ദേവദാസ് വി എം എഴുതിയ നോവല്‍ ‘ചെപ്പും പന്തും’
പന്നിവേട്ട എന്ന നോവലിനുശേഷം ദേവദാസ് വി എം എഴുതിയ മൂന്നാമത്തെ നോവലാണ് ചെപ്പും പന്തും. നമ്മുടെ ഭാരതത്തിലെ ജാതിയും ജാതിവെറിയും നിറഞ്ഞ സാമൂഹികാന്തരീക്ഷത്തില്‍ ജനാധിപത്യത്തിന്റെ ആവശ്യകത എങ്ങനെയെന്ന് കാട്ടിത്തരുന്ന അസാധാരണമായ രചനയാണിത്. തന്റെ എഴുത്തിനെക്കുറിച്ചും പ്രമേയപശ്ചാത്തലത്തെക്കുറിച്ചും എഴുത്തുകാരന്‍ തന്നെ വായനക്കാരുമായി സംവദിക്കുന്നു.
ചെപ്പും പന്തും നോവലിന് ദേവദാസ് വി എം എഴുതിയ ആമുഖം;
അചേതനവും പരസ്പരബന്ധമില്ലാത്തതുമായ രണ്ട് വസ്തുക്കളാണ് ചെപ്പും പന്തും. എന്നാല്‍ അവ കൂടിച്ചേരുമ്പോള്‍, ചരിത്രത്തിലെതന്നെ ഏറ്റവും പഴയതും എന്നാല്‍ ഇപ്പോഴും ഏവരെയും ആകര്‍ഷിക്കുന്നതുമായ ജാലവിദ്യ സംഭവിക്കുന്നു. നിരത്തിവച്ചിരിക്കുന്ന ചെപ്പുകള്‍ക്കുള്ളില്‍ നിറമുള്ള പന്തുകള്‍ തെളിഞ്ഞും മറഞ്ഞും കാണികള്‍ക്കായി വിസ്മയമൊരുക്കുന്നു. ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളില്‍ മദ്രാസില്‍ താമസിച്ചിരുന്ന ഉബൈദിന്റെയും രണ്ടായിരത്തി പത്തുകളില്‍ ചെന്നൈയില്‍ താമസിക്കുന്ന മുകുന്ദന്റെയും ജീവിതമാണ് ചെപ്പും പന്തുമെന്ന നോവലെന്ന് ചുരുക്കി പറയാം. പല കാലങ്ങളിലായി ഒരു വാടകക്കെട്ടിടത്തില്‍ താമസിച്ചിരുന്നു എന്നതൊഴിച്ചാല്‍ അന്യോന്യം മറ്റു ബന്ധങ്ങളൊന്നുംതന്നെയില്ലാത്ത, ഒരിക്കല്‍പോലും നേരിട്ട് കാണുകയോ സംസാരിക്കുകയോ അന്വേഷിക്കുകയോ ചെയ്യാത്ത രണ്ടു മനുഷ്യരുടെ ജീവിതങ്ങള്‍ക്കുമേല്‍ അദൃശ്യമായ ചില പാരസ്പര്യങ്ങള്‍ മാന്ത്രികമായി പ്രവര്‍ത്തിക്കുന്നു.
ഈ നോവലിന് രണ്ട് ഭാഗങ്ങളാണുള്ളത്. പ്രധാന കഥാപാത്രങ്ങളുടെയും അവരുടെ കൂടെയുള്ളവരുടെയുമൊക്കെ കഥകളും ഉപകഥകളും പറഞ്ഞുകൊണ്ട് ചിതറിയ കുത്തുകള്‍ക്കു മേലേ വരച്ച് ചിത്രം പൂര്‍ത്തിയാക്കുന്ന എഴുത്തുമുറയാണ് ആദ്യഭാഗത്തില്‍ സ്വീകരിച്ച ശൈലി. പുറമേ നിന്നു കൊണ്ട് ഒരു വാടകത്താമസക്കെട്ടിടത്തെ, അവിടെ ജീവിക്കുന്നവരെ നോക്കിക്കാണാനുള്ള ശ്രമം. എന്നാല്‍ ആ വാടകവീടിനകത്ത് താമസിക്കുന്നൊരാളുടെ പുറംകാഴ്ചകളാണ് രണ്ടാം ഭാഗത്തില്‍ കടന്നുവരുന്നത്. അതുകൊണ്ടുതന്നെ സമകാല നഗരജീവിതത്തിന്റെ കാഴ്ചവട്ടങ്ങള്‍ മാത്രം വിവരിച്ചെഴുതുന്ന ആഖ്യാനസമ്പ്രദായമാണ് അതില്‍ ഉപയോഗിക്കാന്‍ ശ്രമിച്ചിട്ടുള്ളത്.
ചെപ്പും പന്തും എന്റെ മൂന്നാമത്തെ നോവലാണ്. ആദ്യ രണ്ട് നോവലുകള്‍ക്കിടയില്‍ വലിയ കാലയകലമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, ആറ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ചെപ്പും പന്തും എഴുതി പൂര്‍ത്തിയാക്കുന്നത്. ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടായ വര്‍ഷങ്ങളായിരുന്നു കടന്നുപോയത്. ഇടം മാറ്റം, ജോലി മാറ്റം, ചില ബന്ധച്ഛിദ്രങ്ങള്‍, മാറിമറിയുന്ന മാനസികാവസ്ഥ, ജോലിസ്ഥലത്തെ അന്തച്ഛിദ്രങ്ങള്‍, ഉലയുന്ന സാമ്പത്തികാവസ്ഥ, പഠിച്ചെടുക്കേണ്ട പുതിയ സാങ്കേതികതകള്‍, ജോലിയിലെ ഉയര്‍ച്ച, ഒഴിവാക്കാനാകാത്ത ചില യാത്രകള്‍, ഇടയ്ക്കിടെ ചില ആരാഗ്യ്രപശ്‌നങ്ങള്‍, വിവാഹം, കുഞ്ഞ്… അങ്ങെനയങ്ങെന അസ്വസ്ഥതകളും ആനന്ദവും മാറിമറിഞ്ഞ് കടന്നുപോകവേ,നോവല്‍രചനയ്ക്കുവേണ്ടി ഇടവിടാതെ പുലര്‍ത്തേണ്ട മാനസിക നിലയും ഏകാഗ്രതയുമെല്ലാം നിലനിര്‍ത്താന്‍ നിര്‍വ്വാഹമില്ലാത്തതിനാല്‍ എഴുത്തങ്ങനെ നീണ്ടും നിലച്ചും പോയി. അതിനിടെ ആലോചിച്ച പല കഥാമുഹൂര്‍ത്തങ്ങളും വിഷയപരിസരങ്ങളുമെല്ലാം അഞ്ചാറ് വര്‍ഷങ്ങള്‍ക്കിടെ ഞാന്‍തെന്ന മറന്നുപോകുന്ന അവസ്ഥയുമുണ്ടായി. എങ്കിലും അപ്പാടെയതെല്ലാം ഉപേക്ഷിക്കാനും മനസ്സ് ഒരുക്കമായിരുന്നില്ല. പലപ്പോഴായി കുറിച്ചുവച്ചതും ഉപേക്ഷിക്കെപ്പട്ടതും ആയവയില്‍ നിന്ന് തനിയെ ഉയര്‍ന്നുവന്ന കഥാപാത്രങ്ങളെയും ഇടങ്ങളെയും രേഖപ്പെടുത്താനുള്ള ആ ശ്രമം വിഫലമായില്ലെന്നു കരുതുന്നു. അങ്ങെനഒടുക്കം ചെപ്പും പന്തും പൂര്‍ണ്ണരൂപത്തില്‍ ഒരുക്കപ്പെട്ടു.
Comments are closed.