DCBOOKS
Malayalam News Literature Website

‘ചൊരുക്ക്’; എസ് ഗിരീഷ്‌കുമാര്‍ എഴുതിയ കഥ

വര സുനില്‍ അശോകപുരം

”പിറ്റേന്നു മുതല്‍ ഗുണ്ടറാവുവിന്റെ രാത്രിയിലെ കിടപ്പ് വള്ളേക്കുന്ന് സെമിത്തേരിയിലായി. കുന്നിനു മുകളില്‍ ഒറ്റപ്പെട്ടു കിടന്ന പള്ളിയുടെ പരിസരത്തേക്ക് രാത്രി കാലങ്ങളില്‍ ആരും ചെല്ലാതിരുന്നത് ഉപകാരമായി”

ഗുണ്ടറാവു മുരളിയെ എങ്ങനെയും ഒതുക്കണമെന്ന് രഹസ്യയോഗത്തില്‍ ശ്രീധരന്‍ ആവര്‍ത്തിച്ചു. ഒന്നോ രണ്ടോ പേര്‍ അയാളെ അനുകൂലിക്കുന്ന മട്ടില്‍ തല കുലുക്കിയെങ്കിലും ഭൂരിപക്ഷം മിണ്ടാതെ കുനിഞ്ഞിരിക്കുകയാണു ചെയ്തത്.

‘എന്തേലും ചെയ്തില്ലേ പാര്‍ട്ടിക്കതൊരു വലിയ നാണക്കേടാ. അമ്മാതിരി മെനകെട്ട പണിക്കല്ലേ ഗുണ്ടറാവു എറങ്ങിയേക്കുന്നേ?” കമാന്നൊരക്ഷരം ആരും മിണ്ടുന്നില്ലെന്നായപ്പോള്‍ നീരസത്തോടെ ശ്രീധരന്‍ പറഞ്ഞു. മുട്ടിനു വെട്ടേറ്റ് വഴക്കമില്ലാതായ ഇടതുകാല്‍ ആരെയോ തൊഴിക്കാനെന്നവിധം കസേരയിലിരുന്നുതന്നെഅയാള്‍ പൊന്തിക്കാനാഞ്ഞു. എങ്കിലും ആഗ്രഹിച്ചത്ര കാലു പൊന്തിയില്ല.

Pachakuthira Digital Edition”എന്നെക്കൊണ്ട് ആവുമാരുന്നേ ഞാനതു ചെയ്‌തേനേ. ആവുന്ന കാലത്ത് അതും അതിനപ്പുറോം ചെയ്തിട്ടൊണ്ട്.” ശ്രീധരന്‍ ക്ഷുഭിതനായി. ഇടതുകൈകൊണ്ട് അയാള്‍ഇടതു കാല്‍മുട്ടില്‍ തടവി.

കാല്‍മുട്ടിന്റെ വഴക്കം പോയില്ലായിരുന്നുവെങ്കില്‍ ഗുണ്ടറാവുവിന്റെ കാര്യത്തില്‍ തീരുമാനമാക്കാന്‍ ശ്രീധരന്‍ നേരിട്ടിറങ്ങുമായിരുന്നെന്ന്  എല്ലാവര്‍ക്കും തോന്നി.

”അതു പിന്നെ ആര്‍ക്കാ അറിയാത്തെ?” എന്തെങ്കിലും പറയണമല്ലോ എന്നു കരുതി ഒടുവില്‍ ഉപ്പന്‍ ഗോപാലി പറഞ്ഞു.

ഗുണ്ടറാവുവിനെക്കാള്‍ കേമനായിരുന്നോ ശ്രീധരന്‍ സഖാവെന്ന സംശയം ഗോപാലിയുടെ തൊട്ടരികിലിരുന്ന സുരേശന് അപ്പോളുണ്ടായി.

അവനറിയുന്ന കാലം മുതല്‍ ശ്രീധരന്റെ ഒരു കാല്  സ്റ്റഡിയായിട്ടാണിരിക്കുന്നത്. നടക്കുമ്പോള്‍ എത്ര ആഞ്ഞു പിടിച്ചാലും മുന്നോട്ടു വച്ച വലതുകാലിനെ മറികടക്കാന്‍ ഇടതുകാലിനാവില്ല. മുണ്ടൂഴിയില്‍ നടന്ന
രാഷ്ട്രീയ സംഘര്‍ഷത്തില്‍ എതിരാളികളുടെ വെട്ടു കിട്ടിയതാണെന്നുംമറ്റും പറഞ്ഞു കേട്ടിട്ടുണ്ട്. കൂടുതലൊന്നും അറിയത്തില്ല. തിരുവല്ലായിലെ അമ്മവീട്ടില്‍ നിന്നു തോറ്റു പഠിച്ച അവന്‍ ഇനിയൊന്നും പഠിക്കാന്‍ ബാക്കിയില്ലെന്നായപ്പോഴാണ് അടുത്തിടെ മുണ്ടൂഴിയിലേക്കു പോന്നത്. പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതും അടുത്ത കാലത്താണ്.

പൂര്‍ണ്ണരൂപം 2023 സെപ്റ്റംബർ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും സെപ്റ്റംബർ ലക്കം ലഭ്യമാണ്‌

എസ് ഗിരീഷ്‌കുമാറിന്റെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.