ഗൂഗിള്‍ മാപ്പില്‍ ഇല്ലാത്ത അപരലോകങ്ങള്‍
മനുഷ്യജീവിതത്തിന്റെ വൈകാരികഭ്രംശങ്ങളെ അടയാളപ്പെടുത്തുന്ന കഥാകൃത്ത് പി.എഫ് മാത്യൂസിന്റെ കഥകളുടെ സമാഹാരം. മാഞ്ഞുപോയി, നിശ്ചലദൃശ്യം, ചില പ്രാചീനവികാരങ്ങള്‍, ജലശയനം, സൈക്കിളോട്ടക്കാരന്‍, അഞ്ചാമന്റെ വരവ് തുടങ്ങി 15 കഥകളാണ് ഈ കൃതിയില്‍ സമാഹരിച്ചിരിക്കുന്നത്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ചില പ്രാചീന വികാരങ്ങള്‍ ഇപ്പോള്‍ ഇ-ബുക്കായി വായനക്കാര്‍ക്ക് ലഭ്യമാണ്.
കഥാസമാഹാരത്തെക്കുറിച്ച് വി.എം ഗിരിജ എഴുതിയത്
ഗൂഗിള്‍ മാപ്പില്‍ ഇല്ലാത്ത അപരലോകങ്ങള്‍
നുണ പറയുന്നതിലെ ചെറ്റത്തരമാണ് വൈലോപ്പിള്ളിയെ ഏറ്റവും അധികം ബാധിച്ച/അലോസരപ്പെടുത്തിയ ഒരു മനുഷ്യരീതി. മര്‍ത്ത്യലോക മഹിമ പുലര്‍ത്താന്‍ പറ്റിയ, ശരിയായ അന്തസ്സുള്ള ഒരു ലോകത്തെ അദ്ദേഹം സ്വപ്നം കണ്ടു. നെഞ്ചു കീറി നേര് കാണിക്കുന്നതിനെ പറ്റി ആലോചിക്കുമ്പോള്‍, ‘കഷ്ടം! ചെറ്റയാം വിടന്‍ ഞാന്‍ ഇനി എങ്ങനെകണ്ണാടി നോക്കും’ എന്ന് അദ്ദേഹം സ്വയം കുത്തി. ആ കലൂര്‍ക്കാരന്‍ കവിക്കൊപ്പമാണ് പി.എഫ്. മാത്യുസ് എന്ന കലൂര്‍ക്കാരന്‍ കഥാകൃത്ത്. വാക്കുകള്‍ ഉപയോഗിക്കുന്നതിലും അദ്ദേഹം വൈലോപ്പിള്ളിയെപ്പോലെ സൂക്ഷ്മത കാണിക്കുന്നു. നുണ പറയാന്‍ അറിയാത്തതുകൊണ്ട് ആ വാക്കുകളില്‍ കയ്പു കലര്‍ന്നിരിക്കുന്നു.
ചില പ്രാചീന വികാരങ്ങള്‍ എന്ന കഥ നോക്കൂ: ‘വിദ്യാഭ്യാസമുള്ളവരായതിനാല്‍ വിദഗ്ധമായി നിര്‍മിക്കപ്പെടുന്ന നുണകള്‍ കേള്‍ക്കാനായി തയ്യാറെടുത്താണ് വീടിനു മുന്നിലെ വിശാലമായ തൊടിയിലെ ഈര്‍ത്ത മണ്ണിനെ ചുവപ്പിച്ച ചാമ്പച്ചോട്ടില്‍’ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നകുലന്‍ ഇരിക്കുന്നത്. സഹജീവി സ്‌നേഹം അവിടെ പ്രാചീനമായി തീര്‍ന്ന ചില വികാരങ്ങളില്‍ ഒന്നാണ്. തന്റെ മുന്‍പില്‍ മതിലില്‍നിന്ന് വീണു മരിച്ചു എന്നുപറഞ്ഞ വൃദ്ധന്‍ അങ്ങനെയല്ല മരിച്ചതെന്ന് അയാള്‍ക്ക് ഉറപ്പാണ്. എന്നാല്‍ മരിച്ച വൃദ്ധന്റെ ജീവിതം അത്ര വിലപ്പെട്ടതല്ല എന്ന് അയാള്‍ക്കും തോന്നുന്നു. വാര്‍ദ്ധക്യം അയാളെ അപ്രസക്തനാക്കിയിരിക്കുന്നു. സ്വന്തം ‘അമ്മ മരിച്ചത് ആ അപ്രസക്തിയും അസൗകര്യവും മൂലം ചെറുപ്പക്കാര്‍’ ഇടപെട്ടതിനാല്‍ ‘ആണെന്ന് അയാള്‍ക്കറിയാം. സ്വന്തം ഭാര്യയും കുട്ടിയും ഫിഷ് ബൗളിലെ സ്വര്‍ണ്ണമത്സ്യങ്ങളെപ്പോലെ ആണെങ്കല്‍, ചേറ്റില്‍ കഴിഞ്ഞ തോട്ടുമീന്‍ ആയിരുന്നു നഗരത്തിലേക്ക് കുറ്റബോധംമൂലം അയാള്‍ പറിച്ചുനട്ട അമ്മ. ഒന്ന് പിടയുകപോലും ചെയ്യാതെ മരിച്ച അമ്മയുടെ മുഖം അയാള്‍ പൊതിഞ്ഞു കലവറയില്‍ പൊടിപിടിച്ച അലമാരയില്‍ വെച്ചിരിക്കുകയാണ്. ചിലതരം പ്രാചീനവികാരങ്ങള്‍ അവിടെ പൊടിമൂടി ചിതല്‍ പൊതിഞ്ഞു പൂണ്ടുപോകട്ടെ എന്ന് എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നു എന്ന പ്രാചീനസത്യം ഈ കഥ വെളിപ്പെടുത്തുന്നു. ഈ കഥയിലെ പേരുകള്‍ക്കുപോലും പല മുഴക്കങ്ങള്‍ ഉണ്ട്. ‘മരിച്ചു’ പോയ അയാളേ ക്കാള്‍ നല്ല വ്യക്തി അല്ല, അയാളെ വിട്ടുപോയ ഭാര്യ കൃഷ്ണമ്മ. സ്‌നേഹമല്ല, ബന്ധുക്കളോടും മതില്‍ കെട്ടിന് പുറത്തുള്ള സമൂഹത്തോടുമുള്ള വെറുപ്പാണ് അവരെ ആനന്ദിപ്പിച്ചതും അടുപ്പിച്ചതും. കുഴിച്ചു കുഴിച്ചു നാം അനിഷ്ട സ്മൃതികള്‍ തന്‍ അഴുക്കുപരതി നരകത്തില്‍ ചെന്നെത്തുന്നു എന്ന് വൈലോപ്പിള്ളി പറഞ്ഞത് കൂട്ടിവായിക്കാം ഇവിടെ.
ഈ കഥ പുതുതാണെങ്കില്‍ ജലശയനം കുറെക്കൂടി പഴയതാണ് എന്നുപറയാം. പഴകിയ ജലത്തിലെ വയസ്സന്‍ മല്‍സ്യങ്ങളാണ് ഇതിലെ സഹജീവികള്‍. പ്രദോഷംവരെ, തളം കെട്ടിക്കിടക്കുന്ന മലിനജലത്തില്‍ ആവര്‍ത്തിച്ചൊഴുകുന്ന മത്സ്യമാണ് അതിലെ കിഴവന്‍. ‘മല്‍സ്യങ്ങളുടെ വാര്‍ദ്ധക്യത്തെക്കുറിച്ച് ആലോചിക്കാന്‍ രസം തോന്നി. വയസ്സന്മാരായ മല്‍സ്യങ്ങള്‍ തറവാടിത്തം വിടാതെ ഒഴുകിക്കൊണ്ടിരിക്കുന്ന ഒരു വലിയ സ്ഫടിക ജലാശയമാണ് മുന്നില്‍. ‘ഇത്തരം വാക്കുകള്‍കൊണ്ട് തന്നെ മനുഷ്യജീവിതം അടയാളപ്പെടുന്നു. കലാപം കുഴച്ചുമറിച്ച നഗരത്തില്‍ ഇനി ആരും വരില്ല എന്ന് ഉറപ്പായി മരണം കാത്തുകിടക്കുന്ന വയസ്സന്‍ മല്‍സ്യം ആണോ മനുഷ്യന്‍ ആണോ ജലജീവിതത്തിനുംവായുജീവിതത്തിനും വ്യത്യാസം ഉണ്ടോ? സംസ്‌കാരം, നാഗരികത ഉണ്ടാക്കിത്തന്നത് കൂടുതല്‍ ഏകാന്ത തയും നിരര്‍ത്ഥകതയും അല്ലേ…തുടങ്ങിയ ചോദ്യങ്ങള്‍ ഈ കഥ ഉന്നയിക്കുന്നു.
‘മനുഷ്യരെ കൊല്ലുന്നത് എത്ര എളുപ്പം’ എന്ന കുഞ്ഞുകഥയില്‍ മറ്റൊരാളുടെ ഭാര്യയോടൊപ്പം, സ്‌നേഹം ഇല്ലാതെ ഉടലിനോടുള്ള സൗഹാ ര്‍ദ്ദം മാത്രം സൂക്ഷിച്ചു കിടക്കുന്നതും പണം മേടിച്ചു സ്വന്തം ഭാര്യയെ അയാള്‍ക്ക് കൊടുക്കുന്നതും അത് വാതിലിന് വിടവിലൂടെ നോക്കിനില്‍ക്കുന്നതും പിന്നീട് അവളെ സാരി മുറുക്കി കൊല്ലുന്നതും ഒരാള്‍ തന്നെയാണ്. നിശ്ചലമായ തടാകത്തിലെന്നപോലെ അയാള്‍ ‘ഞാന്‍’ ആണെന്ന് കഥാനായകന്‍ കണ്ടെത്തുന്നു. മീനാക്ഷിയെ കൊല്ലാന്‍ വളരെ എളുപ്പമായിരുന്നു. അവള്‍ സ്വന്തം കഥാപാത്രം ആയതിനാല്‍ പ്രത്യേകിച്ചും. ശാരീരികബന്ധത്തിനപ്പുറം ചുംബനങ്ങളും പൂവിതളുകളും ഉള്ള കത്തുകള്‍ അവള്‍ അയക്കാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ക്ക് വെറുപ്പും മടുപ്പുമാണ്. എല്ലാ കഥകളും പഴഞ്ചനും വിരസ ആവര്‍ത്തനങ്ങളുമാവുന്നു…സത്യം എത്ര വിരസവും ഹിംസാത്മകവുമാണ്…നിസ്സംഗകലയാണ് അയാള്‍ക്ക് ഓരോ സംഗവും.
വാക്കുകളുടെ സൂക്ഷ്മ പ്രയോഗത്തിലെന്നപോലെ ഈ കഥാകൃത്ത് ആഖ്യാനകലയുടെ സൗന്ദര്യത്തിലും വൈവിധ്യത്തിലും, അതായത്, പുതുമയിലും ശ്രദ്ധാലുവാണ്. പല കഥകളിലും കഥാകൃത്ത് നേരിട്ട് പ്രത്യക്ഷപ്പെട്ട് കഥാപാത്രങ്ങളുമായി അവരുടെ ഭാവി ചര്‍ച്ച ചെയ്യുന്നുണ്ട്. സൈക്കിളോട്ടക്കാരന്‍ വാവച്ചനും അയാളുടെ സ്രഷ്ടാവും തമ്മിലുള്ള വര്‍ത്താനംപോലെ. അതുകൊണ്ടാണ് ‘രാത്രിയില്‍’ എന്ന കഥയില്‍ സാക്ഷിയായി പുരപ്പുറത്തു ഒരു കള്ളനെ കൊണ്ടുവരുന്നത്. മാത്യൂസിന്റെ കഥകളില്‍ എല്ലാം ഓരോ സംഭവ ങ്ങളും കാണുന്ന, സത്യം കാണുന്ന കണ്ണുകളുണ്ട്. ഓരോ വികാരത്തിനുപോലും ആസ്വാദകരോ അപഗ്രഥനം നടത്തുന്നവരോ ചിന്തകരോ സാക്ഷിയാവുന്നുണ്ട്. എന്താണെന്ന് വെച്ചാല്‍ പി.എഫ്. മാത്യൂസിന് ഒരു സത്യവും സത്യമല്ല. ‘സ്വസ്ഥിതി തന്‍ മറുപുറം തപ്പുന്ന ഒരു സൗവര്‍ണ്ണ പ്രതിപക്ഷം’ ‘വൈലോപ്പിള്ളി’ അല്ലെങ്കില്‍ ഒരി ക്കലും കണ്ണടയ്ക്കാത്ത ഒരു വിചിത്ര ജീവി. അതാണ് ഈ എഴുത്തുകാരന്റെ സര്‍ഗാത്മകത.
അതെ, കണ്ണടയ്ക്കായ്ക, ഉറക്കമില്ലായ്ക ഈ എഴുത്തുലോകത്തിന്റെ ലക്ഷണം ആണ്. ഉറക്കമില്ലാത്തവരുടെ ക്ലബ്ബ് എന്ന കഥ വളരെ സൂക്ഷ്മമായി, നിറംമങ്ങിയ നേര്‍ത്ത ഇഴകളാല്‍ ഇത്തരം ഒരു വൈകാരിക സങ്കീര്‍ണ്ണത ചിത്രീകരിക്കുന്നത് ശ്രദ്ധേയമാണ്. മലയാളികളുടെ ക്രൂരവും അപഹാസ്യവുമായ സദാചാരബോധത്തിന്റെയും ഇടുക്കത്തിന്റെയും ഇരകളായ രണ്ടു സ്ത്രീകളുണ്ട് ഇതില്‍. നദീറ പ്രണയം ഒരു ശീലം മാത്രമാണെന്നുംമുറ തെറ്റിയാല്‍ അതും മങ്ങി മാഞ്ഞുപോകുമെന്നും വിചാരിക്കുന്നു. അവളുടെ കാമുകന്‍ രാഹുലന്‍ അതിനെ ആവേശപൂര്‍വം എതിര്‍ക്കുന്നുണ്ടെങ്കിലും. പ്രണയിക്കുമ്പോള്‍ ആദ്യം ഇറങ്ങിപ്പോ കുത് ബുദ്ധി, വിവേകം, പ്രപഞ്ചബോധം എന്നിവയാണ് എന്ന് നദീറ പറയുന്നു. അവള്‍ മരിക്കുന്നത് ഒരു സദാചാര വാദിയുടെ കൈകൊണ്ട്.അയാളുടെ ഭാര്യ സിസ്സി മരിക്കുന്നത് രാഹുലന്റെ പ്രതികാര ബുദ്ധിയാല്‍. ഇവിടെയും ഹിംസ ആണുങ്ങളുടേതും തകര്‍ച്ച പെണ്ണുങ്ങളുടേതും.
മാഞ്ഞുപോയി എന്ന കഥയില്‍ മാത്രമാണ്, സ്‌നേഹിക്കാന്‍, ചേര്‍ത്തു പിടിക്കാന്‍, വിടാതെ വിടാതെ സുഹൃ ത്തുക്കളാകാന്‍ കഴിവുള്ള ഒരാണിനെയും പെണ്ണിനെയും നാം കാണുന്നത്.അയാള്‍ക്ക് പല പേരുകള്‍ ജയരാമന്‍, ഇസ്മായില്‍, രവി. അവള്‍ക്കും പല പേരുകളാകാം. സാറാ, സഫിയ, സീമ. അവള്‍ ഒരു വേശ്യയും അയാള്‍ ഒരു ഗൃഹസ്ഥനുമാണ്. അവളുടെ ജീവിതത്തില്‍ രണ്ടു രാത്രിയും ഒരു പകലും ഒരു അത്ഭുതംപോലെ കടന്നുവന്നു അയാള്‍ മായുകയാണ്. മാഞ്ഞുപോവുകയാണ്.
Comments are closed.