പ്രണയവും കാത്തിരിപ്പും വാർധക്യത്തിലും തുടരുമ്പോൾ
ഇങ്ങനെയും ഒരു കാത്തിരിപ്പുണ്ടോ? അതും നിന്നെ നിഷ്കരുണം ഉപേക്ഷിച്ച ഒരുവൾക്ക് വേണ്ടി? അവൾ ഒരിക്കൽ തിരികെയെത്തും എന്ന വെറും തോന്നലിന്റെ പുറത്ത്.. ഫ്ലോറന്റിനൊ അരിസയുടെ ഒപ്പം ഫെർമിനയും ഇപ്പോൾ വാർദ്ധക്യത്തിൽ എത്തിയിട്ടുണ്ട്. 72 വയസ്സ് പുതിയ ഒരു ജീവിതം തുടങ്ങാൻ പര്യാപ്തമാണോ? പ്രണയത്തിന്റെ പൂർണത വിവാഹത്തിലാണോ, എന്ന് ചോദിച്ചാൽ ഫ്ലോറന്റിനൊയ്ക്ക് ഉത്തരം പറയാൻ ഉണ്ടാകില്ല, പക്ഷേ ഒരു ദിവസം എങ്കിൽ ഒരു ദിവസം ഫെർമിനയോടൊപ്പം, ജീവിതത്തിൽ ഒരിക്കൽ എല്ലാമായിരുന്നവൾക്കൊപ്പം നിമിഷങ്ങളെങ്കിലും ജീവിക്കണം എന്ന മോഹത്തിനപ്പുറം ഈ 70 വയസ്സിൽ മോഹങ്ങൾ മറ്റൊന്നും അവശേഷിക്കുന്നില്ല.
“നീ കൊളറാ കാലത്തെ പ്രണയം വായിച്ചിട്ടുണ്ടോ?” സാഹിത്യം പഠിപ്പിക്കുന്ന അധ്യാപകന്റെ ചോദ്യത്തിനപ്പുറം ചെറിയൊരു നിർദ്ദേശവും ഉണ്ടായിരുന്നുവല്ലോ. മാർക്കസിന്റെ വായനകൾ മരുഭൂമികളെ തളിരണിയിക്കുന്നവയാണ്. “നിന്റെ എഴുത്തുകൾക്ക് കൂട്ട് നില്ക്കാൻ മാർക്കേസിന് കഴിയും” ശിഷ്യയുടെ കഴിവിന് മുകളിൽ ഗുരുവിന്റെ സ്വപ്നം കാണൽ. സമ്മതം കൊണ്ടുള്ള തലയാട്ടലിനു പുറമേ പിറ്റേ ദിവസം അധ്യാപകന്റെ കയ്യിലുണ്ടായിരുന്ന കൊളറാ കാലത്തെ പ്രണയത്തിന്റെ പുസ്തകം ഒരു ഞായറാഴ്ച്ചയുടെ മൗനത്തെ കെടുത്തി കളഞ്ഞു. അന്ന് മുതൽ ഞാനെപ്പോഴോ ഫെർമിന ആയി മാറിക്കഴിഞ്ഞിരുന്നു.
ഫ്ലോറന്റിനൊ എന്ന യുവ കാമുകന് ഫെർമിനയോടു ജീവിതത്തെ കുറിച്ച് അവന്റെ സ്വപ്നങ്ങളെ കുറിച്ച് പറയാൻ എന്തൊക്കെ ബാക്കി ഉണ്ടായിരുന്നു. പക്ഷെ ഒരു കൊളറാ കാലം നശിപ്പിച്ചത് ആ നഗരത്തെ മാത്രമല്ല അവന്റെ പ്രണയ സ്വപ്നങ്ങളെ കൂടിയായിരുന്നു. കൊളറാ കാലത്തെ നശിപ്പിയ്ക്കാൻ എത്തിയ ഡോക്ടർ ജുവനെൽ ഫെർമിനയുടെ ഹൃദയത്തെ കൂടിയാണ് കവർന്നത്. അച്ഛന്റെ നിർബന്ധ ബുദ്ധിയ്ക്ക് മുന്നിൽ ഫെർമിന എന്തിനു കീഴടങ്ങി? പ്രാണന് തുല്യം പ്രണയിച്ചവനെ അത്ര പെട്ടെന്ന് ഫെർമിന മറവിയിലേയ്ക്ക് തള്ളിയിട്ടുവോ? അത്ര എളുപ്പമാണോ പ്രണയിച്ചവനെ മറക്കാൻ എന്ന ചോദ്യം നിസ്സാരമല്ല. പക്ഷെ അങ്ങനെയും സ്ത്രീകൾ ഉണ്ടാകാതെ തരമില്ലല്ലോ.
“നീയെന്നെ ഇത്ര പെട്ടെന്ന് മറന്നുവോ ഫെർമിന? നീയില്ലാത്ത എത്ര ഒറ്റപ്പെട്ടതാണ് എന്റെ മുന്നിലുള്ള ലോകം? എത്ര നാൾ ഉറക്കം പോലും ഇല്ലാതെ, കണ്ണുകൾക്ക് ചുറ്റും കറുത്ത വളയങ്ങളുമായി നിനക്ക് വേണ്ടി ഭ്രാന്തെടുത്തു നടന്നു.” ഫ്ലോറന്റിനൊ എന്നോട് സ്വപ്നത്തിൽ വന്നു നിലവിളിയ്ക്കുന്നു. നിന്റെ ഫെർമിന ആകാനുള്ള ഭാഗ്യം എനിക്കുണ്ടായില്ല ഫ്ലോറന്റിനൊ, പകരം നിന്റെ പ്രിയ സുഹൃത്തായിക്കൊള്ളാം. ഫെർമിനോയ്ക്ക് പകരക്കാരിയാകാൻ മറ്റൊരാൾക്കും കഴിയില്ലെന്ന് അല്ലെങ്കിലും എന്നെക്കാൾ നന്നായി ആരറിയാനാണ്. പിന്നീട് വർഷങ്ങൾ കഴിഞ്ഞു ഫ്ലോറന്റിനൊയെ കാണുമ്പോൾ അവനോടൊപ്പം ചുക്കി ചുളിഞ്ഞ മുഖത്തിന്റെ സന്തോഷവും ഫെർമിനയും ഉണ്ടായിരുന്നുവല്ലോ.
ഡോക്ടർ ജുവനെലിന്റെ മരണം ആഗ്രഹിച്ചു ഫ്ലോറന്റിനൊ കഴിയുന്നു എന്ന വാർത്ത സത്യമാകരുതേ എന്ന് മാർക്കേസിനെ പോലെ ഓരോ നിമിഷത്തിലെ വായനയിലും ആഗ്രഹിച്ചിരുന്നു. എന്നാൽ അത് തന്നെ ആയിരുന്നു സത്യം. പ്രിയമുള്ളവളെ തിരികെ ലഭിക്കേണ്ട വഴികൾ ഏറെ പരിചിതമായിരുന്നു ഫ്ലോറന്റിനൊവിന്. പിന്നീട് വർഷങ്ങൾ ആ പ്രണയം നീണ്ടു നിൽക്കുമ്പോഴും മാർക്കേസിനോപ്പം ഓരോ വായനക്കാരനും ആ ദിനങ്ങളെ ഓർത്തെടുക്കാൻ ശ്രമിച്ചു ആനന്ദിച്ചിട്ടുണ്ടാകണം. അത് ഫ്ലോറന്റിനൊയ്ക്ക് ഉള്ള ആദരവാണ്, അയാളുടെ കാത്തിരിപ്പിനുള്ള ആദരവ്.
മാർക്കേസിന്റെ ജന്മദിനമായിരുന്നു മാർച്ച് 6. മാജിക്കൽ റിയലിസം എന്ന എഴുത്ത് രീതികളിൽ ഏറെ സുപരിചിതമായ “ലവ് ഇന് ദ ടൈം ഓഫ് കോളറ” യിലെ ഏറെ പേര് കേട്ട നായകനാണ് ഫ്ലോറന്റിനൊ. ഏറെ പഴി കേൾക്കുകയും മോഹിപ്പിക്കപ്പെടുകയും ചെയ്ത വൃദ്ധനായ ചെറുപ്പക്കാരൻ. അപ്പോൾ പിന്നെ മാർക്കേസിനെ ഓർക്കുമ്പോൾ ഫ്ലോറന്റിനൊയെ ഓർക്കാതെ അനുഭവിക്കാതെ കടന്നു പോകുവതെങ്ങനെ.
പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക
ശ്രീപാര്‍വ്വതിയുടെ ഞങ്ങള്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക
Comments are closed.