DCBOOKS
Malayalam News Literature Website

ജീവിതം ഒരു മഹാത്ഭുതമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് അത് നിങ്ങൾക്കായി എപ്പോഴും കാത്തുവയ്ക്കുന്നു…

“ജീവിതം ഒരു മഹാത്ഭുതമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് അത് നിങ്ങൾക്കായി എപ്പോഴും കാത്തുവയ്ക്കുന്നു.”

ഈയൊരു ആമുഖത്തോടെ ആണ് സ്മരണയുടെ കവാടം ബാലചന്ദ്രൻ ചുള്ളിക്കാട് തുറക്കുന്നത്. ഒരുപക്ഷേ ഒരുപുസ്തകം മുഴുവൻ ഈ വരികളിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

ഉള്ളു പൊള്ളിക്കുന്ന സ്മരണകൾ. രണ്ടു അധ്യായത്തിൽ കൂടുതൽ ഒറ്റയിരുപ്പിനു വായിക്കാൻ എന്നിലെ വായനക്കാരനോ മനുഷ്യനോ സാധിക്കുമായിരുന്നില്ല. ഓരോ അധ്യായവും ഹൃദയത്തെ അത്രയേറെ കനം വയ്പ്പിച്ചു. ആകെ ഒരു മരവിപ്പാണ്. ആ തരിപ്പിൽ നിന്ന് കരകയറാൻ സമയം ഏറെ വേണ്ടി വന്നു.

അഞ്ചു വർഷം മുൻപ് ചുള്ളിക്കാടിന്റെ “സന്ദർശനം” എന്ന കവിതയാണ് എന്നിലെ വായനക്കാരനെയും എഴുത്തുകാരനെയും കണ്ടെത്തിയതും മലയാള ഭാഷയോട് കൂടുതൽ അടുപ്പിച്ചതും എന്നു പറഞ്ഞാൽ അത് ഒട്ടും അതിശയോക്തി ആവില്ല. ഞാൻ നല്ലൊരു കവിത ആസ്വാദകൻ അല്ല. നല്ലൊരു സഹൃദയൻ അല്ല. ഗദ്യമാണ് താല്പര്യമേഖല. സന്ദർശനം അല്ലാതെ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ മറ്റു കവിതകൾ ഒന്നും വായിച്ചിട്ടുമില്ല എന്നതും സത്യമാണ്.

Textചിദംബര സ്മരണ” എനിക്കൊരു പുതുലോകം തന്നെ തുറന്നു തന്നു. ഇന്നുവരെ കാണാത്ത, അറിയാത്ത ലോകം. ഒരുപാട് ജീവിതങ്ങൾ. അനുഭവങ്ങൾ. വ്യക്തികൾ.സംഭവങ്ങൾ. അനുഭൂതികൾ. കരച്ചിലുകൾ. സന്ദർഭങ്ങൾ. ചില അനർഘ നിമിഷങ്ങൾ.

ഭ്രൂണഹത്യ മുതൽ ഒഴുവുകാലം വരെയുള്ള 39 ഓർമക്കുറുപ്പുകളാണ് ചിദംബര സ്മരണയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. വായനക്കാരനെ അത്രയും ആഴത്തിൽ മുറിവേൽപ്പിക്കുന്ന ഓർമ്മകൾ. പിറക്കാതെ പോയ കുഞ്ഞു മുതൽ ജീവിതത്തിന്റെ അവസാന ദിനങ്ങളിലും പ്രണയം കരുതലായി നിറയുന്ന വൃദ്ധ ദമ്പതികൾ വരെയും, അമ്മ മുതൽ വേശ്യ വരെയും, മഹാ പ്രതിഭകൾ മുതൽ ഭ്രാന്തൻ വരെയും, തിരുവനന്തപുരം മുതൽ ലോകത്തിന്റെ നാനാ ദിക്കുകളിലേക്കും ഈ സ്മരണ സാഗരം നമ്മെ കൂട്ടികൊണ്ട് പോകുന്നു.

ജീവിതം എങ്ങനെയാണു ഒരാൾക്ക് ഇത്രെയും അനുഭവങ്ങൾ നൽകുന്നത്. ഇത്രെയും ദാരിദ്ര്യം, ഇത്രയും വേദന, ഇത്രയും അത്ഭുതം, ഇത്രയും ധൈര്യം… അതുകൊണ്ട് തന്നെയാവും “ആത്മരോക്ഷത്തിന്റെയും പാപബോധത്തിന്റെയും സാക്ഷ്യപത്രം.” എന്ന് ചിദംബര സ്മരണ വിശേഷിപ്പിക്കപ്പെട്ടതും.

ജീവിതാനുഭവങ്ങൾ തന്നെയാണ് ഒരു എഴുത്തുകാരനെ സൃഷ്ടിക്കുന്നത്. എത്ര പ്രതിഭ ജന്മനാ ഉണ്ട് എന്ന് പറഞ്ഞാലും അതിനെ ആവിഷ്‌ക്കരിക്കാൻ എത്ര വായനയുടെ സഹായം ഉണ്ടെന്ന് വാദിച്ചാലും സഹൃദയ ഹൃദയത്തിൽ ഇടം പിടിക്കുന്ന കൃതികളിലെല്ലാം എഴുത്തുകാരന്റെ ഇത്തരത്തിലുള്ള ആത്മാവിഷ്ക്കാരത്തിന്റെ കണികകൾ കാണാം. അപ്പൊ അനുഭവങ്ങളുടെ ഒരു ഘോഷയാത്ര തന്നെ കൃതി ആക്കിയാലോ..?

ഇന്നോളം വായിച്ചതിൽ ഹൃദയത്തോട് ചേർക്കുന്ന ചുരുക്കം ചില പുസ്തകങ്ങളിൽ ഒന്ന്.

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ‘ചിദംബര സ്മരണ’ എന്ന ഓര്‍മപുസ്തകത്തിന് ഗോകുല്‍ കൃഷ്ണ എഴുതിയ വായനാനുഭവം.

Comments are closed.