DCBOOKS
Malayalam News Literature Website

ഇരു-നോവലിലെ നിവേദനത്തിന് മുഖ്യമന്ത്രിയുടെ മറുപടി

 

ഏഴാമത് ദേശാഭിമാനി സാഹിത്യപുരസ്‌ക്കാരത്തിൽ നോവൽ വിഭാഗത്തിൽ വി ഷിനിലാലിന്റെ ‘ഇരു’ പുരസ്‌ക്കാരർഹമായി. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘ഇരുവിനെ ‘ കുറിച്ച് മുഖ്യമന്ത്രി ചടങ്ങിൽ ഉദ്ധരിച്ചു.

ആദിമ വിഭാഗങ്ങളെ സാഹിത്യത്തിലേക്ക് എത്തിക്കുവാൻ ‘ഇരുവിനു‘ സാധിച്ചിരിക്കുന്നതും, നോവലിലെ ഒരു അധ്യായത്തിൽ ആദിവാസി വിഭാഗങ്ങളുടെ ഭൂവിഷയത്തെ കുറിച്ച് സംസാരിച്ചതും ഇത്തരം വിഷയങ്ങൾ എഴുത്തിനെ സ്വാധീനിക്കുന്നതുമെല്ലാം സന്തോഷാർഹമാണെന്നു അദ്ദേഹം രേഖപ്പെടുത്തി.

ബഹു: പിണറായി വിജയൻ പുരസ്‌ക്കാരദാന ചടങ്ങിൽ നോവലിനെ കുറിച്ച് പരാമർശിച്ചതിന്റെ പൂർണരൂപം:

നോവൽ പുരസ്‌കാരത്തിന് അർഹനായിരിക്കുന്നത് ശ്രീ. വി ഷിനിലാലാണ്,ഇരു’ എന്ന നോവലിന്. തിരുവിതാംകൂറിന്റെ വാമൊഴി ചരിത്രത്തെയും വരമൊഴി ചരിത്രത്തെയുമാണ് ഈ രചന അടിസ്ഥാനമാക്കുന്നത്. കഴിഞ്ഞ മൂന്നു നൂറ്റാണ്ടുകാലത്തെ തിരുവിതാംകൂറിന്റെ സാമൂഹിക – സാംസ്‌കാരിക – രാഷ്ട്രീയ പരിണാമങ്ങളെ അടയാളപ്പെടുത്തുന്ന കൃതിയാണ് ‘ഇരു‘. ചരിത്രത്തെ അധികരിച്ച് രചനകളുണ്ടാവുമ്പോൾ അവ ചരിത്രത്തിന്റെ വ്യാഖ്യാനങ്ങളോ പ്രതിഫലനങ്ങളോ മാത്രമായി ചുരുങ്ങിപ്പോകാറുണ്ട്. 

എന്നാൽ ഈ പരിമിതിയെ തന്റെ സർഗാത്മകത കൊണ്ട് മറികടന്നിരിക്കുകയാണ് ഷിനിലാൽ. രാജാധികാരത്തിൽ തുടങ്ങി, ജനാധിപത്യം വരെയുള്ള ഭരണസംവിധാനങ്ങളുടെ വളർച്ചയും വികാസവും, രണ്ട് ലോകമഹാ യുദ്ധങ്ങളുടെ കെടുതികൾ, തിരുവിതാംകൂറിൽ നിലനിന്നിരുന്ന സാമൂഹിക ഘടന, അതിലെ വിവേചന ചിന്തകളുടെ സാന്നിധ്യം, പ്രാദേശിക സാംസ്‌കാരിക ചരിത്രം എന്നിവയെല്ലാം ഈ കൃതിയിൽ സമ്മേളിക്കുന്നു.

ഭരണം കൈയാളുകയും മുഖ്യധാരയുടെ ഭാഗമാവുകയും ചെയ്തവർ മാത്രമല്ല ഈ നോവലിൽ കഥാപാത്രങ്ങളായി കടന്നുവരുന്നത്. ആദിമ ജനതയുടെ ചരിത്രവും സംസ്‌കാരവും ആകുലതകളും നോവലിന്റെ ഇതിവൃത്തമാകുന്നുണ്ട്. ആ നിലയ്ക്ക് തിരുവിതാംകൂറിന്റെ പൊളിറ്റിക്കൽ കൾച്ചറൽ ആൻഡ് ഡയസ്‌പോറിക്ക് ക്രോണിക്കിൾ കൂടിയായി മാറുകയാണ് ‘ഇരു’ എന്ന പുസ്തകം. 

ഈ പുസ്തകം മറിച്ചു നോക്കിയപ്പോൾ ഒരധ്യായത്തിൽ കേരളാ മുഖ്യമന്ത്രിയായ എന്നെ പേരുപറഞ്ഞ് അഭിസംബോധന ചെയ്യുന്ന കത്ത് കാണാനിടയായി. ആദിവാസികൾക്ക് ഭൂമി ലഭ്യമാക്കുക എന്നതാണ് ആ കത്തിൽ പരാമർശിച്ചിരിക്കുന്ന ഒരു വിഷയം. അതുകൊണ്ടുതന്നെ, ഈയവസരത്തിൽ ഒരു കാര്യം പ്രത്യേകമായി സൂചിപ്പിക്കട്ടെ. മുത്തങ്ങയിൽ സമരം ചെയ്ത ആദിവാസികളെ അന്നത്തെ സർക്കാർ വെടിയുണ്ടകളുമായി നേരിട്ടപ്പോൾ, അവർക്ക് പട്ടയം നൽകി അവരെ ഭൂമിയുടെ ഉടമസ്ഥരാക്കി മാറ്റുകയാണ് ഈ സർക്കാർ ചെയ്തത്. 

എല്ലാവർക്കും ഭൂമി ലഭ്യമാക്കാനുള്ള ഈ സർക്കാരിന്റെ ഇടപെടലുകളുടെ ഫലമായി ഭൂരഹിതരായ പട്ടികവർഗ്ഗക്കാർ ഇല്ലാത്ത ജില്ലയായി തിരുവനന്തപുരം ഇതിനോടകം മാറിക്കഴിഞ്ഞു. മറ്റു ജില്ലകളേയും ഈ നിലയിലേക്ക് എത്തിക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് സംസ്ഥാന സർക്കാർ. ഏതായാലും ഇത്തരം വിഷയങ്ങൾ എഴുത്തിന് വിഷയീഭവിക്കുന്നുണ്ട് എന്നത് സന്തോഷകരമാണ്.

Leave A Reply