സഭയുടെ അധികാരവും മതപരിവര്‍ത്തനവും
ഡിസംബർ 3- ഫാ. എ. അടപ്പൂര് ചരമവാർഷികദിനം
സംഭാഷണം- ജോസഫ് പുലിക്കുന്നേല്‍ /ഫാ. എ. അടപ്പൂര്
(2006 ഒക്ടോബര്‍ ലക്കം പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ചത്, സംഭാഷണത്തിൽ നിന്നും ഒരു ഭാഗം പുനഃപ്രസിദ്ധീകരണം )
സി.ജെ. മാത്യു: സഭയുടെ നിയമമാണ് ഇവിടെ നടക്കുന്നത്. യേശുവിന്റെ വ്യവസ്ഥകളല്ല; പോപ്പ് വിചാരിച്ചാല്‍ പോലും ഇന്നത്തെ അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ സാധിക്കില്ല എന്ന് ചര്‍ച്ചയ്ക്കിടെ പുലിക്കുന്നേല്‍ പറയുകയുണ്ടായി. സഭയുടെ അധികാരം സംബന്ധിച്ച കാര്യങ്ങള്‍ എപ്പോഴും ചര്ച്ചാവിഷയമായിത്തീരാറുണ്ട്.
ഫാ. എ. അടപ്പൂര്: യേശുവിന്റെയും സഭയുടെയും മനസ്സ് രണ്ടാണ് എന്ന തരത്തില്‍ പുലിക്കുന്നേല്‍ സാറ് സംസാരിക്കുകയുണ്ടായി. അത് വളരെ പ്രധാനപ്പെട്ടതും വളരെ ലോലസ്വഭാവമാര്ന്നതുമായ ഒരു വിധിതീര്‍പ്പാണ്. പരമ്പരാഗത ക്രൈസ്തവവിശ്വാസപ്രകാരം, യേശു കൊണ്ടുവന്നതും ആരംഭിച്ചതുമായ ദൗത്യത്തിന്റെ തുടര്‍ച്ചയാണ് സഭയിലൂടെ നടക്കുന്നത്. യേശു മരിച്ച് പിതാവിന്റെ പക്കലേക്ക് മടങ്ങിയശേഷം, താന്‍ ഈ ലോകത്ത് നിര്‍വ്വഹിച്ച ദൗത്യം തന്റെ അപ്പ സ്തോലര്‍ വഴിയും അവരുടെ പുത്രന് വഴിയും തലമുറതലമുറയായി ലോകം മുഴുവന്‍ വ്യാപിപ്പിക്കണം എന്ന പദ്ധതിയോടുകൂടി ഏര്‍പ്പെടുത്തിയ ഒരു സംവിധാനമാണ് സഭ. ഈ പറഞ്ഞ സഭയില്‍ യേശുവിന്റെ വിശുദ്ധി മാത്രമല്ല കാണുന്നത്. മനുഷ്യന്റെ ദൗര്‍ബല്യങ്ങളും ആര്‍ത്തിയും സകല കൊള്ളരുതായ്മകളും സഭയിലുണ്ടെന്ന് അംഗീകരിക്കുമ്പോള്‍ തന്നെ, യേശു ഈ സഭയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും യേശുവിന്റെ ചൈതന്യം ഈ സഭയില്‍ ജീവിക്കുന്നുണ്ടെന്നും യേശുവിന്റെ ഇഷ്ടാനുസരണം ജനങ്ങളെ സേവിക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ യേശു ചെയ്തുവച്ചിട്ടുണ്ടെന്നും ഉള്ള കാര്യം അംഗീകരിക്കേണ്ടിവരും. അംഗീകരിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ ഉണ്ടാവും. ക്രിസ്തു നല്ല ആള്; സഭ ആ നന്മകളെല്ലാം കലക്കി. അതുകൊണ്ട് ഞാന്‍ സഭയുടെ എതിരാളിയായിട്ട്, പുതിയ പരിഷ്കര്ത്താവായിട്ട് നില്ക്കാന് പോവുന്നു എന്നൊക്കെ പറയാന്‍ എളുപ്പമാണ്. സഭയില്‍ യേശു ഉണ്ട്. യേശുവിന്റെ മിസ്റ്റിക് ബോഡി അവിടെ ത്തന്നെയുണ്ട്.
മാത്യു: അല്മായ വീക്ഷണം എന്താണ്?
ജോസഫ് പുലിക്കുന്നേല്‍: സഭ വിശുദ്ധമായ ഒരു വിശ്വാസസംഹിതയാണ്. ആ സംഹിതയെ പാലിക്കുന്നതിനുള്ള ആള്‍ക്കാരുണ്ട്. അവര്‍ തെറ്റുചെയ്യുമ്പോള്‍ പ്രവാചകധീരതയോടെ നിന്ന് നിങ്ങള്‍ കാണിക്കുന്നത് തെറ്റാണ് എന്നു പറയാനുള്ള അവകാശം ക്രൈസ്തവനുമുണ്ട്. അതുപറയാന്‍ തയ്യാറായില്ലെങ്കില്‍, ഒരു തിരുത്തല്‍ ശക്തിയേ ഇല്ലാതായിത്തീരുന്ന അവസ്ഥ വരും. നാനൂറ് വര്‍ഷം മുന്പുനടന്ന സംഭവം മോശമായിപ്പോയി എന്നും അതില്‍ മാപ്പു ചോദിക്കുന്നുവെന്നും മാര്‍പ്പാപ്പ പറഞ്ഞു. അത് നല്ലതുതന്നെ. പക്ഷേ, ഇന്നും അതുതന്നെ തുടരുമ്പോള്‍, അതു ശരിയല്ല എന്നു ചൂണ്ടി ക്കാണിച്ചാല്‍ അത് സഭയെ എതിര്ക്കലായിട്ട് കണക്കാക്കുന്നു. സഭയും സമുദായവും രണ്ടാണ്.
മാത്യു: അല്മായന് തന്റെ അവകാശം എവിടെയാണ് പ്രകടിപ്പിക്കേണ്ടത്?
പുലിക്കുന്നേല്‍: സഭയ്ക്കകത്തും പുറത്തും. ഒരു വ്യക്തിയുടെ തെറ്റാണെങ്കിൽ അയാളോടു പറയാം. എന്നാൽ, സാമൂഹികമായ തെറ്റായി വന്നുകഴിഞ്ഞാൽ സമൂഹത്തോടുതന്നെ പറയേണ്ടിവരും. ശ്രീനാരായണൻ അതാണു ചെയ്തത്.
മാത്യു അതായത്, സഭയ്ക്കു വെളിയിൽ?
പുലിക്കുന്നേൽ: സഭയ്ക്കു വെളിയിലല്ലല്ലോ, സമൂഹത്തിലാണ് പറയുന്നത്. ഒരു മെത്രാനോ മാർപ്പാപ്പയ്ക്കോ ഒരു അൽമായന് അറിയുന്നതിനെക്കാൾ കൂടുതൽ ചരിത്രമൊന്നും അറിഞ്ഞുകൂടാ. അടപ്പൂരച്ചൻ പറയുന്നത് തിയോളജിയാണ്. ആ തിയോളജിയിൽത്തന്നെ അന്തിമമായുള്ളത് ജനങ്ങളുടെ തീരുമാനമാണ്. ജനങ്ങളോടു ചോദിക്കാതെ, പാശ്ചാത്യസഭാക്രമത്തിൽ ഏകാധിപത്യസ്വഭാവത്തോടു കൂടി ഇവിടെ തീരുമാനങ്ങൾ അടിച്ചേല്പിക്കുമ്പോഴാണ് നമ്മളൊക്കെ വിമർശിക്കുന്നത്. ഉത്തരവാദിത്വമുള്ള സ്ഥാനത്തിരിക്കുന്നവർ അതിൽനിന്നു വ്യതിചലിച്ചുപോവുമ്പോൾ അത് ചൂണ്ടിക്കാട്ടാനുള്ള അവകാശം അൽമായനായതുകൊണ്ടു മാത്രം എനിക്കില്ല എന്ന് ആരു പറഞ്ഞാലും ശരി, സമ്മതിച്ചുകൊടുക്കേണ്ട ആവശ്യവും എനിക്കില്ല. ഞാൻ നിഷേധിക്കുന്നത് മാർപ്പാപ്പയുടെ ആത്മീയാധികാരത്തെയല്ല, ഭൗതികാധികാരത്തെയാണ്. ഇന്ത്യയിലെ കത്തോലിക്കാസഭയുടെ, അതായത് സമുദായത്തിന്റെ സമ്പത്ത് ഭരിക്കാനുള്ള അധികാരം അദ്ദേഹത്തിനില്ല.
മാത്യു: അപ്പോൾ പിന്നെ എന്തു സംവിധാനമാണുണ്ടാക്കേണ്ടത്?
പുലിക്കുന്നേൽ: അതിനുള്ള സംവിധാനമൊക്കെ ഇവിടെയുണ്ടായിരുന്നു. കേരളത്തിലെ ഓരോ പള്ളിയും പള്ളിക്കാരുടേതായിരുന്നു. തീരുമാനങ്ങൾ എടുത്തിരുന്നത് പള്ളിക്കാരാണ്. മെത്രാന്മാരിവിടെ വരുമ്പോൾ അവർക്ക് ഇവിടുത്തെ സമ്പത്തുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. ആത്മീയകാര്യങ്ങളിൽ ഇടപെടുവാനുള്ള അധികാരം മാത്രമാണ് ബിഷപ്പിനും മറ്റും ഉണ്ടായിരുന്നത്. 1991-ൽ ഇവിടെ ആരുമറിയാതെ ഒരു കാനോൻനിയമം ഉണ്ടാക്കി. അതോടെ കേരളത്തിലെ സകല പള്ളികളും പള്ളിക്കൂടങ്ങളും ഭരിക്കാനുള്ള അധികാരം മെത്രാനായി. മാർപ്പാപ്പ മെത്രാന് അധികാരം ഏല്പിച്ചുകൊടുക്കുകയാണ്. ക്രിസ്തുവിന് ദൈവം ഭൗതിക സ്വത്തിന്റെ അധികാരം കൊടുത്തിട്ടില്ല. ആത്മീയാധികാരമാണ് കൊടുത്തത്. ആ അധികാരമാണ് ക്രിസ്തു പാസിനു കൊടുക്കുന്നത്. ക്രിസ്തു കൊടുത്ത അധികാ ര മ ല്ലാ തെ കോണ്സ്റ്റന്റൈന് കൊടുത്ത അധികാരമൊന്നും പത്രോസിനില്ല.
മാത്യു: യേശുവിന് ഭൗതികമ്പത്ത് ഇല്ലായിരുന്നു?
പുലിക്കുന്നേല്‍: അതുതന്നെ. കേരളത്തെ സംബന്ധിച്ചിടത്തോളം ഈ പൂര്‍വ്വകാല പാരമ്പര്യത്തിലേക്കു പോവാന്‍ വത്തിക്കാന്‍ സുന്നഹദോസ് അനുവദിച്ചിട്ടുണ്ട്. വത്തിക്കാന്‍ സുന്നഹദോസിന്റെ നിര്‍ദ്ദേശത്തെ പൂര്‍ണ്ണമായും അവഗണിച്ചുകൊണ്ടാണ് നമ്മളോടൊന്നും ചോദിക്കാതെ കാനന്‍ ലോ കൊണ്ടുവന്നത്. ഈ നിയമം അഞ്ചുസഭകള്ക്കുവേണ്ടി മാത്രമാണ്. കല്‍ദായ സഭ, അര്‍മീനിയന്‍ സഭ, കോണ്‍സ്റ്റാന്റി നോപ്പിള്‍ സഭ, അലക്സാണ്ട്രാന്റിയന് സഭ, അന്ത്യോപ്പന് സഭ. നമ്മുടെ മെത്രാന്മാര് നമ്മളെയെല്ലാം കല്ദായസഭയുടെ ഭാഗമാക്കിക്കൊണ്ട് ആ നിയമം നമ്മുടെ മുകളിലേക്ക് വച്ചു. കേരളസഭയെ കല്‍ദായ സഭയുടെ പുത്രീസഭയാക്കിക്കൊണ്ട് ഉള്ള പള്ളികള്‍ മുഴുവന്‍ പിടി ച്ചെടുത്തു. എന്നിട്ട്, ‘ഇതു മുഴുവന്‍ ദൈവനിശ്ചയത്താല്‍ ഞങ്ങളുടേതാണ് എന്നു പറഞ്ഞു നടക്കുകയാണിപ്പോള്‍.
അടപ്പൂര്: സഭയ്ക്കുള്ളില്‍ പൊതു ജനാഭിപ്രായമുണ്ടാകണമെന്ന ആശയം പണ്ടേ ഉള്ളതാണ്. രണ്ടാം വത്തിക്കാന്‍ സുന്നഹദോസ് നടന്നപ്പോള്‍ ഇതിന്റെ പ്രാധാന്യം കൂട്ടിപ്പറകയും സഭയുടെ ഭൗതിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ അല്മായരുടെ പ്രവര്‍ത്തനമേഖലയാണ് എന്ന് പറഞ്ഞുവെക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ മെത്രാന്മാര് അല്മായര്ക്ക് അര്‍ഹിക്കുന്ന സ്ഥാനം നല്‍കിയിട്ടില്ല എന്ന വിമര്‍ശനം ഏറെ അടിസ്ഥാനപൂര്ണ്ണമാണ്. അത് മാറേണ്ടതുണ്ട്. അത് മെത്രാന്മാര് മനസ്സിലാക്കിത്തുടങ്ങിയിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. പള്ളിയുമായി ബന്ധപ്പെട്ട ഭൗതികമായ ഇടപാടുകള്‍ അല്മായരെ ഏല്പിക്കാവുന്നതാണ്. പാശ്ചാത്യസമൂഹത്തിലെ പല സഭകളും അതു ചെയ്യുന്നുണ്ട്. പിന്നെ, ഇവിടുത്തെ സ്ഥിതിയെന്താണെന്നുവച്ചാല്, ഇവിടെ ഒരുപാടച്ചന്മാരുള്ളതുകൊണ്ട് അവര്‍ക്കെന്തെങ്കിലും സ്ഥാനം കൊടുക്കേണ്ടേ? അത്രേ ഉള്ളൂ. അതുകൊണ്ട് പുലിക്കുന്നേല്സാറ് പറയുന്നതു പോലെയുള്ള കുഴപ്പങ്ങളൊന്നും ഉണ്ടാവാന്‍ പോകുന്നില്ല. മെത്രാന്മാര് ഭൗതികവസ്തുക്കളുടെ അധികാരം സൂക്ഷിക്കുമ്പോള്‍ നിയമപരമായ ഒരുറപ്പും വിശ്വാസ്യതയും അതിനു കൂടുതലായി ഉണ്ടാവും. മാര്‍പ്പാപ്പ സ്വത്തുക്കളൊന്നും എവിടെയും കൊണ്ടുപോകുന്നില്ല. ലീഗല്‍ ഉറപ്പിനുവേണ്ടിയാണ് മെത്രാന്മാര് അതിന്റെ അധികാരം സൂക്ഷിച്ചിരി അത്രയക്കുന്നത്.
Comments are closed.