കൊളോണിയല്‍ പവര്‍ഹൗസ്
സെപ്റ്റംബർ ലക്കം ‘പച്ചക്കുതിര’ യില്‍
ശിവകുമാര്‍ ആര്‍.പി.
ചലച്ചിത്രചരിത്രത്തില്‍ വമ്പിച്ച പ്രദര്‍ശനവിജയം നേടിയ ജനപ്രിയ ചിത്രങ്ങളുടെ നിരയില്‍ അസ്വാഭാവികമായ സാഹസികതകള്‍ക്കൊപ്പം പീഡനങ്ങളും അക്രമങ്ങളും കൊലയുമാണ് മുഖ്യസ്ഥാനത്ത്. പ്രണയം, കുടുംബസ്‌നേഹം, സൗഹാര്‍ദ്ദം, പാരമ്പര്യമൂല്യങ്ങള്‍, ദേശീയത തുടങ്ങിയ വികാരങ്ങള്‍ക്കും നിറച്ചാര്‍ത്തുണ്ടാകുന്നത് സാഹസികതയും ഹിംസയുമായുമായി കെട്ടുപിണയുമ്പോഴാണ്. വ്യാപകമായി ജനങ്ങളെ ചലച്ചിത്രശാലകളിലെത്തിക്കുന്നതിന് ശക്തിയെയും ആണത്തത്തെയും പ്രതിനിധീകരിക്കുന്ന ഹിംസാത്മകമായ ക്രിയാംശങ്ങള്‍ക്ക് ഉള്ളതുപോലെ സ്വാധീനം മറ്റു ഭാവശക്തികള്‍ക്കൊന്നുംതന്നെയില്ല.
ഗ്യാന്‍ മുഖര്‍ജിയുടെ സംവിധാനത്തില്‍ ബോംബേ ടാക്കീസുകാര്‍ നിര്‍മ്മിച്ച ‘കിസ്മത്താ’ണ് കുറ്റവാളിയായ ഒരാളെ മുഖ്യകഥാപാത്രമായി അവതരിപ്പിച്ച ആദ്യത്തെ ഇന്ത്യന്‍ ചലച്ചിത്രം. അന്നത്തെ പ്രബോധനചിത്രങ്ങളുടെ പതിവനുസരിച്ച് നന്മയുടെ ആത്യന്തിക വിജയമെന്ന സന്ദേശത്തിലായിരുന്നില്ല ചിത്രത്തിന്റെ ഊന്നല്‍. കര്‍ക്കശക്കാരനായ അച്ഛനോട് എതിരിട്ട് കുടുംബജീവിതത്തിന്റെ സുരക്ഷിതത്വം വിട്ട് ഓടുന്ന മദന്‍, പോക്കറ്റടിക്കാരനായ ശേഖറായിത്തീരുന്നു. സിനിമ ആരംഭിക്കുമ്പോള്‍ അയാള്‍ മൂന്നാമത്തെ ജയില്‍ ശിക്ഷയും കഴിഞ്ഞ് പുറത്തിറങ്ങുകയാണ്. അയാളില്‍ മാറ്റത്തിനുള്ള സൂചനയൊന്നും ഇല്ലെന്ന് വ്യക്തമാവുന്ന രീതിയിലാണ് തുടര്‍ന്നുള്ള സംഭവങ്ങള്‍. കുറ്റവാളിയാണെങ്കിലും പോലീസ് ശേഖര്‍ബാബുവിനോട് മാന്യമായും ആദരവോടെയുമാണ് പെരുമാറുന്നത്. അയാള്‍ നന്നാകേണ്ടത് തന്റെയും ആവശ്യമാണെന്ന നിലയിലാണ് ഇന്‍സ്‌പെക്ടര്‍ സാഹിബിന്റെ ഉപദേശവും സംഭാഷണ രീതികളും. ശേഖര്‍ബാബു ഉയര്‍ന്ന കുടുംബത്തിലെ അംഗമാണെന്നും ഏതവസ്ഥയിലായിരുന്നാലും പൊതുവായ ആദരവിനയാള്‍ അര്‍ഹനാണെന്നുമുള്ള സങ്കല്പം ചലച്ചിത്രത്തിന്റെ ഇതിവൃത്തഘടനയ്ക്ക് പുറത്തുള്ള കാര്യമാണ്. എന്നാലും അശോക് കുമാര്‍ എന്ന ജനപ്രീതിയുള്ള നടന്റെ സാന്നിദ്ധ്യവും ഇതിനകം പ്രേക്ഷകര്‍ പരിചയപ്പെട്ടു കഴിഞ്ഞ അദ്ദേഹത്തിന്റെ മാനറിസങ്ങളും അത്തരമൊരു അവസ്ഥയിലെത്തിച്ചു കഴിഞ്ഞ ജനക്കൂട്ടത്തോടാണ് ചലച്ചിത്രത്തിലെ കഥ സംവദിക്കുന്നത്.
1943-ല്‍ റിലീസായ ‘കിസ്മത്ത്’ മറ്റൊരുതരത്തില്‍ സ്വതന്ത്രപൂര്‍വ ഇന്ത്യയിലെ സാമൂഹികവും രാഷ്ട്രീയവുമായധ്വനികളെ ഉള്ളടക്കുന്ന വിധവും ശ്രദ്ധേയമായിരുന്നു. ശാന്തസ്വഭാവിയായി, പലപ്പോഴും കുറ്റകൃത്യത്തിന്റെ (ഇവിടെ മോഷണം) ഫലത്തെക്കുറിച്ച് ചിന്തിച്ച് സ്വയം പരിവര്‍ത്തനത്തിനു വിധേയനാവാന്‍ കുറ്റവാളിയെ സ്വതന്ത്രനായി വിടുന്ന ഇന്‍സ്‌പെക്ടറില്‍, ആസന്നമായ ഇന്ത്യയുടെ രാഷ്ട്രീയാധികാര കൈമാറ്റത്തെ മുന്‍നിര്‍ത്തിയുള്ള നിസ്സഹായതയും ഉത്തരവാദിത്തവും പ്രതീകസ്വഭാവത്തോടെ നിറഞ്ഞിരിക്കുന്നതായി മനസിലാക്കാവുന്നതാണ്. അവസാനത്തെ കൂടിച്ചേരലില്‍ ശേഖറിന്റെ കര്‍ക്കശക്കാരനായ പിതാവ് (Authoritarian Father) ഇന്ദ്രജിത്ത്, ആശ്രിതനായ സൂഹൃത്തിനോട് കുറ്റബോധത്തോടെ നടത്തുന്ന ഏറ്റുപറച്ചിലിലും ദേശീയൈക്യത്തെക്കുറിച്ചുള്ള മുന്‍സൂചനകളും പ്രതീക്ഷകളുമുണ്ട്. ”നമ്മള്‍ മുതിര്‍ന്നവര്‍ നശിപ്പിച്ചത്, നമ്മുടെ കുട്ടികള്‍ കൂട്ടിച്ചേര്‍ക്കുന്നു” എന്നാണ് അയാളുടെ ഭരതവാക്യം.
‘കിസ്മത്ത്’ എന്ന പേരിലുള്ള ആശയധ്വനി ഇതിനേക്കാളെല്ലാം പ്രധാനമാണ്. ഹിതകരമല്ലാത്ത ജീവിതായോധനങ്ങള്‍ക്കുശേഷം ശേഖര്‍ബാബുവിനു കഥാന്ത്യത്തില്‍ വന്നുചേരുന്ന പരിണാമത്തില്‍ ഭൗതികാതീതശക്തികളുടെ ഇടപെടലുണ്ടെന്നാണ് ശീര്‍ഷകം സൂചിപ്പിക്കുന്നത്. ശേഖര്‍ബാബുവിനെ അവസാനം ധനവാനായ പിതാവിന്റെ അടുക്കല്‍തന്നെ എത്തിച്ചതും കാര്യങ്ങളെല്ലാം ശുഭമായി പര്യവസാനിച്ചതും ‘ഗോവിന്ദന്റെ മായയും’ ‘ഭാഗ്യത്തിന്റെ കളി’യുമാണ്. പണ്ഡിറ്റ്ജി, ജോലിക്കാരന്‍ എന്നീ രണ്ടു കഥപാത്രങ്ങളെക്കൊണ്ട് അങ്ങനെ പറയിച്ചിട്ടാണ് ചിത്രം അവസാനിക്കുന്നത്. കിസ്മത്ത്, അതുവരെയുള്ള ഇന്ത്യന്‍ ചലച്ചിത്രചരിത്രത്തില്‍ വലിയ തുകയായ ഒരു കോടി നേടുകമാത്രമല്ല, അശോക് കുമാറിനെ താരപദവിയില്‍ ഉറപ്പിക്കുകയും ചെയ്തു. ഇന്ന് തിരിഞ്ഞു നോക്കുമ്പോഴും അതില്‍ അദ്ഭുതമില്ല. മൂല്യാധിഷ്ഠിതമായ പാരമ്പര്യവിശ്വാസവും സമകാലികമായ രാഷ്ട്രീയധ്വനികളുടെയും വിധിവിശ്വാസത്തി ന്റെയും ചട്ടക്കൂടിനുള്ളില്‍ ജനങ്ങളുടെ ആരാധനാബിംബത്തിന്റെ വ്യവഹാരരീതികളെ കൃത്യമായി വിന്യസിച്ചുകൊണ്ടാണ് ‘കിസ്മത്ത്’ ജനപ്രീതി നേടിയത്.
പൂര്‍ണ്ണരൂപം 2023 സെപ്റ്റംബർ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും സെപ്റ്റംബർ ലക്കം ലഭ്യമാണ്
Comments are closed.