ശിവജിയെന്ന മാസ്റ്റര്‍പീസ്: വിക്രാന്ത് പാണ്ഡെ എഴുതുന്നു
ഡി സി ബുക്‌സിലൂടെ ഉടന്‍ പുറത്തിറങ്ങുന്ന രഞ്ജിത് ദേശായിയുടെ ‘ഛത്രപതി ശിവജി’ എന്ന പുസ്തകത്തെക്കുറിച്ച് വിക്രാന്ത് പാണ്ഡെ
അനുവാചകരെ വൈകാരിക സംവാദത്തിന്റെ അത്യുന്നത മേഖലയില്‍ എത്തിച്ച വിശാലഹൃദയനായ ഒരു സാഹിത്യകാരനായിരുന്നു രഞ്ജിത്ത് ദേശായി. ‘ശ്രീമന്‍ യോഗി’യാണ് രഞ്ജിത്ത് ദേശായിയുടെ ഏറ്റവുമധികം ജനപ്രീതി നേടിയ നോവല്‍. ശിവജിയെക്കുറിച്ചുള്ള തന്റെ ഈ മാസ്റ്റര്‍പീസ് രചിക്കാന്‍ ഇടയാക്കിയ സാഹചര്യങ്ങളെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറയുന്നു: ‘സാമിയുടെയും ശ്രീമാന്‍ യോഗിയുടെയും പ്രസിദ്ധീകരണങ്ങള്‍ തമ്മില്‍ ഏഴു കൊല്ലത്തെ വിടവുണ്ട്. ഞാന്‍ ‘രാധേയ’ എഴുതിത്തുടങ്ങിയിരുന്നു. അപ്പോഴാണ് ശിവജിയെക്കുറിച്ച്പഠിക്കാന്‍ ബാലാസാഹിബ് ദേശായി എന്നെ പ്രേരിപ്പിച്ചത്. കഠിനമായ ഗവേഷണം ആവശ്യമുള്ള ഒരു ജോലിയാണ് ഞാന്‍ ഏറ്റെടുത്തതെന്ന് എനിക്ക് അറിയാമായിരുന്നു. ശിവജിക്ക് ഔദ്യോഗികമായ ഒരു ജീവചരിത്രമില്ല എന്ന് ഞാന്‍ പെട്ടെന്ന് മനസ്സിലാക്കി. ഔറംഗസീബിന്റെ ജീവിതകഥ യാദൂനാഥ് സര്‍ക്കാര്‍ വിശദമായിത്തന്നെ എഴുതിയിരുന്നു. യൂറോപ്യന്മാര്‍ തങ്ങളുടെ ചക്രവര്‍ത്തിമാരെക്കുറിച്ച് അതിസൂക്ഷ്മതയോടെ വിശദാംശങ്ങളടങ്ങിയ ജീവചരിത്രങ്ങള്‍ തയ്യാറാക്കിയിരുന്നു. എന്നാല്‍ ശിവജിയെക്കുറിച്ച് ആധികാരികമായ വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. അദ്ദേഹത്തെക്കുറിച്ചുള്ള മിക്കവാറും കൃതികള്‍ വസ്തുതാപരമായിരുന്നില്ലെന്നു മാത്രമല്ല, കൂടുതലായും ശിവജിയുടെ സാഹസിക സംരംഭങ്ങളെക്കുറിച്ചുള്ള അതിഭാവുകത്വം നിറഞ്ഞതും സ്തോഭജനകങ്ങളുമായ കഥകള്‍ ഉള്‍പ്പെടുന്നവ ആയിരുന്നു. ചില എഴുത്തുകാര്‍ ശ്രദ്ധാലുക്കള്‍ ആയിരുന്നില്ല. എന്നാല്‍ ബാബാ സാഹിബ് പുരന്ദരെയെപ്പോലുള്ള മറ്റു ചിലര്‍ ഭക്തരെപ്പോലെ ആരാധനയില്‍മുഴുകി ആയിരുന്നു ശിവജിയെ സമീപിച്ചത്. എന്റെ ഗവേഷണങ്ങളിലൂടെ ഞാന്‍ മഹാനായ ആ മഹാരാഷ്ട്ര യോദ്ധാവിന്റെ സ്വഭാവം കണ്ടെത്തി. അദ്ദേഹത്തിന്റെ സാഹസകൃത്യങ്ങള്‍ എന്നെ ഹഠാദാകര്‍ഷിച്ചു. വേഗത്തില്‍ത്തന്നെ എന്റെ മനസ്സില്‍ ഒരു രൂപം ഉടലെടുത്തു. ഇതാ ബഹുമുഖ വ്യക്തിത്വമുള്ള അനേകവൈഭവങ്ങളുള്ള ഒരു പൂര്‍ണ്ണമനുഷ്യന്‍-ഒരു രാജാവ് അദ്ദേഹം ഒരു മാതൃകാ ഭരണാധികാരിയും ഗംഭീരനായ രണവീരനും മാത്രമല്ല, പ്രായോഗികമതിയായ ഒരു ഭരണതന്ത്രജ്ഞനും കൂടിയായിരുന്നു. അഗാധമായ ഈശ്വരവിശ്വാസത്തോടൊപ്പം തന്നെ മതസഹിഷ്ണുതയും ഉണ്ടായിരുന്ന ശിവജി ഇതരമതങ്ങളെയും വളരാന്‍ അനുവദിച്ചു.”
ശിവജി ജീവിച്ച ചുറ്റുപാടുകളെക്കുറിച്ച് നേരിട്ടുള്ള ഒരു ധാരണ രൂപീകരിക്കാന്‍വേണ്ടി രഞ്ജിത്ത് ദേശായി ചരിത്രപ്രാധാന്യമുള്ള എല്ലാ സ്ഥലങ്ങളിലും സഞ്ചരിച്ചു. ശിവജിയുടെ കാലത്ത് ഉപയോഗത്തിലിരുന്ന ആയുധങ്ങളുടെ പ്രയോഗക്രമങ്ങള്‍ വിദഗ്ദ്ധരില്‍
നിന്നു കണ്ടു മനസ്സിലാക്കി. ഡല്‍ഹി, ബിജാപ്പൂര്‍, മുംബൈ, ബറോഡ എന്നിവിടങ്ങളിലെ മ്യൂസിയങ്ങളും ദേശായി സന്ദര്‍ശിച്ചു. പൂനെയിലെ കെല്‍കാര്‍ മ്യൂസിയത്തില്‍നിന്ന് അദ്ദേഹത്തിന് വളരെയേറെ സഹായം ലഭിച്ചു.
Comments are closed.