ചെങ്കിസ്ഖാന്റെ കുതിരകള്‍
വിനു ഏബ്രഹാം
ഇരുപത്തിരണ്ടു വര്‍ഷങ്ങള്‍ക്കപ്പുറം ആരംഭിച്ച എന്റെ കഥാരചനാ ജീവിതം ഇതാ ഇപ്പോള്‍ ചെങ്കിസ്ഖാന്റെ കുതിരകള്‍ എന്ന കഥാസമാഹാരത്തിലൂടെ തുടരുന്നു. ഇത് എന്റെ പതിനൊന്നാമത് കഥാസമാഹാരമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ തുടങ്ങി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലൂടെ തുടരുന്ന ഈ കാലയളവില്‍ മലയാളകഥയിലും ഏറെ മാറ്റങ്ങള്‍ സംഭവിച്ച് കഴിഞ്ഞിരിക്കുന്നു. ഞാനുള്‍പ്പെടുന്ന തലമുറയ്ക്കു ശേഷം കഥയിലേക്ക് പുതിയ തലമുറകള്‍ വന്നു, കഥയുടെ പ്രവണതകളില്‍ മാറ്റങ്ങള്‍ വന്നു. തീര്‍ച്ചയായും അതങ്ങനെതന്നെ ആകുകയും വേണം. കാലം എന്ന മഹാപ്രവാഹത്തിന്റെ പ്രയാണത്തില്‍ അതാണല്ലോ സ്വാഭാവിക പ്രക്രിയ. കാലത്തിന്റെ പരിവര്‍ത്തനങ്ങളുടെ പ്രത്യാഘാതങ്ങള്‍ എന്റെ കഥകളിലും കടന്നുവന്നേ തീരൂ. ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍തന്നെ തുറന്ന മനസ്സോടെ അവയെ ഞാന്‍ സ്വാഗതം ചെയ്യാറുണ്ട്. എന്നാല്‍ ഇവിടെ ഒരു കാര്യം പ്രത്യേകമായി പറയേണ്ടതുണ്ട്. കാലം കൊണ്ടുവരുന്ന മാറ്റങ്ങളെ അംഗീകരിക്കുക എന്നാല്‍ ഓരോ ഘട്ടത്തിലും ഏറ്റവും പ്രബലമാകുന്ന ചില പ്രവണതകള്‍ അല്ലെങ്കില്‍ ട്രെന്‍ഡുകള്‍ ഏതെന്ന് തിരിച്ചരിഞ്ഞ് അതിനൊപ്പിച്ച് എഴുതുക എന്ന പ്രമാണത്തിന് കൈകൊടുക്കാന്‍ ഞാന്‍ ഒരിക്കലും തയ്യാറല്ല. കാലത്തിന്റെ മുന്നേറ്റത്തിലൂടെ ജീവിച്ചുകൊണ്ടിരിക്കുന്ന എന്നിലെ എഴുത്തുകാരന്‍ തനിക്ക് ചുറ്റിനും ദുരന്തം എല്ലാമുള്ള ജീവിതത്തെ സാകൂതം വീക്ഷിച്ച് കൊണ്ടാണിരിക്കുന്നത്. പല നിലകളിലും ആ ജീവിതം അനുഭവിക്കുകയും ചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം ഫലമായി എന്റെ മനസ്സില്‍ പ്രമേയങ്ങള്‍ രൂപപ്പെടുന്നു, അങ്ങനെ വരുന്ന ഓരോ പ്രമേയത്തിനും അനുസൃതമായി ഏറ്റവും യോജ്യമെന്ന് തോന്നുന്ന ആഖ്യാനരൂപവും സ്വീകരിക്കുന്നു. ഈ പ്രക്രിയയില്‍ ചിലപ്പോള്‍ എന്റെ കഥ ഉത്തരാധുനികമെന്ന് പറയാവുന്ന സവിശേഷതകള്‍ കൈക്കൊണ്ടെന്ന് വരാം, ചിലപ്പോള്‍ ആധുനികമെന്ന് പറയാവുന്ന രീതിയിലാകാം, ചിലപ്പോള്‍ തികച്ചും ക്ലാസിക്കല്‍ റിയലിസം എന്ന് പറയാവുന്ന രീതിയിലാകാം, ചിലപ്പോള്‍ ഇതൊന്നുമല്ലാത്ത മറ്റെന്തെങ്കിലും സവിശേഷസമ്പ്രദായത്തിലാകാം. അതായത്, ഇതാ ഇപ്പോള്‍ ഈ ട്രെന്‍ഡാണ് മലയാള കഥയ്ക്ക്, അതിനാല്‍ കഥ ഇങ്ങനെ എഴുതണം എന്ന് എന്നിലെ കഥാകൃത്തിനോട് ഞാന്‍ പറയാറില്ല. മറ്റാരെങ്കിലും പറഞ്ഞാല്‍ പുല്ലുവില കല്പിക്കുകയും ഇല്ല. എന്റെ കഥാരചനാ ജീവിതത്തിന്റെ തുടക്കം മുതല്‍ തന്നെ ഈ നിലപാടിന്റെ പ്രതിഫലനം കഥകളില്‍ കാണാം.
സാഹിത്യം എന്നത് ഒരു മഹാപാരമ്പര്യമാണ്, അത് സഹസ്രാബ്ദങ്ങളിലൂടെ എത്രയോ തലമുറകള്‍ കൈമാറി നമ്മളിലെത്തിച്ചേരുന്നതാണ് എന്ന വിനീതമായ ഉള്‍ക്കാഴ്ചയാണ് മേല്‍പ്പറഞ്ഞ രീതിയിലുള്ള ചങ്കൂറ്റം പുലര്‍ത്താന്‍ എനിക്ക് പിന്‍ബലമാകുന്നത്. സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് ഉരുവംകൊണ്ട മഹാഭാരതവും രാമായണവും ഒഡീസിയും ഇലിയഡും പോലെയുള്ള ഇതിഹാസങ്ങളും പിന്നീട് വന്ന കാളിദാസ, ഭാസ, ഷേക്‌സ്പിയര്‍ കൃതികളുമെല്ലാം നാള്‍ ചെല്ലുംതോറും നവീനവും ആധുനികവും ഉത്തരാധുനികവുമായി ആസ്വാദകമനസ്സുകളില്‍ വിളങ്ങി നില്ക്കുന്നു. അതുതന്നെയാണല്ലോ അവയെ ക്ലാസിക്കുകളാക്കി മാറ്റുന്നതും. ഈ അറിവ് ഉള്‍ക്കൊള്ളാനായാല്‍, നമ്മള്‍ എഴുതിക്കൊണ്ടിരിക്കുന്ന കാലത്തെ പ്രബലമായ ട്രെന്‍ഡ് ഏതെന്നും അങ്ങനെ എഴുതണമല്ലോ എന്നും തുടങ്ങിയ വേവലാതികള്‍ നിഷ്പ്രഭമാകുന്നു.
കാലമെന്ന മഹാസമുദ്രത്തിലേക്ക് എന്റെ രചനകള്‍ ആകുന്ന യാനങ്ങളെ ഞാന്‍ ഒഴുക്കിവിടുന്നു. അവ എത്ര കാലം സഞ്ചാരം തുടരുമെന്ന് യാതൊരു നിശ്ചയവുമില്ല. അതെല്ലാം നിയതിക്ക് വിട്ടുകൊടുക്കാന്‍ മാത്രമേ കഴിയൂ. യാത്ര തുടങ്ങി പെട്ടെന്നുതന്നെ എന്നെന്നേക്കുമായി അന്തര്‍ധാനം ചെയ്യപ്പെട്ടു എന്ന് കരുതുന്ന കൃതികള്‍ ഏറക്കാലം കഴിഞ്ഞും സാഹിത്യത്തിലുണ്ട്. അതേപോലെ ചിരകാലം നിലനില്ക്കും എന്ന മട്ടില്‍ സാഘോഷം യാത്രതുടങ്ങുന്ന കൃതികള്‍ കുറെക്കാലത്തിനു ശേഷം തീര്‍ത്തും ശൂന്യതയില്‍ വിലയം പ്രാപിക്കുന്ന കാഴ്ചകളുമുണ്ട്. എന്തായാലും ഞങ്ങളുടെ തലമുറയിലെ കഥാകൃത്തുക്കള്‍ക്കിടയില്‍ സമാനതകളില്ലാത്ത ബോധപൂര്‍വ്വമായ തമസ്‌കരണത്തിന് വിധേയനായ എനിക്ക് ഇപ്പോഴും പൂര്‍വ്വാധികം ഉത്സാഹത്തോടെയും കരുത്തോടെയും സാഹിത്യസപര്യ തുടരാന്‍
കഴിയുന്നതിനുതന്നെ ജഗന്നിയന്താവിനോട് ഞാന്‍ ഏറെ കടപ്പെട്ടിരിക്കുന്നു.
പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ
Comments are closed.