DCBOOKS
Malayalam News Literature Website

വംശീയവേരുകള്‍ മുതല്‍ ആദ്ധ്യാത്മികതവരെ!

Books of author SHINILAL .V

”എഴുതിയെഴുതി എല്ലാ ഊർജ്ജവും നശിച്ച് എഴുത്തുകാരനെന്ന അവസ്ഥയിൽ നിന്നു മുക്തനാകണം. സ്വതന്ത്രനായ മനുഷ്യൻ എന്ന പദവിയോടെ മാഞ്ഞു പോകണം” – ഷിനിലാൽ

അത്യന്തം ക്രൂരമായ റൈറ്റർ എന്ന അവസ്ഥയിൽ നിന്ന് തീർത്തും സ്വതന്ത്രമാകുന്നതിലെ കഥാർസിസ് സ്വപ്നം കണ്ടുകൊണ്ടാണ് കഥാകൃത്തിൻ്റെ ആമുഖം. ഉള്ളിലുള്ള പേജുകൾ സാവധാനം മറിക്കുമ്പോൾ ഇപ്പറഞ്ഞതിൻ്റെ പൊരുൾ ഏറെക്കുറെ പിടികിട്ടും.

17 കഥകളാണ് ചോലയെന്ന പുതിയ സമാഹാരത്തിലുള്ളത്. കടന്നുപോയ രണ്ടു വർഷങ്ങളുടെ ധന്യമായ ഫലശ്രുതി. അവയിൽ പത്തോളം കഥകൾ ആനുകാലികങ്ങളിലൂടെ നേരത്തേ വായിച്ചിരുന്നു. മനുഷ്യശരീരമെന്ന അവസ്ഥയെയും മനുഷ്യൻ്റെ വംശീയമായ വേരുകളെയും സൂക്ഷ്മമായി നിരീക്ഷിക്കുന്നതിൽ തുടങ്ങി ആദ്ധ്യാത്മികതയുടെ സവിശേഷമായ തലത്തിലേക്ക് എത്തിച്ചേരുന്ന ഒരു കലാകാരൻ്റെ മാനസസഞ്ചാരം ഈ കഥകളിലുടനീളം കാണാൻ കഴിയും. ഇഷ്ടപ്പെട്ട ചിലതിനെപ്പറ്റി പറയാം.

ടൈറ്റിൽക്കഥയായ ചോല തന്നെയാണ് ആദ്യത്തേത്. ‘ഒരു രാജ്യം അതിൻ്റെ ആദിമജനതയെ എങ്ങനെ പരിഗണിക്കുന്നുവെന്നത് അവരുടെ സംസ്കാരത്തിൻ്റെ സൂചനയത്രേ’ എന്നൊരു വാക്യം കഥയിലുണ്ട്. പക്ഷേ, ആ ജനതയുടെ ജൈവികമായ വികാസം അന്നുമിന്നും ഒരു സമസ്യയാണ്. ഈയൊരു വിഷയത്തെയാണ് സറ്റയർ എന്ന സങ്കേതത്തിലൂടെ കഥ അപ്ഡേറ്റ് ചെയ്യുന്നത്. പല വായനകൾക്കു സാധ്യത തുറക്കുന്ന ലെയേർഡ് സമീപനമാണ്. കഥയിൽ ഒരു പുതിയ സംസ്കാരമുണ്ടെന്നു തോന്നി. ഭാഷ സംസ്കാരത്തിൻ്റെ രൂപകമാണെന്നും!

ഭാഷാപോഷിണിയിൽ വന്ന കഥയാണ് ക്രിയ. ഒരു രതിശാലയാണ് മുഖ്യപരിസരമെങ്കിലും കഥ അവിടെ നിൽക്കാതെ രതിയുടെയും മനുഷ്യജീവിതത്തിൻ്റെ തന്നെയും പൊരുൾ തിരഞ്ഞു പോകുന്ന സീനാണ്.

പപ്പടം എന്നൊരു കഥയുണ്ട്. നിങ്ങൾ വായിച്ചു മറന്ന ചരിത്രശകലമാണ് പ്രശസ്തമായ ആ പന്തിഭോജനവും സവർണ്ണ കവിയുടെ ജാതിഹുങ്ക് പപ്പടം പോലെ പൊടിയുന്ന രംഗവും. അത് നിങ്ങളിൽ ഉണർത്തിയ ചിരിയുടെ മറ്റൊലി കഥയുടെ രൂപത്തിൽ ഇപ്പോൾ വീണ്ടും ചിരിപ്പിക്കുന്നു, ചിന്തിപ്പിക്കുന്നു.

വരാൽ എന്ന കഥയുടെ സഞ്ചാരം വേറൊരു വഴിക്കാണ്. കമിതാക്കളായ ഒരാണും പെണ്ണുമാണ് കഥയിൽ. പൊതുവിൽ കണ്ടുവരുന്നതു പോലെ,
അവരുടെ വികാരപരവേശത്തിൽ വീണുപോകാതെ മനുഷ്യനെ നയിക്കുന്ന ആദിമവികാരങ്ങളിലേക്കും കാല്പനികതയിലേക്കും നിരാശയിലേക്കും മടങ്ങുന്നു. ഒടുവിൽ അവളുടെ കൈയിൽ നിന്ന് വഴുതിപ്പോകുന്ന വരാൽ ലോകത്തിലെ മുഴുവൻ പ്രണയങ്ങളുടെയും രൂപകമായി മാറുന്നു.

A മുതൽ Z വരെയുള്ള മനുഷ്യരുടെ മൊത്തം കഥയെ മൂന്നോ നാലോ പേജിലാക്കി ചുരുക്കിയ മറ്റൊരു കഥയുമുണ്ട്. പേര്, A to Z ഒരു ജീവിതാഖ്യാനം… രൂപത്തിലും ഉള്ളടക്കത്തിലും മികച്ച പരീക്ഷണമാണ്. ഹ്യൂമറിൻ്റെ അന്തർധാരയുണ്ടെങ്കിലും തമാശയല്ല. ദാമ്പത്യം, പ്രണയം, കുറ്റം, ശിക്ഷ, സോഷ്യൽ മീഡിയ, ഭരണകൂടം തുടങ്ങി എണ്ണമറ്റ പ്ലോട്ടുകളുണ്ട്. അവയെ വേണ്ടുവോളം extend ചെയ്ത് ലോക ജീവിതത്തെ പരമാവധി വിശദീകരിക്കാനുള്ള മനസ്സ് നിങ്ങൾക്കു കാണാം.

കാമായനി എന്ന മഹാകാവ്യമോ അതിൻ്റെ നാടകാവിഷ്കാരമോ കണ്ടിട്ടില്ല. അവയിലൂടെ സഞ്ചരിച്ച് റൈറ്റർ എത്തിച്ചേർന്ന ആദിമ സാഗരമാണ് ‘കാമായനം എന്ന കഥയിലുള്ളത്.CHOLA Book By SHINILAL .V മനുഷ്യസത്തയിലേക്കും അതിൻ്റെ അനന്തമായ തുടർച്ചയിലേക്കും കഥ നിങ്ങളെ വഹിച്ചു കൊണ്ടുപോകുന്നു.

മഹാപ്രസ്ഥാനം എന്ന കഥ മഹാഭാരതത്തിൻ്റെ പാരമ്പര്യം ഏറ്റെടുത്തു കൊണ്ട് ആ പഴയ ദർശനത്തിൽ തൊടുന്നു. തികച്ചും വേറിട്ട മറ്റൊരു വീക്ഷണം ദീക്ഷിച്ചു കൊണ്ടു തന്നെ. സ്വന്തം ജീവിതത്തിലേക്കും മനസ്സിലേക്കുമുള്ള അഞ്ചു പുരുഷന്മാരുടെയും പാഞ്ചാലിയുടെയും തിരിഞ്ഞുനോട്ടം കൊണ്ട് ഈ മഹാപ്രസ്ഥാനം വ്യതിരിക്തമായിരിക്കുന്നു.

ചൂണ്ടു WILL എന്ന കഥ കഥയേക്കാൾ കവിത തന്നെ. പതിനാല് ചെറുഖണ്ഡങ്ങളുള്ള നീണ്ട കവിത. നഗരവും കാടും തമ്മിലുള്ള ആന്തരികവൈരുദ്ധ്യങ്ങൾ ഓരോ വാക്കിലും വരിയിലും തുടിച്ചു നിൽക്കുന്നു. അവയെല്ലാം ചേർന്ന് ഒരു ഖണ്ഡകാവ്യമായി മാറുന്നു.

ദേശാഭിമാനിയിൽ മികച്ച ചിത്രങ്ങളോടെ വന്ന ഗുരുദേവ് എക്സ്പ്രസ് എന്ന കഥയെ സത്യം പോലെ തോന്നിക്കുന്ന സ്വപ്നമെന്നും പറയാം. ഗുരുദേവ് എന്നു പേരുള്ള തീവണ്ടിയിൽ 2023-ലെ ഒരു ദിവസം നാരായണഗുരുവിനെയും ടാഗോർ എന്ന ഗുരുദേവിനെയും അയാൾ കണ്ടുമുട്ടുന്നതാണ് സന്ദർഭം. കാലത്തിൽ കൊത്തിവെച്ച രണ്ട് അപൂർവവ്യക്തികളെ ഒരു തീവണ്ടി മുറിയിൽ കൊണ്ടിരുത്താനും പൂർവകാലത്ത് സംഭവിച്ച അവരുടെ സംഭാഷണത്തിന് തുടർച്ചയെഴുതാനും കഴിയുന്നത് ഒട്ടും ചെറിയ കാര്യമല്ല…!

ചുരുക്കത്തിൽ, ഒരേ സമയം ദൈവവും ചെകുത്താനുമായി മാറി കഥാപാത്രങ്ങളെ ഉള്ളംകൈയിലിട്ട് അമ്മാനമാടുന്ന കഥാകൃത്തിൻ്റെ ഈ അപൂർവവിധി ഇതുപോലെ തന്നെ ദീർഘകാലം തുടരട്ടെ. കൈരളി ഇനിയും ആനന്ദിക്കട്ടെ.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

കൂടുതൽ വായനാനുഭവങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.