യേശുവിന്റെ സ്ത്രീപക്ഷദര്‍ശനം, ബൈബിളില്‍ അട്ടിമറിക്കപ്പെടുകയായിരുന്നോ?
മലയാളത്തിലെ ആദ്യത്തെ ഒരു വിമർശനാത്മക സമ്പൂർണ്ണ ക്രിസ്തുമത ചരിത്രം , ബോബി തോമസിന്റെ ക്രിസ്ത്യാനികൾ : ക്രിസ്തുമതത്തിനൊരു കൈപ്പുസ്തകം എന്ന കൃതിയിൽ നിന്നൊരു ഭാഗം
കാല്പനിക ഭാവനയ്ക്ക് ഊര്‍ജ്ജമായി മാറിയ തരളിതമായൊരു മുഖം. സുവിശേഷങ്ങളില്‍ പാതിമറഞ്ഞുകിടക്കുന്ന ഈ മുഖത്തിന്റെ ശോഭ തേടിയവരില്‍ വിശ്വസാഹിത്യകാരന്മാർ നിരവധിയാണ്.മഗ്ദലക്കാരി മറിയം—മനുഷ്യപുത്രനുമായുള്ള ബന്ധത്തിലൂടെ പാപമോചനത്തിന്റെ ശാദ്വലഭൂമികളിലൂടെ നടന്നവള്‍. എന്നാല്‍, പാപിനിയായ മറിയം എന്ന ചിത്രീകരണം മഗ്ദലക്കാരിയോട് ചരിത്രം ചെയ്ത അപരാധമായി ഇപ്പോള്‍ ബൈബിള്‍ പണ്ഡിതര്‍ തിരിച്ചറിയുന്നു. വേശ്യയും പാപിനിയും എന്നു വിളിക്കപ്പെട്ടവള്‍ മഗ്ദലക്കാരിയല്ല മറ്റൊരാളായിരുന്നു എന്നാണ് ഇപ്പോഴുള്ള നിഗമനം. ബൈബിളിനു പുറത്തുള്ള സാഹിത്യത്തിലൂടെ ഇത്തരമൊരു തെറ്റായ ചിത്രം സ്ഥാപിക്കപ്പെടുകയായിരുന്നു.
സുവിശേഷങ്ങളില്‍ യേശുവിനു പ്രിയപ്പെട്ട സ്ത്രീകള്‍ ചില മറിയമാരായിരുന്നു—യേശുവിന്റെ അമ്മ മറിയം, മഗ്ദലക്കാരി മറിയം, മാര്‍ത്തയുടെയും യേശു ഉയിര്‍പ്പിച്ച ലാസറിന്റെയും സഹോദരി മറിയം — പ്രധാനപ്പെട്ട മൂന്ന് മറിയമാര്‍. ഇതില്‍ മഗ്ദലക്കാരി മറിയവും മാര്‍ത്തയുടെ സഹോദരി മറിയവും ഒരാള്‍തന്നെയായിരുന്നോ? അവര്‍ ഒരാളാകാനുള്ള സാധ്യതയും സൂചനയും ബൈബിള്‍ നല്‍കുന്നതായി പലരും സങ്കല്പിക്കുന്നു. സരമാഗോയുടെ നോവലില്‍ ഇവര്‍ രണ്ടുപേരും ഒരാളാണ്. ഇതില്‍, ബഥനിയില്‍നിന്ന് വേശ്യാവൃത്തി സ്വീകരിച്ച് മഗ്ദലയിലെത്തുന്ന മറിയം യേശുവുമായുള്ള ബന്ധത്തിലൂടെ തന്റെ പാപജീവിതത്തില്‍നിന്ന് വിടുതല്‍ നേടി യേശുവിനൊപ്പം ബഥനിയില്‍ തിരികെയെത്തുകയാണ്; എപ്പോഴും യേശുവിന്റെ സന്തതസഹചാരിയായി. ഒരുപക്ഷേ, ചരിത്രത്തിലെ മഗ്ദലക്കാരിയെ നാം വല്ലാതെ തെറ്റിദ്ധരിച്ചതാകണം. ‘പശ്ചാത്തപിച്ച പാപിനി’ എന്ന ചിത്രീകരണത്തെ, നൂറ്റാണ്ടുകളോളം പാശ്ചാത്യസഭയും പുനര്‍സൃഷ്ടിച്ചുകൊണ്ടിരുന്നു.
യഥാര്‍ത്ഥത്തില്‍ ബൈബിളിലെ പുരുഷകേന്ദ്രീകൃത ദൈവശാസ്ത്രത്തിന് പാഠഭേദം ഉണ്ടാകുന്നത് ജ്ഞാനവാദക്രിസ്തുമതത്തിന്റെ സാഹിത്യത്തിലാണ്. ബൈബിളില്‍ ചേര്‍ക്കപ്പെട്ട സുവിശേഷങ്ങളിലുള്ള, യേശുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരുടെ പേരുകളും പുരുഷന്മാരുടേതാണ്. എന്നാല്‍, ജ്ഞാനവാദ സാഹിത്യത്തില്‍ മറിയവും സ്ത്രീകളും യേശുസംഭവത്തിലെ കേന്ദ്രസ്ഥാനത്തേക്ക് എത്തുന്നു. ഒരുവിധത്തില്‍, ബൈബിളിന്റെ സ്ത്രീപക്ഷ പുനര്‍സൃഷ്ടിയാണ് അവര്‍ നടത്തുന്നത്; ബൈബിള്‍ രചനയുടെ ഏതാണ്ട് സമാനകാലത്തുതന്നെ.
ബൈബിളിലെ സുവിശേഷങ്ങളില്‍നിന്നും മഗ്ദലക്കാരിയും യേശുവും തമ്മിലുള്ള ആത്മബന്ധത്തിന്റെ ദൃഢത നമുക്ക് തിരിച്ചറിയാം. കുരിശാരോഹണസമയത്ത്, പുരുഷശിഷ്യന്മാരെല്ലാം ഓടിരക്ഷെപ്പട്ടപ്പോഴും, അവിടെ നിന്ന ശിഷ്യ മഗ്ദലനമറിയമാണ്. ഉയിര്‍ത്തെഴുന്നേറ്റ യേശു ആദ്യം പ്രത്യക്ഷമാകുന്നതും മഗ്ദലമറിയത്തിനാണ്. ഈ സദ്‌വാര്‍ത്ത മറ്റ് ശിഷ്യരെ അറിയിക്കുന്നതും മഗ്ദലനക്കാരിയാണ്. ക്രിസ്തുമതത്തിന്റെ സ്ഥാപകചരിത്രത്തില്‍ അങ്ങനെ മഗ്ദലനക്കാരിയുടെ പങ്ക് അനിഷേധ്യമാണ്. അതുകൊണ്ടാണ് വിശുദ്ധ അഗസ്തിനോസ് മഗ്ദലക്കാരിയെ ‘അപ്പോസ്തലരുടെ അപ്പോസ്തല’ എന്ന് വിശേഷിപ്പിച്ചത്. എന്നാല്‍, പുരുഷശിഷ്യരുടെ നിഴല്‍പോലെ മാത്രമേ എന്നും മഗ്ദലനമറിയം പരിഗണിക്കപ്പെട്ടുള്ളൂ.
ജ്ഞാനവാദസാഹിത്യത്തിലാകട്ടെ, യേശുവിന്റെ ശിഷ്യരില്‍ പ്രധാനി മഗ്ദലനമറിയമാണെന്ന് വ്യക്തമാക്കപ്പെടുന്നു. പത്രോസിനെപ്പോലെയുള്ള പ്രധാന ശിഷ്യര്‍പോലും, രക്ഷകന്റെ വചനങ്ങളെപ്പറ്റിയുള്ള ചില വിശദീകരണങ്ങള്‍ തേടുന്നത് മഗ്ദലക്കാരിയോടാണ്. മറ്റാരെയുംകാള്‍ മഗ്ദലമറിയത്തെ യേശു സ്‌നേഹിക്കുന്നതിനെപ്പറ്റി മറ്റു ശിഷ്യര്‍ പരാതിപ്പെടുന്നുമുണ്ട്. ഒരിക്കല്‍ അന്ത്രയോസും പത്രോസും ഇക്കാര്യം തുറന്നുപറയുന്നു—‘യേശു രഹസ്യമായി ഒരു സ്ത്രീയോട് സംസാരിക്കുന്നു, ഞങ്ങള്‍ക്കുള്ളതിനേക്കാള്‍ പ്രാധാന്യം അവള്‍ക്കു നല്‍കുന്നു’ എന്നായിരുന്നു അവരുടെ പരാതി. ‘പരസ്യമായി പറയാത്ത കാര്യങ്ങള്‍ അവളോടുമാത്രം എന്തിനു പറയുന്നു, നമ്മളെല്ലാം അവള്‍ പറയുന്നതു ശ്രദ്ധിക്കണോ’ എന്നാണ് അവര്‍ പരിഭവപ്പെടുന്നത്. ലേവിയാണ് ഇതിന് മറുപടി പറയുന്നത്. ‘അവളെ അതിനര്‍ഹതയുള്ളവളായി രക്ഷകന്‍ പരിഗണിച്ചാല്‍, അത് നിരസിക്കാന്‍ നിങ്ങളാരാണ്? രക്ഷകന് അവളെ നന്നായി അറിയാം. അതുകൊണ്ടാണ് അദ്ദേഹം നമ്മേക്കാളേറെ അവളെ സ്‌നേഹിക്കുന്നത്?’
ജ്ഞാനവാദസാഹിത്യത്തില്‍ വെളിപ്പെടുന്ന യേശുവിന്റെ സ്ത്രീപക്ഷദര്‍ശനം, ബൈബിളില്‍ അട്ടിമറിക്കപ്പെടുകയായിരുന്നോ? ദൈവത്തിന്റെ സ്‌ത്രൈണഭാവമായ സോഫിയയും ജ്ഞാനവാദസാഹിത്യത്തിലുണ്ട്. സ്ത്രീയെ രണ്ടാംകിട ജന്മമായി പരിഗണിക്കുന്ന പൗലോസ് മുതല്‍ അഗസ്തിനോസ് വരെയുള്ളവര്‍ സൃഷ്ടിച്ച ദൈവശാസ്ത്രം, ചരിത്രത്തിലെ യേശുവിനോട് നീതിപുലര്‍ത്തുന്നുണ്ടോ?
‘
Comments are closed.