ആദിവാസികളുടെ ജീവിതശെലിയോടും അവയോട് ചേര്‍ന്നുപോവുന്ന ഓര്‍മ്മകളിലേക്കും സഞ്ചരിക്കുന്ന ‘ചോല’
‘ആദ്യവെടി പൊട്ടുമ്പോൾ കാട്ടുപന്നികൾ ഇളകും. പുറകെ കൂരൻമാർ, കേഴ, മാൻ, കരിങ്കുരങ്ങ്, കാട്ടുകോഴി, മലയണ്ണാൻ തുടങ്ങി കാട്ടിവരെയുള്ള ഘടാഘടിയൻമാർ കൂട്ടം തെറ്റി പായും. ഒന്നിനെയും വിടണ്ട. പന്നിയിറച്ചിക്ക് കൊഴുപ്പും കരിങ്കുരങ്ങിന് ഔഷധഗുണവും കാട്ടുകോഴിക്ക് രുചിയും കൂടും.
നെറ്റി നോക്കി വെടിവയ്ക്കണം. കൊന്നാൽ പാപം തിന്നാൽ തീരും എന്നാണ്.
രണ്ടാമത്തെ വെടിക്ക് ആദിവാസികൾ പുറത്ത് ചാടും. മലയരയൻമാർ, മലങ്കാണികൾ, മലവേടൻമാർ, പണിയർ, മുതുവാൻമാർ, അങ്ങനെ.
ചോലനായ്ക്കർ വരുന്നത് അവസാനമായിരിക്കും. പരിഭ്രമത്തോടെ അളയിൽനിന്നും പുറത്തിറങ്ങി വരുന്നത് ഒരു പതിനായിരം വർഷം പിന്നിൽനിന്നാണ്. വെടിവെച്ചിടാം. പക്ഷേ, തിന്നാൻ പാടില്ല. മനുഷ്യന്റെ വർഗ്ഗത്തിൽപെടുന്നതാണ്.
ആ മല കണ്ടോ? അത് വെറും മലയല്ല. നിധിയാണ്. അതിന് കാവൽ കിടക്കുകയാണ് അക്കൂട്ടം. അതുകൊണ്ട് കൊല്ലാതിരിക്കാനും പറ്റില്ല. കൊല്ലുന്നതിനുമുമ്പ് ശ്രദ്ധിക്കണം. അവരെക്കൊണ്ട് കല്ലെറിയിക്കണം. കൊന്നുകഴിഞ്ഞാൽ നിറതോക്ക് കൈയിൽ പിടിപ്പിക്കണം. പത്രവാർത്ത നോക്കി തീരുമാനമെടുക്കുന്ന മന്ത്രിമാരുള്ള കാലമാണ്. പണ്ടൊക്കെയായിരുന്നെങ്കിൽ! ആ അതൊക്കെ പറഞ്ഞിട്ടെന്ത് കാര്യം!
അപ്പോൾ…
പരേ…ഡ് സാവ്‌ധാൻ.
പരേ…ഡ് വിശ്രാം.
ലെഫ്റ്റ്.
റൈറ്റ്.
മാർച്ച് ഫോർവാഡ് ടു
വെസ്റ്റേൺ…ഘാട്ട്.’
ഇത്രയും അഭിനയിച്ച് പറഞ്ഞിട്ട് അച്ഛൻ പൊട്ടിച്ചിരിച്ചു. സ്‌കൂൾ വെക്കേഷനായിരുന്നു. മലയിലെ ഖനനസാധ്യതകളെക്കുറിച്ച് പഠിക്കാനുള്ള ജിയോളജിസ്റ്റുകളുടെയും എൻജിനീയർമാരുടെയും സംഘത്തിനൊപ്പം മാഞ്ചീരി കാട്ടിലേക്ക് കടക്കാൻ തുടങ്ങുകയായിരുന്നു. സ്‌കൂൾ വെക്കേഷനായതുകൊണ്ട് എനിക്കും ആ സംഘത്തിനൊപ്പം കൂടാൻ പറ്റി. ഒമ്പതാം ക്ലാസിലായിരുന്നു ഞാൻ. നിലമ്പൂർ ഫോറസ്റ്റ് ഡിവിഷനിൽ റേയ്ഞ്ചറായിരുന്നു അച്ഛൻ. യാത്രയും കാട്ടിനുള്ളിലെ താമസവുമൊക്കെ നീണ്ടുപോയപ്പോഴാണ് എനിക്കു മനസ്സിലായത്, പഠനത്തെക്കാൾ സംഘത്തിന് താത്പര്യം നായാട്ടിലായിരുന്നുവെന്ന്.
ചോലനായ്ക്കരുടെ റീസെറ്റിൽമെൻ്റുമായി ബന്ധപ്പെട്ട ഒരു പഠനത്തിനാണ് ഞാൻ രണ്ടാം തവണ മാഞ്ചീരിവനത്തിലേക്ക് പോകുന്നത്. ഏഷ്യയിലെ ഏറ്റവും പ്രാക്തനരായ ഗോത്രവർഗ്ഗമാണ് ആ ഗുഹാമനുഷ്യർ എന്നത് നരവംശശാസ്ത്രജ്ഞർക്ക് എപ്പോഴും കൗതുകമുണ്ടാക്കുന്ന ഒരു സംഗതിയാണല്ലോ.
അച്ഛൻ പറഞ്ഞത് തമാശയാണെന്ന് അന്നെനിക്ക് മനസ്സിലായിരുന്നില്ല. മലകയറുന്നതിനിടയ്ക്ക് ത്രീ നോട്ട് ത്രീ റൈഫിളെടുത്ത് അച്ഛൻ ഒരു വെടി പൊട്ടിച്ചു. പാറക്കൂട്ടത്തിനിടയിൽ അപ്പോൾ ഒരിളക്കം കണ്ടു. പെട്ടെന്നുതന്നെ നാലഞ്ച് ജീവികൾ ഗുഹയിൽ നിന്നും തല പുറത്തേക്കിട്ട് നോക്കുന്നത് കണ്ടു. അവയുടെ മെല്ലിച്ച കഴുത്തും തുറിച്ച കണ്ണുകളും എനിക്ക് വ്യക്തമായി കാണാൻ പറ്റി. ദേഹത്ത് രോമമില്ല. തലയിൽ ജട കെട്ടിയപോലെയും പക്ഷിക്കൂടുപോലെയും മുടി. ഞാൻ പേടിച്ച് നിലവിളിച്ചു. അപ്പോൾ അച്ഛൻ എന്നെ ചേർത്തുനിർത്തി, തോക്ക് ഉയർത്തി ആകാശത്തേക്ക് ഒരു വെടികൂടി വച്ചു. നിമിഷങ്ങൾക്കകം ഗുഹയിലെ ആ ജീവികൾ പുറത്തിറങ്ങി ഒറ്റയോട്ടം. നിറഞ്ഞൊഴുകുന്ന നദിയിൽ അവിടവിടെയുള്ള പാറക്കല്ലുകളിൽ ചവിട്ടി, കുതിച്ചുചാടി അതിവേഗത്തിൽ അവർ മറുകരയെത്തി. എൻ്റെ പേടി മാറി. മുന്നോട്ട് നടക്കവേ, ഗുഹയുടെ ഭാഗത്തുനിന്നും ഒരു കുഞ്ഞിൻ്റെ എന്നപോലെ കരച്ചിൽ കേട്ടു. ഞാൻ അച്ഛനെ നോക്കി. അച്ഛൻപറഞ്ഞു: ‘വെപ്രാളത്തിൽ അവർ കുട്ടിയെ എടുക്കാൻ പറ്റാതെ ഓടിയതാണ്. പാവം. നമ്മൾ പോയിക്കഴിഞ്ഞാൽ മടങ്ങിവരും.’
എൻറെ സംശയം തീർന്നിരുന്നില്ല. ‘ഏതാണാ ജീവി?’ അച്ചൻ പിന്നെയും ചിരിച്ചു. ‘ജീവിതന്നെ. പക്ഷേ, മനുഷ്യജീവിയാണെന്ന് മാത്രം.’ ഇപ്പോൾ ഞങ്ങളുടെ സംഘത്തിലെ മറ്റുദ്യോഗസ്ഥരും അച്ഛനെ നോക്കി. ‘ചോലനായ്ക്കർ.’ അച്ഛൻ അറിവ് പങ്കുവച്ചു. അച്ഛന്റെ പരിജ്ഞാനത്തെക്കുറിച്ച് ഓർക്കുമ്പോൾ എനിക്കിപ്പോഴും അഭിമാനം തോന്നുന്നു.
ഇതാണ് ചോലനായ്ക്കരുമായുള്ള എൻ്റെ ആദ്യത്തെ എൻകൗണ്ടർ. ആദിമമായ ഒരവസ്ഥയിൽ ഉറച്ചുപോയ മനുഷ്യരാണ് അവർ എന്ന് തിരിച്ചറിയാൻ എനിക്ക് ഏറെക്കാലം വേണ്ടിവന്നു. അന്നേ ഞാൻ നിശ്ചയിച്ചതാണ്, ഒരവസരം കിട്ടിയാൽ, ഈ മനുഷ്യരെ അവരുടെ തനത് സംസ്‌കാരത്തിൽ ജീവിക്കാൻ അനുവദിക്കണം എന്ന്.
പെരുമഴക്കാലത്ത് കുത്തിയൊഴുകി വഴിമാറിയ സുരാനദിയുടെ കരയിലൂടെ കാടിനുള്ളിലേക്ക് നടന്നപ്പോൾ ഞാൻ അച്ഛനെ ഓർത്തു. ഈ കാടുമായി വല്ലാത്ത ഒരാത്മബന്ധം അച്ഛനും അതുവഴി ഞങ്ങൾക്കും ഉണ്ട്. ഈ കാട്ടിലെ തേക്കും വീട്ടിയുംകൊണ്ടാണ് ഞങ്ങളുടെ വീട് പണിതിട്ടുള്ളത്. ഇവിടന്നുതന്നെ മുറിച്ച ഒരു ചന്ദനമരം നാലു കട്ടിലുകളുടെ രൂപത്തിൽ വീട്ടിലുണ്ട്. ആ മരം മുറിക്കുന്നതിനിടെ ഒരാദിവാസിയുടെമേൽ ചന്ദനത്തടി മറിഞ്ഞു വീണ് അയാൾ മരിച്ചുവത്രേ. ചന്ദനത്തടി മറിഞ്ഞുവീണു മരിച്ചാൽ നൂറ് അശ്വമേഥം നടത്തിയ ഫലമുണ്ടെന്നുള്ള വസ്‌തുത അച്ഛനറിയാമായിരുന്നു. എന്നിട്ടും അച്ഛൻ ആ ചന്ദനമുട്ടികൾകൊണ്ടുതന്നെ ആ ചോലനായ്ക്കനെ ദഹിപ്പിച്ചുവത്രേ. അവരുടെ കൂട്ടത്തിൽ ആദ്യമായി ദഹിപ്പിച്ച ശവം അയാളുടേതായിരുന്നു. അതുവരെ, ചത്തവരെ അവർ കാട്ടിലുപേക്ഷിക്കുകയോ കുഴിച്ചിടുകയോ ആയിരുന്നത്രേ ചെയ്‌തിരുന്നത്.
എന്തായാലും ആ സദ്പ്രവൃത്തി അറിഞ്ഞ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അച്ഛനെ അഭിനന്ദിച്ചുവത്രേ. ‘മേനോനേ, തന്നെപ്പോലെ മനസ്സുള്ളവർ നമ്മുടെ സർവീസിൽ കുറവാ. ഇത്രയും വിലപ്പെട്ട ചന്ദനം നിങ്ങൾ ആ കാട്ടുവാസിക്കുവേണ്ടി കത്തിച്ചു കളഞ്ഞില്ലേ? അതാണ് മനുഷ്യത്വം. നല്ലത് വരും.’ അതുകേട്ട് അച്ഛൻ്റെ കണ്ണ് നിറഞ്ഞുവത്രേ. അപ്രകാരം മനുഷ്യസ്നേഹതത്പരനായാണ് അച്ഛനെ അച്ഛമ്മ വളർത്തിയത്. പുറം പണിക്കാരായ വേടർക്കും പുലയർക്കും മറ്റും പഴങ്കഞ്ഞിവെള്ളം കൊടുക്കുമ്പോൾ പശുവിന് കുടിക്കാനുള്ള കാടിയിൽനിന്നും വിശേഷിച്ചെന്തെങ്കിലും കൂടി മുത്തശ്ശി അവരുടെ പാളയിലേക്ക് വിഴത്തിക്കൊടുത്തിരുന്നു. മുജ്ജൻമപാപം കൊണ്ട് കീഴ് ജാതി യിൽ ജനിച്ച് ദരിദ്രരായി ജീവിക്കുന്ന അവർക്ക് ഭക്ഷണം കൊടുക്കുന്നത് ഈശ്വരകോപത്തിന് ഇടയാക്കും എന്നറിഞ്ഞിട്ടും മുത്തശ്ശി അതു ചെയ്തുവത്രേ.
തുടർന്ന് വായിക്കാൻ ക്ലിക്ക് ചെയ്യൂ
കൂടുതൽ വായനാനുഭവങ്ങൾക്കായി ക്ലിക്ക് ചെയ്യൂ