അനില്‍ അംബാനിക്കെതിരായ കേസില്‍ ഉത്തരവ് തിരുത്തി; രണ്ട് കോടതി ജീവനക്കാരെ പിരിച്ചുവിട്ടു
ദില്ലി: അനില്‍ അംബാനിയുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസിലെ ഉത്തരവില്‍ തിരുത്തല്‍ നടത്തിയതിന് രണ്ട് ജീവനക്കാരെ സുപ്രീം കോടതി പിരിച്ചുവിട്ടു. കോര്‍ട്ട് മാസ്റ്റര്‍ മാനവ് ശര്‍മ്മ, അസിസ്റ്റന്റ് രജിസ്ട്രാര്‍ തപന്‍ കുമാര്‍ ചക്രബര്‍ത്തി എന്നിവരെയാണ് ഭരണഘടനയുടെ വ്യവസ്ഥ ചെയ്യുന്ന പ്രത്യേക അധികാരം ഉപയോഗിച്ച് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി പിരിച്ചുവിട്ടത്.
റിലയന്‍സ് ജിയോക്ക് ആസ്തികള്‍ വിറ്റ വകയില്‍ 550 കോടി രൂപ നല്‍കിയില്ലെന്ന എറിക്‌സണ്‍ ഇന്ത്യയുടെ കോടതിയലക്ഷ്യ കേസില്‍ റിലയന്‍സ് കോം ഉടമ അനില്‍ അംബാനി നേരിട്ട് ഹാജരാകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ജനുവരി ഏഴിന് ജസ്റ്റിസുമാരായ ആര്‍.എഫ്. നരിമാന്‍, വിനീത് സാറന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതായിരുന്നു ഉത്തരവ്. വിധിയില്‍ അനില്‍ അംബാനിയോട് നേരിട്ട് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍ അന്ന് വൈകിട്ട് സുപ്രീം കോടതി വെബ് സൈറ്റില്‍ അപ്‌ലോഡ് ചെയ്ത ഉത്തരവില്‍ കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് അനില്‍ അംബാനിക്ക് ഇളവ് നല്‍കിയതായി പരാമര്‍ശിച്ചിരുന്നു. ജനുവരി 10-ന് ഈ വൈരുദ്ധ്യം എറിക്‌സണ്‍ ഇന്ത്യയുടെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് സുപ്രീം കോടതി നടത്തിയ പ്രാഥമിക അന്വേഷണത്തിനൊടുവിലാണ് രണ്ട് ജീവനക്കാരെ പിരിച്ചുവിട്ടത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായാണ് സൂചന.
Comments are closed.