DCBOOKS
Malayalam News Literature Website

ജീവിതവും ഇംഗ്ളീഷും ഒന്നും ഒട്ടും പിടിയില്ലാത്ത കാലത്താണ് അരവിന്ദന്റെ ‘ചെറിയ മനുഷ്യരും വലിയലോകവും’: വായിച്ചത് പ്രിയ എ എസ്

ദി ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം ഓണ്‍ലൈനിൽ പ്രിയ എ എസ് എഴുതിയ എന്റെ ചെറിയ ലോകത്തിലെ വലിയ ശബരി അങ്കിള്‍ എന്ന ലേഖനത്തിൽ നിന്നും ചില ഭാഗങ്ങൾ

ജീവിതവും ഇംഗ്ളീഷും ഒന്നും ഒട്ടും പിടിയില്ലാത്ത കാലത്താണ് അരവിന്ദന്റെ ‘ചെറിയ മനുഷ്യരും വലിയലോകവും’ വായിച്ചതെങ്കിലും മനുഷ്യര്‍ വലുതാകുമ്പോള്‍ പലതലങ്ങളിലായി ചെറുതാകുന്നു അവരുടെ ലോകം എന്ന ഒരേകദേശ ധാരണ, തൈരിന്‍പരപ്പിലെ കടകോലിനു ചുറ്റും ഉരുത്തിരിഞ്ഞ് ഒന്നിച്ചു കൂടാതെ പമ്പിനടക്കുന്ന വെണ്ണപോലെ രൂപപ്പെട്ടുവന്നത് ഇംഗ്ളീഷ് സംഭാഷണങ്ങള്‍ നിറയെ ഉള്ള ആ ഗ്രാഫിക് നോവലിലെ യാത്രയിലൂടെയാണ് എന്ന് നിസ്സംശയം പറയാം.

ജോലിതെണ്ടുന്ന യുവത്വകാലത്തിലെ മെലിഞ്ഞ രാമുവിന്റെ വിടര്‍ന്ന കണ്ണിലെ ക്ഷീണവും മാനേജീരിയല്‍ കേഡറില്‍ എത്തുന്ന തടിച്ച രാമുവിന്റെ കൂമ്പിപ്പോകുന്ന കണ്ണിലെ വിദേശമദ്യമയക്കക്ഷീണവും നോക്കിയിരിക്കുമ്പോഴൊക്കെ, എവിടെയൊക്കെ എത്തിയാലും എവിടെയുമെത്താത്ത ഒരാളിലൂടെ എല്ലാവരെയുമാണ് അരവിന്ദന്‍ എനിക്കു വരച്ചു കാണിച്ചുതന്നത്. എവിടെയുമെത്താതെ പോകുന്ന ജീവിതത്തിലെ പരക്കം Textപാച്ചിലുകളിലെ തികച്ചും വിഭിന്നമായ പക്ഷേ നിസ്സംഗതയുടെ നേര്‍ത്ത നൂലിനാല്‍ ബന്ധിക്കപ്പെട്ട തുടക്കവും ഒടുക്കവും എനിക്കു പരിചിതമായത് രാമുവിന്റെ കണ്ണുകള്‍ ചിത്രങ്ങളാകുന്ന വരവഴികളിലൂടെയാണ്.

ഞാനാദ്യമായി ഒരു ബംഗാളിപ്പാട്ട് കേള്‍ക്കുന്നത് രാമുവിന്റെയും ഗുരുജിയുടെയും കൂട്ടുകാരന്‍ ഗോപി കൊല്‍ക്കത്തജീവിതത്തിലേക്ക് ചേക്കേറി അവിടുന്ന് കല്യാണം കഴിച്ചു കൊണ്ടുവരുന്ന ബംഗാളിപ്പെണ്‍കുട്ടി അപൊര്‍ണ്ണ തലയിലൂടെ സാരിത്തുമ്പിട്ട് പാടുന്ന ചിത്രത്തിലേക്ക് ചെവി ചേര്‍ത്തു വയ്ക്കുമ്പോഴാണ്. ‘അമാരേ പൊഥ് തൊമാര്‍ പൊഥേര്‍ ധേക്കേ അനേക് ദൂര്‍…’ ഇപ്പോഴും ചെവിയിലുണ്ട്.

എന്റെ ഇത്തിരി വട്ടത്തിനപ്പുറം ലോകസിനിമയെന്നും ലോകസാഹിത്യമെന്നും ലോകസംഗീതമെന്നും ലോകപെയിന്റിങ്ങുകളെന്നും ചില ക്ളാസിക് വഴികളുണ്ടെന്ന് മനസ്സിലായത് രാമുവിന്റെ കൂട്ടുകാരന്‍ ജുബ്ബാ-ഗുരുജിയുടെ ഉച്ചിക്കഷണ്ടിയും തലപ്പുറകിലെ നാലഞ്ചുനാര് തലമുടിയും വട്ടക്കണ്ണടയും കട്ടിമീശയും ഊശാന്താടിയും കുത്തുകുത്തുരോമങ്ങളും നല്ല പൊക്കവും ചേര്‍ന്ന, കള്ളടിച്ചും കള്ളടിക്കാതെയുമുള്ള വാക്കുകളില്‍നിന്നാണ്. നിന്നേടത്തുനില്‍ക്കുന്നതല്ല ജീവിതം, സ്വപ്നത്തിലെ വഴികളെ അട്ടിമറിക്കലാണതിന്റെ സ്ഥിരം പണിയെന്നും രാമുവില്‍ നിന്നകന്നുപോയ ലീല മനസ്സിലാക്കിത്തന്നിടത്തോളം വേറാരും മനസ്സിലാക്കിത്തന്നിട്ടുമില്ല.

കഥാപാത്രങ്ങളുടെ വേരും ഇലകളും

ഗുരുജി സംസാരിയ്ക്കുന്നത് അരവിന്ദന്റെ ഫിലോസഫിയാണ്. മാത്തമാറ്റിക്‌സിലെ ബാലന്‍മാഷുടെ രൂപമാണ് ഗുരുജിയ്ക്ക്. അതായത് സമ്മിശ്രം. ഗോപി, ഡോക്റ്റര്‍ ഗോപിയാണ്. എപ്പോഴും ഗോപി, ഓള്‍ റൗണ്ടറായിരുന്നു. ബ്രൈറ്റ് സ്റ്റുഡന്റായിരുന്നു. ഗോള്‍ഡ് മെഡലിസ്റ്റായിരുന്നു. ന്യൂസിലന്‍ഡില്‍ അനസ്‌തെറ്റിസ്റ്റ് ആയി പിന്നീട്. എന്റെ ചേട്ടന്‍ എന്‍ ഗോപലാകൃഷ്ണന്റെയും ഡോ ഗോപിയുടെയും മിക്‌സാണ് ഗ്രാഫിക് നോവലില്‍ ഗോപി.

ഗോപാലകൃഷ്ണന്‍ ചേട്ടന് ഐപിഎസ് കിട്ടി അതുവേണ്ടൈന്നുവച്ച് ഇന്‍ഡ്യന്‍ റെയില്‍വേ സര്‍വീസില്‍ ചേര്‍ന്നപ്പോള്‍ ആദ്യ അപ്പോയന്റ്‌മെന്റ് കല്‍ക്കട്ടയിലായിരുന്നു. (നരസിംഹറാവുവിന്റെ ‘ദ ഇന്‍സൈഡര്‍’ വിവര്‍ത്തനം ചെയ്ത് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ പ്രശസ്ത വിവര്‍ത്തകനും കോളമിസ്റ്റും ആണ് അദ്ദേഹം).

ഗോപി കല്യാണം കഴിച്ച മധ്യപ്രദേശുകാരിയെയാണ് അരവിന്ദന്‍ അപൊര്‍ണ്ണ എന്ന ബംഗാളി ആക്കിയിരിക്കുന്നത്. വീടിനടുത്ത് കട നടത്തിയിരുന്ന മുഹമ്മദാണ് അബു എന്ന കടക്കാരന്‍. മുഹമ്മദ്, കട നിര്‍ത്തി പോയപ്പോള്‍, വേറോരു കടയിലുള്ള മണിയെ അരവിന്ദന്‍ അക്കഥാപാത്രത്തിനു വേണ്ടി ഫോളോ ചെയ്തു.

ലീല, എന്റെ അക്കാലത്തെ സുഹൃത്തും ക്‌ളാസ്‌മേറ്റുമായിരുന്ന ലീലാമ്മയാണ്. നന്നായി പഠിക്കുമായിരുന്നു. പേരു കൊണ്ടു മാത്രമേ അക്കഥാപാത്രത്തിന് ലീലാമ്മയുമായി ബന്ധമുള്ളു. അതൊരു ഫിക്ഷണല്‍ കാരക്റ്ററാണ്. ലില ഒരു സുഡാനിയെ കല്യാണം കഴിച്ച്, അവിടെ ഒരു സ്‌ക്കൂള്‍ നടത്തി കഴിയുകയായിരുന്നു പിന്നീട്. എന്റെ വീട്ടിലെ അവസ്ഥ തന്നെയാണ് രാമുവിന്റെ വീട്ടിലേതായി കാണിച്ചിരിക്കുന്നത്. ഫാമിലി മെംബേഴ്‌സും ഒക്കെ ഏതാണ്ട് അങ്ങനെ തന്നെ.

പിക്ചറൈസ്ഡ് ഫിലോസഫി ആണ് ‘ചെറിയ മനുഷ്യരും വലിയ ലോകവും.’ ഒരു മധ്യവര്‍ത്തി കുടുംബത്തിലെ ചെറുപ്പക്കാരന്റെ ആകുലതകള്‍ എന്നു പറഞ്ഞു കൂടാ, അത്തരമമൊരാളുടെ ചിന്തകളാണത്.

തിരുവനന്തപുരത്തു നിന്ന് വിദ്യാര്‍ത്ഥികളുടെ ഒരു ഗ്രൂപ്പ് പിന്നെ ‘ചെറിയ മനുഷ്യരും വലിയ ലോകവും’ പുസ്തകമാക്കി. ശ്രമിച്ചെങ്കിലും എനിയ്ക്ക് അതിന്റെ കോപ്പി സംഘടിപ്പിക്കാനായില്ല. പിന്നെ 1997 ല്‍ ഇതിറക്കിയത് ഡി സി ആണ്. ഇപ്പോ കാലങ്ങളായി ഇത് മാര്‍ക്കറ്റിലില്ല. ഇതുപോലൊരെണ്ണം പിന്നിന്നു വരെ മലയാളചരിത്രത്തിലുണ്ടായിട്ടില്ല. ഈ മോഡലില്‍ പലതും വരയ്ക്കാന്‍ പലരും ശ്രമിച്ചുവെങ്കിലും അരവിന്ദന്‍ പറഞ്ഞതും വരച്ചതും പോലെയായില്ല ഒന്നും. ഇപ്പോ ഇതിനെ മലയാളത്തിലെ ആദ്യത്തെ ഗ്രാഫിക് നോവല്‍ എന്നാണ് വിളിയ്ക്കുന്നത്.

ജി. അരവിന്ദന്റെ ‘ചെറിയ മനുഷ്യരും വലിയ ലോകവും‘ – എന്ന ഡി സി ബുക്‌സിന്റെ ഏറ്റവും പുതിയ പ്രീ പബ്ലിക്കേഷന്‍ പുസ്തകം ബുക്കിങ്ങിന് ക്ലിക്ക് ചെയ്യൂ

 

Comments are closed.