DCBOOKS
Malayalam News Literature Website

ആനന്ദിന്റെ സാഹിത്യം മരുഭൂമിയിലെ പച്ചപ്പ്: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: രാജ്യം വലിയ ആശങ്കയില്‍ കഴിയുന്ന ഘട്ടത്തില്‍ ആനന്ദിനെപ്പോലെയുള്ളവരുടെ സാഹിത്യസൃഷ്ടി മരുഭൂമിയിലെ പച്ചപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ എഴുത്തച്ഛന്‍ പുരസ്‌കാരം ആനന്ദിന് നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം എഴുത്തുകള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്, ആദരിക്കപ്പെടേണ്ടതുണ്ട്. ആരാണ് ഇന്ത്യന്‍ പൗരന്‍ എന്ന ചോദ്യം നാടാകെ ഉയരുന്ന കലുഷിതമായ അവസ്ഥയാണുള്ളത്. ഇന്ത്യയില്‍ ജനിച്ചു വളര്‍ന്ന ചിലര്‍ക്ക് താന്‍ ഏതു രാജ്യത്തെ പൗരനാണെന്ന ചോദ്യത്തിന് മുപടി പറയേണ്ട വേദനാജനകമായ സ്ഥിതിയുണ്ട്. മനസും സ്‌നേഹവും കരുണയും കരുതലും ഇല്ലാതാവുന്നു. ഇത്തരം പൊള്ളിക്കുന്ന ഭീതിജനകമായ അവസ്ഥയില്‍ മുന്നറിയിപ്പ് നല്‍കുന്ന പ്രവചനസ്വഭാവമുള്ള സര്‍ഗാത്മക രചനകളാണ് ആനന്ദിന്റേത്. ആ കരുതലിനുള്ള മലയാളത്തിന്റെ കൃതജ്ഞതയാണ് എഴുത്തച്ഛന്‍ പുരസ്‌കാരമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

യഥാര്‍ത്ഥ ജീവിതത്തില്‍ മനുഷ്യര്‍ക്കിടയില്‍ അകലം വര്‍ദ്ധിക്കുന്നു. ജാതി മുതല്‍ വംശം വരെ ഇതിന് കാരണമാകുന്നു. ആനന്ദ് എഴുത്തിലൂടെ മനുഷ്യര്‍ക്കിടയില്‍ പാലം പണിഞ്ഞുകൊണ്ടിരിക്കുന്നു. ആനന്ദിനെപ്പോലെയുള്ള എഴുത്തുകാരുടെ സ്വാതന്ത്ര്യം നിലനില്‍ക്കണം. അത് ജനധിപത്യത്തിന്റെ നിലനില്‍പിന് ആവശ്യമാണ്. പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനുള്ള എഴുത്തിലൂടെയാണ് ആനന്ദ് എക്കാലവും സഞ്ചരിച്ചത്.

അദ്ദേഹത്തിന്റെ രചനകള്‍ നിരന്തരം വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്ന കാലഘട്ടത്തിലാണ് കേരളം പരമോന്നത പുരസ്‌കാരം നല്‍കി ആദരിക്കുന്നത്. ആരുടെ പേരിലുള്ള അവാര്‍ഡ് ആര്‍ക്ക് നല്‍കുന്നു എന്നതിലൂടെയാണ് ഒരു അവാര്‍ഡ് ശ്രദ്ധിക്കപ്പെടുന്നത്. എഴുത്തച്ഛന്‍ സൃഷ്ടിച്ച ഗരിമയുള്ള കാവ്യഭാഷ ഇന്നും മലയാള കവിതയ്ക്ക് മാര്‍ഗദര്‍ശം നല്‍കുന്നു. താഴെത്തട്ടിലുള്ളവര്‍ക്ക് തന്റെ കവിത പ്രാപ്യമാകണം എന്ന് എഴുത്തച്ഛന്‍ ആഗ്രഹിച്ചു. ചരിത്രവുമായി ചേര്‍ന്നു നില്‍ക്കുന്ന സാഹിത്യമാണ് കാലത്തെ അതിജീവിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്‌കാരത്തോടൊപ്പം ഒരു പ്രതിസംസ്‌കാരം സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും അത് സംസ്‌കാരത്തിന്റെ മൂല്യങ്ങളെ നശിപ്പിക്കുന്നതായും ആനന്ദ് പറഞ്ഞു. പ്രതിസംസ്‌കാരം ശക്തിപ്രാപിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ നേടിയെടുത്ത മൂല്യങ്ങള്‍ നശിപ്പിക്കപ്പെടുന്നു. കാലഹരണപ്പെട്ടവയെ വീണ്ടും ഉയര്‍ത്താന്‍ ശ്രമിക്കുന്നു. ലോകമെമ്പാടും ഇത് സംഭവിക്കുന്നു. ഇരുട്ട് വ്യാപകമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഇരുട്ടിനോട് പൊരുതുവാന്‍ വെളിച്ചത്തിനേ കഴിയൂ എന്ന് ഓര്‍ക്കണമെന്ന് ആനന്ദ് പറഞ്ഞു. നവോത്ഥാനം തുടര്‍ച്ചയായി സംഭവിക്കുന്നതാണ്. മൂല്യങ്ങളെ സംരക്ഷിക്കുക മാത്രമല്ല, മൂല്യ സൃഷ്ടിയെ ജീവിപ്പിച്ചു നിര്‍ത്തേണ്ടതും നമ്മുടെ കര്‍ത്തവ്യമാണ്. മൂല്യങ്ങളെ സാക്ഷാത്കരിക്കാനുള്ള ഉപകരണങ്ങള്‍ കണ്ടെത്തുകയാണ് സംസ്‌കാരം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Comments are closed.