ഭൂതകാലത്തിന്റെ ഭാവനകള്‍
ഡോ. ഹസീന കെ.പി.എ.
ദേശമെന്ന സ്വത്വത്തെ ഗൃഹാതുരമായ അനുഭവങ്ങളിലൂടെയും ഓര്‍മ്മകളിലൂടെയും നിര്‍മ്മിച്ചെടുക്കാനാണ് നോവല്‍ ശ്രമിക്കുന്നത്. സര്‍വ്വതിനെയും കൗതുകത്തോടെ വീക്ഷിക്കുന്ന ചെറിയ പെണ്‍കുട്ടിയുടെ കാഴ്ചപ്പാടിലൂടെയാണ് നോവല്‍ വികസിക്കുന്നത്. നാടിന്റെ ജീവിതം, കഥകള്‍, വിശ്വാസങ്ങള്‍, പുരാവൃത്തങ്ങള്‍, സംഭവങ്ങള്‍ എന്നിവയിലൂടെ അതിനെ എഴുത്തുകാരി അടയാളപ്പെടുത്തുന്നു.
കുട്ടികളുടെ കാഴ്ചയില്‍ ശരിതെറ്റുകളില്ല. കഥയിലും എവിടെയുമില്ല. ശരിതെറ്റുകളുടെയും വിശ്വാസങ്ങളുടെയും ആകെത്തുകയാണ് മനുഷ്യനെന്ന ദര്‍ശനത്തെ നോവല്‍ മുന്നോട്ടുവയ്ക്കുന്നു. ചേതിയിലിരുന്ന് സദാസമയം ലോകത്തെ നോക്കുന്ന കുട്ടിയാണ് നോവലിലെ ആഖ്യാതാവ് എന്നു തോന്നും. കശുമാവിന്‍ തോട്ടങ്ങളും കനാല്‍ത്തീരങ്ങളും ചെങ്കല്ലുവഴികളും നോവലിന്റെ സ്ഥലരാശികളെ നിര്‍ണ്ണയിക്കുന്നു. മക്കളെപ്പൊത്തി നില്‍ക്കുന്ന കശുമാവിനെക്കുറിച്ച് നോവലില്‍ പറയുന്നുണ്ട്.
സ്വാര്‍ത്ഥതകള്‍ക്കപ്പുറത്ത് കരുണയുടെയും സ്‌നേഹത്തിന്റെയും നിഴല്‍ അതില്‍ പതിഞ്ഞു കിടപ്പുണ്ട്.
ഗ്രാമീണജീവിതത്തിന്റെ നിഷ്‌കളങ്കമായ ഭാവം നോവലിനുണ്ട് ഒരു നാടിനെ അതിന്റെ സമഗ്രതയില്‍ നോവല്‍ അവതരിപ്പിക്കുന്നു. യാഥാര്‍ത്ഥ്യമെന്നു തോന്നുന്ന സ്ഥലരാശിയെ, കാലത്തെയാണ് നോവല്‍ അവതരിപ്പിക്കുന്നത്. നോവലിന്റെ ആഖ്യാനത്തെ സംബന്ധിച്ച് ഈ സ്ഥലകാല ബന്ധം വളരെ പ്രധാനമാണ്. മാര്‍ക്കേസിന്റെ മക്കൊണ്ടയും വിജയന്റെ ഖസാക്കും സ്ഥലകാലങ്ങളെ യഥാര്‍ത്ഥമെന്ന് വായനക്കാരനെ ധരിപ്പിച്ചിട്ടുണ്ട്. ‘ചേതി’യിലെ സ്ഥലരാശി വടക്കന്‍ കേരളത്തിന്റേതാണ്. തെയ്യത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളിലൂടെയും ഗ്രാമ്യഭാഷാ പ്രയോഗങ്ങളിലൂടെയും ദേശത്തെ അടയാളപ്പെടുത്തുകയാണ് നോവലിസ്റ്റ് ചെയ്യുന്നത്. ‘ചേതി’ എന്ന പേരുപോലും ഓര്‍മ്മപ്പെടുത്തലാണ് വീടിനെ ലോകവുമായി ബന്ധപ്പെടുത്തുന്നത്, എഴുത്തിനെയും ഭൂതകാലത്തെയും ബന്ധപ്പെടുത്തുന്നത്.
ലളിതമായിരിക്കുന്നതാണ് സുന്ദരമെന്ന് പറയാറുണ്ട്. ഭാഷയിലെ ലാളിത്യം കവിതയിലെപ്പോലെ കഥയിലോ നോവലിലോ പ്രായോഗികമായി കാണാറില്ല. സാധാരണനിലയില്‍ ആഖ്യാനത്തിന്റെ സങ്കീര്‍ണ്ണമായ ചുറ്റുകള്‍ക്കകത്ത് ഓരോന്നും വ്യതിരിക്തമായിരിക്കണം എന്ന വ്യഗ്രതയില്‍ കഥയോ നോവലോ ലളിതസുന്ദരമായിരിക്കാന്‍ വിസമ്മതിക്കുന്നു. സന്ധ്യ എന്‍.പിയുടെ കവിതകളില്‍ കഥയുടെ വിത്തുകള്‍ പലപ്പോഴും ഒളിഞ്ഞിരിപ്പുണ്ട്. നമ്മുടെ കാഴ്ചകളില്‍നിന്ന് വ്യത്യസ്തമാണ് എഴുത്തുകാരിയുടെ നോട്ടം. പ്രകൃതിയിലേക്കും നിത്യജീവിതത്തിലേക്കും നോക്കി ‘സലാം പ്രപഞ്ചമേ’ എന്ന് അഭിസംബോധന ചെയ്യുന്നു. സകല ചരാചരങ്ങളോടും അത്യാഹ്‌ളാദത്തോടെയും അരുമയോടെയും സലാം പറയുന്ന കവി, എഴുത്തില്‍ ബഷീറിന്റെ ദാര്‍ശനികഭാവങ്ങളെ പലപ്പോഴും ഓര്‍മ്മിപ്പിക്കുന്നു. വായനക്കാര്‍ക്ക് ജീവിക്കാന്‍ പ്രേരണ നല്‍കുന്ന എന്തൊക്കെയോ അതിലുണ്ട്. ആഖ്യാനത്തിന്റെ സങ്കീര്‍ണ്ണതകളും ഭാഷയുടെ കൃത്രിമത്വവും ഉപേക്ഷിച്ച് ഏറ്റവും ലളിതമായിരിക്കാന്‍ നോവലിന് കഴിഞ്ഞിട്ടുണ്ട്. ലളിതമായി എഴുതുക എന്നത് എഴുത്തിനെ സംബന്ധിച്ച് ക്ലേശകരമായ അനുഭവമാണ്.
മാഞ്ഞുപോയ ഗ്രാമീണജീവിതത്തെയും ഒരു കാലത്തെയും വീണ്ടെടുക്കുന്നതിലൂടെ വായനക്കാരന് അത് സ്വന്തം ഗൃഹാതുരമായ അനുഭവങ്ങളിലേക്കുള്ള തിരിച്ചുപോക്കാണ്. ഭൂതകാലത്തെ ഭാവനയില്‍ കാണാന്‍ അത് പ്രേരിപ്പിക്കുന്നുണ്ട്. എന്നിട്ടെന്തായി, അവിടെ പിന്നീടെന്തുണ്ടായി എന്ന കഥയുടെ കൗതുകത്തെ പറയാതെ നോവല്‍ ബാക്കിനിര്‍ത്തുന്നു. ‘ ചേതി ‘ക്ക് ഇനിയും തുടര്‍ച്ചകളുണ്ടായിരിക്കണമെന്ന ആശയെക്കൂടി അത് നോവല്‍
വായനക്കാരിലുണ്ടാക്കുന്നുണ്ട്.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.