ഇത് അച്ഛനുള്ള സമര്‍പ്പണം: സന്തോഷ് ശിവന്‍
തിരുവനന്തപുരം: രാജ്യാന്തരശ്രദ്ധ നേടിയ ഫോട്ടോഗ്രാഫര്‍ ശിവന്റെ ജീവിതത്തെ ആസ്പദമാക്കി മകനും പ്രശസ്ത ഛായാഗ്രാഹകനുമായ സന്തോഷ് ശിവന്‍ തയ്യാറാക്കുന്ന ഡോക്യുമെന്ററി ഒരുങ്ങുന്നു. 87 വയസ്സുകാരനായ അദ്ദേഹത്തിന്റെ ശിവന്‍സ് സ്റ്റുഡിയോ 60 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷപരിപാടികള്‍ അടുത്തിടെയായിരുന്നു തിരുവനന്തപുരത്ത് സംഘടിപ്പിച്ചത്. ഡോക്യുമെന്ററി തന്റെ അച്ഛനുള്ള സമര്‍പ്പണമാണെന്നും രണ്ട് മാസത്തിനുള്ളില്‍ പുറത്തിറക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും സന്തോഷ് ശിവന്‍ പറഞ്ഞു.
ഫോട്ടോ ജേര്‍ണലിസം, സിനിമ, സാഹിത്യം, നാടകം, ഡോക്യുമെന്ററി തുടങ്ങി വിവിധ മണ്ഡലങ്ങളിലെ സജീവസാന്നിദ്ധ്യമായിരുന്നു ഫോട്ടോഗ്രാഫര്‍ ശിവന്‍. ഫോട്ടോഗ്രാഫിയെ ജീവിതത്തിന്റെ ക്യാന്‍വാസാക്കിയ ശിവന്റെ അനന്യസുന്ദരമായ ചിത്രങ്ങള്‍ കേരളചരിത്രത്തിന്റെ ഒരു രേഖപ്പെടുത്തല്‍ കൂടിയാണ്. ശിവന്റെ ചിത്രങ്ങള്‍ ഐക്യകേരളം രൂപീകരിക്കുന്നതിനു മുന്‍പു തന്നെ പ്രമുഖ പ്രസിദ്ധീകരണങ്ങളിലെല്ലാം പ്രസിദ്ധീകരിച്ചിരുന്നു. നാഷണല്‍ ജ്യോഗ്രഫിക്, ലൈഫ്, സ്പാന്‍, ന്യൂസ് വീക്ക് തുടങ്ങി പല വിദേശപ്രസിദ്ധീകരണങ്ങളിലെല്ലാം അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ അച്ചടിച്ചുവന്നിരുന്നു. മലയാളത്തിലെ ക്ലാസിക് ചിത്രം ചെമ്മീനിന്റെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ശിവനായിരുന്നു. 1959-ലായിരുന്നു തിരുവനന്തപുരത്ത് ശിവന്‍സ് സ്റ്റുഡിയോ ആരംഭിച്ചത്. തിരുവനന്തപുരത്ത് സ്റ്റാച്യു ജങ്ഷനില്‍ സ്ഥിതി ചെയ്തിരുന്ന അദ്ദേഹത്തിന്റെ സ്റ്റുഡിയോ ഒരു സാംസ്‌കാരിക കേന്ദ്രം കൂടിയായിരുന്നു. സിനിമാതാരങ്ങളും എഴുത്തുകാരും ഇടവേളകളില്‍ ഒത്തുകൂടിയിരുന്ന അവിടം ഫോട്ടോഗ്രാഫി വിദ്യാര്‍ത്ഥികളുടെ പ്രിയപ്പെട്ട ഇടം കൂടിയാണ്.
കുടുംബാംഗങ്ങള്‍, ചലച്ചിത്രപ്രവര്‍ത്തകര്‍, നിരൂപകര്‍, ഫോട്ടോഗ്രാഫര്‍മാര്‍ തുടങ്ങി നിരവധി പേര്‍ സന്തോഷ് ശിവന്‍റെ ഡോക്യുമെന്ററിയുടെ ഭാഗമാകുന്നുണ്ട്. കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ തയ്യാറാകുന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണം അന്തിമഘട്ടത്തിലാണ്.
Comments are closed.