DCBOOKS
Malayalam News Literature Website

ക്ലൈമറ്റ് ലോക്ക് ഡൗണുകള്‍ നല്ലതാണ് : ഡോ.എ.രാജഗോപാല്‍ കമ്മത്ത് എഴുതുന്നു

ലോക്ക് ഡൗണ്‍കാലത്ത് മനുഷ്യര്‍ അകത്തിരിക്കുമ്പോള്‍ പ്രകൃതി അതിന്റെ തനിമയിലേക്ക് തിരിച്ചുവരുന്ന കാഴ്ചയാണ് ലോകം കണ്ടുകൊണ്ടിരിക്കുന്നത്. ശാസ്ത്ര സാഹിത്യകാരനായ ഡോ.എ.രാജഗോപാല്‍ കമ്മത്ത് ആ കാഴ്ചകളും അനുഭവങ്ങളും എഴുതുന്നു.

ഞങ്ങള്‍ കൊല്ലത്തുകാര്‍ക്ക് നല്ല ആകാശക്കാഴ്ച്ച സുലഭമായിരുന്നു.പണ്ടത്തെ ആള്‍ത്തിരക്കൊഴിഞ്ഞ കൊച്ചുപിലാമൂട് ബീച്ചും തേവള്ളിപ്പാലവും കിഴക്കും പടിഞ്ഞാറും ചക്രവാളങ്ങള്‍ തെളിമയോടെ ദൃശ്യമാക്കിയിരുന്നു. അറബിക്കടലും അഷ്ടമുടിക്കായലും ഒരിക്കലും കണ്ടുമതിവരാത്ത ദൃശ്യങ്ങള്‍ സമ്മാനിച്ചു.കടപ്പുറത്ത് ഇരുള്‍ വീഴുമ്പോള്‍ ആദ്യം കാണുക ചൊവ്വാഗ്രഹമാണ്. പിന്നെ പതിയെ നക്ഷത്രഗണങ്ങള്‍ ഓരോന്നായി തെളിഞ്ഞു വരും. സിറിയസാണ് മിക്കപ്പോളും ആദ്യം കാണുക. കാനിസ് മേജര്‍, കാനിസ് മൈനര്‍, ഓറിയണ്‍, ടോറസ്, കാസിയൊപ്പിയ, ഉര്‍സാ മേജര്‍, ഉര്‍സാ മൈനര്‍ എന്നിവ കടന്നുപോകും. ചൊവ്വയും വ്യാഴവും തിരിച്ചറിയാനാകും.ഏഴുമണിയോടെ കൃത്രിമ ഉപഗ്രഹങ്ങള്‍ ഓരോന്നായി കടന്നുപോകുന്നതു കാണാം, പൊട്ടുപോലെ വളരെ വേഗത്തില്‍ . ധ്രുവീയ ഭ്രമണപഥത്തിലുള്ളവയായതിനാല്‍ വടക്കു നിന്നും തെക്കു ദിശയിലേയ്ക്കാണ് അവയുടെ സഞ്ചാരം.
ആദ്യം വാങ്ങിയ ടെലിസ്‌കോപ്പ് റഷ്യന്‍ നിര്‍മ്മിതമായിരുന്നു. റിഫ്രാക്ടര്‍ എന്നയിനം.ട്രൈപ്പോഡ് ഒരു സ്റ്റുഡിയോയില്‍ നിന്നും സഹായവിലയ്ക്കു കിട്ടി. ചന്ദ്രനിലെ ഗര്‍ത്തങ്ങളും വ്യാഴത്തിന്റെ ഉപഗ്രഹങ്ങളും ചുവന്ന പൊട്ടും, ശനിയുടെ വലയവും ചൊവ്വയുടെ ഉപരിതലത്തിലെകാളിമയും തെളിഞ്ഞു കാണാനായി. അക്കാലത്ത ഒന്‍പതു മണിയാകുമ്പോള്‍ മുതല്‍ നൂറുകണക്കിനു നക്ഷത്രങ്ങള്‍ തെളിഞ്ഞു കാണാമായിരുന്നു. ടെലിസ്‌കൊപ്പിലൂടെ ഓറിയണ്‍ നെബുലയും. കാലം കടന്നുപോയപ്പോള്‍ അന്തരീക്ഷത്തില്‍ ധൂളി നിറഞ്ഞു. പല നക്ഷത്രങ്ങളും കാണാന്‍ കഴിയാതായി. ചന്ദ്രന്‍ മങ്ങിക്കാണപ്പെട്ടു തുടങ്ങി. നഗരവിളക്കുകള്‍ ദൃശ്യങ്ങളുടെ കൃത്യതയില്‍ കുറവുണ്ടാക്കി. പലപ്പോളായി ലക്ഷദ്വീപിലും രാജസ്ഥാനിലെ ജയ്‌സാല്‍മെറിലും ലഡാക്കിന്റെ ഉള്‍നാടുകളിലും ചെന്നപ്പോളാണ് പഴയ ആകാശക്കാഴ്ച്ചകള്‍ വീണ്ടും ദൃശ്യമായത്.

ലോക്ക് ഡൗണ്‍ ആകാശത്തെ വീണ്ടും തെളിമയുള്ളതാക്കി. ചന്ദ്രനിലെ വലിയ ഗര്‍ത്തങ്ങള്‍ ഉപകരണങ്ങളുടെ സഹായമില്ലാതെ തിരിച്ചറിയാനാകും. ഇപ്പോള്‍ കയ്യിലുള്ള വലിയ ടെലിസ്‌കോപ്പിലൂടെ ആന്‍ഡ്രോമെഡാ ഗാലക്‌സിയും കണ്ടു.കേരളത്തിന്റെ പഴയകാലത്തില്‍ എത്തിപ്പെട്ടപോലെ. ഇത്തവണത്തെ പൂര്‍ണ ചന്ദ്രന്‍ ശരിക്കും പൂര്‍ണനായിരുന്നു. പാലൊളിച്ചന്ദ്രിക തന്നെ. എങ്ങും പ്രഭാപൂരം. കുറേനേരം ആകാശത്തു നോക്കിയിരിക്കുമ്പോള്‍ കത്തിയമരുന്ന ഉല്ക്കകളും കാണുന്നു. ഓറിയണ്‍ നക്ഷത്രഗണത്തിലെ ചുവന്ന നക്ഷത്രമായ ബീറ്റെല്‍ഗ്യൂസ് (തിരുവാതിര) ഒരു സൂപ്പര്‍നോവയാകാനുള്ള ഒരുക്കത്തിലാണ്. 400 പ്രകാശവര്‍ഷമാണ് ആ നക്ഷത്രത്തിലേയ്ക്കുള്ള ദൂരം. ഇപ്പോള്‍ അത് പൊട്ടിത്തെറിച്ചാലും നാമറിയുക 400 വര്‍ഷം കഴിഞ്ഞാകും. അന്നത്തെ മാനവരാശിയുടെ സ്ഥിതിയെന്തെന്ന് തീര്‍ച്ചയില്ല. ആകാശഗംഗയില്‍ സാധാരണ കാണാത്ത അനേകം നക്ഷത്രക്കൂട്ടങ്ങള്‍.

ജനത്തിരക്കും വാഹനങ്ങളും വളരെ കുറവായിരുന്ന കാലം വളരെ സമാധാനപൂര്‍ണമായിരുന്നു എന്നോര്‍മ്മ. എന്തെങ്കിലുമൊക്കെ ചിന്തിച്ചാണ് വഴികളിലൂടെ നടക്കുക. അക്കാലമൊക്കെ പോയത് വാഹനങ്ങള്‍ കൂടിയതോടെയാണ്. റോഡുകള്‍ വാഹനങ്ങള്‍ക്കു മാത്രമുള്ളതായി. കൂടാതെ വാഹനങ്ങളില്‍ നിന്നുള്ള പുക മൂലമുള്ള പ്രശ്‌നങ്ങളും ആളുകളെ വല്ലാതെ ബാധിച്ചു. നഗരത്തില്‍ പോയിവന്നാല്‍ ചുമച്ചുതുപ്പുമ്പോള്‍ കറുത്ത നിറമായിരുന്നു. പുകയും ധൂളിയും ടാറും ടയര്‍ ഉരഞ്ഞുനീങ്ങുന്നതിന്റെ അവശിഷടങ്ങളും. എല്ലാം ശരീരത്തിനു ഹാനികരമായവ. റോഡുകളില്‍ നിന്നു വാഹനങ്ങള്‍ ഇല്ലാതായതോടെ അന്തരീക്ഷത്തിലെ മാലിന്യങ്ങള്‍ 90 ശതമാനം കുറഞ്ഞു. കാര്‍ബണ്‍ മോണൊക്‌സൈഡും നൈട്രസ് ഓക്‌സൈഡും ഒക്കെ. കൂടാതെ ധൂളീശകലങ്ങളും ഗണ്യമായ തോതില്‍ കുറഞ്ഞു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യകാലത്തു വരെ അന്തരീക്ഷത്തില്‍ ഓക്‌സിജന്‍ 21 ശതമാനമായിരുന്നു. എന്നാല്‍ ലോക്ക് ഡൗണിനു തൊട്ടുമുന്‍പ് അത് 19 ശതമാനമായി കുറഞ്ഞു. നഗരങ്ങളില്‍ അതിലും കുറഞ്ഞിട്ടുണ്ടാകും. അറ്റു മലിനവാതകങ്ങള്‍ പരക്കുന്നതുമൂലമാണ് ശതമാനത്തിലെ കുറവ്. ഇപ്പോള്‍ സ്ഥിതി മാറി. അന്തരീക്ഷം തെളിഞ്ഞു. കോഴിക്കോട്ടു നിന്നാല്‍ ചെമ്പറ മല കാണാം. എറണാകുളത്തു നിന്നാല്‍ ആനമുടിയും. ഗംഗാനദിയില്‍ തെളിനീരൊഴുകുന്നു. ഹിമവാനെ നൂറുകണക്കിനു കിലോമീറ്റര്‍ അകലെ ജലന്ധറില്‍ നിന്നു കാണാം എന്നു പറയുന്നു. ഏതായാലും ഇക്കുറി അമ്ലമഴ അധികം പെയ്യില്ല എന്നു തോന്നുന്നു. വ്യവസായശാലകളില്‍ നിന്നുള്ള സള്‍ഫര്‍ ഡയോക്‌സൈഡ് കുറയുന്നതാണ് കാരണം. ലോക്ക് ഡൗണുകള്‍ നല്ലതാണ്. ഇടയ്ക്കിടയ്ക്ക് പ്രകൃതിക്കൊരു ബ്രേയ്ക്ക് നല്കണം. രണ്ടുമൂന്നു വര്‍ഷം കൂടുമ്പോള്‍ ഒരു ക്ലൈമറ്റ് ലോക്ക് ഡൗണ്‍.

Comments are closed.