മാംസവും ആത്മാവും തമ്മിലുള്ള സംഘര്‍ഷം വരച്ചുകാട്ടുന്ന നോവല്‍
നിക്കോസ് കാസാന്‍ദ്‌സാകീസിന്റെ ‘ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം’ എന്ന പുസ്തകത്തിന് അനൂപ് ശിവന്‍ എഴുതിയ വായനാനുഭവം. കടപ്പാട് – ഫേസ്ബുക്ക്.
ഗ്രീക്ക് സാഹിത്യകാരനായ നിക്കോസ് കാസാൻദ്സാകീസിന്റെ ലോകപ്രശസ്തമായ നോവലാണ് “ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം” ( വിവർത്തനം. കെ. സി. വിൽസൺ). 1955 ൽ ഗ്രീക്ക് ഭാഷയിൽ രചിച്ച ഈ നോവൽ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത് 1960 ലാണ്. മതനിന്ദയുടെ/ blasphemy/ പേരിൽ വിവാദം സൃഷ്ടിച്ച ഈ നോവൽ ലോകത്തെമ്പാടും ഉളള വായനക്കാരെ ആകർഷിച്ചു. നിക്കോസ് കാസാൻദ്സാകീസ് എന്ന നോവലിസ്റ്റിനെക്കാൾ പ്രശസ്തമായ നോവലാണ് ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം . കാലത്തെ അതിജീവിക്കാൻ ശേഷിയുള്ള ഈ നോവലിലൂടെ കാസാൻദ്സാകീസ് ഓർമ്മിപ്പിക്കപ്പെട്ടു കൊണ്ടേയിരിക്കും.
യേശുവിന്റെ ജീവിതം ചിത്രീകരിക്കുന്നതാണ് ഈ നോവൽ. ബൈബിളിൽ നിന്നും വ്യത്യസ്തമായൊരു ക്രിസ്തുവിനെയാണ് ഈ നോവലിൽ ചിത്രീകരിക്കുന്നത്. യേശു നിരവധി പ്രലോഭനങ്ങൾക്കും പരീക്ഷണങ്ങൾക്കും വിധേയനാകുന്നു. യേശു നേരിടുന്ന പ്രലോഭനങ്ങൾ ഈ നോവലിൽ വിവരിക്കുന്നതാണ് കത്തോലിക്ക സഭയുടേയും, ഓർത്തഡോക്സ് സഭയുടേയും, നിരവധി ക്രിസ്ത്യൻ ഗ്രൂപ്പുകളുടേയും എതിർപ്പുകൾ നേരിടാൻ കാരണം. മതനിന്ദ നോവൽ ഭാവന എന്ന ഗണത്തിൽ ഉൾപ്പെടുത്തി യാഥാസ്ഥിതിക വിഭാഗങ്ങൾ ഈ നോവലിനെ അവഗണിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. എന്നുമാത്രമല്ല നോവലിലെ ക്രിസ്തു സിനിമയിലും, സംഗീതത്തിലും വരെ ഇടംപിടിച്ചു.
മാംസവും ആത്മാവും തമ്മിലുള്ള സംഘർഷവും അനുരഞ്ജനവുമാണ് ഈ നോവലിൽ ആഴത്തിൽ വേരോടിയിരിക്കുന്ന ദാർശനിക സമസ്യ. നോവലിലെ കഥാപാത്രങ്ങൾ എല്ലാം തന്നെ മാംസവും ആത്മാവും തമ്മിലുള്ള സംഘർഷങ്ങൾക്ക് വിധേയരാകുന്നു. ‘പ്രലോഭനം’ എന്ന രീതിയിലാണ് മാംസവും ആത്മാവും തമ്മിലുള്ള സംഘർഷം കഥാപാത്രങ്ങൾ അനുഭവിക്കുന്നത്. ചരിത്രവും ദൈവികതയും ജഡരക്തങ്ങളും ഇടകലരുന്ന ഈ നോവൽ വായനക്കാരുടെ ഭാവനയിൽ വിസ്ഫോടനം സൃഷ്ടിക്കുന്നു.
യേശു നേരിടുന്ന ദൈവവിളിയും മനുഷ്യൻ എന്ന നിലയിൽ യേശു അനുഭവിക്കുന്ന കാമമോഹങ്ങളും തമ്മിലുള്ള സംഘർഷങ്ങളുടെ തീക്ഷ്ണത വിവരിച്ചു കൊണ്ടാണ് നോവൽ ആരംഭിക്കുന്നത്. ദൈവം ആഗ്രഹിക്കുന്ന കുരിശുമരണത്തിൽ നിന്നും ദൈവവിളിയിൽ നിന്നും രക്ഷപ്പെടാൻ കുരിശ് നിർമ്മിക്കുന്ന യേശുവിനെ വിവരിച്ചു കൊണ്ടാണ് നോവൽ ആരംഭിക്കുന്നത്. റോമൻ ഭരണാധികാരികൾക്ക് വിപ്ലവകാരികളായ യഹൂദൻമാരെ കൊല്ലാൻ കുരിശു നിർമ്മിച്ചു നൽകുന്ന യേശു. ദൈവവിളിയിൽ നിന്നും മറുതലിച്ച് മഗ്ദലനയെ വിവാഹം കഴിച്ച് സാധാരണ മനുഷ്യനെ പോലെ ജീവിക്കാൻ ആഗ്രഹിക്കുന്ന യേശു.
മാംസവും -ദൈവികതയും തമ്മിലുള്ള സംഘർഷത്തിൽ മാംസത്തിന്റെ പക്ഷം പിടിക്കുകയാണ് കാസാൻദ്സാകീസ്. ഒരുപക്ഷെ 1950 കളിൽ നിലനിന്ന കമ്മ്യൂണിസ്റ്റ് മുന്നേറ്റങ്ങളും വിമോചന ദൈവശാസ്ത്രവും ഈ നോവൽ രചനയെ സ്വാധീനിച്ചുണ്ടാകാം. ആത്മീയ തത്വചിന്ത നിസ്സാരമായി കാണുന്ന സാധാരണ മനുഷ്യരുടെ ജീവിതവും ശരീരത്തിൽ നിന്നും ഉത്ഭവിക്കുന്ന മോഹങ്ങളും ആദർശവത്കരിക്കുകയാണ് നോവലിസ്റ്റ്.
ബൈബിളിൽ നിന്നും വ്യത്യസ്തമായി യൂദാസിനെ ഒരു സീലോട്ടായി ചിത്രീകരിക്കുന്നു. റോമാ ഭരണകൂടത്തെ സായുധപോരാട്ടത്തിലൂടെ പുറത്താക്കണം എന്ന് വിശ്വസിക്കുന്ന സംഘടനയിലെ അംഗമാണ് യൂദാസ്. ക്രിസ്തുവിന്റെ അന്ത്യ പ്രലോഭനം നോവൽ യൂദാസിന്റെ സുവിശേഷമാണ്. ബറബാസ് ഒരു അതി തീവ്രവാദിയാണ് യേശു ഉയിർപ്പിച്ച ലാസറിനെ ബറാബസ് കൊല്ലുന്നു. മഗ്ദലന മറിയം അഭിസാരിക ആകാൻ കാരണം യേശു ആണെന്ന് നോവൽ സൂചിപ്പിക്കുന്നു. യേശു ഒടുവിൽ വിവാഹം കഴിക്കുന്നു. സംതൃപ്തമായ കുടുംബജീവിതം നയിക്കുന്നു. യേശുവിന്റെ ശിഷ്യൻമാർ പൗലോസ് എന്നിവർ പുതിയൊരു കാഴ്ചപ്പാടിൽ അവതരിപ്പിക്കപ്പെടുന്നു. പൗലോസ് സ്ഥാപിച്ചതാണ് ഇപ്പോഴത്തെ ക്രിസ്തുമതം എന്ന ആശയവും ഈ നോവലിൽ കാണാം.
ഒരു സ്ത്രീയുടെ ആത്മാവ് അവളുടെ ശരീരമാകുന്നു എന്ന് മഗ്ദലനയെ കൊണ്ട് നോവലിസ്റ്റ് പറയിക്കുന്നു. സ്ത്രീയെന്നാൽ കാമമോഹങ്ങളാൽ ബന്ധിതയാണെന്നും ശരീരത്തിനാണ് അവർ കൂടുതൽ പ്രധാന്യം നല്‍കുന്നതെന്ന സമീപനം നോവലിൽ കാണാം. സ്ത്രീപക്ഷ വായനയിൽ ഒരുപക്ഷെ കസാൻദ്സാകീസ് വിമർശിക്കപ്പെട്ടേക്കാം.
പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ
നിക്കോസ് കാസാൻദ്സാകീസിന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യുക
Comments are closed.