ചോള സാമ്രാജ്യത്തിന്റെ ചരിത്രത്തിലേക്ക് സഞ്ചരിച്ച് കെ എൽ എഫ് വേദി
എട്ടാമത് കേരള ലിറ്ററെച്ചർ ഫെസ്റ്റിവലിന്റെ അവസാനദിനത്തിൽ ചോള രാജ്യത്തിന്റെ ചരിത്രം വിശദീകരിച്ച് എഴുത്തുകാരനും ചരിത്രകാരനുമായ അനിരുദ്ധ് കന്നിസെട്ടി. അക്ഷരം സദസ്സിനെ, അനിരുദ്ധ് നൂറ്റാണ്ടുകൾക്ക് മുൻപുള്ള ഇന്ത്യയുടെ ഡെക്കാൻ ചരിത്രയാത്രയിലേക്കെത്തിച്ചു.
ലോർഡ് ഓഫ് ഏർത്ത് ആൻഡ് സീ : ദി ഹിസ്റ്ററി ഓഫ് ചോള എംപയർ എന്ന പുസ്തകത്തെ ആസ്പദമാക്കി നടത്തിയ ചർച്ചയിൽ ചോളസാമ്രാജ്യത്തിന്റെ നവീകരണം, ആരാധന, മധ്യകാലഘട്ടത്തിലെ സാമൂഹിക ഘടന എന്നിവയെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
ചോള സാമ്രാജ്യത്തിലെ രാജ്ഞിമാരായ സെമ്പിയൻ മഹാദേവി, കോകില നടികർ എന്നിവരെ ചൂണ്ടികാട്ടി രാജവംശത്തിലെ സ്ത്രീകളെ കുറിച്ച് വേദിയിൽ സംസാരിച്ച അനിരുദ്ധ്, സെമ്പിയൻ മഹാദേവിയാണ് നടരാജൻ എന്ന ശിവരൂപത്തെ ഹിന്ദുത്വത്തിന്റെ പ്രതീകമായി ചരിത്രത്തിൽ പ്രതിഷ്ഠിച്ചതെന്നും കൂട്ടിച്ചേർത്തു.
തന്റെ പുസ്തകങ്ങളുടെ ഉറവിടം ക്ഷേത്ര ലിഖിതങ്ങളിൽ നിന്നും ക്ഷേത്രത്തിലെ കൊത്തുപണികളിൽ നിന്നുമാണെന്നും ക്ഷേത്രങ്ങൾ ചരിത്രത്തെ രേഖപെടുത്തുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മറ്റു ചരിത്ര പുസ്തകങ്ങളിൽ നിന്നും വ്യത്യസ്തമായി സ്ത്രീത്വത്തെയും സ്ത്രീപക്ഷ ഐക്യദാർഢ്യത്തെയും വെളിപ്പെടുത്തിക്കൊണ്ടാണ് അനിരുദ്ധിന്റെ പുസ്തകമെന്നും ചർച്ചയിൽ പങ്കെടുത്ത കേരള സർവകലാശാലയിലെ സെന്റർ ഫോർ കൾച്ചറൽ സ്റ്റഡീസിന്റെ ഡയറക്ടറും പ്രൊഫസറുമായ മീന ടി പിള്ള വിലയിരുത്തി.