DCBOOKS
Malayalam News Literature Website

നവ ആഖ്യായികകളുടെ കാലാവസ്ഥാ രാഷ്ട്രീയം

ശ്രീപ്രിയ ബാലകൃഷ്ണന്‍, മറുവായന: ആന്ത്രോപോസീന്‍

ആന്ത്രോപോസീന്‍ എന്ന ആശയത്തിലെ മനുഷ്യസ്വാധീനത്തിന്റെ ആരംഭകാലം ഏതാണ് എന്നതില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും മനുഷ്യരാല്‍ അടയാളപ്പെടുന്ന ഒരു കാലത്തിലേക്ക് ഭൂമി എന്നേ പ്രവേശിച്ചിരിക്കുന്നു എന്നത് നിസ്തര്‍ക്കമായ കാര്യമായി ഇപ്പോള്‍ മനസ്സിലാക്കപ്പെടുന്നു. ഇന്നത്തെ ഭൂമിയെ ആ അര്‍ത്ഥത്തില്‍ നൈസര്‍ഗ്ഗികപ്രകൃതി എന്നു പറയാന്‍ കഴിയുകയില്ല. പ്രകൃതിയിലേക്കുള്ള മനുഷ്യന്റെ ഈ അധിനിവേശമാണ് ആന്ത്രൊപൊസീന്‍ എന്ന സന്ദര്‍ഭം.: നവകാലാവസ്ഥാ രാഷ്ട്രീയം ഗൗരവപരമായി കൈകാര്യം ചെയ്യുന്ന കൃതികളിലൂടെ മറുവായനാ.

ശാസ്ത്രനോവല്‍, അന്ത്യനാശ ദര്‍ശനങ്ങള്‍, ഫാന്റസികള്‍ തുടങ്ങിയ പലതരം ആഖ്യായികളുള്‍പ്പെടുന്ന സാഹിത്യസമുച്ചയമാണ് ഭ്രമാത്മകസാഹിത്യം. പതിനെട്ടാംനൂറ്റാണ്ടു
മുതല്‍ ഭ്രമാത്മകസാഹിത്യത്തിന്റെ കുത്തകയായിരുന്ന ചില വിഷയങ്ങളാണ് അനിയന്ത്രിതമായ ഭോഗപരത, മുതലാളിത്തവ്യവസ്ഥയുടെ അഭേദ്യമായ അനന്തമായ തുടര്‍ച്ചകള്‍, ദാരുണമായ പരിസ്ഥിതിനാശത്തെത്തുടര്‍ന്നുണ്ടാവുന്ന പുതിയ ലോകസൃഷ്ടികള്‍, അവയിലെ ഭീകരമായ അസമത്വങ്ങള്‍, ജനിതകവ്യതിയാനങ്ങള്‍ സംഭവിച്ച ജീവജാലങ്ങള്‍, ജീവശാസ്ത്രപരമായ പുതിയ ആധിപത്യങ്ങള്‍, യാന്ത്രികതയുടെ അളവറ്റ സാധ്യതകളും സംഭവ്യതകളും തുടങ്ങിയവയൊക്കെ. മേരിഷെല്ലിയുടെ ഫ്രാങ്കെന്‍സ്‌റ്റെയ്ന്‍ മുതല്‍ റ്റോല്‍
കിന്റെയും ജോര്‍ജ് ഓര്‍വെലിന്റെയും ആര്‍തര്‍.സി. ക്ലാര്‍ക്കിന്റെയും എച്ച്.ജി. വെത്സിന്റെയും മാര്‍ഗരെറ്റ് ആറ്റ്വുഡിന്റെയും ഒക്കെയുള്ള ആഖ്യാനങ്ങളും അവയില്‍നിന്ന്കൂടി ഊര്‍ജ്ജംസംഭരിച്ച് വളരെ വിപുലമായിത്തീര്‍ന്ന് സിനിമയിലേക്കും വീഡിയോഗേമുകളിലേക്കും സൈബര്‍ ഇടങ്ങളിലേക്കും കൂടി പടര്‍ന്നുകിടക്കുന്ന ഒരു കാല്പനിക പ്രപഞ്ചം തന്നെയാണിത്. ഇവയില്‍ പലതും നവരാഷ്ട്രീയത്തിന്റെ സൂക്ഷ്മതലങ്ങളായ ലിംഗാത്മകത, വംശീയത, വര്‍ഗ്ഗീയത എന്നിവയെ ഒക്കെ വിമര്‍ശനാത്മകമായിത്തന്നെ Pachakuthiraസമീപിക്കുന്നുമുണ്ട്. ഇവയുടെ സമീപനരാഷ്ട്രീയത്തെ അവലോകനം ചെയ്യുന്നതിനൊപ്പം ആന്ത്രോപോസീന്‍ എന്ന നവകാലാവസ്ഥാരാഷ്ട്രീയത്തിന്റെ സുപ്രധാനമായ ജ്ഞാനഗണത്തെ ഗൗരവമായി സമീപിക്കുന്ന ഇന്ത്യന്‍ എഴുത്തുകാരനായ അമിതാവ് ഘോഷിന്റെ കൃതികളെയും ഈ പഠനത്തിലൂടെ ഒരു താരതമ്യാവലോകനത്തിനു വിധേയമാക്കുകയാണ്.

ഭ്രമാത്മകതയുടെ ഭൗതിക പരിസരങ്ങള്‍ മേരിഷെല്ലി പതിനേഴാം നൂറ്റാണ്ടിലെ മനുഷ്യസങ്കല്‍പ്പത്തെയും അതിന്റെ യാന്ത്രികവല്‍ക്കരണത്തെയും നിശിതമായ വിമര്‍ശനത്തിനു വിധേയമാക്കിയതുപോലെ സാമൂഹികശാസ്ത്രങ്ങളും സിദ്ധാന്തങ്ങളും അഭിമുഖീകരിക്കുന്ന പല സമസ്യകളെയും ഭ്രമാത്മക കഥനങ്ങള്‍ പ്രശ്‌നവല്‍ക്കരിക്കുന്നുണ്ട്. എന്നാല്‍ സാമൂഹ്യരാഷ്ട്രീയചരിത്രത്തിലെ ചൂഷണബദ്ധമായ ഫാഷിസം, യുദ്ധം, അടിമത്തചരിത്രങ്ങള്‍, ഫ്യൂഡലിസം, മുതലാളിത്തവ്യവസ്ഥിതി, തുടങ്ങി ഇന്നത്തെ ആഗോളവല്‍ക്കരണവും ഭരണകൂട ഭീകരതകളുംവരെ വിഷയങ്ങളായി നിലനില്‍ക്കുമ്പോഴും ഭ്രമാത്മകസാഹിത്യ സമീപനത്തില്‍ ഒരു പാളിച്ചയായി കാണപ്പെടുന്ന ഒന്നാണ് അവയുടെ വാര്‍പ്പുമാതൃകയിലുള്ള പ്രശ്‌നസമീപനവും പ്രതിവിധികളും. ഒരു വശത്ത് ഡിസ്‌റ്റൊപ്പിയന്‍ യുക്തികളും മറുവശത്ത് വളരെ ലളിതവല്ക്കരിക്കപ്പെട്ട പരിഹാരനിര്‍ദ്ദേശങ്ങളാണ് ഇവ മുന്നോട്ടുവയ്ക്കുക.

കഥകളുടെ വിഭാവനം ഗോളാന്തരവും ഗ്രഹാന്തരവും ഒക്കെയാണെങ്കിലും കഥാവസ്ഥ മിക്കവാറും സ്ഥിതിചെയ്യുന്നത് ഒരു ഒന്നാംലോകരാഷ്ട്രത്തിലെ മെറ്റ്രോപോളിറ്റനില്‍, മിക്കവാറും ന്യൂയോര്‍ക്കില്‍ തന്നെയായിരിക്കും എന്നത് ഈ സാഹിത്യരൂപത്തിന്റെ രാഷ്ടീയത്തിലെ വലിയ ഒരു പരിമിതിയെ നിജപ്പെടുത്തുന്നുണ്ട്.

തുടങ്ങി സിനിമയിലും സാഹിത്യത്തിലും വീഡിയോ ഗെയ്മുകളിലും ഒക്കെ നിറയുന്ന ഇന്നത്തെ ഭ്രമാത്മക കലപ്പനകള്‍ ഏറെയും ഒന്നാം ലോകരാഷ്ട്രങ്ങളുടെ പ്രത്യേകിച്ചും
അമേരിക്കയുടെ അധികാരബോധവും മിഥ്യാഭയങ്ങളും ഉള്‍ചേര്‍ന്നിട്ടുള്ളവയാണ് എന്നു കാണാം. കൂടാതെ, ‘നോഹയുടെ പേടകം’ എന്ന ഐതിഹ്യത്തിലെപ്പോലെ ഏകപക്ഷീയവും സ്വേച്ഛാപരവുമായ സജാതീയത്വവും സമത്വവും സങ്കല്‍പ്പിച്ച് ആഖ്യാനം അവസാനിപ്പിക്കുക എന്നതും പൊതുസ്വഭാവമായി ചിലപ്പോള്‍ വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. ആത്യന്തികമായും ഭ്രമാത്മകസാഹിത്യത്തെ ആഘോഷിക്കുകയോ പൂര്‍ണ്ണമായും തള്ളിക്കളയുകയോ ചെയ്യാത്ത വിമര്‍ശനങ്ങള്‍ക്ക് ഇവയില്‍നിന്ന് വെളിപ്പെടുന്ന ചില കാതലായ ദര്‍ശനങ്ങള്‍ മനസ്സിലാക്കാനുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. ഈ ഭൗതികപരിസരം കൂടുതല്‍ ചര്‍ച്ച അര്‍ഹിക്കുന്നുണ്ട്.

പൂര്‍ണ്ണരൂപം വായിക്കാന്‍ നവംബര്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും നവംബര്‍  ലക്കം ലഭ്യമാണ്‌

Comments are closed.