DCBOOKS
Malayalam News Literature Website

മുരളി തുമ്മാരുകുടിയുടെ ഓര്‍മ്മക്കഥകള്‍

ലോകസഞ്ചാരിയായ ഒരു സൂക്ഷ്മനിരീക്ഷകന്റെ അനുഭവങ്ങളും ഓര്‍മ്മകളും നര്‍മ്മമധുരമായി ആഖ്യാനം ചെയ്യപ്പെടുന്ന കൃതിയാണ് മുരളി തുമ്മാരുകുടിയുടെ ചില നാട്ടുകാര്യങ്ങള്‍. സ്വയം വിമര്‍ശനവും ഹാസ്യവും പാകത്തില്‍ ചേര്‍ത്താണ് അദ്ദേഹം രചന നടത്തിയിരിക്കുന്നത്. മാമൂലുകളുടേയും മൂഢാചാരങ്ങളെയും തിരിച്ചറിഞ്ഞ് തിരുത്തുവാനുളള ഉപദേശമാണ് പല കുറിപ്പുകളുടെയും പിന്നിലുളള ലക്ഷ്യം. പ്രസക്തമായ പല വിഷയങ്ങളും സ്വതസിദ്ധമായ ശൈലിയില്‍ കൈകാര്യം ചെയ്തിരിക്കുന്ന ഒരു വ്യത്യസ്ത ആഖ്യാനം.

ജോലി സംബന്ധമായി അധികവും പട്ടണങ്ങളില്‍ ജീവിച്ച വ്യക്തിയാണ് മുരളി തുമ്മാരുകുടി. എന്നാല്‍ ഗ്രാമീണ ജീവിതത്തിന്റെ ഹൃദയത്തുടിപ്പുകളാണ് മുരളിയുടെ എഴുത്തില്‍ പ്രകടമാകുന്നത്. അതിന്റെ പ്രതീകമായിട്ടാവണം തന്റെ പേരിനോട് ചേര്‍ത്ത് തുമ്മാരുകുടി എന്ന സ്വഗ്രാമത്തിന്റെ പേര് മുരളി ചേര്‍ത്തുപിടിക്കുന്നത്.

അറിവും അനുഭവവും നര്‍മ്മത്തില്‍ ചാലിച്ച് വരച്ചെടുത്ത ഓര്‍മ്മകളുടെ നിറക്കൂട്ടാണ് ചില നാട്ടുകാര്യങ്ങള്‍. ദേശവും പരദേശവും ഒരുപോലെ നിറയുന്ന ഓര്‍മ്മകള്‍. മറ്റുള്ളവരെ എന്നപോലെ തന്നെത്തന്നെയും വിമര്‍ശിച്ചുകൊണ്ട് ഹാസ്യാത്മകതയിലൂടെ പുതിയൊരു തലം സൃഷ്ടിക്കാന്‍ ഈ ഓര്‍മ്മകള്‍ക്കു കഴിയുന്നു. 2016-ലെ മികച്ച ഹാസ്യസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച കൃതിയാണ് ചില നാട്ടുകാര്യങ്ങള്‍.

മുരളി തുമ്മാരുകുടി-പെരുമ്പാവൂരിനടുത്ത് വെങ്ങോലയില്‍ ജനനം. ഐ.ഐ.ടി കാണ്‍പൂരില്‍ നിന്നും പി.എച്ച്.ഡി ബിരുദം. ഇപ്പോള്‍ ഐക്യ രാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിന്റെ ദുരന്ത നിവാരണ വിഭാഗം തലവന്‍. 21-ാംനൂറ്റാണ്ടിലെ മിക്ക യുദ്ധ, ദുരന്ത സ്ഥലങ്ങളിലും ജോലി ചെയ്തു. ദുരന്ത ലഘൂകരണത്തെപ്പറ്റി മലയാളത്തില്‍ സ്ഥിരമായി എഴുതുന്നു.

Comments are closed.