ചെപ്പും പന്തും; ആഖ്യാനത്തിലെ ഇന്ദ്രജാലപ്പരപ്പ്
ദേവദാസിന്റെ ചെപ്പും പന്തും എന്ന നോവലിന് മദ്രാസ് സര്‍വ്വകലാശാല മലയാളം വിഭാഗം മേധാവി ഡോ പി എം ഗീരീഷ് എഴുതിയ പഠനത്തില്‍ നിന്ന് ;
ചെറുകഥാകൃത്ത് എന്ന നിലയ്ക്ക് പുതിയ എഴുത്തുകാരില്‍ പ്രമുഖ സ്ഥാനത്തു നില്‍ക്കുന്ന ദേവദാസ് വി.എം. എഴുതിയ മൂന്നാമത്തെ നോവലാണ് ചെപ്പും പന്തും. ചെന്നൈ നഗരത്തില്‍ രണ്ടു വ്യത്യസ്ത കാലഘട്ടങ്ങളില്‍ ജീവിച്ചിരുന്ന എവിടെയൊക്കെയോ സമാനതകളുള്ള ഒരുകൂട്ടം സന്ദേഹികളുടെ കഥയാണ് ചെപ്പും പന്തും.
‘അചേതനവും പരസ്പരബന്ധമില്ലാത്തതുമായ രണ്ട് വസ്തുക്കളാണ് ചെപ്പു പന്തും. എന്നാല്‍ അവ കൂടിച്ചേരുമ്പോള്‍ ചരിത്രത്തിലെതന്നെ ഏറ്റവും പഴയതും എന്നാല്‍ ഇപ്പോഴും ഏവരെയും ആകര്‍ഷിക്കുന്നതുമായ ജാലവിദ്യ സംഭവിക്കുന്നു. നിരത്തിവെച്ചിരിക്കുന്ന ചെപ്പുകള്‍ക്കുള്ളില്‍ നിറമുള്ള പന്തുകള്‍ തെളിഞ്ഞും മറഞ്ഞും കാണികള്‍ക്കായി വിസ്മയമൊരുക്കുന്നു. ആയിരത്തിത്തൊള്ളായിരത്തി എണ്‍പതുകളിലെ മദ്രാസില്‍ താമസിച്ചിരുന്ന ഉബൈദിന്റെയും രണ്ടായിരത്തിപത്തുകളില്‍ ചെന്നൈയില്‍ താമസിക്കുന്ന മുകുന്ദന്റെയും ജീവിതമാണ് ചെപ്പും പന്തുമെന്ന് ചുരുക്കിപ്പറയാം.
പല കാലങ്ങളിലായി ഒരു വാടകക്കെട്ടിടത്തില്‍ താമസിച്ചിരുന്നു എന്നതൊഴിച്ചാല്‍ അന്യോന്യം മറ്റു ബന്ധങ്ങളൊന്നുംതന്നെയില്ലാത്ത, ഒരിക്കല്‍പോലും നേരിട്ട് കാണുകയോ സംസാരിക്കുകയോ അന്വേഷിക്കുകയോ ചെയ്യാത്ത രണ്ട് മനുഷ്യരുടെ ജീവിതങ്ങള്‍ക്കുമേല്‍ അദൃശ്യമായ ചില പാരസ്പര്യങ്ങള്‍ മാന്ത്രികമായി പ്രവര്‍ത്തിക്കുന്നു. ഈ നോവലിന് രണ്ട് ഭാഗങ്ങളാണുള്ളത്.
പ്രധാന കഥാപാത്രങ്ങളുടെയും അവര്‍ക്ക് കൂടെയുള്ളവരുടെയും കഥകളും ഉപകഥകളും പറഞ്ഞുകൊണ്ട് ചിതറിയ കുത്തുകള്‍ക്കു മേലേ വരച്ച് ചിത്രം പൂര്‍ത്തിയാക്കുന്ന എഴുത്തുമുറയാണ് ആദ്യഭാഗത്തില്‍ സ്വീകരിച്ച ശൈലി. പുറമേ നിന്നുകൊണ്ട് ഒരു വാടകത്താമസക്കെട്ടിടത്തെ, അവിടെ ജീവിക്കുന്നവരെ നോക്കിക്കാണാനുള്ള ശ്രമം. എന്നാല്‍ ആ വാടകവീടിനകത്ത് താമസിക്കുന്നൊരാളുടെ പുറംകാഴ്ചകളാണ് രണ്ടാം ഭാഗത്തില്‍ കടന്നുവരുന്നത്. അതുകൊണ്ടുതന്നെ സമകാലനഗരജീവിതത്തിന്റെ കാഴ്ചവട്ടങ്ങള്‍മാത്രം വിവരിച്ചെഴുതുന്ന ആഖ്യാനസമ്പ്രദായമാണ് അതില്‍ ഉപയോഗിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. ‘ആഖ്യാനത്തെക്കുറിച്ചും ആഖ്യാതത്തെക്കുറിച്ചും കൃത്യമായ മുന്നൊരുക്കങ്ങളുള്ള എഴുത്തുകാരനാണ് ദേവദാസ് വി.എം. എന്ന കാര്യം ഈ നിരീക്ഷണത്തില്‍നിന്ന് മനസ്സിലാക്കാനാകും.’
Comments are closed.