‘ചെമ്മീന്‍’ കാലാതീതമായ ഒരു പ്രണയഗാഥ
മലയാള നോവല്‍ സാഹിത്യത്തിന് കടലോളം പ്രണയം പകര്‍ന്നു തന്ന കൃതിയാണ് ചെമ്മീന്‍. തകഴി ശിവശങ്കരപ്പിള്ളയുടെയുടെ മാന്ത്രികത്തൂലികയില്‍ പിറവി കൊണ്ട ചെമ്മീനിന്റെ ജനപ്രീതിയും ഏറെയായിരുന്നു. കടല്‍ കടന്ന് വിവിധ ഭാഷകളിലേക്കും വെള്ളിത്തിരയിലേക്കും പകര്‍ത്തിയ ഈ നോവലിന്റെ 21-ാം പതിപ്പ് ഡിസി ബുക്‌സ് ഇപ്പോള്‍ പുറത്തിറക്കിയിട്ടുണ്ട്.
കേരളത്തിലെ തീരപ്രദേശങ്ങളില്‍ നില നിന്നിരുന്ന സ്ത്രീചാരിത്ര്യവുമായി ബന്ധപ്പെട്ട ഒരു പരമ്പരാഗത വിശ്വാസമാണ് നോവലിന്റെ കഥാതന്തു. മുക്കുവരുടെ ആചാരങ്ങള്‍, വിശ്വാസങ്ങള്‍, അനുഷ്ഠാനങ്ങള്‍ എന്നു തുടങ്ങി ദൈനംദിന ജീവിതത്തിലെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളെ വരെ തകഴി ഈ ഈ നോവലില്‍ വരച്ചു ചേര്‍ത്തിട്ടുണ്ട്. വിവാഹിതയായ ഒരു സ്ത്രീ, തന്റെ ഭര്‍ത്താവ് മീന്‍ തേടി കടലില്‍ പോയസമയത്ത് വിശ്വാസവഞ്ചന കാട്ടിയാല്‍ കടലമ്മ ഭര്‍ത്താവിനെ കൊണ്ടുപോകും എന്നാണു വിശ്വാസം. തീരപ്രദേശങ്ങളില്‍ നിലനിന്ന ഈ ചിന്താഗതിയെയാണ് തകഴി നോവലില്‍ ആവിഷ്‌കരിച്ചത്. സ്വാതന്ത്ര്യാനന്തരം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്ന മലയാളത്തിലെ ശ്രദ്ധേയമായ നോവലാണിത്.
നോവലില്‍ നിന്ന്
‘പരീക്കുട്ടി: കറുത്തമ്മ ഇവിടംവിട്ടു പോയാലും ഞാനീ കടപ്പുറം വിടില്ല.
കറുത്തമ്മ: കൊച്ചുമുതലാളീ നമ്മളെന്തിനു കണ്ടുമുട്ടി?
പരീക്കുട്ടി: ദൈവം വിധിച്ചിട്ട്, ഞാനീ കടപ്പുറത്തിരുന്ന് കറുത്തമ്മയെയോര്‍ത്ത് പാടിപ്പാടി നടക്കും.
കറുത്തമ്മ: ഞാന്‍ തൃക്കുന്നപ്പുഴയിലിരുന്ന് ആ പാട്ടു കേട്ട് ചങ്കുപൊട്ടി കരയും.’
കടലോരം പാടിനടന്ന ഒരു ദുരന്തപ്രണയ കഥ കേരളക്കരയാകെ അലയൊലി കൊള്ളിച്ചു. ഈരേഴു കടലും കടന്ന് അതൊരു വിശ്വമഹാകാവ്യമായി.
Comments are closed.