍ബല്യങ്ങളും വിസ്തരിച്ചു പറഞ്ഞുകൊണ്ടിരിക്കെ മാരുതി നിശബ്ദനായി ചിന്തയില്‍ ആണ്ടിരുന്നു. എല്ലാവരുടേയും ശ്രദ്ധ മാരുതിയില്‍ ആയി. കടല്‍ താണ്ടി ലങ്കയിലെത്തി സീതയെ കണ്ടാല്‍ തങ്ങള്‍ക്ക് ജീവന്‍ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍.

അപ്പോഴാണ് ഹനുമാന്റെ ജനനരഹസ്യം സമ്പാദി വെളിവാക്കിയത്. അപ്‌സരസായ അഞ്ജനയ്ക്ക് വായു ദേവനില്‍ ജനിച്ച മകനാണ് മാരുതി. വായുപുത്രന് കാറ്റിന്റെ കരുത്തും വേഗവും ലഭിച്ചിട്ടുണ്ട്. ജനിച്ച ഉടനെ ഉദയസൂര്യനെ പഴമാണെന്നു തെറ്റിധരിച്ച് അത് പറിച്ചെടുക്കാനായി നൂറു യോജന ചാടിയ കാര്യം ജാംബവാന്‍ ഓര്‍മ്മിപ്പിച്ചു. യുദ്ധത്തില്‍ അസ്ത്രശസ്ത്രങ്ങളാല്‍ വധിക്കപ്പെടുകയില്ല എന്ന വരലബ്ധി. വജ്രായുധം കൊണ്ടുപോലും കൊല്ലപ്പെടാത്തവനായ മാരുതിക്ക് താന്‍ ആഗ്രഹിക്കുമ്പോള്‍ മാത്രമേ മരണമുള്ളു എന്ന വരവും ലഭിച്ചിട്ടുണ്ട്. ഗരുഡ പത്രങ്ങളെക്കാള്‍ ഉറച്ച കൈകാലുകള്‍. ജാംബവാന്റെ വാക്കുകള്‍ കേട്ട മാരുതി കാറ്റിന്റെ ശക്തിയും വേഗവും ഒരിക്കല്‍കൂടി സ്മരിച്ചു. നൂറു യോജന കടല്‍ കടക്കാനും തിരിച്ചെത്താനും തനിക്ക് അനായാസേന കഴിയുമെന്ന് മാരുതി ഉറച്ച ബോധത്തോടെ നിന്നു.

ആത്മവിശ്വാസത്തികവോടെ മാരുതി മഹേന്ദ്രഗിരിയിലെത്തി. വിജൃംഭിതവീര്യനായി ഗരുഡനെ പോലെ കൈവിരിച്ചുകൊണ്ട് ഉറച്ച കാല്‍വെപ്പുകളോടെ ലങ്കാപുരിയില്‍ മനസ്സുറപ്പിച്ചു നിന്നു. ഏതൊരാളുടെയും അവിസ്മരണീയം എന്നു പറയാവുന്ന കര്‍മ്മങ്ങള്‍ എല്ലാം നിര്‍വ്വഹിക്കപ്പെടുന്നത് പതറാത്ത ആത്മവിശ്വാസം ഉണ്ടാകുമ്പോള്‍ മാത്രമാണ്. ആത്മവിശ്വാസമുള്ളവന് മാത്രമെ അത്ഭുതകമായ കര്‍മ്മങ്ങള്‍ ചെയ്യാന്‍ കഴിയൂ. ജാംബവാന്‍ ഹനുമാന്റെ ജന്മരഹസ്യം വെളിവാക്കിക്കൊണ്ട് അത്ഭുതകരമായ കര്‍മ്മം ചെയ്യാനുള്ള കരുത്തും വേഗവും ഊര്‍ജ്ജവും ഹനുമാനിലുണ്ടെന്ന് ബോദ്ധ്യപ്പെടുത്തുക മാത്രമാണ് ചെയ്തത്. ആത്മവിശ്വാസം എന്നാല്‍ ഒരു കാര്യം ചെയ്യാന്‍ ഒരാള്‍ക്ക് കഴിയുമെന്ന് അയാളെ ബോദ്ധ്യപ്പെടുത്തുക എന്നാണര്‍ത്ഥം. അക്കാര്യം ബോദ്ധ്യപ്പെട്ടു കഴിഞ്ഞാല്‍ അയാള്‍ സ്വയം അതു ചെയ്യും. യഥാര്‍ത്ഥത്തില്‍ ഗുരുക്കന്മാരും ഇതു മാത്രമാണ് ചെയ്യുന്നത്.

ആത്മവിശ്വാസമുറ്റവനായി ദശവദനപുരിയില്‍ തന്റെ ഹൃദയം ഉറപ്പിച്ചുകൊണ്ട് മഹേന്ദ്രഗിരിയില്‍ ഗരുഡനേക്കാള്‍ കരുത്തനായി മാരുതി നിന്നപ്പോള്‍ കപികുലത്തിനാകെ ജീവന്‍ തിരിച്ചുകിട്ടിയതുപോലെയായി. ആത്മവിശ്വാസമില്ലാതെ മറ്റെന്ത് ഉണ്ടായിട്ടും ഒരു കാര്യവും ഇല്ല. ആത്മവിശ്വാസമില്ലാത്തവന്റെ കഴിവുകള്‍ പ്രയോഗവിദ്യ എന്ത് എന്ന് അറിയാതെ ഒരുവന്‍ സൂക്ഷിക്കുന്ന ആയുധംപോലെ ഉപയോഗശൂന്യമാണ്. ആത്മവിശ്വാസത്തികവോടെ തന്റെ കരുത്തും വേഗവും ഊര്‍ജ്ജവും ഉപയോഗിക്കാനായി മഹേന്ദ്രഗിരിയില്‍ മാരുതി നിന്നു.

Comments are closed.