DCBOOKS
Malayalam News Literature Website

കുട്ടികള്‍ക്കായൊരു ഗുണപാഠം; ‘ചിരഞ്ജീവി പറഞ്ഞ കഥകള്‍’ രണ്ടാം പതിപ്പില്‍

ഗുരുവും രക്ഷിതാവും സുഹൃത്തുമെല്ലാമാണ് സദ്ഗ്രന്ഥങ്ങള്‍. പ്രകാശമാനമായ വ്യക്തിജീവിതം നയിക്കാനുള്ള ആത്മബലം നേടിത്തരാനും ജീവിതവിശുദ്ധിയിലേക്കു കൈപിടിച്ചു നടത്താനും അവയ്ക്ക് കഴിയും. സുഭാഷിതങ്ങളും ഗുണപാഠകഥകളും മഹച്ചരിതങ്ങളും നമ്മുടെ വീക്ഷണങ്ങളേയും ചിന്താഗതികളെയും മാറ്റിമറിക്കുന്നു. ലോകതത്വങ്ങളും മാനവികമായ സദ്ഗുണങ്ങളും ഉള്‍ക്കൊണ്ട് ഉത്തമപൗരന്മാരായി വളര്‍ന്നു വലുതാകാന്‍ ബാല്യകൗമാരങ്ങള്‍ക്ക് വഴികാട്ടികളാവുകയാണ് പുരാതനമായ ഇത്തരം ഈടുവയ്പ്പുകള്‍. പഞ്ചതന്ത്രകഥകളും നീതിസാരകഥകളും ഈസോപ്പുകഥകളും ഗ്രിംകഥകളുമെല്ലാം അതിലുണ്ട്. ലോകത്തെമ്പാടുമുള്ള മുത്തശ്ശിക്കഥകളും നാടോടിക്കഥകളുമെല്ലാം കൂട്ടത്തില്‍ ഉള്‍പ്പെടുത്താം. ഈ കഥകളെല്ലാം തന്നെ സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും പരസ്പരവിശ്വാസത്തിന്റെയും ഐക്യത്തിന്റെയും വേരുകള്‍ ഇളം മനസിലേക്ക് പടര്‍ത്തി വിടുന്നു.

ചിരഞ്ജീവി പറഞ്ഞ കഥകളാണ് ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്. കഥകള്‍ പിറന്ന കാലം മുതല്‍ ചിരഞ്ജീവി ഇവിടെയുണ്ട്. അദ്ദേഹത്തിനറിയാത്ത കഥകളൊന്നും തന്നെയില്ല. മനുഷ്യരും മൃഗങ്ങളും പുല്ലും പുഴുവുമെല്ലാം കഥാപാത്രങ്ങളായ കഥകള്‍. സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും ഐക്യത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും നന്മകളുടെയുമെല്ലാം ഗാഥകളാണിവ.

അഹങ്കാരിയായ വൃക്ഷം, വിഡ്ഢിയായ സന്യാസി, ഇണപ്രാവുകള്‍, സ്വര്‍ഗവും നരകവും, ദൈവവും പക്ഷികളും, നാലു ചെകുത്താന്‍മാര്‍, വഞ്ചകനായ കൊക്ക്, രക്തസാക്ഷിയായ മുയല്‍, തുടങ്ങിയ 25 കഥകളാണ് ഈ സമാഹാരത്തിലുള്ളത്. എല്ലാം കുട്ടികളും മുതിര്‍ന്നവരും ഇഷ്ടപ്പെടുന്ന ഗുണപാഠകള്‍. കുട്ടികള്‍ക്കായി മാമ്പഴം ഇംപ്രിന്റില്‍ തയ്യാറാക്കിയിരിക്കുന്ന ഈ കഥകള്‍ സമാഹരിച്ചിരിക്കുന്നത് ഷാരോണ്‍ ആണ്. 2017-ല്‍ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ചിരഞ്ജീവി പറഞ്ഞ കഥകളുടെ രണ്ടാം പതിപ്പാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

Comments are closed.