അവഗണിതതീരങ്ങളിലെ പേക്കാറ്റ് വീശലുകൾ
ആദർശ് മാധവൻകുട്ടിയുടെ ‘ചെറുക്കൻ’ എന്ന നോവലിന് അനന്തപത്മനാഭൻ എഴുതിയ വായനാനുഭവം
“We had nothing else – no money, no bikes, no summer camps, no vacations. Nothing, except one another.
To us, that was all that mattered.“[Lorenzo Carcaterra, Sleepers ]
1996 ൽ പുറത്ത് വന്ന പ്രശസ്ത ചലച്ചിത്രത്തിന് പ്രചോദനമായ നോവലിലെ വരികളാണ്. ലോറൻസോ കാർക്കറ്റേറ എന്ന നോവലിസ്റ്റ് തന്റെ ജീവിതത്തിന്റെ പ്രതിഫലനമാണ് നോവൽ എന്ന് പറഞ്ഞിട്ടുണ്ട്. ന്യൂയോർക്കിനടുത്തുള്ള ഹെൽസ് കിച്ചൺ എന്ന ശാഖാപട്ടണത്തിൽ ജീവിതത്തിന്റെ അധോ പാതകളിൽ പെട്ടു പോയ നാല് സുഹൃത്തുക്കളുടെ യൗവ്വനതീക്ഷ്ണദിവസങ്ങളുടെ ചോര ചീന്തിയ ഒരേട് ആയിരുന്നു നോവൽസാരവും ചലച്ചിത്ര ഉള്ളടക്കവും. ആദർശ് മാധവൻകുട്ടിയുടെ “ചെറുക്കൻ” എന്ന നോവൽ വായിച്ചിരുന്നപ്പോൾ ഈ ബാരി ലെവിൻസൻ ചിത്രത്തിന്റെ ഫ്രെയ്മുകൾ മനസ്സിലോടി. നോവലിലെ കഥാപാത്രങ്ങളായ മനുവിന്റെയും, സഞ്ജുവിന്റെയും, എൽടിടിഇ കരീമിന്റെയും ,അണ്ണൻ ബിജുവിന്റെയും മുഖങ്ങൾക്ക് ബില്ലി ക്രഡ്രിപ്പിന്റെയും, ബ്രാഡ് പിറ്റിന്റെയും, ജേസൺ പാട്രിക്കിന്റെയും, ജോൺ എൽഡാർഡിന്റെയും മുഖഛായ കൈവന്നു. ഒരു സിനിമയുടെ ദൃശ്യാനുഭവരസം ” ചെറുക്കൻ” പകർന്നു. 1990കളിലെ പടിഞ്ഞാറൻ തിരുവനന്തപുരം ആണ് പരിപ്രേഷ്യം. നഗരത്തിൽ നിന്നും മാറിക്കിടന്ന അനുനിമിഷം അകമേയും പുറമെയും പരിവർത്തന വിധേയമായ ഒരു ഭൂമികയുടെ പകർത്തിവെയ്പ്പ് മുമ്പ് വായിച്ചതായി ഓർക്കുന്നില്ല.. ജി.വിവേകാനന്ദന്റെ “കള്ളിച്ചെല്ലമ്മ“യിലാണ് റൂറൽ തിരുവനന്തപുരം മിഴിവോടെ തെളിഞ്ഞ് അവസാനം കണ്ടത്. എസ്.വി.വേണുഗോപൻ നായരുടെ രചനാലോകം ആകട്ടെ നെയ്യാറ്റിൽകര താലൂക്കിന് കിഴക്കോട്ട് നാഞ്ചിനാടും കടന്നുപോയി. സി. വി. രാമൻപിള്ളയിലാണ് അനന്തപുരിയുടെ രാജരേഖകൾ തെളിഞ്ഞു കണ്ടത്. അവയാകട്ടെ ചരിത്രാഖ്യായികളുടെ ഗംഭീരവിതാനങ്ങളിൽ നിലപാടുതറയുറച്ചു. കൊട്ടാരാങ്കണങ്ങളുടെയും , അധികാര തളങ്ങളുടെയും രാജസവീര്യങ്ങളിൽ നിന്നും ഇടക്ക് ഇറങ്ങി വന്ന് ഒരു പവതിക്കോച്ചിയൊ , മാമാവെങ്കിടനോ, കൊടന്ത ആശാനൊ, തനി “ത്തിരുവന്തോരം” പറഞ്ഞു. “ഏണിപ്പടികളി”ലും, “യന്ത്ര “ത്തിലും “ദ്വന്ദ്വയുദ്ധ”ത്തിലുമൊക്കെ ബ്യൂറോക്രസിയുടെ ചുവപ്പുനാടയ്ക്കപ്പുറത്ത് തലസ്ഥാനനഗരം ഒരു പശ്ചാത്തലമായി വർത്തിച്ചു. അപ്പോഴും നഗരപാർശ്വങ്ങളിലെ അവഗണിത ജീവിത കഥകൾ, പ്രകാശനം കാത്തു കിടന്നു. വിനയകുമാറിന്റെ “പുത്തരിക്കണ്ടം” എന്ന കഥാസമാഹാരത്തിലാണ് ആധുനികനഗര മുഖത്തിൻ്റെ പളപ്പിനടിയിലെ മുടുക്കുകളും, ഏലാകളും തെളിഞ്ഞത്. (പ്രശാന്ത് ചിന്മയന്റെ സ്റ്റാച്ച്യു ജംഗ്ഷനും , സലിൽ മാങ്കുഴിയുടെ ആനന്ദ ലീലയും പോലുള്ള ഏറ്റവുംപുതിയ ആഖ്യാനങ്ങൾ നഗരത്തെ നമ്മുടെ സാഹിത്യത്തിൽ ആഴത്തിൽ പതിപ്പിക്കും എന്നും കരുതുന്നു. വായിക്കുന്നതേയുള്ളു.) ആദർശിന്റെ കഥാ ഭൂമിക തിരുവനന്തപുരം വെസ്റ്റ് കഴക്കുട്ടം -കണിയാപുരം മുതൽ ഏതാണ്ട് കൊല്ലം ജില്ലയുടെ അതിർത്തി വരെ നീളുന്ന തീരദേശമാണ്. നഗരത്തിന്റെ അധോലോകത്തിന് ജീവനീര് പകരുന്നത് ഇവിടുത്തെ അനാശാസ്യകർമ്മങ്ങളുടെ നീറ്ററകളാണ്.
തിളയ്ക്കുന്ന യൗവനത്തിന്റെ എടുത്തുചാട്ടങ്ങളും പ്രലോഭനങ്ങളും കൊണ്ടെത്തിക്കുന്ന പാതാള കൊക്കരിണികൾ ആണ് “ചെറുക്കൻ” എന്ന നോവലിന്റെ ടാഗ് ലൈൻ. എല്ലാ നൃശംസതകൾക്കുമിടയിൽ, എല്ലാ മറുകാറ്റുകൾക്കുമെതിരെ പുലരുന്ന ഒരു തീവ്രാനുരാഗത്തിന്റെ പൂപൊട്ടൽമണമാണ് ഇതിൻ്റെ ആത്മധാര. വർണ്ണവും, വർഗ്ഗവും, രാഷ്ട്രീയവും കൂടിക്കുഴയുന്ന വ്യവസ്ഥിതി പരിഹാരമില്ലാത്ത ഒരു സമസ്യയായി കഥയിലെ മിഥുനങ്ങൾക്ക് മുന്നിൽ ഇരുൾ നിറയുന്നു. 1990 കളിലെ യുവത്വത്തിന്റെ കാമനകളും കിനാവുകളും കഥാകാരൻ തെളിമയോടെ വരച്ചിടുന്നു. അക്കാലത്ത് നഗരത്തെ ഞെട്ടിച്ച ഒരു ഗുണ്ടാവധത്തിന്റെ കാരണധമനികൾ നീളുന്നത് “ചെറുക്ക”നിൽ പറയുന്ന കഥാപാത്രങ്ങളിലേക്കും , പശ്ചാത്തലത്തിലേക്കുമാണ് എന്നത് അതേ കാലത്ത് ആ നഗരത്തിൽ ജീവിച്ചിരുന്ന ഞാനെന്ന വായനക്കാരന് ഞെട്ടിക്കുന്ന ഒരു വെളിപാടാണ്. സ്ലീപ്പേർസിൽ ലോറൻസോ എന്ന അഖ്യാതാവ് പറയുന്നു, ” ഹെൽസ് കിച്ചൺ വാസ് എ പ്ലേസ് ഓഫ് ഇന്നസെൻസ് റൂൾഡ് ബൈ കറപ്ഷൻ”. ഇതേ കാര്യം തന്നെയാണ് തന്റെ മണ്ണിനെ പറ്റിയും ആദർശ് പറയാതെ പറയുന്നത്. ഇവിടെയും യഥാർത്ഥ സംഭവങ്ങളുടെ കൽപ്പിത വ്യാഖ്യാനമാണ് നോവലിസ്റ്റ് നിർവ്വഹിക്കുന്നത്. ജീവിച്ചിരിക്കുന്നവരും ജീവിച്ചു തീർന്നവരുമായ വ്യക്തികൾ ഇവിടെ കഥാപാത്രങ്ങൾ ആയി വരുന്നു. ഒരു ചലച്ചിത്രത്തിൻ്റെ വഴക്കത്തോടെ രംഗങ്ങൾ ഒഴുകി നീങ്ങുന്നു. മലയാള നോവലിൽ വളരെ ചുരുക്കം മാത്രം പ്രതിപാദിക്കപ്പെടുന്ന ഒരു അവഗണിതവാഴ്വിന്റെ പ്രകാശനമാണിത്. സ്കാർ ഫേസ് എന്ന കൾട്ട് ചലച്ചിത്രത്തിലെ നായകൻ ടോണി മൊൻടാന (അൽ പാച്ചിനൊ ) നിസ്സാരമായി പറയുന്ന ഒരു സംഭാഷണമുണ്ട്. “എവരി ഡേ എബവ് ഗ്രൗണ്ട് ഇസ് എ ഗുഡ് ഡേ”.
മണ്ണിൽച്ചവിട്ടി നിൽക്കാനാകുന്ന എത് ദിവസവും ,നല്ല ദിവസം.!”
ഈ നോവലിലെ കഥാപാത്രങ്ങളധികവും ഇതേ വാചകം തൻ്റെ ആത്മാവിൽ നിന്നു പറയും എന്ന് നോവൽ വായിച്ചു കഴിയുമ്പോൾ നാം തിരിച്ചറിയുന്നു.
Comments are closed.