DCBOOKS
Malayalam News Literature Website

മാരീചന്റെ മായാവിദ്യ

ഖരദൂഷണവധവൃത്താന്തം അകമ്പനന്‍ രാവണനെ അറിയിച്ചപ്പോള്‍ രാവണരാജാവിന് അവിശ്വസനീയമായി തോന്നി. ധര്‍മ്മവൃക്ഷത്തിന്റെ തായ് വേരറുക്കാന്‍ അശ്രാന്തപരിശ്രമം ചെയ്യുന്നവനാണ് രാവണന്‍. അന്യസ്ത്രീരതപ്രിയനുമാണ്. ബ്രഹ്മാവിന്റെ മാനസപുത്രനായ പുലസ്ത്യന്റെ കൊച്ചുമകനായ രാവണന്‍ വിശ്രവസ്സിന്റെ മകനാണ്. പുലസ്ത്യന് മാനിനി എന്ന പത്‌നിയില്‍ ജനിച്ചവനാണ് വിശ്രവസ്സ്. വിശ്രവസ്സിന് കൈകസിയില്‍ രാവണന്‍ ജനിച്ചു. പുലസ്ത്യനില്‍ നിന്നാണ് രാക്ഷസവംശം ഉണ്ടായത്. പുലസ്ത്യന്‍ എന്നും രാക്ഷസവംശസംരക്ഷകനുമായിരുന്നു. അന്യന്റെ ഭാര്യയെ ബലാല്‍ക്കാരേണ മോഷ്ടിക്കുക എന്നത് രാവണസ്വഭാവമാണ്. ഭോഗവതീപുരിയില്‍ കടന്നുചെന്ന് തക്ഷകപത്‌നിയെ കവര്‍ന്നെടുത്തത് ഉദാഹരണം. കുബേരനെ ജയിച്ച് പുഷ്പകം കൈക്കലാക്കി നന്ദനോദ്യാനവും ചൈത്രോദ്യാനവും ഛിന്നഭിന്നമാക്കി. അങ്ങനെയുള്ള രാവണനോട്, സീതയെ അപഹരിക്കാനും സീതാപഹണം നടത്തിയാല്‍ ദുഃഖം സഹിക്കാതെ രാമന്‍ താനെ ഒടുങ്ങുമെന്നും ഉപദേശിച്ചുകൊടുത്തതും അകമ്പനനാണ്.

അങ്ങനെയാണ് താടകയുടെ മകനായ മാരീചന്റെ ആശ്രമത്തില്‍ രാവണന്‍ ചെന്നത്. രാമനെ തോല്പിക്കണമെന്നും അതിനായി സീതയെ അപഹരിക്കാന്‍ തന്നെ സഹായിക്കണമെന്നും രാവണന്‍ മാരീചനോട് അഭ്യര്‍ത്ഥിച്ചു. ഇത് കേട്ടപ്പോള്‍ തന്നെ ആ ഉപദേശം നല്കിയവന്‍ ആരായിരുന്നാലും അവന്‍ രാവണന്റെ ശത്രുവാണെന്നും സീതാപഹരണം ലങ്കരാജ്യത്തിന്റേയും രാക്ഷസവംശത്തിന്റേയും നാശം വരുത്തുമെന്നും അതുകൊണ്ട് മനസ്സില്‍ അങ്ങനെ ഒരു ആഗ്രഹം സൂക്ഷിക്കുന്നത് നല്ലതിനല്ല എന്നും മാരീചന്‍ രാവണനെ ഉപദേശിച്ചു. രാമലക്ഷ്മണന്മാര്‍ എവിടെയെങ്കിലും വസിക്കട്ടെ എന്നും അവര്‍ എവിടെ വസിച്ചാലും ലങ്കാമഹാരാജ്യത്തെ ഒരു തരത്തിലും ബാധിക്കില്ലെന്നും പറഞ്ഞു. അതുകൊണ്ട് ഈ ഉദ്യമത്തില്‍ നിന്നും പിന്‍വാങ്ങി രാവണരാജന്‍ ലങ്കയിലേക്ക് മടങ്ങണമെന്നും മാരീചന്‍ അപേക്ഷിച്ചു. മാരീചന്റെ അപേക്ഷ സ്വീകരിച്ച രാവണന്‍ തിരിച്ചു ലങ്കയില്‍ എത്തി.

ബ്രഹ്മപ്രീതിക്കായി പതിനായിരം വര്‍ഷം കഠിനതപസ്സ് ചെയ്ത ബ്രാഹ്മണനാണ് രാവണന്‍. തപസ്സിന്റെ അവസാനം തന്റെ ശിരസ്സ് ഓരോന്നായി അറുത്ത് ഹോമിച്ച് ബ്രഹ്മാവിനെ പ്രീതിപ്പെടുത്തി രാവണന്‍ വരങ്ങള്‍ വരിച്ചു. 10 തലകള്‍ പ്രദാനം ചെയ്യുന്ന അപാരമായ ബുദ്ധിശക്തി, ഇരുപത് കൈകള്‍ ധ്വനിപ്പിക്കുന്ന അസാമാന്യമായ കര്‍മ്മശേഷി, കൈലാസ പര്‍വ്വതമെടുത്ത് അമ്മാനമാടാന്‍ കഴിയുന്ന കരളുറപ്പ്, അഗാധമായ സംഗീതജ്ഞാനം, അനുപമമായ നടനവൈഭവം, അമേയമായ കവിത്വസിദ്ധി, ആകര്‍ഷകമായ വാഗ്‌വിലാസം ഇതെല്ലാം ഒത്തിണങ്ങിയ രാവണന്‍ നീലസമുദ്രത്തെപ്പോലെ സുന്ദരനായിരുന്നു. ആ രാവണന്റെ സന്നിധിയിലാണ് കരഞ്ഞുകലങ്ങിയ കണ്ണുകളും മുറിവേറ്റ ശരീരവുമായി സഹോദരി ശൂര്‍പ്പണഖ കടന്നുചെന്നത്.

രാവണന്റെ രാജ്യഭാരത്തിലെ പോരായ്മകളെക്കുറിച്ചാണ് കുറ്റപ്പെടുത്തുന്ന സ്വരത്തില്‍ ശൂര്‍പ്പണഖ ആദ്യം പറഞ്ഞത്. രാവണസാമ്രാജ്യത്തിന്റെ അതിര്‍ത്തിയാണ് ജനസ്ഥാനം. അവിടത്തെ ഭരണഭാരം ഏല്പിച്ചിരുന്ന ഖരദൂഷണന്മാരെയും പതിനാലായിരത്തിലധികം വരുന്ന സൈന്യങ്ങളെയും നിലത്തുനിന്ന് ഒറ്റയ്ക്ക് യുദ്ധം ചെയ്തു രാമന്‍ തോല്പിച്ചിരിക്കുന്നു. ആ രാമന്‍ രാവണന്റെ രാജാധികാരത്തെ ചോദ്യം ചെയ്തിരിക്കുന്നു. അവന്‍ നടത്തുന്ന രാജ്യദ്രോഹത്തെ കണ്ടറിഞ്ഞ് അറിയിക്കാന്‍ ചാരന്മാരും വേണ്ടപോലെ പ്രവര്‍ത്തിക്കുന്നില്ല. മനുഷ്യനൊഴികെയുള്ള ആരാലും വധ്യനല്ല എന്ന വരപ്രസാദം നേടിയിട്ടുള്ള രാവണനെ കുത്തി നോവിപ്പിച്ചുകൊണ്ട് മന്ത്രി സമേതനായി രാജസദസ്സിലിരിക്കുന്ന രാവണനോട് ശൂര്‍പ്പണഖ പറഞ്ഞു. ലങ്കയേയും രാക്ഷസവംശത്തേയും ഭയം ഗ്രസിച്ചിരിക്കുന്നു. ഭയം ജനിപ്പിച്ചിരിക്കുന്നത് രാമലക്ഷ്മണന്മാര്‍ എന്ന രണ്ട് മനുഷ്യപ്പുഴുക്കളും.

രാവണന് പക്ഷേ രാമനെ അറിയില്ലായിരുന്നു. അതുകൊണ്ട് ഭയഗ്രസിതയും കോപാകുലയുമായ സഹോദരിയോട് രാവണന്‍ ചോദിച്ചു: ”ആരാണ് ഈ രാമന്‍?” രാമന്റെ കഴിവുകളെയും ഗുണഗണങ്ങളെയും വിവരിച്ചതിനുശേഷം ശൂര്‍പ്പണഖ പറഞ്ഞു: ദണ്ഡകവനത്തില്‍ രാക്ഷസര്‍ക്കുണ്ടായിരുന്ന എല്ലാ സുഖങ്ങളും അവസാനിച്ചിരിക്കുന്നു. എല്ലാ മഹര്‍ഷിമാര്‍ക്കും അഭയമരുളിയിരിക്കുന്നു. രാക്ഷസസമൂഹത്തെ മുച്ചൂടും മുടിച്ചിരിക്കുന്നു. പെണ്‍കൊല ചെയ്യാന്‍ താല്പര്യമില്ലാത്തതുകൊണ്ട് അംഗവിച്ഛേദം നടത്തി തന്നെ മാത്രം ഒഴിവാക്കിയിരിക്കുന്നു. ചുരുക്കത്തില്‍ ജനസ്ഥാനം ലങ്കയ്ക്ക് നഷ്ടമായിരിക്കുന്നു. ആ രാമന് തുല്യമായിട്ട് ഒരാളെ മാത്രമേ താന്‍ കണ്ടിട്ടുള്ളൂ. അതു രാമാനുജനായ ലക്ഷ്മണകുമാരന്‍ മാത്രമാണ്.

ശരത്കാല പൂര്‍ണ്ണചന്ദ്രനെപ്പോലെ സുമുഖി, നീണ്ടു ചുരുണ്ട മുടി, വിശാലമായ കണ്ണുകള്‍, കടഞ്ഞെടുത്ത ശരീരവടിവ്, ഒതുങ്ങിയ അരക്കെട്ട്, തങ്കനിറം ഇങ്ങനെ സൗന്ദര്യത്തികവ് ഒത്തുചേര്‍ന്ന ജനകരാജര്‍ഷിയുടെ ഓമനമകള്‍ സീതയാണ് രാമന്റെ ധര്‍മ്മപത്‌നി. ഇങ്ങനെയുള്ള സീത ആരെയാണോ ശുശ്രൂഷിക്കുന്നത് അയാളായിരിക്കും സര്‍വ്വപുരുഷന്മാരിലും ശ്രേഷ്ഠന്‍. ആ അതുല്യസൗന്ദര്യധാമത്തെ സ്വന്തമാക്കുന്നവന്‍ ദേവേന്ദ്രനേക്കാള്‍ ഉത്തമനാകും. അവള്‍ അങ്ങയുടെ പ്തനിയാകണമെന്ന് താന്‍ ആഗ്രഹിച്ചെന്നും എങ്ങനെയെങ്കിലും അവളെ ഇവിടെ എത്തിക്കാനുള്ള ശ്രമത്തിലാണ് ലക്ഷ്മണന്‍ തന്റെ ചെവിയും മൂക്കും അരിഞ്ഞിട്ടുള്ളത് എന്നും ശൂര്‍പ്പണഖ പറഞ്ഞു. എന്തു ചെയ്തും െ്രെതലോക്യസുന്ദരിയായ സീതയെ രാവണന്‍ തന്റ പത്‌നിയാക്കണമെന്നും അതിനായി ഉടനെ പഞ്ചവടിയിലെത്തി രാമലക്ഷ്മണന്മാരെ വധിക്കണമെന്നും ശൂര്‍പ്പണഖ ഉപദേശിച്ചു. വിധവയായ സീതയെ പാട്ടിലാക്കാന്‍ പ്രയാസമുണ്ടാകില്ലെന്നും അവള്‍ പറഞ്ഞു.

രാവണനെ പ്രകോപിപ്പിക്കാവുന്നതിന്റെ പരമാവധി പ്രകോപിപ്പിച്ചു. സീതയിലുള്ള ആസക്തി വളര്‍ത്താവുന്നതിന്റെ പരമാവധി വളര്‍ത്തി ചാതുര്യത്തോടെ വിശ്വാസയോഗ്യമായും അനായാസമായും ശൂര്‍പ്പണഖ നുണ പറഞ്ഞു. താന്‍ കാമപരവശയായി രാമലക്ഷ്മണന്മാരെ മാറിമാറി സമീപിക്കുകയും സീതയെ വധിക്കാന്‍ ശ്രമിക്കുകയും ചെയ്തതുകൊണ്ടല്ല, മറിച്ച് സര്‍വ്വസൗന്ദര്യധാമമായ സീതയെ രാവണന് വേണ്ടി കൈക്കലാക്കിക്കൊണ്ടുവരാന്‍ ശ്രമിച്ചപ്പോഴാണ് തനിക്ക് അംഗഭംഗം സംഭവിച്ചതെന്ന് തന്മയത്വത്തോടെ പറയാന്‍ കാണിച്ച വൈഭവമാണ് ശൂര്‍പ്പണഖയുടെ രാക്ഷസഭാവത്തെ വെളിപ്പെടുത്തുന്നത്. അനായാസമായി നുണപറയുകയും ആ നുണപ്രചരണത്തിലൂടെ ലോകനാശം വരുത്തുന്നതിനുവേണ്ടി ശ്രമിക്കുകയും ചെയ്യുന്നവര്‍ ശൂര്‍പ്പണഖയില്‍ തെളിഞ്ഞു കണ്ട രാക്ഷസഭാവത്തെയാണ് ഉദാഹരിക്കുന്നത്. പക്ഷേ നുണ പറഞ്ഞു പ്രചരിപ്പിക്കുന്നവര്‍ അത് ഓര്‍ക്കാറില്ല എന്നു മാത്രം. നുണ എത്ര ചെറുതായാലും അത് നമ്മെ നാശത്തിലെത്തിക്കും എന്നു മാത്രമല്ല, എന്തു ലക്ഷ്യത്തോടെയാണോ നുണ പറഞ്ഞത് അതിനു വിരുദ്ധമായ ലക്ഷ്യത്തിലായിരിക്കും നുണകള്‍ എത്തിക്കുക. അതുകൊണ്ടാണ് നുണ പറയല്‍ പ്രതിസിദ്ധകര്‍മ്മമാണെന്നു പറയുന്നത്.

ശൂര്‍പ്പണഖയുടെ സീതാവര്‍ണ്ണനത്തില്‍ രാവണമനസ്സു രമിക്കാന്‍ തുടങ്ങി. അന്തപ്പുരത്തില്‍ ഏകാകിയായിരുന്ന് വരുംവരായ്കകള്‍ ആലോചിച്ചു. അവസാനം കൃത്യമായ തീരുമാനത്തിലുമെത്തി. അങ്ങനെയാണ് ആരും കാണാതെ വാഹനശാലയിലെത്തിയതും രത്‌നാലംകൃതമായ രഥത്തില്‍ വായുവേഗത്തില്‍ സഞ്ചരിച്ച് സാഗരത്തിന്റ മറുകരയിലുള്ള മാരീചാശ്രമത്തിലെത്തിയതും. താന്‍ ഉപദേശം നല്കി തിരിച്ചയച്ച രാവണന്‍ തന്റെ പര്‍ണ്ണശാലയില്‍ വീണ്ടും എത്തിയതില്‍ മാരീചന്‍ സംശയാലു ആയിരുന്നു. എന്നാലും ഉപചാരപൂര്‍വ്വം രാക്ഷസേന്ദ്രനായ രാവണനോട് കാരണം തിരക്കാനും മാരീചന്‍ മടിച്ചില്ല. വളച്ചുകെട്ടില്ലാതെതന്നെ രാവണന്‍ കാര്യം പറഞ്ഞു. ഖരാദികളെ വധിച്ച രാമന്റെ പ്രാണപ്രേയസിയായ സീതയെ മാരീചന്റെ സഹായത്തോടെ അപഹരിക്കാനാണ് താന്‍ വന്നത്. അതിന് മായാവിദ്യകളറിയാവുന്ന മാരീചന്‍ സഹായിക്കണം.

ഇതുകേട്ട മാരീചന്‍ ഭയചകിതനായി നിന്നുകൊണ്ട് തൊഴുകൈയ്യോടെ പറഞ്ഞു. ഈ തീരുമാനം രാജാവേ, രരാക്ഷസവംശത്തിന്റെ സര്‍വ്വനാശത്തിലായിരിക്കും അവസാനിക്കുക. രാമനുമായി ഏറ്റുമുട്ടുന്നതു ബുദ്ധിപൂര്‍വ്വമല്ല. യുദ്ധത്തില്‍ രാമനെ ജയിക്കാനാകില്ല. സീതാവശ്യതയില്‍ പെട്ട് രാവണന്‍ നീങ്ങുമ്പോള്‍ ശ്രേയസ്‌കരമായ ഉപദേശങ്ങള്‍ നല്‍കി രാജാവിനെ പിന്‍തിരിക്കാനുള്ള അമാത്യന്മാര്‍ ഇല്ലാത്തതാണ് കുഴപ്പത്തിനു കാരണം. വിശ്വാമിത്രമഹര്‍ഷിയുടെ യാഗം മുടക്കാനായി ചെന്നപ്പോള്‍ ബാലനായ രാമന്റെ ബാണമേറ്റ് നൂറുയോജനക്ക് അപ്പുറമുള്ള സമുദ്രത്തില്‍ താന്‍ പതിക്കുകയാണുണ്ടായത്. അതു കൂടാതെ ഘോരജന്തുക്കളായി വേഷം മാറി ഋഷിമാരെ കൊന്ന് ചോര കുടിച്ചും പച്ചമാസം തിന്നു രസിച്ചുകൊണ്ടിരിക്കെ കാട്ടില്‍ വെച്ചു രാമനെ കണ്ടിരുന്നു. പഴയ അസ്ത്രമെയ്ത്തിന്റെ ഓര്‍മ്മയില്‍ എന്നില്‍ പ്രതികാരദാഹവും ഉണ്ടായിരുന്നു. രാമനോട് എതിര്‍ത്ത മൂന്നുപേരില്‍ താന്‍ ഒഴികെയുള്ളവര്‍ ക്ഷണനേരംകൊണ്ട് രാമബാണമേറ്റു മരിച്ചുവീണു. താന്‍മാത്രം എങ്ങനെയോ രക്ഷപ്പെട്ടു. അതുകൊണ്ട് രാമാസായകത്തിന് ശരവ്യനാവുക എന്നാല്‍ മരണം വരിക്കുക എന്നാണര്‍ത്ഥം. അതുകൊണ്ട് ഈ ഉദ്യമത്തില്‍ നിന്നും രാവണന്‍ പന്‍മാറുന്നതാണ് രാക്ഷസവംശത്തിനാകെ ക്ഷേമകരം എന്നും മാരീചന്‍ പറഞ്ഞു.

പക്ഷേ, രാവണന്‍ പിന്‍മാറിയില്ല. നന്മതിന്മകളെക്കുറിച്ച് പഠിക്കാനല്ല താന്‍ മാരീചസമീപത്ത് എത്തിയത് എന്നും രാജാവ് എന്ന നിലയില്‍ ഒരു സഹായം ആഭ്യര്‍ത്ഥിച്ചാണ് വന്നതെന്നും രാവണന്‍ പറഞ്ഞു. മായാവിയായ മാരീചന്‍ മായപ്പൊന്മാനായി പഞ്ചവടിയിലെത്തണം. ആ ചെറിയ ഉപകാരത്തിന് തന്റെ മഹാരാജ്യത്തിന്റെ പകുതി നല്കാമെന്നും വാഗ്ദാനം ചെയ്തു. അത് രാജകല്പനയാണെന്നും അനുസരിച്ചില്ലെങ്കില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുമെന്നും പറഞ്ഞു. ഗത്യന്തരമില്ലാതെ മാരീചന്‍ സമ്മതിച്ചു. തന്റെ രഥത്തില്‍ മാരീചനെ വഹിച്ചുകൊണ്ട് രാവണന്‍ പഞ്ചവടിയിലെത്തി. മാരീചന്‍ പൊന്‍മാനായി സീതയെ പ്രലോഭിപ്പിച്ചു. രാമസായകമേറ്റു മാരീചന്‍ മരിച്ചു. മരണസമയത്തെ മായാവിദ്യകൊണ്ട് രാമശബ്ദത്തില്‍ മാരീചന്‍ കരഞ്ഞു. രാമനെത്തേടി ലക്ഷ്മണന്‍ പോയി. ആ തക്കം നോക്കി സീതയെ ബലമായി പിടിച്ച് തേരില്‍ കയറ്റി രാവണന്‍ ലങ്കയിലേക്ക് പറന്നു. അതോടെ രാക്ഷസരാജാവിന്റെയും രാക്ഷസവംശത്തിന്റെയും നാശവും തുടങ്ങി.

Comments are closed.