ഓരോ വരിയിലും ആവേശം നിറയുന്ന മാസ്റ്റര്‍പീസ്
രഞ്ജിത് ദേശായിയുടെ ‘ഛത്രപതി ശിവജി’ എന്ന പുസ്തകത്തിന് വിവർത്തക വി.രാധാമണിക്കുഞ്ഞമ്മ എഴുതിയ വിവര്‍ത്തനാനുഭവം
രണ്‍ജിത് ദേശായി ഏറ്റവും അധികം ആദരിക്കപ്പെടുന്നത് ചരിത്ര, ജീവചരിത്രം നോവലുകളുടെ
സ്രഷ്ടാവ് എന്ന നിലയിലാണ്. സ്വാമി, രാജാരവിവര്‍മ്മ, രാധേയ എന്നീ നോവലുകള്‍ വളരെ പ്രസിദ്ധമാണ്. എങ്കിലും ബഹുമുഖവ്യക്തിത്വത്തിന് ഉടമയായ ശിവജി എന്ന മഹാനായ മഹാരാഷ്ട്രയോദ്ധാവിന്റെ കഥ പറയുന്ന ശ്രീമാന്‍ യോഗി(ശിവജി)യാണ് ദേശായി കൃതികളില്‍ വെച്ച് ഏറ്റവും വിഖ്യാതവും ഹൃദായവര്‍ജ്ജകവും.
ഝില്ലിഝംകാരനാദ മണ്ഡിതമായ ഘോരവിപിനത്തിനു പകരം കണ്ണിന് കുളിര്‍മ്മ പകരുന്ന ശിവ്‌നേരി കാടുകളും മലനിരകളും ഭാവനാഭരിതവും ഭ്രമാത്കവുമായ സംഭവചിത്രീകരണങ്ങളുടെ സ്ഥാനത്ത് മണ്ണില്‍ കാലുറപ്പിച്ചുനില്‍ക്കുന്ന കഥാപാത്രങ്ങളും യഥാതഥമായ ഗ്രാമീണജീവിതാനുഭവങ്ങളും യുദ്ധരംഗങ്ങളുമാണ് ശിവജിയില്‍ എന്നെ വരവേറ്റത്. ഭാഷയിലും പാത്രചിത്രീകരണത്തിലും എല്ലാം ആ വ്യത്യാസം പ്രകടമായിരുന്നു.
പ്രതികൂല സാഹചര്യങ്ങളെ ബുദ്ധിശക്തിയും ഊര്‍ജ്ജസ്വലതയും കൊണ്ട് മറികടന്ന്, അനുയായികളെ സ്‌നേഹവും സ്ഥൈര്യവുംകൊണ്ട് ഉത്തേജിപ്പിച്ച് മുന്നേറിയ ശിവജിയുടെ കഥ പരിഭാഷപ്പെടുത്തുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ആവേശകരമായ ഒരു ദൗത്യ
മായിരുന്നു. അളവറ്റ ഇച്ഛാശക്തിയും ദേശസ്‌നേഹവും നേതൃപാടവവും കൂര്‍മ്മബുദ്ധിയും കൈമുതലാക്കിയ ഒരു യുവാവ് മുപ്പത്തിനാലു വര്‍ഷത്തെ അശ്രാന്തപരിശ്രമംകൊണ്ടു ഗാന്ധാരം മുതല്‍ തഞ്ചാവൂര്‍ വരെ നീണ്ടുപരന്നുകിടക്കുന്ന ഒരു സാമ്രാജ്യം സൃഷ്ടിച്ച കഥ. പതിനാറാം വയസ്സില്‍ തോരണദുര്‍ഗ്ഗം പിടിച്ചടക്കിക്കൊണ്ട് ശിവജി ഷഹാജി ബോസ്‌ലെ എന്ന യുവാവ് ആരംഭിച്ച പടയോട്ടം അന്‍പതു വയസ്സു തികഞ്ഞ ഛത്രപതി ശിവജിയില്‍ പൂര്‍ണ്ണമായി പ്രതിബന്ധങ്ങളെ അതിജീവിച്ച് താന്‍ പടുത്തുയര്‍ത്തിയ സാമ്രാജ്യത്തില്‍ രാജനീതിയും
രാജ്യനീതിയും പാലിക്കുന്നതില്‍ ശിവജി അത്യന്തം ശ്രദ്ധാലുവായിരുന്നു.
അനേകം വര്‍ഷങ്ങള്‍ നീണ്ടുനിന്ന സഞ്ചാരങ്ങള്‍ക്കും ഗവേഷണ നിരീക്ഷണങ്ങള്‍ക്കും ഒടുവില്‍ രഞ്ജിത് ദേശായി തന്റെ കൃതി പൂര്‍ത്തിയാക്കി. അമാനുഷം എന്ന മട്ടില്‍ പ്രചരിപ്പിച്ചിരുന്ന ഐതിഹ്യങ്ങളെ എങ്ങനെയൊക്കെയാണ് യുക്തിപൂര്‍വ്വം വിശ്വാസയോഗ്യമായ രീതിയില്‍
പൊളിച്ചെഴുതിയത് എന്ന വസ്തുത ഗ്രന്ഥകാരന്മാര്‍ക്കും ഒരു പാഠമാണ്.
രണ്‍ജിത് ദേശായിയുടെ സൂക്ഷ്മവും ലളിതവുമായ ഭാഷയും ജീവസ്സുറ്റ പാത്രസൃഷ്ടിയും ആഖ്യാന ചാരുതയും ഗ്രാമീണസൗന്ദര്യത്തിന്റെയും ജനജീവിതത്തിന്റെയും യുദ്ധരംഗങ്ങളുടെയും ആവേശഭരിതവും യഥാതഥവുമായ ചിത്രകരണവും ഈ കൃതിയെ അവിസ്മരണീയമാക്കുന്നു.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.