ചൂണ്ടപ്പന: അനില്‍ ദേവസ്സി എഴുതിയ കഥ
വര: മനോജ് എം. വയനാന്‍
”നീ ഓടണം… ഇല്ലേ എന്റെ പണി തെറിക്കും.” അരയിലിരുന്ന തോക്ക് പുറത്തേക്കെടുത്ത് ശിവദാസന്‍ അലറി: ”നോക്കി നിക്കാണ്ട് ഇങ്ങോട്ട് എറങ്ങെടാ…”
”ഒരേയൊരുചോദ്യം.” ഷര്‍ട്ടിന്റെ കൈ മുട്ടിനുമീതേക്ക് തെറുത്ത് കേറ്റിക്കൊണ്ട് എസ്.ഐ ശിവദാസന്‍ ചോദിച്ചു: ”എന്തിനാ നീ അതു ചെയ്തത്?”
പതിറ്റകം സ്റ്റേഷനില്‍ ചാര്‍ജെടുത്തതിനുശേഷമുള്ള തന്റെ ഔദ്യോഗിക ജീവിതത്തിലെ ആദ്യത്തെ മര്‍ഡര്‍കേസ്സിലെ പ്രതിയോടാണ് ചോദ്യം.
പ്രതിയായ ചാത്തു പറഞ്ഞു: ”പത്തുനാല്‍പ്പത് വര്‍ഷത്തെ ജീവിതാണ് ഈയൊരൊറ്റ ചോദ്യംകൊണ്ട് റദ്ദുചെയ്തു പോണത്. ദെണ്ണണ്ട്ട്ടാ സാറേ…”
”നാല്‍പ്പതു വര്‍ഷത്തെ കഥ കേള്‍ക്കാനുള്ള മൂഡിലല്ല ഞാന്‍. നീ വേഗം ഞാന്‍ ചോദിച്ചതിന് സമാധാനംപറ. സമയം വൈകുന്തോറും എന്റേം നിന്റേം പണി കൂടും.” പോലീസ് കുപ്പായം ദേഹത്ത് കേറുന്നതിനുമുന്‍പ് പാരലല്‍കോളേജ് വാധ്യാരുടെ വേഷംകെട്ടിയിട്ടുള്ള ശിവദാസന്‍, ഒരു അധ്യാപകന്റെ കൈയടക്കത്തോടെ, ഓഫീസ്മുറിയില്‍ തലകുനിച്ചുനില്‍ക്കുന്ന വിദ്യാര്‍ത്ഥിയോടുള്ള അനുഭാവത്തോടെ, ചിരിച്ചുകൊണ്ടാണ് ചാത്തുവിനോട് ഇടപെട്ടത്.
”ഈ സാറിന്റൊരു കാര്യം! ആ കപ്പാടെയൊള്ള ഒര് ജീവിതത്തെ കഥ്യാക്കി ചുരുട്ടിയെറിയല്ലേ സാറേ…” ഒരു തമാശ പറയുന്ന ലാഘവത്തോടെ ചാത്തു തിരിച്ചടിച്ചു.
”സാറേ, സാറ് പോലീസാണ്, ഈ കഴുവേറിമോന്‍ കൊലപാതകിയും.” ശിവദാസനേക്കാള്‍ പ്രായം
കുറഞ്ഞ എന്നാല്‍ തൊഴിലില്‍ സീനിയറായ കോണ്‍സ്റ്റബിള്‍ സൈമണ്‍, ചാത്തുവിന്റെ തലയില്‍ തൊഴിച്ചുകൊണ്ട് ഓര്‍മ്മപ്പെടുത്തി.
ഓര്‍ക്കാപ്പുറത്തുകിട്ടിയ അടിയില്‍ ഇരുന്നിടത്തുനിന്നും തെറിച്ച്, വേദനകൊണ്ട് പുളഞ്ഞ്, മെല്ലെയൊന്ന് തലവെട്ടിച്ചു നോക്കിയ ചാത്തുവിന്റെ മുഖമടച്ച് അടുത്ത അടിവന്നു! ഊക്കനൊരു തെറിയുടെ അകമ്പടിയോടെ, ചാത്തുവിന്റെ തല വട്ടമേശയിലേക്കു വീശിയടിക്കുമ്പോള്‍ സൈമണ്‍ന്റെ വായില്‍ നിന്നും പാന്‍പരാഗിന്റെ അവശിഷ്ടങ്ങളടങ്ങിയ തുപ്പലും തെറിച്ചു.
തോളില്‍ കേറിയിട്ടുള്ള നക്ഷത്രങ്ങളുടെ എണ്ണംകൊണ്ട് അധികാരപ്പെട്ടവന്‍ താനാണെന്ന തിരിച്ചറിവ് വീണ്ടെടുത്ത എസ്.ഐ ശിവദാസന്‍, സൈമണോട് മുറിയില്‍നിന്നും പുറത്തേക്കിറങ്ങി പോകാന്‍ കല്‍പ്പിച്ചു. മേലുദ്യോഗസ്ഥന് മുറപോലെ കാഴ്
ചവയ്‌ക്കേണ്ട സല്യൂട്ടിനൊപ്പം കലിപ്പുമുഴുവന്‍ എടുത്തടിച്ച്, തറ ചവിട്ടി കുലുക്കിക്കൊണ്ട് അയാള്‍ രംഗമൊഴിഞ്ഞു.
പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്നും ഒരു തൂവാലയെടുത്ത് നീട്ടിക്കൊണ്ട് ശിവദാസന്‍ പറഞ്ഞു: ”ഒള്ളത് ഒള്ളത് പോലെ പറയെന്റെ ചാത്തൂ. ഇനിയിവിടെ നീയും ഞാനും മാത്രമെ കാണൂ. ഈ രാത്രി വെളുക്കുന്നതുവരെ ഞാന്‍ നിനക്ക് സമയം തരാം. കഥയോ ജീവിതമോ എന്താന്നുവച്ചാല്‍ പറ, ഞാന്‍ കേള്‍ക്കാം…”
വായില്‍ നിറഞ്ഞ തുരുമ്പുരസം അപ്പാടെ വിഴുങ്ങിയതിനുശേഷം ചാത്തു തന്റെ ഷര്‍ട്ടിന്റെ തുമ്പുകൊണ്ട്, മുഖത്തു പറ്റിയ ചോരയും വെള്ളവും തുടച്ചെടുത്തു: ”നമ്മ്‌ടെ ജീവിതം…, അത് പൂര്‍ണ്ണമായും നമ്മ്‌ടെ മാത്രാണോ സാറേ? പലരാലും പൂരിപ്പിക്കപ്പെടേണ്ട ഒര് പദപ്രശ്‌നമല്ലേ ഈ ജീവിതം എന്നു പറയുന്ന സാധനം?” തലയില്‍ മുളച്ചുപൊന്തിയ മുഴയില്‍ തടവിക്കൊണ്ട് ചാത്തു ചിരിച്ചു. വെള്ളം നിറച്ച ബലൂണ്‍ പോലെ വേദനനിറച്ച മുഴ. കുറച്ചൂടെ വലുപ്പം വച്ചിട്ടുണ്ട്. കൂടെക്കൂടെ വിങ്ങുന്നുണ്ട്.
പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍ ഡിസംബര്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും ഡിസംബര്‍ ലക്കം ലഭ്യമാണ്
Comments are closed.