DCBOOKS
Malayalam News Literature Website

ചിരഞ്ജീവി പറഞ്ഞ കഥകള്‍ 

നല്ല പുസ്തകങ്ങള്‍ നല്ല സുഹൃത്തുക്കളാണ്, വഴികാട്ടികളാണ്. മുന്‍പേ നടന്നവര്‍ പറഞ്ഞുതരുന്ന ഗുണപാഠങ്ങള്‍ പ്രകാശമാനമായ വ്യക്തിജീവിതം നയിക്കാനുള്ള അത്മബലം നേടിത്തരികയും ജീവിതവിശുദ്ധിയിലേയ്ക്ക് കൈപിടിച്ചുയര്‍ത്തകയും ചെയ്യുന്നു. സുഭാഷിതങ്ങളും നന്മപാഠങ്ങളുടെ കഥകളും മഹച്ചരിതങ്ങളും വായനക്കാരന്റെ വീക്ഷണങ്ങളെയും ചിന്താഗതികളെയും മാറ്റിമറിക്കുന്നു. ഇന്നത്തെ തലമുറയക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഇത്തരം പുസ്തകങ്ങള്‍. തിരക്കുകള്‍ക്കും മത്സരങ്ങള്‍ക്കും വഴിയൊരുക്കി മുന്നേറുന്ന ആധുനിക ജീവിതത്തില്‍ ലോകതത്വങ്ങളും മാനവികമായ സദ്ഗുണങ്ങളും ഉള്‍ക്കൊണ്ട് ഉത്തമപൗരന്മാരായി വളര്‍ന്നു വലുതാകുവാന്‍ ബാല്യകൗമാരങ്ങള്‍ക്ക് വഴിവിളക്കുകളാവുകയാണ് ഇത്തരം പുസ്തകക്കൂട്ടങ്ങള്‍. പഞ്ചതന്ത്രകഥകളും നീതിസാരകഥകളും ഈസോപ്പുകഥകളും ഗ്രിം കഥകളുമെല്ലം അതിലുണ്ട്. ലോകത്തെമ്പാടുമുള്ള മുത്തശിക്കഥകളും നാടോടിക്കഥകളുമെല്ലാം ഈ വിളക്കുകളാവുകയാണ്. ഈ കഥകളെല്ലാംതന്നെ സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും പരസ്പരവിശ്വാസത്തിന്റെയും ഐക്യത്തിന്റെയും ദീപനാളങ്ങള്‍ ഇളം മനസ്സുകളില്‍ തെളിക്കുന്നു. ജീവിതത്തിന്റെ ഊഷരതകളില്‍ പച്ചപ്പിന്റെ നിറച്ചാര്‍ത്തുകളായി വളരാന്‍ പ്രേരണ നല്‍കുന്നവയാണ് ഈ കഥകളോരോന്നും.

ഈ ഗണത്തിലേയ്ക്ക് പുതിയൊരു കഥക്കൂട്ടാണ് ചിരഞ്ജീവി പറഞ്ഞ കഥകള്‍. കഥകള്‍ പിറന്ന കാലം മുതല്‍ ചിരഞ്ജീവി ഇവിടെയുണ്ട്. അദ്ദേഹത്തിനറിയാത്ത കഥകളൊന്നുംതന്നെയില്ല. അദ്ദേഹം ഉള്‍ക്കൊള്ളാത്ത വിജ്ഞാനധാരകളുമില്ല. അജ്ഞാനാന്ധകാരത്തില്‍നിന്നും വിജ്ഞാനത്തിന്റെ വിണ്‍വെളിച്ചത്തിലേയ്ക്ക് ശിഷ്യഗണങ്ങളുടെ മിഴിതുറപ്പിക്കുന്ന ഗുരുവാണദ്ദേഹം. ആ ഗുരു പറയുന്ന കഥകള്‍ ഈ കാലഘട്ടത്തിന്റെ ആമയങ്ങള്‍ ഇല്ലായ്മ ചെയ്യുന്നതാണ്. മനുഷ്യരും മൃഗങ്ങളും പുല്ലും പുഴുവുമെല്ലാം കഥാപാത്രങ്ങളാകുന്ന ഈ കഥകള്‍ പ്രായഭേദമന്യേ ഏവരും ഇഷ്ടപ്പെടുന്നവയാണ്.

അഹങ്കാരിയായ വൃക്ഷം, വിഡ്ഢിയായ സന്ന്യാസി, ദൈവവും പക്ഷികളും തുടങ്ങി ഇരുപത്തിയഞ്ചോളം കഥകളാണ് ഈ പുസ്തകത്തില്‍. സ്വന്തം കുറവുകള്‍ കണ്ടെത്തുന്നവന്‍ അന്യരുടെ കുറവുകള്‍ തേടിപ്പോകില്ല, നന്മയുടെ പ്രതിഫലം നന്മ തുടങ്ങിയ തത്വരത്‌നങ്ങള്‍ ഈ കഥകളിലോരോന്നിലുമുണ്ട്. പുതുതലമുറയില്‍ വായനയുടെ വിത്തുകള്‍ പാകി ഈ ഗുണപാഠകഥകള്‍ മനസ്സില്‍ പതിയുകയാണെങ്കില്‍ വിദ്വേഷമില്ലാത്ത സഹിഷ്ണുത നിറഞ്ഞ നല്ല നാളെ വിദൂരമല്ല. ഡി സി ബുക്‌സ് മാമ്പഴം ഇംപ്രിന്റില്‍ പുറത്തിറക്കിയ ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത് ഷാരോണ്‍ ആണ്. പി ജി ബാലകൃഷ്ണന്റെ വരച്ച മനോഹരമായ ചിത്രങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Comments are closed.