വായനയുടെ അവസാനം നമ്മളും ശുദ്ധീകരിക്കപ്പെടുന്നു…!
പ്രശാന്ത് നായരുടെ പുസ്തകം ‘കളക്ടര്‍ ബ്രോ‘ യ്ക്ക് ദര്‍ശന ബാബുരാജ്
എഴുതിയ വായനാനുഭവം
രണ്ടു മാസം മുമ്പ് കോഴിക്കോടുള്ള ഒരു പ്രമുഖ സ്ഥാപനത്തിൽ പ്രവേശനം ലഭിക്കാനുള്ള എഴുത്തു പരീക്ഷയിലാണ് കംപാഷൻ എന്ന വാക്കു ഞാൻ ശ്രദ്ധിക്കുന്നത്! ഞാനുദ്ദേശിച്ച വാക്ക് തന്നെയല്ലേ എന്നും അത് എന്തുകൊണ്ടാണ് പരീക്ഷയിൽ ചോദിച്ചതെന്നും ഞാൻ പരീക്ഷയെഴുതുമ്പോൾ ആലോചിച്ചിരുന്നു. അഡ്മിഷൻ കിട്ടിയ അന്നുതൊട്ട് ഈ പുസ്തകം എന്റെ കയ്യിൽ കിട്ടുന്നവരെയേ എനിക്കതിനെ പറ്റി ചിന്തിക്കേണ്ടിവന്നുള്ളൂ. ഉയർന്ന സാമൂഹിക പ്രതിബദ്ധത ഉള്ള ഒരു സ്ഥാപനം അങ്ങനെയൊരു ചോദ്യം തൊടുത്തുവിട്ടതിന്റെ അർത്ഥം ഈ പുസ്തകം എനിക്ക് മനസ്സിലാക്കിത്തന്നു. ഈ പുസ്ത കത്തിലുടനീളം കളക്ടർ ബ്രോയുടെ പദ്ധതികൾക്ക് ഇത്രമേൽ ജീവനുണ്ടെങ്കിൽ അന്നത്തെ കാലങ്ങളിൽ അവ എത്രമാർത്ഥം ജനകീയമായിരുന്നെന്ന് ഉടനീളം ഞാൻ ഓർത്തുകൊണ്ടേയിരുന്നു.
എഴുത്തുകാരന്റെ ഓരോ വരിയിലും തികഞ്ഞ ആത്മാർത്ഥതയും ധീരതയും യഥേഷ്ടമുണ്ട്. ഭാവനാത്മകതയിലൂടെപോലും വിജയങ്ങൾ നേടിയെടുക്കുന്നുണ്ട് അദ്ദേഹം.കളക്ടറും സംഘവും കോഴിക്കോടിനെ അടിമുടി ശുദ്ധീകരിക്കുന്നതുപോലെ വായനയുടെ അവസാനത്തിൽ നമ്മളും ശുദ്ധീകരിക്കപ്പെടുന്നു. നമ്മുടെ മനോവികാസവും സാധ്യമാകുന്നു. പ്രതികരിക്കേണ്ടിടത്തു ചാടിക്കേറാതെ മുന്നിലുള്ള ഓരോ വ്യക്തിത്വങ്ങളെയും അവരുടെ ‘ഡിഗ്നിറ്റി ‘ക്കനുസരിച്ചു ചേരുവയിലാക്കാൻ കളക്ടർ ആദ്യാവസാനം വരെ അക്ഷീണം പ്രവർത്തിക്കുന്നു. സഗൗരവം എന്നത് പ്രവൃത്തിയിലും സരളം എന്നത് സ്വന്തം വ്യക്തിത്വത്തിലും ബ്രോ പ്രാവർത്തികമാകുന്നുണ്ട്. പുസ്തകത്തിലുടനീളം കാണുന്ന ‘ഓപ്പറേഷൻസ് ‘ കോഴിക്കോട് മാത്രമല്ല നമ്മുടെ ഓരോരുത്തരുടെ ജീവിതത്തിലും നേർകാഴ്ചകളിലും സ്പന്ദിക്കുന്നുണ്ട് എന്ന സത്യം ഇത് വായിച്ച ഏതൊരുവനും സമ്മതിക്കുന്ന കാര്യമാണ്. ജനാധിപത്യത്തിൽ ഉറച്ച്നിന്നുകൊണ്ട്ഈ പുസ്തകവും എഴുത്തുകാരനും ഉദ്ദേശശുദ്ധിയുള്ള ഓരോ സമൂഹ ജീവികളെയും വികാരപരമായി ഒരു പുന നിർമാണത്തിന് സ്വാഗതം ചെയ്യുകയാണ്.
പുസ്തകത്തിലെ സരസഭാഷയ്‌ക്കൊപ്പം തന്നെ വരകളും സ്റ്റിക്കറുകളും ഡിസൈനുകളും മനസ്സിൽ ഇടംപിടിക്കുന്നു. അത്യധികം നവീനരീതിയിൽ തയ്യാറാക്കിയിരിക്കുന്ന ഈ പുസ്തകംതന്നെ ബ്രൊ യുടെ സാങ്കേതിക വിദ്യയോടുള്ള ഇഷ്ടത്തിന്റെ സൂചകമാണ്.കാതലായ ആശയങ്ങളോടൊപ്പം സമൂഹത്തിലേയ്ക്ക് വളരുക എന്ന തത്വം ബ്രൊ ഉടനീളം നമ്മെ അനുസ്മരിപ്പിക്കുന്നു… കാരണം നമ്മൾ ജയിക്കും ജയിക്കുമൊരു ദിനം ;നമ്മളൊറ്റയ്ക്കല്ല, നമ്മളാണീ ഭൂമി! ഓരോ ബിരിയാണിക്കുശേഷമുള്ള സുലൈമാനി പോലെ അത്യധികം മനസ്സിന് സുഖവും ഉന്മേഷവും നന്മയും നൽകിയ കളക്ടർ ബ്രൊ.. താങ്കൾ കോഴിക്കോട്കാരുടെ മാത്രമല്ല ഞങ്ങളോരോരുത്തരുടെയും ബ്രൊ യാണ്.. അല്ലേടോ വാര്യരെ..!
പുസ്തകത്തിനായി ക്ലിക്ക് ചെയ്യൂ
Comments are closed.