കാലഹതനായ ബാലി
സുഗ്രീവന്‍ പ്രതികാരദാഹിയായിരുന്നു. ബാലിയെ വധിക്കാതെ തനിക്ക് ജീവിതമില്ലെന്ന വിശ്വാസക്കാരനുമായിരുന്നു. സുഗ്രീവന്‍ തന്നെ നാടുകടത്തിയതിന്റേയും തന്റെ ഭാര്യ രുമയെ മോഷ്ടിച്ചെടുത്തു സ്വന്തമാക്കിയതിന്റെയും പേരില്‍ സുഗ്രീവന്റെ മനസ്സില്‍ പക എരിഞ്ഞുകൊണ്ടിരുന്നു. പക്ഷേ, ബാലിവധം സുഗ്രീവനെ അപാരമായ ദുഃഖത്തിലേക്കും കഠിനമായ പാപബോധത്തിലേക്കും ഭയാശങ്ക ഉണര്‍ത്തുന്ന ശൂന്യതയിലേക്കും എടുത്തെറിഞ്ഞു. ബാലിയുമായി പോരടിച്ചുകൊണ്ടിരിക്കെ സുഗ്രീവനെ കൊല്ലാന്‍ അവസരമുണ്ടായപ്പോഴും ‘സുഗ്രീവ, നിന്നെ ഞാന്‍ കൊല്ലുന്നില്ല നീ പൊയ്‌ക്കോളൂ’ എന്നു പറഞ്ഞത് ബാലി ജീവന്‍ നല്കിയത് സുഗ്രീവന്‍ ഓര്‍ത്തു. രണ്ടാം യുദ്ധത്തില്‍ പൊരുതി തളര്‍ന്നപ്പോള്‍ ‘നീ തളര്‍ന്നിരിക്കുന്നു. പൊരുതാതെ പോകൂ’ എന്ന് ബാലി പറഞ്ഞതും ഓര്‍ത്തപ്പോള്‍ സുഗ്രീവ മനസ്സില്‍ ദുഃഖം കൂടുതല്‍ ഖനീഭവിച്ചു.
അതൊന്നും വേണ്ടിയിരുന്നില്ല എന്നു സുഗ്രീവന് തോന്നി. ഋശ്യമൂകാചലത്തില്‍ ഏകാകിയും ബഹിഷ്‌കൃതനുമായി കഴിയുകയായിരുന്നു ഭേദം എന്നു തോന്നാതിരുന്നില്ല. സഹോദരവധത്തിലൂടെ അക്ഷന്തവ്യമായ പാപം താന്‍ നേടി എന്ന ബോധം സുഗ്രീവനില്‍ ഉറച്ചു. താന്‍ പാപിയായി തീര്‍ന്നു; മോചനമില്ലാത്ത വിധം. സുഗ്രീവന്‍ അങ്ങനെ കരുതാനുള്ള കാരണം തന്റെ മനസ്സില്‍ ഊറിക്കൂടിയ അടങ്ങാത്ത പകയും പ്രതികാരവുമായിരുന്നു എന്നും സുഗ്രീവന് ബോദ്ധ്യമായി. പക മാരകമായ മനോരോഗമാണ്. അത് മനസ്സിനേയും ശരീരത്തേയും മാത്രമല്ല, സമൂഹത്തേയും നശിപ്പിക്കും. പക മൂടിയ മനസ്സില്‍ കാര്യകാരണ ബന്ധം മുറിഞ്ഞുപോകും. വിവേകജ്ഞാനം തീരെ ഉണ്ടാകില്ല. യുക്തിബോധം മരവിച്ചുപോകും. ചിന്താശക്തിക്ക് മങ്ങലേല്‍ക്കും. അതിന്റെ എല്ലാം ഫലമായി ചെയ്യേണ്ടതും ചെയ്യരുതാത്തതും തിരിച്ചറിയാനാകാതെവരും. പക മൂടിയ മനസ്സുള്ളവന്‍ പ്രതികാരദാഹി മാത്രമായി മാറും. അതുകൊണ്ടാണ് ബാലിയെ വധിക്കാന്‍ സഹായിച്ചാല്‍ എന്തും ചെയ്തുതരാമെന്ന് സുഗ്രീവന്‍ രാമന് വാക്ക് നല്‍കിയത്.
പ്രതികാരം ചെയ്തു കഴിയുമ്പോള്‍ അത് ചെയ്യേണ്ടിയിരുന്നില്ല എന്നു പ്രതികാരം ചെയ്ത ആര്‍ക്കും തോന്നും. ഒരുവന്‍ ജീവിതകാലം മുഴുവന്‍ സമാഹരിച്ച ശക്തികൊണ്ട് പ്രതികാരദാഹിയായി മറ്റൊരുവനെ കൊന്നൊടുക്കി കഴിയുമ്പോള്‍ അത് ചെയ്തവനില്‍ കനത്ത ശൂന്യത അവശേഷിപ്പിക്കും. അപ്പോഴാണ് ചെയ്തത് തെറ്റാണെന്നും അതു ചെയ്യേണ്ടിയിരുന്നില്ല എന്നും തോന്നുന്നത്. പകയാല്‍ പ്രേരിതമായ പ്രതികാരപ്രവര്‍ത്തി അത് ചെയ്തവനെ ഒരിക്കലും തൃപ്തനാക്കില്ല. അതുകൊണ്ട്, മഹാഭാരതത്തിലെ അശ്വത്ഥാത്മാവിനെപോലെ പ്രതികാരദാഹി അശാന്തനായി അലയേണ്ടിവരും. ഈ അലച്ചില്‍ ആദ്യം മനസ്സിലാണ് തുടങ്ങുന്നത്. അത് ക്രമേണ മനോവിഭ്രമമായി മാറും. അശാന്തമായി മനസ്സ് ശരീരത്തിന്റെ ആരോഗ്യവും നശിപ്പിക്കും. പക മനസ്സില്‍ സൂക്ഷിക്കുന്ന പ്രതികാര ദാഹിക്ക് ആരെയും ചതിക്കാന്‍ മടിയുണ്ടാകില്ല. ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുമെന്നുമാണ് അയാള്‍ വിശ്വസിക്കുക. ആരെ കൂട്ടുപിടിച്ചും ഏതു നീചമാര്‍ഗ്ഗത്തിലൂടെയും പ്രതികാര ദാഹി ലക്ഷ്യം നിറവേറ്റും. ലക്ഷ്യം നേടിക്കഴിയുമ്പോഴാണ് താന്‍ ഒന്നും നേടിയില്ലല്ലോ എന്ന തോന്നലുണ്ടാകുന്നത്.
വംശനാശകരമായ കൊടുംചതി താന്‍ ചെയ്തു എന്നും അതുകൊണ്ട് താന്‍ രാജാധികാരത്തിന് അനര്‍ഹനാണെന്നും സുഗ്രീവന്‍ പറയുന്നുണ്ട്. സഹോദരന്റെ മരണം കാംക്ഷിക്കുകയും സഹോദരനെ വധിക്കുകയും ചെയ്ത മഹാപാതിയായ താന്‍ ജീവിക്കുന്ന സ്ഥലം ഐശ്വര്യം കെട്ടു മുടിയുമെന്നും പറഞ്ഞ് സുഗ്രീവന്‍ വിലപിച്ചു. അഗാഥമായ ദുഃഖവും ശൂന്യമായ ബോധവും മനസ്സില്‍ ആധിപത്യം നേടുമ്പോള്‍ ആത്മഹത്യയെക്കുറിച്ചു ചിന്തിക്കുന്നതും സ്വാഭാവികം. പ്രതികാരദാഹത്തോടെ അപരനെ കൊല്ലുന്നവന്‍ ഒന്നുകില്‍ കൊല്ലപ്പെടും അല്ലെങ്കില്‍ സ്വയം മരിക്കും. ഇതുരണ്ടും സംഭവിച്ചില്ലെങ്കില്‍ അയാള്‍ക്ക് ഭ്രാന്തുപിടിക്കും. പകമൂടിയ മനസ്സുമായി പ്രതികാരം ചെയ്യുന്നവന് ശാന്തമായ ജീവിതം വിധിച്ചിട്ടില്ല. കൊല്ലുന്നത് അപരനെ ആയാലും അവനവനെത്തന്നെയായാലും കൊലപാതകം എന്ന നിലയില്‍ അത് അഭിന്നമായ പ്രവര്‍ത്തിയാണ്. അതുകൊണ്ടാണ് ആളിക്കത്തുന്ന അഗ്നിയില്‍ ചാടി മരിക്കാന്‍ തീരുമാനിച്ചു എന്ന് സുഗ്രീവന്‍ പറഞ്ഞത്. പോരില്‍ കൊല്ലാന്‍ അവസരമുണ്ടായിട്ടും സഹോദരന്‍ എന്ന നിലയില്‍ കൊല്ലാതെ വെറുതെ വിട്ടയക്കപ്പെട്ട ഒരുവന്‍ യഥാര്‍ത്ഥത്തില്‍ ദാനം കിട്ടിയ ജീവന്‍ കൊണ്ടാണ് ജീവിക്കുന്നത്. അങ്ങനെയുള്ളവന്‍ സ്വസഹോദരനെ കൊല്ലുകകൂടി ചെയ്താല്‍ തന്റെ സ്വാസ്ഥ്യം എന്നന്നേക്കുമായി നശിപ്പിക്കുകയായിരിക്കും ചെയ്യുക. അതുകൊണ്ട് സ്വയം ഹത്യയല്ലാതെ മറ്റു മാര്‍ഗ്ഗമില്ല എന്നു പറഞ്ഞു സുഗ്രീവന്‍ വിലാപത്തില്‍ മുങ്ങി.
ബാലിപത്‌നിയും രാജ്ഞിയുമായ താരയ്ക്കും കുടുംബത്തിനും ദുഃഖം അടക്കാന്‍ കഴിഞ്ഞില്ല. പത്‌നി വിരഹദുഃഖം എന്ത് എന്ന് അങ്ങയ്ക്ക് അറിയാമല്ലോ എന്നു പറഞ്ഞ താര, മരണത്തിലും തന്റെ പ്രിയതമനായ ബാലി പത്‌നീ വിരഹദുഃഖം അനുഭവിക്കുന്നുണ്ടെന്നും, താര രാമനെ ഓര്‍മ്മിപ്പിച്ചു. ധനധാന്യ സമൃദ്ധിയും പുത്രസമ്പത്തും ഉണ്ടെങ്കിലും ഭര്‍ത്താവ് മരിച്ച സ്ത്രീയെ വിധവയായിട്ടാണ് ലോകം കാണുന്നതും ഭര്‍ത്തൃവിയോഗം സൃഷ്ടിക്കുന്ന കുറവ് പരിഹരിക്കാനാകില്ല. അതുകൊണ്ട് ഇന്ദ്രിയങ്ങളെ ജയിച്ച ലോകാഭിരാമനായ രാമന്‍ തന്നെയും കൊന്നുതരണമെന്ന് മാറത്തലച്ചുകരഞ്ഞുകൊണ്ട് താര പറഞ്ഞു. ഇതെല്ലാം കണ്ടും കേട്ടും ദാശരഥി രാമന്‍ കണ്ണീരടക്കി ബുദ്ധിമന്ദീഭവിച്ചതുപോലെ ഒരു നിമിഷം നിന്നു എന്നാണ് വാല്മീകി എഴുതിയിരിക്കുന്നത്. അത്രയ്ക്ക് ഹൃദയഭേദകമായ രംഗങ്ങളാണ് അവിടെ അരങ്ങേറിയത്. രാജ്യം നേടിയ സുഗ്രീവനും രാജ്യം നഷ്ടപ്പെട്ട ബാലിയുടെ പത്‌നിയും പുത്രനും മാത്രമല്ല കിഷ്‌കിന്ധയിലെ പൗരാവലിയും ശോകത്തില്‍ അമര്‍ന്നു.
താരയേയും സുഗ്രീവനേയും ബാലിവധത്തിലുള്ള ദുഃഖം സഹിക്കാതെ കരയുന്നവരെയും ലോകാഭിരാമനായ രാമന്‍ സമാശ്വസിപ്പിച്ചു. ആദ്യം ജീവിതത്തെക്കുറിച്ചുള്ള തത്ത്വബോധം എന്ത് എന്ന് രാമന്‍ വിശദീകരിച്ചു. സുഖദുഃഖങ്ങള്‍ മുന്‍പേ നിശ്ചയിക്കപ്പെട്ടവയാണ്. സുഖദുഃഖങ്ങള്‍ക്ക് കാരണം മനുഷ്യന്‍ അനുഷ്ഠിക്കുന്ന കര്‍മ്മവുമാണ്. ഓരോ മനുഷ്യനും സ്വകര്‍മ്മ സൃഷ്ടികളാണ്. അതുകൊണ്ട് ഓരോ മനുഷ്യനും അനുഭവിക്കുന്നത് അവനവന്റെ കര്‍മ്മഫലങ്ങള്‍ തന്നെയാണ്. ഏതൊരുവന്റെയും കര്‍മ്മഗുണത്തിനും കര്‍മ്മദോഷത്തിനും അവന്‍ തന്നെയാണ് ഉത്തരവാദി. മനുഷ്യന്റെ മാത്രമല്ല, പ്രപഞ്ചത്തിലെ എല്ലാ പ്രതിഭാസങ്ങളുടേയും കര്‍മ്മപ്രേരക ശക്തി നിയതിയാണ്. എല്ലാ കര്‍മ്മങ്ങളുടേയും കര്‍ത്തൃഭാവവും നിയതിക്ക് തന്നെ. നിയതിയുടെ ആധാരം കാലമാണ്. കാലം നാശമില്ലാതെ നിലനില്ക്കുന്നു. എല്ലാത്തിനേയും സൃഷ്ടിച്ചുസംരക്ഷിച്ചു സംഹരിക്കുന്നതും കാലം തന്നെ.
എല്ലാ സൃഷ്ടിജാലങ്ങളും കാലത്തിന് വിധേയമാണ്. കാലത്തിന് ഒരാളോടും ബന്ധുത്വവും ഇല്ല ശത്രുത്വവും ഇല്ല. കാലം ഇഷ്ടാനിഷ്ടവിമുക്തമായി ചലിച്ചുകൊണ്ടേയിരിക്കുന്നു. നാം അനുഭവിച്ചതും അനുഭവിച്ചുകൊണ്ടിരിക്കുന്നതും അനുഭവിക്കേണ്ടതുമായ ധര്‍മ്മം, അര്‍ത്ഥം, കാമം എന്നിവയെല്ലാം കാലത്തിന് അധീനമാണ്. എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ലോകം തന്നെ കാലമാണ്. കാലം ജഗദ് രക്ഷകനാണ്. കാലത്തെ വെല്ലാന്‍ ആര്‍ക്കും കഴിയില്ല. കാലഹിതങ്ങളായ കാര്യങ്ങള്‍ കാലാകാലങ്ങളില്‍ ചെയ്യുക എന്നല്ലാതെ മനുഷ്യന്റെ മുന്നില്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ല. അതുകൊണ്ട്, കാലം നമ്മില്‍ അര്‍പ്പിക്കുന്ന കര്‍മ്മങ്ങള്‍ ഓരോന്നായി ചെയ്യുക എന്നതാണ് കരണീയം. അല്ലാതെ മറ്റുമാര്‍ഗ്ഗങ്ങള്‍ ഒന്നുമില്ല. വീരനായ ബാലിക്ക് വേണ്ട അന്ത്യകര്‍മ്മങ്ങള്‍ ചെയ്യുക എന്നതാണ് അടിയന്തിരമായി ചെയ്യേണ്ട കാര്യമെന്നും രാമഭാഷണത്തിന്റെ തുടര്‍ച്ച എന്ന നിലയില്‍ ലക്ഷ്മണന്‍ കൂട്ടിച്ചേര്‍ത്തു.
ബാലിയുടെ അന്ത്യകര്‍മ്മത്തിന് ശ്രീരാമന്‍ തന്നെ നേതൃത്വം നല്കി. മലഞ്ചരിവിലുള്ള നദീതീരത്ത് വീരനായക വാനരായ ബാലിക്ക് വാനരവൃന്ദം ചിതയൊരുക്കി. ബാലിയുടെ ശവശരീരം ചിതലിയെലുത്തുവെക്കുന്നതിനുള്ള ഒരുക്കങ്ങള്‍ അവസാനിച്ചുകൊണ്ടിരിക്കെ അന്തകന്‍ രാമന്റെ രൂപത്തില്‍ വന്ന് തന്റെ പ്രാണാഥനെ കൊണ്ടുപോകുന്നു എന്നു പറഞ്ഞു താര വീണ്ടും വിലപിച്ചു. കഠിന ദുഃഖഗ്രസിതരായ സുഗ്രീവനും അംഗഭനും കരഞ്ഞുകൊണ്ട് ജഡത്തെ ചിതയില്‍ വെച്ചു. ബാലിയെ അഗ്നിവിഴുങ്ങി. സുഗ്രീവനെപ്പോലെ രാമനും താപാര്‍ത്തനായിരുന്നു.
സുഗ്രീവനെ രാജാവും അംഗഭനെ യുവരാജാവുമാക്കി. സ്ഥാനാരോഹണ ചടങ്ങുകള്‍ ഹനുമാന്‍ നേതൃത്വം നല്‍കി. രാമന്‍ കൊട്ടാരത്തില്‍ താമസിക്കണമെന്ന് മാരുതിയും സുഗ്രീവനും ആവശ്യപ്പെട്ടെങ്കിലും സ്വയം കാടുവാഴാന്‍ തീരുമാനിച്ച രഘുപതി പ്രസ്രവണം എന്ന പര്‍വ്വതത്തിലേക്ക് പോയി. അപ്പോഴേക്കും വര്‍ഷകാലമെത്തി. മഴകഴിയുന്നതുവരെ രാമലക്ഷ്മണന്മാര്‍ ഗുഹയില്‍ പാര്‍ത്തു. മഴക്കാലം കഴിഞ്ഞാല്‍ സീതാന്വേഷണം. രാജാവായ സുഗ്രീവനും യുവരാജാവായ അംഗദനും രാജ്യഭാരത്തില്‍ മുഴുകി. അങ്ങനെയാണ് കാലം മാറുന്നത്. കാലമാറ്റത്തിനൊത്ത് അടുത്ത ഘട്ടമെത്തുന്നതുവരെ എല്ലാവരും സന്തുഷ്ടരായി ജീവിച്ചു. കാലത്തിനാകട്ടെ സന്തുഷ്ടിയും അസന്തുഷ്ടിയും ഇല്ലല്ലോ.
Comments are closed.