ചേതൻ ഭഗതിന്റെ ‘400 ദിവസങ്ങൾ’ ; പ്രകാശനം ഇന്ന്
ഷാർജ അന്താരാഷ്ട്ര പുസ്‌തോത്സവത്തിന്റെ നാലാം ദിനമായ നവംബർ 6 ശനിയാഴ്ച, പ്രശസ്ത ഇന്ത്യൻ നോവലിസ്റ്റ് ചേതൻ ഭഗതിന്റെ ‘400 ദിവസങ്ങൾ’ എന്ന പുതിയ കൃതിയുടെ ആഗോള പ്രകാശനം നടക്കും. വൈകിട്ട് 8 മണിമുതൽ 9 മണിവരെ ബാൾ റൂമിൽ നടക്കുന്ന പരിപാടിയിൽ പുസ്തകത്തിന്റെ എഴുത്തു വഴികളെക്കുറിച്ച് എഴുത്തുകാരൻ ആസ്വാദകരോട് സംവദിക്കും.
വൈകിട്ട് 7.15 മുതൽ 8.15 വരെ ഇന്റലെക്ച്വൽ ഹാളിൽ നടക്കുന്ന പരിപാടിയിൽ ഇന്ത്യയിൽ നിന്നുള്ള മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ വീർ സംഘ്‌വി ‘എ റൂഡ് ലൈഫ്’ എന്ന തന്റെ പുതിയ കൃതിയെ ആസ്വാദകർക്ക് പരിചയപ്പെടുത്തും. ദൈനംദിന ഇന്ത്യൻ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെ വിലയിരുത്തി നിരന്തരം എഴുതുന്ന ഒരാളെന്ന നിലയിലും അദ്ദേഹം സദസ്സിനോട് സംവദിക്കും.
സാധാരണ മലയാളിയുടെ മുന്നിലേക്ക് ലോകത്തിന്റെ ജാലകം തുറന്നിട്ട സഞ്ചാര സാഹിത്യകാരൻ സന്തോഷ് ജോർജ് കുളങ്ങരയുടെ സാന്നിധ്യവും ശനിയാഴ്ച ആസ്വാദകർക്ക് ആവേശമാകും. 8.30 മുതൽ 9.30 വരെ ഇന്റലെക്ച്വൽ ഹാളിൽ നടക്കുന്ന പരിപാടിയിൽ തന്റെ ലോക സഞ്ചാരത്തെക്കുറിച്ചും ബഹിരാകാശ വിനോദയാത്രയ്ക്കായി രുപീകരിച്ച വിർജിൻ ഗാലക്ടിക് സ്ഥാപനവുമായി ബന്ധപ്പെട്ടതിനെക്കുറിച്ചും സന്തോഷ് ജോർജ് കുളങ്ങര സംസാരിക്കും.
Comments are closed.