സെന്‍സര്‍ഷിപ്പ് ഇന്ത്യന്‍ ജനാധിപത്യത്തെ വെല്ലുവിളിക്കുന്നു പ്രകാശ് രാജ്
ഇന്ത്യയില്‍ ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന തരത്തിലാണ് സെന്‍സര്‍ഷിപ്പുകള്‍ നടക്കുന്നതെന്ന് പ്രശസ്ത ചലച്ചിത്രതാരം പ്രകാശ് രാജ്. കോഴിക്കോട് ബീച്ചില്‍ നടക്കുന്ന കേരള സാഹിത്യോത്സവത്തില്‍ ‘സിനിമയും സെന്‍സര്‍ഷിപ്പും’ വിഷയത്തില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അഭിപ്രായപ്പെട്ടത്.
ഒരു സേച്ഛ്വാധിപത്യ രാജ്യത്ത് സെന്‍സര്‍ഷിപ്പ് നേരിട്ട് ഉപയോഗിക്കാമെന്നിരിക്കെ ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ ഇത് നടപ്പിലാക്കുന്നത് പലരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണെന്നും അദ്ദേഹം വിമര്‍ശിച്ചു. കൃത്രിമമായ സെന്‍സര്‍ഷിപ്പാണ് ഇന്ത്യയില്‍ നടക്കുന്നത്. സിനിമ, സാഹിത്യം, മാധ്യമങ്ങള്‍, ഭക്ഷണം തുടങ്ങി സാധാരണക്കാരന്റെ ഓരോ ചുവടുവയ്പും സെന്‍സര്‍ഷിപ്പിന് വിധേയമായിക്കൊണ്ടിരിക്കുന്നു.
മദ്യശാലക്ക് സെക്‌സി ദുര്‍ഗ വൈന്‍ ഷോപ്പെന്നും, ഡിസ്‌കോ ബാറിന് സെക്‌സി ദുര്‍ഗ ഡിസ്‌കോ ബാറെന്നും പേരിട്ടാല്‍ ഭരണകൂടത്തിന് എതിരഭിപ്രായമില്ല. അനാചാരങ്ങളെ സെന്‍സര്‍ഷിപ്പിന് വിധേയമാക്കാതെ കലയെ മാത്രമാണ് രാജ്യത്ത് സെന്‍സര്‍ഷിപ്പിന്റെ പരിധിയില്‍ പെടുത്തുന്നത്. രാഷ്ട്രീയക്കാരെക്കാള്‍ നിര്‍ഭയനായ പൗരനാവാനാണ് ശ്രമിക്കേണ്ടത്. ഇന്നത്തെ രാഷ്ട്രീയ പാര്‍ടികളൊക്കെയും പൊതുജനങ്ങളെ റോബോട്ടുകളാക്കി മാറ്റുകയാണ്. കേവലം വോട്ട് ബാങ്കുകളാവുന്നതിന് പകരം സമ്മര്‍ദ്ധ ചാലകങ്ങളായി പൗരന്‍മാര്‍ മാറണം. ഫാസിസത്തിനെതിരെ ഐക്യപ്പെട്ട പ്രതിരോധങ്ങള്‍ തീര്‍ക്കണം പ്രകാശ് രാജ് പറഞ്ഞു.
Comments are closed.