കോളജുകളിലെ മദ്ധ്യവേനലവധി കാലങ്ങളില്‍ മാറ്റം വരുത്തി
സര്‍വകലാശാലകളിലും കോളജുകളിലും ഏപ്രില്‍, മേയ് മാസങ്ങളിലെ മദ്ധ്യവേനലവധി മാറ്റി, നവംബറിലും മേയിലും (സെമസ്റ്ററുകള്‍ക്കുശേഷം ഓരോമാസം വീതം) നല്‍കാന്‍ തീരുമാനം. വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ കൂടിയ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ ഗവേണിങ് ബോഡി യോഗത്തിലാണ് തീരുമാനം.
ഇതോടെ പരീക്ഷാമൂല്യനിര്‍ണയം എളുപ്പത്തിലാവും. നേരത്തേ എം.ജിയില്‍ ഈ സംവിധാനം നടപ്പാക്കിയെങ്കിലും അദ്ധ്യാപകരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. സംസ്‌കൃത സര്‍വകലാശാലയില്‍ 12വര്‍ഷമായി ഈ സംവിധാനമുണ്ട്.
തുടര്‍ച്ചയായി ഏപ്രില്‍, മേയ് മാസങ്ങളില്‍ അവധി നല്‍കുന്നതിനു പകരം സെമസ്റ്റര്‍ പരീക്ഷകള്‍ക്കുശേഷം നവംബറിലും മേയിലും അവധി നല്‍കിയാല്‍ ഈ കാലയളവില്‍ അധ്യാപകരെ മൂല്യനിര്‍ണയത്തിനു നിയോഗിക്കാനാകും. ഇതേക്കുറിച്ചു പഠിച്ചു നിര്‍ദേശം സമര്‍പ്പിക്കാന്‍ പ്രോ വൈസ് ചാന്‍സലര്‍മാരുടെ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ കോഴ്‌സുകളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിന് വിദേശ സര്‍വകലാശാലകളില്‍നിന്നു പ്രശസ്ത അധ്യാപകരെ കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്. അക്കാദമിക് ഗുണനിലവാരം ഉയര്‍ത്തുന്നതിന്റെ ഭാഗമായാണു വിദേശ സര്‍വകലാശാലകളിലെ പ്രഫസര്‍മാരെ ഹ്രസ്വകാല ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഇവിടേക്കു കൊണ്ടുവരുന്നത്.
എല്ലാ സര്‍വകലാശാലകളും ചേര്‍ന്നു പ്രവേശനം, പരീക്ഷ, ഫല പ്രഖ്യാപനം തുടങ്ങിയവയുടെ കാര്യത്തില്‍ ഏകീകൃത കലണ്ടര്‍ തയാറാക്കും. പിജി കോഴ്‌സുകളുടെ പാഠ്യപദ്ധതി പരിഷ്‌കരിക്കും. ഇതിനായി പ്രഗല്‍ഭരെ ഉള്‍പ്പെടുത്തി പാഠ്യപദ്ധതി പരിഷ്‌കരണ സമിതി രൂപീകരിക്കും. കേരളത്തിലെ സര്‍വകലാശാലകള്‍ നടത്തുന്ന കോഴ്‌സുകള്‍ പരസ്പരം അംഗീകരിക്കണമെന്നും വിദ്യാര്‍ഥികള്‍ക്കു തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള തടസ്സങ്ങള്‍ പരിഹരിക്കണമെന്നും ധാരണയായി.
Comments are closed.